നൈജീരിയയിലെ ദേവാലയ ആക്രമണത്തിൽ നിന്നും രക്ഷപെട്ടവരുടെ കണ്ണു നിറയ്ക്കുന്ന അനുഭവങ്ങൾ

“പിതാവേ, ഞാൻ അങ്ങയുടെ ആലയത്തിൽ അങ്ങയെ സ്തുതിക്കാൻ വന്നതാണ്. എന്നാൽ ഇതാണ് സംഭവിച്ചത്. ഞാൻ മരിച്ചാൽ എന്നെയും എന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിനെയും നിന്റെ രാജ്യത്തിൽ ഓർക്കേണമേ” – എട്ടു മാസം ഗർഭിണിയായിരിക്കെ, നൈജീരിയയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരണത്തിൽ നിന്നും ദൈവം കൈപിടിച്ചുയത്തിയ ബ്ലസിങ് ജോൺ എന്ന യുവതിയുടെ വാക്കുകളാണിത്.

പെന്തക്കുസ്താ ദിനത്തിൽ നൈജീരിയയിലെ ഓൻഡോ സ്റ്റേറ്റിലെ ഓവോ പട്ടണത്തിലുള്ള സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് കത്തോലിക്കാ ദൈവാലയത്തിൽ നടന്ന തീവ്രവാദ ആക്രമണങ്ങളെ അതിജീവിച്ചവരിൽ ഒരാളാണ് ബ്ലസിങ്. ഈ യുവതിക്കൊപ്പം ഭീകരതയുടെ നടുവിൽ നിന്നും രക്ഷപെട്ട ആറു പേരുടെ അനുഭങ്ങൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പുറത്തുവിട്ട ആ അനുഭവങ്ങളിലൂടെ ഒരു യാത്ര…

മുപ്പത്തിയാറുകാരിയായ യുവതിയാണ് ബ്ലസിങ്; ഒപ്പം രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും. ഇളയ കുട്ടിയെ എട്ടു മാസം ഗർഭിണി ആയിരിക്കുമ്പോഴാണ്, പതിവു പോലെ ഇവർ ദൈവാലയത്തിൽ പെന്തക്കുസ്താ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പോയത്. ശേഷം സംഭവിച്ചത് ബ്ലാസിങ്ങിന്റെ വാക്കുകളിൽ… “ആക്രമണം ആരംഭിക്കുമ്പോൾ ദേവാലയത്തിന്റെ മധ്യത്തിലുള്ള നിരയിലായിരുന്നു താൻ. ആദ്യം നിലവിളികൾ ഉയർന്നപ്പോൾ പ്രാണരക്ഷാർത്ഥം എല്ലാരും ഓടാൻ തുടങ്ങി. എന്നാൽ മറ്റുള്ളവരെപ്പോലെ ഓടിരക്ഷപെടാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ നിലത്ത് വീണുകിടക്കുന്നവർക്കൊപ്പം കിടന്നുകൊണ്ട് സ്വയം രക്ഷപെടാൻ ശ്രമിച്ചു. അക്രമികൾ സ്‌ഫോടകവസ്തുക്കൾ എറിയാൻ തുടങ്ങുന്നതു വരെ മാത്രമേ രക്ഷപെടാനുള്ള എന്റെ ഈ ശ്രമം തുടരാൻ കഴിഞ്ഞുള്ളൂ. അവർ സ്ഫോടവസ്തുക്കൾ എറിയാൻ തുടങ്ങി. രക്ഷപെടാനുള്ള ശ്രമത്തിനിടെ എന്റെ പിൻവശവും ഇടതുകാലും തീപിടിച്ചു പൊള്ളി. എന്റെ മുറിവുകളിൽ നിന്ന് രക്തം ഒഴുകുകയായിരുന്നു. എങ്കിൽ പോലും ആ വേദന ഞാൻ അറിഞ്ഞില്ല. മരണത്തെ മുഖാമുഖം കണ്ട നിമിഷം. ഞാൻ പ്രാർത്ഥിച്ചു. ഞാൻ മരിച്ചാൽ എന്നെയും എന്റെ ഉദരത്തിലായിരിക്കുന്ന ശിശുവിനെയും നിന്റെ രാജ്യത്തിൽ ചേർക്കണമേ” – ബ്ലസിങ് സംഭവങ്ങൾ ഓർത്തെടുത്തു.

ദൈവാനുഗ്രഹത്താൽ ബ്ലസിങ്ങും ശിശുവും ഇപ്പോൾ സുഖമായിരിക്കുന്നു. മറ്റൊരു മകൾക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആ മകൾക്കായി പ്രാർത്ഥന അഭ്യർത്ഥിക്കുകയാണ് ഈ അമ്മ.

‘എനിക്ക് സന്യാസിനി ആകണം’ – രക്ഷപെട്ട ഒൻപതു വയസുകാരി

ദേവാലയത്തിൽ നടന്ന ആക്രമണങ്ങളെ അതിജീവിച്ച ഒൻപതു വയസുകാരി ഒകോറി ഫെയ്ത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സന്യാസിനി ആകുക എന്നതാണ്. “ഞാൻ മരിച്ചു എന്നു കരുതി. എന്നാൽ എന്റെ ആഗ്രഹം നിറവേറുന്നതു വരെ ജീവിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും എന്റെ മാതാപിതാക്കൾക്ക് എന്നെക്കുറിച്ച് അഭിമാനിക്കാനും ഒരുപാട് കാലം ജീവിക്കാൻ ഞാൻ ആഗ്രഹിച്ചു. ആ എന്നെ മരണത്തിൽ നിന്നും രക്ഷിച്ചതിനു നന്ദി” – ഒകോറി വെളിപ്പെടുത്തി.

“ആക്രമണത്തിന്റെ സമയം മുഴുവൻ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ കുഴങ്ങുകയായിരുന്നു. ഞാൻ പേടിച്ചു കരഞ്ഞു; നിലവിളിച്ചു. എന്റെ മാതാപിതാക്കൾ മരിച്ചുകാണും എന്നു കരുതി. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ അവർ ജീവനോടെ ഇരിക്കുന്നത് കണ്ടു. അപ്പോൾ എനിക്ക് സന്തോഷമായി. എന്നാൽ ഇനിയും പള്ളിയിൽ പോകാൻ എനിക്ക് പേടിയാണ്. ഇനിയും പള്ളിയിൽ പോയാൽ അവർ എന്നെ കൊല്ലും” – മാതാപിതാക്കളുടെ കൈയ്യിൽ പിടിച്ചു സന്തോഷത്തോടെ ദേവാലയത്തിൽ പോയിരുന്ന അഞ്ചു വയസുകാരി സൺഡേ വിൻസെന്റിന്റെ വാക്കുകളിൽ ഭയം നിഴലിക്കുന്നു.

“ആ നഷ്ടം വേദനിപ്പിക്കുന്നു എങ്കിലും എന്റെ വിശ്വാസത്തെ തകർക്കില്ല” – കണ്മുൻപിൽ മകൾ നഷ്ടപ്പെട്ട അപ്പൻ

തദ്ദേയൂസ് ബഡേ സലാവു എന്ന പിതാവിന് തന്റെ കണ്മുൻപിൽ വച്ചാണ് മകളെ നഷ്ടമായത്. തീവ്രവാദികൾ ആക്രമണം തുടങ്ങിയ സമയം നിലത്തു കിടക്കുകയായിരുന്നു തദ്ദേയൂസും മകളും. അവിടെ നിന്നും അവരെ വലിച്ചുപൊക്കി വെടിവച്ചു കൊല്ലുകയായിരുന്നു അവർ. മകൾ വെടിയേറ്റു വീഴുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ ഈ പിതാവിനു കഴിഞ്ഞുള്ളൂ. തദ്ദേയൂസിന്റെ താടിക്ക് വെടി കൊണ്ടതിനാലാണ് മരണത്തെ അതിജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. എങ്കിലും ഈ പിതാവിന്റെ കണ്മുൻപിൽ വെടിയേറ്റു വീഴുന്ന തന്റെ പ്രിയ മകളുടെ നിലവിളി മുഴങ്ങുകയാണ്.

“എന്റെ മകളുടെ വിയോഗത്തിൽ എനിക്ക് അതിയായ സങ്കടമുണ്ട്. പക്ഷേ, അത് എന്റെ വിശ്വാസത്തെ തളർത്തുന്നില്ല. ഈ ആക്രമണം എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു” – തദ്ദേയൂസ് പറയുന്നു. അദ്ദേഹത്തെ പോലെ തന്നെ ഗുരുതരമായി പരിക്കേറ്റ സ്ത്രീയാണ് അമ്പതുകാരിയായ ജോസഫിൻ എജെലോനു. തറയിൽ മരിച്ചുകിടക്കുന്ന ആളുകളുടെ കൂട്ടത്തിലേക്ക് ജോസഫിനും വലിച്ചെറിയപ്പെട്ടു. സ്ഫോടനവസ്തുക്കളുടെ പ്രയോഗത്തെ തുടർന്ന് കാലിലെ മാംസം അടർന്നുപോവുകയും എല്ലുകൾ തകരുകയും തകർന്ന എല്ലുകൾ പുറത്തേക്ക് തള്ളിവരുകയും ചെയ്തു. എങ്കിലും ദേവാലയത്തിനുള്ളിൽ നിന്നും പുറത്തുകടക്കാൻ ജോസഫിനു കഴിഞ്ഞു. “ഈ ആക്രമണം എന്റെ വിശ്വാസത്തിനുമേൽ ഏറ്റ ഒരു പ്രഹരമായിരുന്നു, എന്നാൽ വേദനയിലും ദൈവത്തിൽ ഉറച്ചുനിൽക്കാൻ കൂടുതൽ കൃപക്കും ശക്തിക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു” – ജോസഫിൻ പറയുന്നു.

ദൈവം എനിക്ക് രണ്ടാമതൊരു അവസരം തന്നിരിക്കുന്നു. ആക്രമണത്തിൽ വേദനയും ദേഷ്യവും ഉണ്ടെങ്കിലും, അത് തന്റെ വിശ്വാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ആക്രമണം എന്നെ ദൈവത്തോട് അടുപ്പിക്കുന്നുവെന്നും യുവാവായ ഇമ്മാനുവൽ ഇഗ്വെ വെളിപ്പെടുത്തുന്നു. തന്നെയും കുടുംബത്തെയും രക്ഷപെടുത്തിയ ദൈവത്തിന് ഇമ്മാനുവൽ നന്ദി പറയുമ്പോഴും തനിക്കു ചുറ്റും രക്തത്തിൽ കുതിർന്നു മരിച്ചു കിടന്ന ആളുകളുടെ ഓർമ്മയിൽ നിന്നും മോചനം നേടാൻ ഇമ്മാനുവലിനു ഇതുവരെയും കഴിഞ്ഞിട്ടില്ല.

നൈജീരിയയിൽ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപെട്ട എല്ലാവർക്കും ഇതുപോലെ അനേകം ദുരനുഭവങ്ങൾ പറയാനുണ്ട്. വേദനകൾ, ദൈവകരുതലിന്റെ സാക്ഷ്യങ്ങൾ… നഷ്ടപ്പെടലിന്റെയും വേർപാടിന്റെയും വേദനകൾക്കിടയിലും അവരിൽ പലരുടെയും വിശ്വാസം ശക്തിപ്പെടുന്നത് ഇന്നും ഒരു അത്ഭുതമായി അവശേഷിക്കുകയാണ്. വിശ്വാസികളുടെ ചുടുനിണത്താൽ നനയപ്പെട്ട ആഫ്രിക്കൻ മണ്ണ് തന്നെ ഇന്ന് ലോകത്തിനു മുന്നിൽ വലിയ ഒരു സുവിശേഷസാക്ഷ്യമായി മാറുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.