സന്യാസ ദൈവവിളി സ്വീകരിച്ച മെക്സിക്കോയിൽ നിന്നുള്ള ഇരട്ട സഹോദരിമാർ

30-ാം വയസിൽ, സന്യാസ ദൈവവിളി സ്വീകരിച്ച ഇരട്ട സഹോദരിമാരാണ് വെൽമയും ടെൽമയും. മെക്സിക്കൻ സ്വദേശികളായ ഇവർ മയക്കുമരുന്ന് മാഫിയയുടെ ഇടപെടൽ രൂക്ഷമായ പ്രദേശത്താണ് ഇന്ന് തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ചുറ്റുപാടും എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാൻ അതൊന്നും ഒരു തടസമല്ലെന്ന് ഇവരുടെ ജീവിതം പഠിപ്പിക്കുന്നു. ഈ ഇരട്ട സഹോദരിമാരുടെ ദൈവവിളി അനുഭവം വായിച്ചറിയാം.

മെക്സിക്കോയിലെ മൈക്കോകാൻ സംസ്ഥാനത്ത് മൊറേലിയയിൽ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഈ ഇരട്ട സഹോദരിമാർ ജനിച്ചത്. ഇന്ന് അവർ വിവിധ മയക്കുമരുന്ന് കാർട്ടലുകൾ തമ്മിലുള്ള പ്രശ്നങ്ങൾ നടക്കുന്ന ഗ്വാനജുവാറ്റോ സംസ്ഥാനത്താണ് താമസിക്കുന്നത്. അവരിൽ ഒരാൾ സെലയയിലും മറ്റൊരാൾ ലിയോണിലും സ്കൂളുകളിൽ ജോലി ചെയ്യുന്നു. ഗ്വാഡലൂപ്പിലെ മേരി ഇമ്മാക്കുലേറ്റിന്റെ പുത്രിമാരുടെ സന്യാസ സമൂഹത്തിലെ അംഗങ്ങളാണ് ഈ സഹോദരിമാർ.

നല്ല കത്തോലിക്കാ വിശ്വാസമുള്ള കുടുംബത്തിൽ ജനിച്ച ഈ സഹോദരിമാർക്ക് ചെറുപ്പം മുതൽ തന്നെ സന്യാസ ദൈവവിളി സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നു. ഒരു കത്തോലിക്കാ സ്‌കൂളിലായിരുന്നു ഇരുവരുടെയും വിദ്യാഭ്യാസം. ഗ്വാഡലൂപ്പിലെ മേരി ഇമ്മാക്കുലേറ്റിന്റെ പുത്രിമാരുടെ സന്യാസ സമൂഹം നടത്തുന്ന ഒരു സ്‌കൂളായിരുന്നു അത്.

ഇവർക്ക് 10 വയസുള്ളപ്പോൾ ഒരു വാഹനാപകടം ഉണ്ടായി. ഇരട്ടകളിലൊരാളായ വെൽമക്ക് ഈ അപകടത്തെ തുടർന്ന് വളരെക്കാലം കിടക്കയിൽ തന്നെ കഴിയേണ്ടിവന്നു. ആ സാഹചര്യം വെൽമയെ സംബന്ധിച്ച് ഒരു പുതിയ തീരുമാനത്തിനുള്ള അവസരമായിരുന്നു. “ജീവിതം ഹ്രസ്വമാണെന്നും അത് മൂല്യവത്തായ കാര്യത്തിനായി ഉപയോഗിക്കണമെന്നും തീരുമാനിച്ചു. ദൈവം നമ്മെ അനുഗമിക്കുകയും ജീവൻ നൽകുകയും ചെയ്യുന്നു” – വെൽമ പറയുന്നു.

സമർപ്പണ ജീവിതത്തിലൂടെ ജീവിതം മുഴുവൻ ദൈവത്തിന് സമർപ്പിക്കണമെന്ന് തീരുമാനിച്ചപ്പോൾ തന്റെ മനസിലേക്ക് വന്നത് എന്താണെന്ന് വെൽമ പറയുന്നത് ഇപ്രകാരമാണ്: “ഏറ്റവും പ്രധാനം ദൈവമാണ്. നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ കാര്യം നമ്മുടെ ജീവിതം അവനു സമർപ്പിക്കുക എന്നതാണ്.”

പ്രാർത്ഥനയിലൂടെ ദൈവം തന്നെ ശരിക്കും വിളിക്കുകയാണെന്ന് വെൽമ മനസിലാക്കാൻ തുടങ്ങി. എന്നാൽ, ടെൽമയുടെ ദൈവവിളി അനുഭവം ഇതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. വെൽമ തന്റെ പതിനാലാം വയസിൽ സന്യാസ ഭവനത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ, ടെൽമയെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഹൈസ്കൂൾ കഴിയുന്നതുവരെ പോകേണ്ടെന്ന് ടെൽമ തന്റെ സഹോദരിയോട്‌ പറഞ്ഞു. “ഞങ്ങൾ ഹൈസ്കൂളിൽ പ്രവേശിച്ചപ്പോൾ, അവളും ഞാനും ദൈവവിളി ക്യാമ്പുകളിൽ പോകാൻ തുടങ്ങി. പിന്നീട് മിഷൻ പ്രദേശങ്ങളിൽ മതബോധനത്തിൽ സഹായിക്കാനും ഞങ്ങൾ പോകുമായിരുന്നു” – ടെൽമ പറയുന്നു.

വെൽമയും ടെൽമയും സന്യാസ ദൈവവിളി സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും കുടുംബത്തിൽ നിന്ന് മാറിനിൽക്കാൻ ഈ സഹോദരിമാർക്ക് നന്നേ വിഷമമായിരുന്നു. എന്നാൽ ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ. ആ ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ ഈ സഹോദരിമാർക്ക് സാധിച്ചു. അങ്ങനെ അവർ 17-ാം വയസിൽ സന്യാസ ഭവനത്തിൽ പ്രവേശിച്ചു.

ഈ ഇരട്ട സഹോദരിമാർ സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത് അവരുടെ മാതാപിതാക്കളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. കത്തോലിക്കാ വിശ്വാസമുള്ള ഒരു കുടുംബമായിരുന്നു അവരുടേതെങ്കിലും തങ്ങളുടെ ഇരട്ടമക്കളെ പിരിയാൻ അവർക്കാകുമായിരുന്നില്ല. ഒരേ സമയം രണ്ടു മക്കളും പോകുന്നത് അംഗീകരിക്കാൻ ആ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടി.

ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്നാണ് തങ്ങളുടെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞ ദിവസമെന്ന് ഈ സഹോദരിമാർ വെളിപ്പടുത്തുന്നു.

ഇന്ന് രണ്ടു പേരും സന്യാസിനിമാരാണ്. ദൈവവിളി കുറയുന്ന ആധുനിക ലോകത്തിൽ, കുടുംബത്തിൽ നിന്നു തന്നെ ദൈവവിളി പ്രോത്സാഹിപ്പിക്കാൻ ആരംഭിക്കണമെന്നാണ് ഈ സഹോദരിമാർ പറയുന്നത്. കാരണം, ഇന്ന് ചുറ്റുപാടും തിന്മയിലേക്ക് ചാഞ്ഞിരിക്കുന്ന സാഹചര്യങ്ങൾ നിരവധിയാണ്. അതിനാൽ ചെറുപ്പത്തിൽ തന്നെ നന്മക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണെന്നാണ് ഈ ഇരട്ട സന്യാസിനിമാരുടെ സാക്ഷ്യം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.