കുഞ്ഞുങ്ങളെ പഠിപ്പിക്കാം ഈ മൂന്നു കാര്യങ്ങൾ

കുഞ്ഞുകുട്ടികളെ കണ്ണ്, മൂക്ക്, കയ്യ്, കാല് തുടങ്ങിയ അവയവങ്ങളെക്കുറിച്ച് നാം വളരെ ചെറുപ്പത്തിലേ പഠിപ്പിക്കാറുണ്ട്. എന്നാൽ അവരുടെ ശരീരത്തെക്കുറിച്ച് നാം പഠിപ്പിക്കാറുണ്ടോ? ‘ഇല്ല’ എന്നു തന്നെയായിരിക്കും പലരുടെയും ഉത്തരം. എന്നാൽ കുട്ടികളെ നാം അവരുടെ ശരീരത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവരായ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് അവരുടെ ശരീരത്തിന്റെ അർത്ഥം, ലക്ഷ്യം, ധർമ്മം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. കുഞ്ഞുങ്ങൾക്ക് ശരീരത്തെക്കുറിച്ച് എന്ത് പറഞ്ഞുകൊടുക്കും? അതിന് മാതാപിതാക്കളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഇതാ…

1. നിങ്ങളുടെ ശരീരം നല്ലതാണ്

ദൈവം ലോകത്തെയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചത് സ്നേഹത്തിൽ നിന്നാണ്. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ശരീരവും ആത്മാവും ചേർന്നതാണ് മനുഷ്യൻ. പാപം ലോകത്തിൽ പ്രവേശിച്ചപ്പോൾ അത് നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നതിനു പകരം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെയാണ് തകർത്തത്. പാപം നമ്മുടെ ശരീരത്തിൽ മരണവും ജീർണ്ണതയും കൊണ്ടുവന്നു. എന്നാൽ അത് ദൈവസ്നേഹത്തിൽ വേരൂന്നിയ നമ്മുടെ നന്മയെ അപഹരിച്ചില്ല. ഈ ആശയം കുട്ടികളിലേക്ക് നമുക്ക് പകർന്നുകൊടുക്കാം.

അതിനായി അവരുടെ സൗന്ദര്യം നല്ലതാണെന്നും അത് ബാഹ്യമായ സൗന്ദര്യത്തെ മാത്രം ആശ്രയിച്ചല്ല നമ്മുടെ നന്മയെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അവരെ ബോധ്യപ്പെടുത്തണം. ഒപ്പം നമ്മുടെ ശരീരത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതെ നാം ആയിരിക്കുന്ന അവസ്ഥയ്ക്ക് നന്ദി പറയേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കാം.

2. നമ്മുടെ ശരീരം ഒരു ദാനമാണെന്ന് ബോധ്യപ്പെടുത്താം

നമ്മുടെ ശരീരം ദൈവത്തിന്റെ ദാനമാണെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. നമുക്ക് സഞ്ചരിക്കാനും പഠിക്കാനും സ്പർശിക്കാനും മനസിലാക്കാനും ഒക്കെ കഴിയുന്നത് ദൈവം ദാനമായി നൽകിയ ശരീരം ഉള്ളതുകൊണ്ടാണ്. ഇത് ബോധ്യപ്പെടുത്താൻ കുഞ്ഞുങ്ങളെ വൈകല്യങ്ങളുള്ള കുട്ടികളെ പരിചരിക്കുന്ന ഇടങ്ങളിൽ കൊണ്ടുപോകാം. തനിക്ക് കുഴപ്പങ്ങളൊന്നുമില്ലാതെ ഭൂമിയിലേക്ക് അയച്ച ദൈവത്തിനു നന്ദി പറയുന്നത് ഒരു ദിനചര്യയാക്കി വളർത്തിയെടുക്കാം.

എന്തെങ്കിലും കുറവുകളുള്ളവരെ കണ്ടുമുട്ടിയാൽ അവരും ദൈവത്തിന്റെ മഹത്തരമായ സൃഷ്ടികളാണെന്ന് മനസിലാക്കാനുള്ള ജ്ഞാനവും നാം അവർക്കു പകരണം. ഒപ്പം പാപം ചെയ്‌താൽ നമ്മുടെ ഉള്ളിലുള്ള ആത്മാവ് നഷ്ടമാകുമെന്ന തിരിച്ചറിവ് കുഞ്ഞിലേ തന്നെ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതും ഉചിതമാണ്.

3. ശരീരത്തിനും ഒരു ഭാഷയുണ്ട്

കുട്ടികളെ ഏറ്റവും കൂടുതൽ ബോധിപ്പിക്കാൻ പ്രയാസമുള്ളത് ശരീരത്തിന്റെ ഭാഷയെക്കുറിച്ചാണ്. നമ്മുടെ ആംഗ്യങ്ങളും ചലനങ്ങളും ഒക്കെ സമൂഹത്തിൽ നമുക്കായി സംസാരിക്കുമെന്നത് അവരുടെ പ്രവർത്തികളിലൂടെ തന്നെ അവരെ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്കു കഴിയണം. ഒപ്പം ദൈവത്തോടും മറ്റുള്ളവരോടും നന്ദി പ്രകടിപ്പിക്കാൻ, ഒന്ന് പുഞ്ചിരിക്കാൻ, നല്ല ബന്ധങ്ങൾ നിലനിർത്താൻ നല്ല പെരുമാറ്റത്തിന് കാരണമാകും എന്ന അറിവും അവരിലേക്ക്‌ പകരാം.

മുട്ടു കുത്തുന്നതിലൂടെ, തല കുനിക്കുന്നതിലൂടെ, നിശബ്ദമാകുന്നതിലൂടെ, കൈകൾ വീശുന്നതിലൂടെയും കൈകൾ കൊട്ടുന്നതിലൂടെയും ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയുമെന്ന് മക്കളെ പഠിപ്പിക്കാം. വലിയ കാര്യങ്ങളേക്കാൾ ചെറിയ ചെറിയ കാര്യങ്ങളിലൂടെ ദൈവത്തിലേക്ക് എത്താൻ കഴിയുമെന്നും ദൈവത്തിനായി ആളുകളെ നേടാൻ കഴിയുമെന്നും മക്കളെ ബോധ്യപ്പെടുത്താം. അതിനു ലഭിക്കുന്ന സാഹചര്യങ്ങളെ യുക്തിപൂർവ്വം ഉപയോഗപ്പെടുത്തുക.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.