മെഡിക്കൽ പഠനം ഉപേക്ഷിച്ച് സന്യാസത്തിലേക്ക്: വ്യത്യസ്തം സി. മരിയയുടെ ദൈവവിളി അനുഭവം

ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന മരിയ ക്യാര ഫെരാരി, മെഡിക്കൽ പഠനം ഉപേക്ഷിച്ചുകൊണ്ടാണ് ഒരു സന്യാസിനിയാകാൻ തീരുമാനിച്ചത്. ഇന്ന് ‘ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്‌സ് ഓഫ് ദ പുവർ’ എന്ന സന്യാസ സമൂഹത്തിൽ നിത്യവ്രതം സ്വീകരിച്ച സന്യാസിനിയാണ് സി. മരിയ.

‘കർത്താവ് എനിക്ക് വഴി കാണിച്ചുതന്നു’

വടക്കൻ ഇറ്റലിയിലെ ലോവർ ബ്രെസിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന സി. മരിയ, ഒരു  ഡോക്ടറാകുക എന്ന വലിയൊരു സ്വപ്നവുമായിട്ടാണ് മെഡിക്കൽ പഠനത്തിനു ചേർന്നത്. ആ തീരുമാനത്തിനു പിന്നിൽ രോഗികളെ ശുശ്രൂഷിക്കാനുള്ള വലിയ താൽപര്യമായിരുന്നു. “ദൈവത്തോട് ചേർന്നു നിന്നുകൊണ്ട് രോഗികളെ ശുശ്രൂഷക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ കർത്താവിന് എന്നെ പഠിപ്പിക്കാൻ ധാരാളമുണ്ടെന്ന് മനസിലാക്കാൻ അധികം സമയമെടുത്തില്ല. യുവ ഫ്രാൻസിസ്കൻ സന്യാസിനിയാകാനുള്ള കർത്താവിന്റെ വിളി, ഞാൻ എന്റെ ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിന്റെ തലേദിവസമാണ് തിരിച്ചറിഞ്ഞത്. ദരിദ്രരും കഷ്ടപ്പെടുന്നവരുമായ മനുഷ്യരാശിയിൽ ക്രിസ്തുവിന്റെ മുറിവുകൾ തിരിച്ചറിയാൻ ഞാൻ ആഗ്രഹിച്ചു. രോഗികളുടെ മുറിവുകളിൽ ക്രിസ്തുവിന്റെ മുറിവുകൾ തിരിച്ചറിഞ്ഞു തുടങ്ങി. മറ്റുള്ളവരെ സഹായിക്കാനുള്ള എന്റെ പ്രവർത്തനങ്ങൾ ഈ സമയം ദൈവം രൂപപ്പെടുത്താൻ തുടങ്ങിയിരുന്നു” – തന്റെ ദൈവവിളി അനുഭവത്തെക്കുറിച്ച് സിസ്റ്റർ പറയുകയാണ്.

ആ ശക്തമായ ദൈവവിളിയുടെ പ്രചോദനം മനസിലാക്കി ചില സൂപ്പ് കിച്ചണുകളിൽ മരിയ സന്ദർശനം നടത്തി. ദുഃഖകഥകളും നിരാശ നിറഞ്ഞ കണ്ണുകളുമുള്ള നിരവധി പേരെ ആ യാത്രയിൽ മരിയ കണ്ടുമുട്ടി. “ഞാൻ ചാപ്പലിൽ കയറി നിശ്ചലയായി ക്രൂശിതരൂപത്തിലേക്കു നോക്കി. വേദനകളുടെ, സഹനങ്ങളുടെ അർത്ഥം ആ കുരിശിൽ നിന്നും ഞാൻ പതിയെ മനസിലാക്കി. എന്നെ സംബന്ധിച്ചിടത്തോളം, വേദനയുടെ മുന്നിൽ നിശ്ചലയായി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. എവിടേക്കാണ് പോകേണ്ടതെന്ന് മനസിലാക്കാൻ എന്നെ സഹായിക്കാൻ ഞാൻ കർത്താവിനോട് ആവശ്യപ്പെട്ടു” – ദൈവവിളിയുടെ അനുഭവം സിസ്റ്റർ വിവരിക്കുകയാണ്.

തന്റെ സംശയങ്ങൾക്കുള്ള ശരിയായ പരിഹാരമാണോ സന്യാസ ദൈവവിളി എന്നറിയാൻ മരിയ ഒരു യാത്രക്ക് തയ്യാറെടുത്തു. ഒരു പെസഹാ വ്യാഴാഴ്ച വൈകുന്നേരം, സ്നേഹത്തിന്റെ മാതൃകയായ യേശുവിന്റെ കൂട്ടായ്മയിൽ മുന്നോട്ടുള്ള വഴി തെളിഞ്ഞു. യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞിരുന്നില്ല. “പോകൂ, യൂത്ത് സെന്ററിൽ ജോലി ചെയ്യാൻ ഒരു വർഷത്തേക്ക് അവധിയെടുക്കൂ. സഹോദരിമാരുടെ പ്രാർത്ഥനകളും മൂർത്തമായ ജീവിതവും പാവപ്പെട്ടവർക്കുള്ള സേവനവും പങ്കിടുക. അവിടെ ഞാൻ നിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കും!” ഈ ഒരു പ്രചോദനം ഉൾക്കൊള്ളാൻ തന്നെ മരിയ തീരുമാനിച്ചു.

ക്രിസ്തുവിന്റെ ഒരു ഉപകരണം

ഈ യാത്രയിൽ, മരിയ നിരവധി ആളുകളെ കണ്ടുമുട്ടി. “ഞാൻ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഉപകരണമാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതം അവന് നൽകിയാൽ എന്നിലൂടെ പ്രവർത്തിക്കുമെന്ന് ക്രിസ്തു എനിക്ക് ഉറപ്പ് നൽകി. ഒരേസമയം എന്നെ ഭയപ്പെടുത്തുകയും ആഹ്ളാദിപ്പിക്കുകയും ചെയ്ത ആ നിർദ്ദേശത്തിന് ഞാൻ ‘യെസ്’ പറഞ്ഞു.

പരിശീലന കാലഘട്ടത്തിലൂടെ കടന്നുപോയി നിത്യവ്രതം സ്വീകരിച്ച സിസ്റ്റർ, ഉടൻ തന്നെ ഒരു മിഷനറിയായി ബ്രസീലിലേക്കു പോകും. “ഞാൻ യേശുവിനെ വിശ്വസിക്കുന്നു. കാരണം അവൻ എന്നെ എപ്പോഴും പരിപാലിക്കുന്നു. അവൻ അത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്” – സിസ്റ്റർ പറയുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.