ഉക്രൈൻ യുദ്ധം: യുദ്ധത്തിന്റെ നിഴലില്‍ നിന്ന് അതിജീവനത്തിന്റെ വെളിച്ചത്തിലേക്ക് കീവ് നഗരം

ജനുവരിയില്‍ കീവ് നഗരം തീര്‍ത്തും ശാന്തമായിരുന്നു. ആ സമയത്ത് യുദ്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ ആളുകള്‍ ‘മണ്ടത്തരം’ എന്നാണ് വിശേഷിപ്പിച്ചത്. ആര്‍ക്കും ആകുലതകളില്ലായിരുന്നു. എല്ലാവരും തീര്‍ത്തും സാധാരണജീവിതം നയിച്ചുപോന്നു. എന്നാല്‍ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു. യുദ്ധത്തിന്റെ കരിനിഴല്‍ ആ പുരാതന നഗരത്തില്‍ പതിച്ചു. 72 മണിക്കൂറിനുള്ളില്‍ കീവ് വീഴുമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിലര്‍ പ്രവചിച്ചു. 100 ദിവസങ്ങള്‍ക്കുള്ളില്‍, നഗരം കഠിനമായ അന്ധകാരത്തിലൂടെ കടന്നുപോയി. നഗരത്തിലെ നാല് മില്യണ്‍ ജനസംഖ്യയില്‍ പകുതിയിലധികം പേരും വിട്ടുപോയി.

റഷ്യയുടെ മുന്നേറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ ആയിരക്കണക്കിന് കാറുകള്‍ കീവിനു പുറത്തേക്കുള്ള ഹൈവേകളിലേക്കു പാഞ്ഞു. ചിലര്‍ എടിഎമ്മുകളില്‍ ക്യൂ നിന്നപ്പോള്‍ ദേശസ്‌നേഹികളായ ചിലര്‍ ഉക്രൈന്റെ പ്രാദേശിക പ്രതിരോധത്തിനായി റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ ക്യൂ നിന്നു. കാരണം, ഉക്രൈനെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കുന്ന ആര്‍ക്കും ആയുധം നല്‍കുമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ട്വീറ്റ് ചെയ്തിരുന്നു.

കീവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പതിവായി ആക്രമിക്കപ്പെട്ടു. മാര്‍ച്ചില്‍ നടന്ന ഒരു മാരകമായ ആക്രമണത്തില്‍ നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള റിട്രോവില്ലെ ഷോപ്പിംഗ് മാളിന്റെ ചില ഭാഗങ്ങള്‍ നിലംപരിശായി. ഇര്‍പിന്‍, ബുക്ക തുടങ്ങിയ അയല്‍പട്ടണങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പോരാട്ടത്തില്‍ കുടുങ്ങി. താല്‍ക്കാലിക വെടിനിര്‍ത്തലുകളുണ്ടായപ്പോള്‍ ചിലര്‍ കീവ് റെയില്‍വേ സ്റ്റേഷന്‍ വഴി രക്ഷപെട്ടു. അവരില്‍ ഭൂരിഭാഗവും പടിഞ്ഞാറ് എല്‍വിവ് പോലുള്ള നഗരങ്ങളിലേക്കാണ് പോയത്.

ഇപ്പോള്‍ വീണ്ടും കീവ് നഗരം ഒരുവിധം ശാന്തതയിലേക്ക് ഉയര്‍ന്നുവരുന്നു. യുദ്ധത്തിനു മുമ്പുള്ള അവസ്ഥയില്‍ നിന്ന് കീവ് നഗരം ഇപ്പോഴും വളരെ അകലെയാണ്. എന്നിരുന്നാലും അവിടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഒരു ചിത്രമാണുള്ളത്.

റഷ്യന്‍ പിന്‍വാങ്ങല്‍ കീവിനു നഷ്ടപെട്ട യാഥാര്‍ത്ഥ്യത്തില്‍ ചിലതൊക്കെ തിരികെ കൊണ്ടുവരാന്‍ അനുവദിച്ചു. ഭയത്തിന്റെയും ആശങ്കയുടേയും പ്രകടനങ്ങള്‍ ഇടയ്ക്കിടെ പുഞ്ചിരിക്ക് വഴിമാറുന്നു. കഫേകളും റെസ്റ്റോറന്റുകളും മികച്ച മെനു വാഗ്ദാനം ചെയ്യുന്നു. അന്ധകാരത്തിലായിരുന്ന ജനതയുടെ മേല്‍ സൂര്യന്‍ ഉദിച്ചുതുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നഗരം എന്നത്തേയും പോലെ സാധാരണമാണ്. കര്‍ഫ്യൂ ഉള്ള രാത്രികള്‍ ഇപ്പോഴും നിശബ്ദമാണ്; പക്ഷേ, പകല്‍ കൂടുതല്‍ ജീവനുള്ളതായി കാണപ്പെടുന്നു. മ്യൂസിയങ്ങള്‍ ഒരിക്കല്‍ കൂടി തുറന്നിരിക്കുന്നു. അവസാനിക്കാത്ത ഗതാഗതക്കുരുക്ക് മാത്രം ഒഴിഞ്ഞുപോയിട്ടില്ല. നഗരത്തിലെ യഥാര്‍ത്ഥ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും തിരിച്ചെത്തിയതായി ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.

ഉക്രൈന്റെ ഈ തലസ്ഥാന നഗരത്തില്‍ റഷ്യക്കാര്‍ മറ്റൊരു ശ്രമം നടത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും നഗരം സ്വയം സുഖപ്പെട്ടു വരികയാണ്. അടുത്ത ദിവസങ്ങളില്‍ എന്തു സംഭവിക്കും എന്നു വ്യക്തമല്ല. ഉക്രേനിയക്കാര്‍ക്ക് അത് അറിയാം. എങ്കിലും സാധാരണ നില പുനഃസ്ഥാപിക്കുക എന്നത് ആളുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ അതിനായുള്ള കഠിനശ്രമത്തിലാണവര്‍.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.