റഷ്യന്‍ പാഠ്യപദ്ധതി പിന്തുടരാന്‍ വിസമ്മതിച്ചതിന് പീഡിപ്പിക്കപ്പെട്ട ഉക്രൈനിലെ അധ്യാപകര്‍

ആറു മാസത്തിലേറെയായി റഷ്യന്‍ നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റികളെ മോചിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 6,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി ഉക്രേനിയന്‍ സൈന്യം അറിയിച്ചിരുന്നു. റഷ്യന്‍ നിയന്ത്രണത്തിലായിരുന്ന സമയത്ത് ഉക്രേനിയന്‍ പാഠ്യപദ്ധതി ഒഴിവാക്കി, പകരം റഷ്യന്‍ അജണ്ട കൊണ്ടുവരാനുള്ള ആസൂത്രിതശ്രമം നടന്നതായാണ് ഈ പ്രദേശങ്ങളിലെ സ്‌കൂള്‍ അധ്യാപകര്‍ പറയുന്നത്.

ഖാര്‍കിവിനു കിഴക്ക്, അടുത്തിടെ മോചിപ്പിച്ച നഗരങ്ങളായ ബലാക്ലിയ, വോവ്ചാന്‍സ്‌ക് എന്നിവിടങ്ങളിലെ പ്രാദേശിക അധ്യാപകരും ജീവനക്കാരും നിര്‍ബന്ധിത മാറ്റത്തിന് റഷ്യ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിച്ചു. ആദ്യം നശിപ്പിക്കലുകളായിരുന്നു. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, ഉക്രേനിയന്‍ പതാകകള്‍, കുട്ടികളുടെ സൃഷ്ടികള്‍, പ്രശസ്ത ഉക്രേനിയന്‍ എഴുത്തുകാരുടെയോ, സാംസ്‌കാരിക ഐക്കണുകളുടെയോ കലാസൃഷ്ടികള്‍, പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ചു.

2200-ലധികം പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് തന്നുവെന്നും അവയെല്ലാം നശിപ്പിക്കാന്‍ പറഞ്ഞതായും ഒരു സ്‌കൂളിലെ പ്രധാന അധ്യാപികയായ ലിലിയ സിറസ് പറയുന്നു. എന്നാല്‍ അവര്‍ അത് നശിപ്പിക്കാതെ റഷ്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അവയെല്ലാം ഒളിപ്പിച്ചു. റഷ്യന്‍ ചരിത്രം, സാഹിത്യം, ഭാഷ എന്നിവ അടങ്ങിയ ഒരു പുതിയ പാഠ്യപദ്ധതിയാണ് അവര്‍ നിര്‍ദേശിച്ചത്. പലരും ഈ സാഹസത്തിന് നില്‍ക്കേണ്ടെന്നും റഷ്യ ഇവിടമെല്ലാം പിടിച്ചെടുക്കുമെന്നും ലിലിയയോട് പറഞ്ഞെങ്കിലും തനിക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു. റഷ്യന്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് താന്‍ സുരക്ഷിതമാക്കിയ ആയിരക്കണക്കിന് പുസ്തകങ്ങള്‍ കാണുമ്പോള്‍ ലിലിയക്ക് ഇപ്പോള്‍ അഭിമാനവും സന്തോഷവുമാണ്.

“ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉക്രൈന്‍ റഷ്യയുടെ ഒരു പ്രദേശമാണെന്ന് ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടിവരുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു” – ബാലക്ലിയ ഫൈവ് സ്‌കൂളിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ന മന്ദ്രിക പറയുന്നു.

എന്നാല്‍ അതിനോട് സഹകരിക്കാന്‍ വിസമ്മതിച്ച അധ്യാപകരില്‍ ഒരാളായിരുന്നു ഇന്ന. അതുകൊണ്ടു തന്നെ അവര്‍ക്ക് ജോലി നഷ്ടമായി. എങ്കിലും അവര്‍ എല്ലാ രാത്രിയും അവളുടെ വീടിന്റെ നിലവറയില്‍, മെഴുകുതിരി വെളിച്ചത്തില്‍ രഹസ്യമായി ഓണ്‍ലൈനായി അധ്യാപനം തുടര്‍ന്നു. അധിനിവേശ ഉക്രൈനിലെമ്പാടുമുള്ള 100-ഓളം വിദ്യാര്‍ത്ഥികളെ അവര്‍ ഓണ്‍ലൈനായി പഠിപ്പിച്ചു.

ബാലക്ലിയയില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്ക്, ഇവാനിവ്ക ഗ്രാമത്തിലുള്ള മറ്റൊരു സ്‌കൂളില്‍, പ്രധാന അധ്യാപിക ലിഡിയ ടീനയെ ഒരു റഷ്യന്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 19 ദിവസത്തേക്ക് തടങ്കലില്‍ വച്ചു. 40 വര്‍ഷത്തിലേറെ പരിചയമുള്ള പ്രൊഫഷണല്‍ അധ്യാപികയാണ് അവര്‍.

“ഞാന്‍ ഖാര്‍കിവില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കവെ എന്നെ തടഞ്ഞുവച്ചു. ഒരു കാറില്‍ നിന്ന് മുഖംമൂടി ധരിച്ച മൂന്ന് ആളുകള്‍ പുറത്തിറങ്ങി. അവര്‍ എന്റെ തൊണ്ടയില്‍ തോക്ക് വയ്ക്കുകയും എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിക്കളയുകയും ചെയ്തു. കൂടാതെ, അഞ്ച് ദിവസത്തേക്ക് ഏകാന്തതടവില്‍ പാര്‍പ്പിച്ചു. ആ സമയത്ത് ഞാന്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അവിടെ വച്ച് എന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റഷ്യന്‍ ഗാനത്തിന്റെ വരികള്‍ പഠിക്കാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ അത് നിരസിച്ചു” – ലിഡിയ പറയുന്നു.

അധ്യാപകര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു. കുട്ടികളെ റഷ്യന്‍ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് തിരിച്ചയച്ചില്ലെങ്കില്‍ കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്ന് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതായി ബാലക്ലിയ മേഖലയിലെ വിദ്യാഭ്യാസ മേധാവി സ്വിറ്റ്ലാന ഷ്വിദ് പറയുന്നു. വോവ്ചാന്‍സ്‌ക് മേഖലയില്‍, ചില സ്‌കൂളുകളില്‍ റഷ്യന്‍ ഗാര്‍ഡുകള്‍ ക്ലാസ് മുറികളില്‍ നിലയുറപ്പിച്ചിരുന്നു.

ആ പ്രതിസന്ധികളെയെല്ലാം അവര്‍ മറികടന്നു. ഇപ്പോള്‍ ബലാക്ലിയ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ ഉടന്‍ സ്‌കൂളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണ്. കാരണം അവരുടെ നഗരം റഷ്യന്‍ സൈന്യത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിട്ട് രണ്ടാഴ്ചയായി.

കീര്‍ത്തി ജേക്കബ്

കീര്‍ത്തി ജേക്കബ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.