ഉക്രൈൻ യുദ്ധം: കെര്‍സണില്‍ നിന്ന് ഉയര്‍ന്നുവരുന്ന പീഡനകഥകള്‍

റഷ്യന്‍ സൈന്യത്താല്‍ പീഡിപ്പിക്കപ്പെട്ട കെര്‍സണിലെ താമസക്കാരുടെ പ്രതിനിധിയാണ് ഒലക്‌സാണ്ടര്‍. കെര്‍സണ്‍ മേഖലയിലെ ഒരു ചെറിയ ഗ്രാമമായ ബിലോസെര്‍ക്കയിലാണ് ഒലക്‌സാണ്ടര്‍ ഗസ് താമസിച്ചിരുന്നത്. ഗ്രാമത്തിന്റെ പ്രതിനിധികളില്‍ ഒരാളായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ അദ്ദേഹം സൈന്യത്തില്‍ നിര്‍ബന്ധിത സേവനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വന്തം ബിസിനസ് നടത്തുന്നു.

ഒലക്‌സാണ്ടറും ഭാര്യയും റഷ്യാവിരുദ്ധരായിരുന്നു. യുദ്ധം തുടങ്ങിയ സമയത്ത് ഉക്രേനിയന്‍ അനുകൂല റാലികളില്‍ അവര്‍ പങ്കെടുത്തു. റഷ്യന്‍ സൈന്യം അവരുടെ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങളിലും ഏര്‍പ്പെട്ടു. പക്ഷേ, യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ തെക്കന്‍ ഉക്രൈനിലെ കെര്‍സണിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തു. ഉക്രേനിയന്‍ ടിവി സ്റ്റേഷനുകള്‍ റഷ്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. റഷ്യന്‍ ബദലുകള്‍ക്കായി പാശ്ചാത്യ ഉല്‍പന്നങ്ങള്‍ മാറ്റി.

റഷ്യ, ഉക്രൈന്‍ നഗരങ്ങളില്‍ പ്രവേശിച്ച് അധികം താമസിയാതെ പട്ടാളക്കാര്‍ ഒലക്‌സാണ്ടറെ തേടിയെത്തി. “അവര്‍ എന്റെ കഴുത്തിലും കൈത്തണ്ടയിലും ഓരോ കയര്‍ കെട്ടിയതിനു ശേഷം ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഞാന്‍ മറുപടി പറയാതെ വന്നപ്പോള്‍ അവര്‍ എന്റെ കാലുകള്‍ക്കിടയില്‍ അടിച്ചു. ഞാന്‍ വീണപ്പോള്‍ എനിക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവര്‍ തല്ലുകയും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു” – ഒലക്‌സാണ്ടര്‍ പറഞ്ഞു.

റഷ്യന്‍ ക്രൂരത നേരിട്ട മറ്റൊരു വ്യക്തിയാണ് ഒലെഹ് ബതുറിന്‍. കെര്‍സണ്‍ മേഖലയിലെ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. റഷ്യയുടെ അധിനിവേശം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, തന്നെ തട്ടിക്കൊണ്ടു പോയതായി അദ്ദേഹം പറഞ്ഞു.

“അവര്‍ എന്റെ മുഖം മൂടി മുട്ടില്‍ നിര്‍ത്തിച്ചു. കൈകള്‍ പിറകിലേക്ക് കെട്ടി. അവര്‍ എന്റെ മുതുകിലും വാരിയെല്ലുകളിലും കാലുകളിലും അടിച്ചു. ഒരു യന്ത്രത്തോക്കിന്റെ അഗ്രം കൊണ്ട് എന്നെ അടിച്ചു. പിന്നീട് ഒരു ഡോക്ടറെ കാണാന്‍ പോയപ്പോഴാണ് നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായി മനസ്സിലായത്” – ഒലെഹ് പറയുന്നു. എട്ട് ദിവസം ജയിലില്‍ കിടന്നതായി അദ്ദേഹം പറഞ്ഞു. ആ സമയത്ത്, മറ്റുള്ളവരെ പീഡിപ്പിക്കുന്നത് അദ്ദേഹം കാണുകയും ഒരു യുവാവിന്റെ വധശിക്ഷക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

റഷ്യന്‍ സൈനികരുടെ പീഡനത്തിന് ഇരയായി ചികിത്സ തേടിയെത്തുന്ന പലരുടെയും ദേഹം വികലമാക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും ഹെമറ്റോമുകള്‍ (രക്തക്കുഴലുകള്‍ക്കു പുറത്തുള്ള പ്രാദേശിക രക്തസ്രാവം), ഉരച്ചിലുകള്‍, മുറിവേറ്റ പാടുകള്‍, വൈദ്യുതാഘാതത്തിന്റെ ലക്ഷണങ്ങള്‍, കൈകളില്‍ കയറ് കൊണ്ട് ബന്ധിച്ചതിന്റെ അടയാളങ്ങള്‍, കഴുത്തില്‍ ഞെരിച്ചതിന്റെ അടയാളങ്ങള്‍ എന്നിവയും പലരിലും കണ്ടെത്തിയിരുന്നു എന്നും കെർസണിലെ ഒരു ഡോക്ടര്‍ പറയുന്നു. ആളുകളുടെ കാലുകളിലും കൈകളിലും പൊള്ളലേറ്റത് താന്‍ കണ്ടതായും മണല്‍ നിറച്ച ഹോസ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി ഒരു രോഗി തന്നോട് പറഞ്ഞതായും അദ്ദേഹം പറയുന്നു.

ജനനേന്ദ്രിയത്തില്‍ പൊള്ളലേറ്റ പാടുകളുമായെത്തിയവരെയും ബലാത്സംഗത്തിനിരയായവരെയും മുതുകിലും വയറ്റിലും ഇരുമ്പു കൊണ്ട് പൊള്ളലേറ്റവരെയും താന്‍ കണ്ടുമുട്ടിയതായി ഡോക്ടര്‍ ഓര്‍ക്കുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ചികിത്സ ലഭിക്കാത്തവരായി ഉണ്ടെന്നും അദ്ദേഹം കരുതുന്നു. ചിലര്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ട് വീട്ടില്‍ തന്നെ കഴിയുകയാണ്.

കെര്‍സണില്‍ ഇത്തരത്തില്‍ പീഡനവും നിര്‍ബന്ധിത തിരോധാനവും പതിവായി മാറിയിരിക്കുകയാണ്. റഷ്യൻ വിരുദ്ധറാലികളില്‍ പങ്കെടുത്തതിനും പ്രാദേശിക പ്രതിരോധത്തില്‍ പങ്കാളിയായതിനും വിഘടനവാദികള്‍ക്കെതിരെ പോരാടിയതിനുമെല്ലാമാണ് പലരേയും ക്രൂരപീഡനത്തിന് റഷ്യന്‍ സൈന്യം ഇരയാക്കിയത്.

ഭയത്തിന്റെയും ഭീഷണിയുടെയും അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചിത്രമാണ്, കെര്‍സണില്‍ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി പലരും വിവരിക്കുന്നത്. തങ്ങള്‍ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ ഇവിടുത്തെ ജനതയ്ക്കുള്ളത്.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.