റഷ്യന്‍ തടങ്കലിലെ ക്രൂരതകളെക്കുറിച്ച് ഉക്രേനിയൻ പൗരന്റെ വെളിപ്പെടുത്തൽ

റെഡ് ക്രോസ് സന്നദ്ധപ്രവര്‍ത്തകനായിരുന്ന വോളോഡിമര്‍ ക്രോപുണ്‍ എന്ന വ്യക്തിയെ റഷ്യന്‍ സൈന്യം പിടികൂടി റഷ്യയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് അനുഭവിച്ചവയുടെ ആഘാതത്തില്‍ നിന്ന്, അവിടെ നിന്ന് രക്ഷപെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹം മോചിതനായിട്ടില്ല.

മാര്‍ച്ച് 18-ന് വോളോഡിമര്‍, കീവിനു വടക്കുപടിഞ്ഞാറ് 40 കിലോമീറ്റര്‍ അകലെയുള്ള കൊസരോവിച്ചി ഗ്രാമത്തിലേക്ക് ഒരു സ്‌കൂള്‍ ബസ് ഓടിച്ചുപോവുകയായിരുന്നു. യുദ്ധത്തിനിടയില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന കുറച്ച് സാധാരണക്കാരെ ഒഴിപ്പിക്കാനായിരുന്നു ആ യാത്ര. റഷ്യന്‍ സൈനികരുടെ ചെക്ക് പോയിന്റ് കടന്നുപോകാന്‍ ശ്രമിച്ചപ്പോള്‍ സൈന്യം അദ്ദേഹത്തെ തടഞ്ഞുവച്ചു.

ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍, അടുത്തുള്ള ഗ്രാമത്തിലെ ഒരു ഫാക്ടറിയുടെ ബേസ്‌മെന്റില്‍ സാധാരണക്കാരായ 40 പേരോടൊപ്പം 28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മുറിയിലാണ് പാര്‍പ്പിച്ചത്. “അവിടെ അവര്‍ ഞങ്ങളെ റൈഫിളുകള്‍ കൊണ്ട് മര്‍ദ്ദിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തു. അവര്‍ എന്റെ കണ്ണു കെട്ടി, ടേപ്പ് കൊണ്ട് എന്റെ കൈകള്‍ ബന്ധിച്ചു. അവര്‍ ഭീഷണിപ്പെടുത്തുകയും ടേസറുകള്‍ (വൈദ്യുതാഘാതമേല്‍പ്പിക്കുന്ന ഉപകരണം) കൊണ്ട് ഉപദ്രവിക്കുകയും സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിക്കുകയും ചെയ്തു. പട്ടാളക്കാരിലൊരാള്‍ വളരെ ചെറുപ്പമായിരുന്നു. പക്ഷേ, അയാളായിരുന്നു ഏറ്റവും ക്രൂരമായി പെരുമാറിയത്. ഞങ്ങളുടെ കഴുത്തിലും മുഖത്തും കാല്‍മുട്ടിലും അവന്‍ ടേസറുകള്‍ ഉപയോഗിച്ചു. അത് അവന്‍ ആസ്വദിക്കുകയായിരുന്നു” – വോളോഡിമര്‍ പറഞ്ഞു.

ഉക്രൈനില്‍ ഒരാഴ്ചയോളം തടവിലാക്കിയ ശേഷം അവരെ ബെലാറസിലേക്കു കൊണ്ടുപോയി. “കണ്ണ് കെട്ടിയിരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന് അവര്‍ കരുതി. പക്ഷേ ഞങ്ങള്‍ കടന്നുപോകുന്ന ഗ്രാമങ്ങളെല്ലാം ഞാന്‍ മനസിലാക്കി. ഇവാന്‍കിവ്, ചെര്‍ണോബില്‍ എന്നിവ ഞാന്‍ കണ്ടു. തുടര്‍ന്ന് ഞങ്ങള്‍ അതിര്‍ത്തി കടക്കുന്നതും ഞാന്‍ മനസിലാക്കി” – അദ്ദേഹം പറഞ്ഞു.

ബെലാറസില്‍ വച്ച് അവര്‍ക്ക് ഒരു തിരിച്ചറിയല്‍ രേഖ നല്‍കി. അത് റഷ്യന്‍ ഫെഡറേഷന്റെ സൈന്യം പുറപ്പെടുവിച്ചതായിരുന്നു. ‘ഉക്രേനിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്’ എന്ന് അതില്‍ എഴുതിയിരുന്നു. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നതിനു മുമ്പ്, ഒരു സ്വതന്ത്രരാജ്യമാകുന്നതിനു മുമ്പ് ഉക്രൈൻ അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്. ഈ മേഖലയിലെ റഷ്യയുടെ അഭിലാഷങ്ങളുടെ അടയാളമാണത്.

ബെലാറസില്‍ നിന്ന്, അവരെ റഷ്യയിലെ ജയിലിലേക്കാണ് കൊണ്ടുപോയതെന്ന് വോളോഡിമര്‍ പറയുന്നു. “അവിടെയും മര്‍ദ്ദനം തുടര്‍ന്നു. അവര്‍ ഞങ്ങളെ അപമാനിച്ചു, മുട്ടുകുത്തിച്ചു, അസ്വസ്ഥതപ്പെടുത്തി. അവരുടെ കണ്ണുകളിലേക്ക് നോക്കിയാല്‍ പോലും ഞങ്ങളെ മര്‍ദ്ദിച്ചിരുന്നു. പതുക്കെ എന്തെങ്കിലും ചെയ്താല്‍ ഞങ്ങളെ തല്ലും. അവര്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കണക്കാക്കിയത്. 72-ഓളം പേരെ അവിടെ ഞാന്‍ എണ്ണി. പക്ഷേ, കൂടുതല്‍ പേര്‍ ഉണ്ടാകാനാണ് സാധ്യത. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും ശ്രമിച്ചു. 21-ാം നൂറ്റാണ്ടില്‍ നിന്ന് 16-ാം നൂറ്റാണ്ടിലേക്ക് ഞങ്ങളെ കടത്തിവിട്ടതുപോലെ തോന്നി” – അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചത്തെ തടങ്കലിനു ശേഷം ഏപ്രില്‍ 7-ന്, വോളോഡിമറിനേയും മറ്റൊരു തടങ്കല്‍കേന്ദ്രത്തില്‍ നിന്ന് മൂന്ന് വനിതാ ഉക്രേനിയന്‍ സിവിലിയന്മാരെയും 2014-ല്‍ ഉക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത, ക്രിമിയയിലേക്ക് വിമാനമാര്‍ഗ്ഗം കൊണ്ടുപോയി. തങ്ങള്‍ക്കും മര്‍ദനമേറ്റതായി സ്ത്രീകള്‍ വോളോഡിമിറിനോടു പറഞ്ഞു. അവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവര്‍ക്ക് മനസ്സിലായില്ല. ക്രിമിയയില്‍ നിന്ന് അവരെ റോഡ് മാര്‍ഗം സപ്പോരിജിയക്കു പുറത്തുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. ഒരു പാലത്തിലൂടെ ഉക്രേനിയന്‍ നിയന്ത്രിത പ്രദേശത്തേക്ക് പോകാന്‍ അനുവദിച്ചു. അവരെ കടന്നുപോകാന്‍ അനുവദിക്കുന്നതിനു മുമ്പ് ഇരുവശത്തു നിന്നും സൈനിക തടവുകാരെ കൈമാറ്റം ചെയ്തു. ഇത് ഏപ്രില്‍ 9-നായിരുന്നു. ഇപ്പോഴും തനിക്ക് സംഭവിച്ചവ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ വോളോഡിമറിന് കഴിഞ്ഞിട്ടില്ല. എങ്കിലും ലോകം തന്റെ കഥ കേള്‍ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

“ഉക്രേനിയന്‍ സിവിലിയന്മാര്‍ അവിടെ, റഷ്യയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നു എന്നത് നൂറു ശതമാനം സത്യമാണ്” – തനിക്കുണ്ടായ അനുഭവം തുറന്നുകാട്ടിക്കൊണ്ട് വോളോഡിമർ പറയുന്നു. അതേസമയം ഉക്രേനിയന്‍ പൗരന്മാര്‍ റഷ്യയിലേക്ക് സ്വമേധയാ പോവുകയാണെന്നാണ് റഷ്യ തറപ്പിച്ചുപറയുന്നത്. ഉക്രൈന്റെ തെക്കും കിഴക്കും യുദ്ധം രൂക്ഷമായിരിക്കെ, റഷ്യയിലേക്ക് ആളുകളെ നിര്‍ബന്ധിതമായി നാടുകടത്തുന്നതായി ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.