‘പാപ്പയെ അല്ല, പ്രിയപ്പെട്ട ഒരാളെ അവസാനമായി കാണാൻ എത്തിയതുപോലെ…’ പാപ്പയെ കാണുവാനെത്തിയ മലയാളി സന്യാസിനി

സി. സൗമ്യ DSHJ

“ഒരു പാപ്പയെ അല്ല, പ്രിയപ്പെട്ട ഒരാളെ അവസാനമായി കാണുവാൻ എത്തിയതുപോലെയായിരുന്നു മനസ്സിൽ. ഒരു വിശുദ്ധനെ കാണുന്ന സന്തോഷവും പ്രിയപ്പെട്ട ഒരാളെ ഇനി കാണുവാൻ സാധിക്കുകയില്ലോ എന്ന വേദനയും നിറഞ്ഞ അവസ്ഥ.” സി. സിംന ഡി.എസ്.എച്ച്.ജെ പറയുന്നു. പാപ്പയുടെ പൊതുദർശനത്തിന്റെ അവസാന ദിവസത്തിൽ മണിക്കൂറുകൾ പാപ്പയെ കാണുവാൻ കാത്തുനിന്നശേഷം പേടകം അടയ്ക്കുന്നതിന്റെ തൊട്ടുമുൻപായി അടുത്ത് നിന്ന് പാപ്പയെ കാണുവാൻ സാധിച്ച അനുഭവം ലൈഫ് ഡേ യുമായി പങ്കുവെയ്ക്കുകയാണ് ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസിനീ സമൂഹത്തിലെ അംഗവും മലയാളിയുമായ സി. സിംന താന്നിയ്ക്കൽ ഡി.എസ്.എച്ച്.ജെ.      

മണിക്കൂറുകളായി നീണ്ട ക്യൂവിൽ നിൽക്കുന്നതിന്റെ യാതൊരു അക്ഷമയും പ്രകടിപ്പിക്കാതെ കാത്തുനിൽക്കുന്ന യുവജനങ്ങൾ ഉൾപ്പെടുന്ന ജനസാഗരം. എങ്ങനെയും പാപ്പയെ അവസാനമായി ഒന്നുകാണണം. എല്ലാവരുടെയും മനസ്സിൽ ഉള്ളത് ഇത്രമാത്രം ‘എന്റെ പ്രിയപ്പെട്ട പാപ്പ’!

സി. സിംനയും ബ്രസീലിൽ നിന്നുള്ള സി. ഒലിന്തയും ഉച്ചകഴിഞ്ഞു 2.15 ഓടെ വത്തിക്കാനിൽ എത്തി. കണ്ണെത്താ നീളത്തോളം നീണ്ട ക്യൂ. ‘അഞ്ചു മണിയോടു വത്തിക്കാൻ സ്ക്വയർ അടയ്ക്കും’ എന്ന്  ഇറ്റലിയിൽ ഉള്ള എല്ലാവർക്കും മൊബൈലിൽ മെസ്സേജ് വന്നിരുന്നു. അതുവരെയെ പ്രവേശനമുള്ളൂ.

എന്നാൽ 4.45 ആയിട്ടും മുൻപോട്ട് പോകുവാൻ പറ്റുന്നില്ലാത്തത്ര വലിയ ജനക്കൂട്ടം. വലിയ ജനസാഗരം ഉണ്ടായിട്ടും സംസാരമോ ബഹളമോ ഒന്നും ഇല്ല. ക്ഷമയോടെ എല്ലാവരും കാത്തിരിക്കുകയാണ്. പല ഗ്രൂപ്പുകളായി പ്രാർഥിച്ചുകൊണ്ടും പാട്ടുകൾ പാടിക്കൊണ്ടും ഒക്കെയാണ് അവർ അവിടെ നിന്നിരുന്നത്. അവരിൽ യുവജനങ്ങളുടെ എണ്ണം വളരെയുണ്ടായിരുന്നു. കൊച്ചു കുട്ടികൾ ‘എനിക്ക് പാപ്പയെ കാണണം’ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

ചിലർ പറയുന്നത് കേട്ടു. ‘ഇനിയിപ്പോൾ പാപ്പയെ കാണുവാൻ സാധിക്കില്ല’ എന്ന്. ‘ഇത്രയും ജനക്കൂട്ടം ഉള്ളപ്പോൾ നമ്മെ കാണാതെ തിരിച്ചുവിടില്ല’ എന്നും ചിലർ. 4.50 ആയപ്പോഴേക്കും കുറച്ചുപേരെക്കൂടി സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് കയറ്റി. ബസലിക്കയിലും കാണാൻ സാധിച്ചത് ജനസമുദ്രത്തെയായിരുന്നു. ആ സമയത്ത് സി. സിംനയ്ക്കും ബസലിക്കയുടെ അകത്ത് കയറാൻ സാധിച്ചു.

വരിവരിയായി പാപ്പയെ കണ്ടു കടന്നുപോകുമ്പോൾ ഒരു വിശുദ്ധനാണല്ലോ കൺമുൻപിൽ എന്ന ചിന്ത ഹൃദയത്തിൽ നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത സങ്കടവും സന്തോഷവും എല്ലാംകൂടി കലർന്ന ഒരവസ്ഥയായിരുന്നു മനസ്സിൽ. സിസ്റ്റേഴ്സിനും അച്ചന്മാർക്കും പ്രാർഥിക്കാനുള്ള സ്ഥലവും  ഒരുക്കിയിട്ടുണ്ടായിരുന്നു. ഒരുമിനിറ്റോളം അടുത്ത് പോയി നിന്ന് പ്രാർഥിക്കാനും കാണാനും സാധിച്ചു.

“നമ്മുടെ ഏറ്റവും അടുത്ത ഒരാളുടെ അടുത്താണ് നിൽക്കുന്നത് എന്ന പ്രതീതിയായിരുന്നു മനസ്സിൽ.  പ്രാർഥിക്കുവാനല്ല അടുത്ത ഒരാളോട് പറയാൻ ഉള്ളതുപോലെ കുറെ കാര്യങ്ങൾ അവസാനമായി പറയാനായിരുന്നു തോന്നിയത്.” – സി. സിംന പറയുന്നു.

അതിനുശേഷം അടുത്ത ചാപ്പലിൽ തന്നെ പാപ്പയ്ക്കുവേണ്ടി കർദ്ദിനാൾമാർ ചേർന്ന് അർപ്പിച്ച ദിവ്യബലിയുണ്ടായിരുന്നു. അതിലും പങ്കുചേർന്നു. വി. കുർബാന കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും ഏകദേശം ആറുമണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും വത്തിക്കാൻ സ്ക്വയർ അടച്ചിരുന്നു. കയറിപ്പോയപ്പോൾ ജനസാഗരമായിരുന്ന വത്തിക്കാൻ സ്ക്വയർ തിരിച്ചിറങ്ങിയപ്പോൾ ശൂന്യമായി കിടക്കുന്നു.

തിരിച്ചു നടക്കുമ്പോൾ ആ ശൂന്യത മനസിലും വ്യാപിച്ചു. പ്രിയപ്പെട്ട ഒരാളുടെ അടുത്ത് നിന്നും അവസാനമായി പടിയിറങ്ങുമ്പോഴുള്ള വേദന. കുറേദൂരം നടന്നശേഷം തിരിഞ്ഞു നോക്കി. അപ്പോൾ അതാ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസലിക്ക. അതൊരു പ്രതീക്ഷയായിരുന്നു!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.