കോംഗോയിൽ ക്രിസ്തുവിശ്വാസത്തിന്റെ വിത്തുപാകിയ രക്തസാക്ഷി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രിസ്തുവിശ്വാസം നിലനിൽക്കാൻ ജീവൻകൊടുത്തും നിലകൊണ്ട ഒരു രക്തസാക്ഷിയുണ്ട്. വാഴ്ത്തപ്പെട്ട ഇസിദോർ ബകഞ്ജ. നിരവധി നൂറ്റാണ്ടുകൾക്കൊണ്ടാണ് ക്രിസ്തു വിശ്വാസം ഇവിടെ തഴച്ചുവളർന്നത്. വിശ്വാസത്തിന് വേണ്ടി നിലകൊണ്ട ഈ ധീര രക്തസാക്ഷിയെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.

കോംഗോയിലെ ബോകെൻഡേലയിൽ 1887-ലാണ് ഇസിദോർ ബകഞ്ജ ജനിച്ചത്. അക്കാലഘട്ടങ്ങളിൽ ബെൽജിയൻ ട്രാപ്പിസ്റ്റ് മിഷനറിമാരാൽ ക്രിസ്തുവിനെക്കുറിച്ച് അദ്ദേഹം കൂടുതൽ അറിഞ്ഞു. അങ്ങനെ 18-ാം വയസ്സിൽ മാമ്മോദീസ സ്വീകരിച്ചു. മിഷനറിമാർ പറഞ്ഞതെല്ലാം വിശ്വസ്തതയോടെ പാലിച്ച സൗമ്യനും സത്യസന്ധനുമായ ചെറുപ്പക്കാരനായിരുന്നു അദ്ദേഹം. അവൻ പോകുന്നിടത്തെല്ലാം ഒരു ജപമാലയും കൊണ്ടുനടന്നു. എപ്പോഴും പരിശുദ്ധ മറിയത്തോടുള്ള ഭക്തിയാൽ കഴുത്തിൽ വെന്തിങ്ങവും ധരിച്ചിരുന്നു.

ബകഞ്ജ തന്റെ വിശ്വാസത്തിൽ തീക്ഷ്ണതയുള്ളവനായിരുന്നു. അത് പങ്കുവെക്കുവാനും അദ്ദേഹം മറന്നില്ല. എല്ലാ സൃഷ്ടികളോടും സുവിശേഷംപങ്കുവെയ്ക്കാനുള്ള സുവിശേഷ ആഹ്വാനമായിരുന്നു അദ്ദേഹത്തിന് പ്രചോദനമായത്. ഒടുവിൽ അദ്ദേഹം തന്റെ ഗ്രാമം വിട്ട് കൂടുതൽ കത്തോലിക്കർ ഉള്ള ഒരു വലിയ നഗരത്തിലേക്ക് മാറി. ബകഞ്ജ അവിടെ ഒരു ബെൽജിയൻ കമ്പനിയിൽ നിന്ന് ജോലി തേടി. കത്തോലിക്കാ വിശ്വാസത്തെ ആ നാട്ടിൽ പുച്ഛിക്കുന്നതായി അദ്ദേഹം മനസിലാക്കി. ജോലി സ്ഥലത്ത് വലിയ അടിച്ചമർത്തലുകൾ വിശ്വാസത്തിന്റെ പേരിൽ അദ്ദേഹം നേരിടേണ്ടി വന്നു. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചപ്പോൾ അത് നിരസിക്കപ്പെടുകയാണ് ഉണ്ടായത്. തന്റെ സഹപ്രവർത്തകരോട് സുവിശേഷം പങ്കുവെക്കുവാൻ അദ്ദേഹം ശ്രമിച്ചത് ജോലി സ്ഥലത്തെ ഏജന്റുമാരിൽ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല.

ബകഞ്ജ ധരിച്ചിരിക്കുന്ന വെന്തിങ്ങഅം ഊരി എറിഞ്ഞു കളയാൻ ഏജന്റ് ആവശ്യപ്പെട്ടു. ബകഞ്ജ അത് നിരസിച്ചപ്പോൾ, അദ്ദേഹത്തെ ചമ്മട്ടികൊണ്ട് അടിച്ചു. അടിക്കുമ്പോൾ ചാട്ടയുടെ അറ്റത്ത് നഖങ്ങൾ ഘടിപ്പിച്ച ചമ്മട്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. ബകഞ്ജയ്ക്ക് 100-ലധികം അടികളാണ് ഈ ചാട്ട ഉപയോഗിച്ച് ഏൽക്കേണ്ടി വന്നത്. വലിയ മുറിവേറ്റ് മരണത്തിന്റെ വക്കിലെത്തിയ അദ്ദേഹത്തെ ഏജന്റ് പറഞ്ഞയച്ചു. നടക്കാൻ പോലും സാധിക്കാതിരുന്ന ബകഞ്ജ തന്റെ ജോലി സ്ഥലത്തെ ഇൻസ്‌പെക്ടറെ കാണുന്നത് വരെ വഴിയരികിൽ ഒളിച്ചിരുന്നു.

ഇൻസ്‌പെക്ടർ വന്നപ്പോൾ ബകഞ്ജയെ കണ്ടു. അദ്ദേഹത്തിന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഇൻസ്‌പെക്ടർ പിന്നീട് എഴുതി. “വലിയ ആഴത്തിൽ മുറിവേറ്റ, ദുർഗന്ധം വമിക്കുന്ന മുറിവുകളാൽ, കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച, ഈച്ചകൾ ആർക്കുന്ന ഒരു മനുഷ്യൻ കാട്ടിൽ നിന്ന് വരുന്നത് ഞാൻ കണ്ടു.” ബകഞ്ജയെ കൊല്ലുന്നതിൽ നിന്ന് ഇൻസ്പെക്ടർ ഏജന്റിനെ തടഞ്ഞു, പക്ഷേ അത് വളരെ വൈകിപ്പോയിരുന്നു.

ആറുമാസം കൂടി അതിജീവിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ ഏൽക്കേണ്ടി വന്ന മർദ്ദനം മൂലം ആ ദിനങ്ങൾ വളരെ വേദനയുടെ നാളുകൾ ആയിരുന്നു. വേദനയിലും അദ്ദേഹം പ്രാർത്ഥിക്കുകയും തന്റെ കഷ്ടപ്പാടുകൾ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. തനിക്ക് അന്ത്യകൂദാശ നൽകാൻ വന്ന മിഷനറിമാരോട് ബകഞ്ജ പറഞ്ഞു, ‘ആക്രമണകാരിയോട് താൻ ഇതിനകം ക്ഷമിച്ചു. തീർച്ചയായും ഞാൻ അവനുവേണ്ടി പ്രാർത്ഥിക്കും. ഞാൻ സ്വർഗത്തിലായിരിക്കുമ്പോൾ, ഞാൻ അവനുവേണ്ടി കൂടുതൽ പ്രാർത്ഥിക്കും.” 1909 ആഗസ്ത് 15-ന് കൈയിൽ ജപമാലയും ബ്രൗൺ സ്കാപ്പുലറും ധരിച്ച് അദ്ദേഹം അന്തരിച്ചു.

1994 ഏപ്രിൽ 24-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. കോംഗോയിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്നുണ്ടെങ്കിലും, ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സഭകളിലൊന്നായി കോംഗോയിൽ കത്തോലിക്കാ സഭ വളർന്നുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ ഏകദേശം 33% (അതിൽ 90% ക്രിസ്ത്യാനികൾ) വരുന്ന കത്തോലിക്കരുടെ അനുദിനം വർദ്ധിച്ചുവരുന്ന എണ്ണം ഇത് സാക്ഷ്യപ്പെടുത്തുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.