“ഞങ്ങളുടെ വേദന ആരു കാണും?” – കേരള മനഃസാക്ഷിക്കു മുന്നിൽ ചോദ്യശരങ്ങളുമായി വിഴിഞ്ഞത്തു നിന്നും ഒരു വീട്ടമ്മ

“ഒരു ദിവസം ബുദ്ധിമുട്ടായപ്പോൾ നിങ്ങൾക്ക് വേദന. വർഷങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ കഴിയുന്നത് സിമന്റ് ഗോഡൗണിലാണ്. നിങ്ങൾക്ക് കഴിയാൻ പറ്റുമോ ഇങ്ങനെ? ഇത് കാണാൻ കണ്ണില്ലേ ആർക്കും?” വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി, റോഡ് ഉപരോധത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളിയായ ഒരു വീട്ടമ്മയുടെ ചോദ്യം കേരളത്തിന്റെ അധികാരവർഗ്ഗത്തോടാണ്, വോട്ട് ചെയ്തു ജയിപ്പിച്ച ജനപ്രതിനിധികളോടാണ്, സമരങ്ങളെ തള്ളിപ്പറയുന്ന ജനങ്ങളോടാണ്, സർവ്വോപരി അവകാശങ്ങളെ കവർന്നെടുത്തപ്പോഴും മൗനം അവലംബിച്ച കേരളസമൂഹത്തിന്റെ മന:സാക്ഷിയോടാണ്.

വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസവും റോഡ് തടയലുമായി ഒരു കൂട്ടം ജനത അലയുമ്പോൾ സർക്കാരും ഉദ്യോഗസ്ഥരും ഇവർക്കു  നേരെ കണ്ണടക്കുകയാണ്. ചിലപ്പോഴെങ്കിലും വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായ ആളുകളുടെ മനസിൽ ഈ കടലിന്റെ മക്കളുടെ സമരം എന്തിനെന്ന ചോദ്യം കടന്നുവരുന്നു. ഇത്തരം ചോദ്യങ്ങൾക്കും അനീതികൾക്കും അപഹാസങ്ങൾക്കുമെതിരെ ചങ്കുലക്കുന്ന വേദനയോടെ സംസാരിക്കുന്ന ഒരു വീട്ടമ്മയുടെ വാക്കുകൾ കേരള മനഃസാക്ഷിയെ ഉത്തരം മുട്ടിക്കുകയാണ്.

“ഞങ്ങളുടെ ഭവനം നഷ്ടപ്പെട്ടു. ഞങ്ങൾ കളിച്ചുവളർന്ന തീരം നഷ്ടപ്പെട്ടു. വർഷങ്ങളായി ഞങ്ങൾ കഴിയുന്നത് സിമന്റ് ഗോഡൗണിലാണ്. നിങ്ങൾക്കു കഴിയുമോ പ്രായമായ മക്കളെയും ഭാര്യയെയും കൊണ്ട് ഒരുമുറിയുള്ള ഗോഡൗണിൽ കഴിയാൻ?” എന്ന ഈ വീട്ടമ്മയുടെ ചോദ്യത്തിനു മുന്നിൽ നിശബ്ദമായി നിൽക്കാനേ കേരളസമൂഹത്തിന് കഴിയുകയുള്ളൂ. വികസനത്തിന്റെ പേരിൽ തീരവാസികളായ ജനതയെ അവിടെ നിന്നും തുടച്ചുമാറ്റി അവരുടെ അവകാശങ്ങൾ പിടിച്ചെടുത്ത ഭരണാധികാരികൾ എന്ത് ഉത്തരം നൽകും ഈ ചോദ്യത്തിന്?

കടലിലെ പണി കഴിഞ്ഞു വരുന്ന ആണുങ്ങളും സ്‌കൂൾ വിട്ടുവരുന്ന കുട്ടികളും അവരുടെ തിരക്കുകൾക്കപ്പുറം സ്വസ്ഥതയോടെ കടലമ്മയുടെ സംഗീതം ആസ്വദിച്ചിരുന്ന ഒരു സ്ഥലമുണ്ട് – കടൽത്തീരം. കടലിന്റെ മക്കളുടെ വിശ്രമകേന്ദ്രവും കളിസ്ഥലവും പാർക്കും എല്ലാം ഈ കടൽത്തീരമായിരുന്നു. എന്നാൽ ഈ കടൽത്തീരം ഇന്ന് അവർക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കടലിന്റെ മക്കളുടെ സ്വൈര്യജീവിതത്തിനു വഴിയൊരുക്കിയ ഈ തീരം വികസനത്തിന്റെ പേരിൽ ഇല്ലാതാകുമ്പോൾ അതിനെ എന്ത് വികസനം എന്നു വിളിക്കും?

ഒരിക്കൽ കേരളസമൂഹത്തിന്റെ മുഴുവൻ രക്ഷകരായി എത്തിയവരാണ് കടലിന്റെ മക്കൾ. രാഷ്ട്രീയപാർട്ടികളും ഭരണാധികാരികളും ആർത്തലച്ചെത്തുന്ന വെള്ളത്തിനു മുന്നിൽ പകച്ചുനിന്നപ്പോൾ മുന്നും പിന്നും നോക്കാതെ, തങ്ങൾക്കുണ്ടാകാവുന്ന നഷ്ടങ്ങളുടെ കണക്കുകൾ നോക്കാതെ വള്ളവും എടുത്തു ഇറങ്ങിത്തിരിച്ചവരാണ് ഈ മത്സ്യത്തൊഴിലാളികൾ. അന്ന് സമൂഹം വാഴ്ത്തിപ്പാടിയ ഈ കടലിന്റെ മക്കൾ ഇന്ന് പൊരിവെയിലിൽ പോരാടുകയാണ്. തങ്ങളുടെ ജീവിതവും അവകാശങ്ങളും തിരികെ കിട്ടാൻ. ഇവരുടെ ഈ പോരാട്ടത്തെ അവഗണിക്കുന്ന വിലകുറച്ചു കാട്ടുന്ന സമൂഹമേ, നിങ്ങൾക്ക് ഉത്തരമുണ്ടോ ഈ അമ്മയുടെ, കടലിന്റെ മക്കളുടെ ചോദ്യങ്ങൾക്കു നൽകാൻ.

തങ്ങളുടെ അവകാശങ്ങൾ ലഭിച്ചാൽ ആ നിമിഷം തങ്ങൾ ഈ സമരമുറകൾ അവസാനിപ്പിക്കും എന്നു പറയുന്ന ആ അമ്മയുടെ വാക്കുകളിലുണ്ട് അവഗണനകളിലും അനാസ്ഥകളിലും ഗതികെട്ട ഒരു സമൂഹത്തിന്റെ നൊമ്പരം. ഒപ്പം എന്തു കൊടുത്തും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുമെന്ന തീക്ഷ്ണതയും. വയറു നിറഞ്ഞു കഴിഞ്ഞാൽ ഭക്ഷണത്തിനു പിന്നാലെ ആരും പോകില്ലല്ലോ എന്ന സാമാന്യബോധം പോലുമില്ലാത്ത ആളുകളുടെ ഇടയിൽ ഇവർ പോരാടുകയാണ്. അര മുറുക്കി, തങ്ങളുടെ ഉപജീവനമാർഗ്ഗം പോലും കളഞ്ഞു, നാളെ പട്ടിണിയാകാം എങ്കിലും തങ്ങളുടെ അടുത്ത തലമുറക്ക് അവകാശപ്പെട്ടത് നേടിക്കൊടുക്കുമെന്ന ദൃഢനിശ്ചയത്തോടെയുള്ള ഇവരുടെ പോരാട്ടങ്ങളെ ആർക്കും തളർത്താനാകില്ല.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.