“റഷ്യന്‍ പട്ടാളക്കാര്‍ എന്നെ ബലാത്സംഗം ചെയ്യുകയും ഭര്‍ത്താവിനെ കൊല്ലുകയും ചെയ്തു”: റഷ്യന്‍ ക്രൂരതകളെക്കുറിച്ച് ഉക്രൈന്‍ സ്ത്രീകള്‍

കീവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് റഷ്യക്കാര്‍ പിന്‍വാങ്ങി. പക്ഷേ, അവര്‍ ഏല്‍പ്പിച്ചുപോയ ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറാന്‍ കഴിയാത്ത തരത്തില്‍ ആഴത്തിലുള്ള മുറിവേറ്റ ജീവിതങ്ങളാണ് ഇപ്പോള്‍ അവിടെയുള്ളത്. ഉക്രേനിയന്‍ സ്ത്രീകളെ റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തതിന്റെ തെളിവുകളടക്കം, മനഃസാക്ഷിയെ നടുക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കീവില്‍ നിന്ന് 70 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ശാന്തവും ഗ്രാമീണവുമായ പ്രദേശത്തു ജീവിക്കുന്ന അമ്പതുകാരിയായ അന്ന (പേര് യഥാര്‍ത്ഥമല്ല), തനിക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് ബിബിസിയോട് വെളിപ്പെടുത്തി.

“മാര്‍ച്ച് 7 -ന് ഒരു റഷ്യന്‍ സൈനികന്‍ വീട്ടില്‍ അതിക്രമിച്ച് എത്തിയപ്പോള്‍ ഞാന്‍ ഭര്‍ത്താവിനൊപ്പം വീട്ടിലുണ്ടായിരുന്നു. തോക്കിന്‍മുനയില്‍ നിര്‍ത്തി അയാള്‍ എന്നെ അടുത്തുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി. നിന്റെ വസ്ത്രങ്ങള്‍ അഴിച്ചില്ലെങ്കില്‍ നിന്നെ ഞാന്‍ ഇപ്പോള്‍ കൊല്ലുമെന്ന് പറഞ്ഞു അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു. പെട്ടെന്ന്, നാല് സൈനികര്‍ അവിടേക്ക് കടന്നുവന്നു. അവര്‍ അയാളെ കൂട്ടിക്കൊണ്ടു പോയി. പിന്നീട് അയാളെ ഞാന്‍ കണ്ടിട്ടില്ല” – റഷ്യന്‍ സൈനികരുടെ ഒരു പ്രത്യേക യൂണിറ്റാണ് തന്നെ രക്ഷിച്ചതെന്ന് അന്ന വിശ്വസിക്കുന്നു.

പക്ഷേ, അന്ന വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് അടിവയറ്റില്‍ റഷ്യന്‍ സൈനികരുടെ വെടിയേറ്റ് പരിക്കു പറ്റിയ ഭര്‍ത്താവിനെയാണ്. “എന്നെ രക്ഷിക്കാന്‍ വേണ്ടി അദ്ദേഹം എന്റെ പിന്നാലെ വന്നപ്പോള്‍ അദ്ദേഹത്തിന് വെടിയേറ്റതായിരുന്നു. ഞങ്ങള്‍ ഇരുവരും പിന്നീട് ഒരു അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടി. പുറത്ത് യുദ്ധത്തിന്റെ ഭീകരതകള്‍ കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസങ്ങൾക്കു ശേഷം പരിക്ക് മൂര്‍ച്ഛിച്ച് അദ്ദേഹം മരണപ്പെട്ടു. വീട്ടുമുറ്റത്ത് അടക്കുകയും ചെയ്തു” – വേദനയോടെ അന്ന പറയുന്നു.

മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് അന്ന ഇപ്പോഴുള്ളത്. പ്രാദേശിക ആശുപത്രിയുമായി ബന്ധപ്പെട്ട് മാനസികപിന്തുണ തേടുകയാണ് അവര്‍.

അന്നയുടെ വീടിന്റെ സമീപത്തുള്ള മറ്റൊരു സ്ത്രീയെ റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്. അന്നയെ ബലാത്സംഗം ചെയ്ത അതേ ആള്‍ തന്നെയാണ് ഇതും ചെയ്തതെന്ന് അയല്‍ക്കാര്‍ പറയുന്നു. ആ സ്ത്രീക്ക് 40 വയസ്സായിരുന്നു. അവരെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി, യുദ്ധം ആരംഭിച്ചപ്പോള്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ ഒരു വീടിന്റെ കിടപ്പുമുറിയില്‍ അവര്‍ പാര്‍പ്പിച്ചു. അവിടെ വച്ചാണ് അവര്‍ അവളെ പീഡിപ്പിച്ചത്. ആ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. വസ്ത്രമില്ലാതെയും കഴുത്തിന് കുറുകെ ആഴത്തിലും നീളത്തിലും മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍ക്കാര്‍ ചേര്‍ന്ന് പിന്നീട് മൃതദേഹം സംസ്‌കരിച്ചു. സമീപപ്രദേശത്തു തന്നെ മൂന്നംഗ കുടുംബത്തിലെ ചെറുപ്പക്കാരിയായ സ്ത്രീയെ, സൈനികര്‍ ബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വെടി വച്ച ശേഷമായിരുന്നു അത്. എതിര്‍ത്താല്‍ നിന്റെ കുഞ്ഞിനെ കൊല്ലുമെന്നാണ് അവര്‍ അവളെ ഭീഷണിപ്പെടുത്തിയത്.

സമാനമായ നിരവധി കേസുകള്‍ തങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഉക്രൈനിലെ ഓംബുഡ്സ്മാന്‍ ലുഡ്മില ഡെനിസോവ പറഞ്ഞു. “ഹെല്‍പ് ലൈനുകളില്‍ ഞങ്ങള്‍ക്ക് നിരവധി കോളുകള്‍ ലഭിക്കുന്നുണ്ട്. ടെലിഗ്രാം സന്ദേശത്തിലൂടെയും ചാനലുകള്‍ വഴിയും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ബുച്ചയിലെ ഒരു വീടിന്റെ ബേസ്മെന്റില്‍ 14 -നും 24 -നും ഇടയില്‍ പ്രായമുള്ള 25 -ഓളം പെണ്‍കുട്ടികളും സ്ത്രീകളും ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ടു. അവരില്‍ ഒമ്പതു പേര്‍ ഗര്‍ഭിണികളാണ്” – അവര്‍ പറഞ്ഞു. വെളിപ്പെടുത്താത്ത കുറ്റകൃത്യങ്ങളുടെ എണ്ണം എത്രയോ മടങ്ങുണ്ടാകാം എന്നും ഡെനിസോവ കൂട്ടിച്ചേർത്തു.

ബലാത്സംഗം ഉള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് വ്ളാഡിമിര്‍ പുടിനെ വ്യക്തിപരമായി വിചാരണ ചെയ്യാന്‍ യുഎന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്നാണ് ഉക്രൈൻ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.