ഭാഷാപണ്ഡിതരായ മൂന്ന് മാർപാപ്പമാർ

മാർപാപ്പമാരുടെ ഏറ്റവും വലിയ കടമ ദൈവവചനം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. ആഗോള കത്തോലിക്കാ സഭ വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ കൂട്ടായ്മ ആയതിനാൽ, ഇത് പലപ്പോഴും അത്ര എളുപ്പമല്ല. എന്നാൽ കത്തോലിക്കാ സഭയിലെ ചില മാർപാപ്പമാർ പുരാതന ഭാഷകളിൽ ഉൾപ്പെടെ പ്രാവീണ്യം നേടിയവരാണ്. ഫ്രാൻസിസ് പാപ്പാ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ, വി. ജോൺ പോൾ രണ്ടാമൻ പാപ്പാ എന്നീ മൂന്ന് മാർപാപ്പമാർക്കും ഈ വൈദഗ്ദ്ധ്യം പൊതുവായുണ്ട്. എന്നാൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പാക്കാണ് ഈ മൂന്നു പേരിലും ഏറ്റവും കൂടുതൽ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കൂടുതൽ പ്രാവീണ്യമുള്ളത്.

എട്ട് ഭാഷകൾ സംസാരിക്കുന്ന ഫ്രാൻസിസ് പാപ്പാ

അർജന്റീനിയൻ സ്വദേശിയായ ഫ്രാൻസിസ് പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷിനൊപ്പം ഇറ്റാലിയൻ ഭാഷയും പഠിച്ചിട്ടുണ്ട്. ജർമ്മൻ, ഫ്രഞ്ച്, ഉക്രേനിയൻ (ഉക്രേനിയൻ ബിഷപ്പ് സ്റ്റെപാൻ ച്മിൽ ചെറുപ്പത്തിൽ അദ്ദേഹത്തെ പഠിപ്പിച്ചതാണ്), പോർച്ചുഗീസ്, വടക്കൻ ഇറ്റാലിയൻ പ്രദേശത്തു സംസാരിക്കുന്ന പീഡ്‌മോണ്ടീസ് എന്നീ ഭാഷകളും പാപ്പാക്ക് വശമുണ്ട്. വത്തിക്കാനിലെ ഔദ്യോഗികഭാഷയായ ലത്തീനും പാപ്പാക്ക് അറിയാം. കൂടാതെ, പുരാതനഭാഷകളായ ഗ്രീക്കും ഹീബ്രുവും അദ്ദേഹത്തിന് പരിചിതമാണ്. എന്നാൽ പാപ്പാക്ക് അത്ര എളുപ്പമല്ലാത്ത ഒരേയൊരു ഭാഷയെ ഉള്ളൂ; അത് ഇംഗ്ളീഷാണ്. പാപ്പാക്ക് 44 വയസ്സുള്ളപ്പോൾ, എട്ട് ആഴ്ച അദ്ദേഹം ജെസ്യൂട്ട് വൈദികരോടു ചേർന്ന് ഇംഗ്ളീഷ് പരിശീലനത്തിനായി ഡബ്ലിനിലേക്ക് പോയിരുന്നത്രേ. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ അത്ര മെച്ചപ്പെടാൻ അദ്ദേഹത്തിനു സാധിച്ചില്ല.

ഫ്രാൻസിസ് മാർപാപ്പാക്ക് ഏറ്റവും കൂടുതൽ വശമുള്ള ഭാഷകൾ തീർച്ചയായും സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളാണ്. അതുകൊണ്ടു തന്നെ, അദ്ദേഹത്തോടൊപ്പം എപ്പോഴും ഒരു പരിഭാഷകനും ഉണ്ടാവും. പാപ്പാ പറയുന്ന വാക്കുകൾ വിശ്വാസികൾക്ക് പൂർണ്ണമായും മനസിലാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ആറ് ഭാഷകൾ സംസാരിക്കുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പാ

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഒരു ഭാഷാപണ്ഡിതനാണ്. ബവേറിയയിൽ നിന്നുള്ള ബെനഡിക്ട് പാപ്പായുടെ മാതൃഭാഷ ജർമ്മനാണ്. എന്നിരുന്നാലും ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് എന്നീ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ, പോർച്ചുഗീസ് ഭാഷയും അദ്ദേഹം കൈകാര്യം ചെയ്യും. ബെനഡിക്ട് പതിനാറാമൻ പാപ്പാ മികച്ച വായനക്കാരനും എഴുത്തുകാരനും മാത്രമല്ല, ക്ലാസിക്കൽ ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തിയാണ്.

അനേകം ഭാഷകൾ സംസാരിക്കുന്ന വി. ജോൺ പോൾ രണ്ടാമൻ പാപ്പാ

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പാ യഥാർത്ഥത്തിൽ ഒരു ഭാഷാപണ്ഡിതനായിരുന്നു. ഈ വിശുദ്ധന്റെ മാതൃഭാഷയായ പോളിഷിനു പുറമെ പോർച്ചുഗീസ്, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ഇംഗ്ലീഷ്, ലത്തീൻ തുടങ്ങി അനവധി ഭാഷകളും അദ്ദേഹം അനായാസം കൈകാര്യം ചെയ്യും. സ്ലൊവാക്, റഷ്യൻ, ഉക്രേനിയൻ, ജാപ്പനീസ്, തഗാലോഗ് എന്നീ ഭാഷകളിൽ സംസാരിക്കാനും വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രാവീണ്യം നേടിയിരുന്നു. ഈസ്റ്റർ കുർബാനയിൽ അദ്ദേഹം 57 ഭാഷകളിലും അതുപോലെ ഒരു ക്രിസ്തുമസ് കുർബാനയിൽ 62 ഭാഷകളിലും അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്‌തിട്ടുണ്ട്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.