അഫ്ഗാനിസ്ഥാനിൽ നിന്നും 40 കുടുംബങ്ങളെ രക്ഷപ്പെടുത്തിയ അഭിഭാഷക

അന്താരാഷ്ട്ര സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്നും പോയതിനുശേഷം 2021 ഓഗസ്റ്റ് 20 ആയിരുന്നു താലിബാൻ കാബൂൾ പിടിച്ചെടുത്തത്. മരിയ ജോസ് റോഡ്രിഗസ് ബെസെഡ എന്ന അഭിഭാഷക അപ്പോൾ മാഡ്രിഡിൽ ആയിരുന്നു. ഭീഷണി നേരിടുന്ന രണ്ട് അഫ്ഗാൻ സ്ത്രീകൾക്ക് സഹായം അഭ്യർത്ഥിച്ചുവന്ന വാട്സാപ്പ് സന്ദേശം ലഭിച്ചതിന് ശേഷം താലിബാനിൽ ബുദ്ധിമുട്ടിൽ കഴിയുന്ന സ്ത്രീകളെ രക്ഷപെടാൻ സഹായിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു ഈ അഭിഭാഷക. ഇന്ന് 40 കുടുംബങ്ങളെയാണ് മരിയ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്.

“ഞാൻ ഒരു സുഹൃത്ത് വഴി ഡിഫൻസ് സ്റ്റാഫുമായി ബന്ധപ്പെട്ടു. അവർ രണ്ട് ചെറുപ്പക്കാരായ അവിവാഹിതരായ പെൺകുട്ടികളാണെന്ന് കണ്ട് അവരെ രക്ഷപ്പെടുത്തുവാൻ ഉള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരും അവരോടൊപ്പം ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും ആയിരുന്നതിനാൽ ഇത് സങ്കീർണ്ണമായ ഒഴിപ്പിക്കലുകളായിരുന്നു.” -മരിയ പറയുന്നു.

അഫ്ഗാനിസ്ഥാനുമായി യാതൊരുവിധ ബന്ധവും ഇല്ലായിരുന്ന മരിയ മാഡ്രിഡിൽ നിന്നും ആ രണ്ട് സ്ത്രീകളുടെ ജീവൻ രക്ഷപ്പെടുത്തുവാൻ പരിശ്രമിക്കുകയായിരുന്നു. അതൊരു തുടക്കമായിരുന്നു. അവളുടെ പ്രയത്നത്തിലൂടെ വിജയം കണ്ട നിരവധി എൻജിഒകൾ അവളെ സഹായത്തിനായി വിളിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം, 40 സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തുവാൻ മരിയ ജോസിന് കഴിഞ്ഞു. കൂടാതെ, മറ്റ് സുഹൃത്തുക്കളുമായും സഹകാരികളുമായും ചേർന്ന് സ്ഥാപിച്ച ‘നെറ്റ്‌വുമണിംഗ്’ എന്ന ഒരു അസോസിയേഷനിലൂടെ മരിയ 80 കുടുംബങ്ങളെ കൂടി  സഹായിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്ന് സഹായം ആവശ്യപ്പെടുന്നവരുമായും മറ്റ് എംബസികളിലേക്ക് ഒഴിപ്പിച്ച മറ്റുള്ളവരുമായും മരിയ ഇന്നും ബന്ധം പുലത്തുന്നുണ്ട്. അവർ അവരുടെ സാഹചര്യം വാട്ട്‌സ്ആപ്പ് വഴി അറിയിക്കുന്നു.

പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ

മരിയ പ്രധാനമായും ശ്രദ്ധകൊടുക്കുന്നത് സ്ത്രീകളുടെ അതിജീവനത്തിനാണ്. അവർക്ക് അഫ്ഗാനിസ്ഥാനിൽ യാതൊരുവിധ അവകാശവുമില്ല. പൊതുസ്ഥാനങ്ങൾ വഹിച്ചവർപോലും പീഡിപ്പിക്കപ്പെടുന്നു. അവരുടെ ജീവൻ അപകടത്തിലാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘മാസ് ഡെമോക്രാസിയ’ എന്ന സംഘടനയുമായി സഹകരിച്ചാണ് മരിയയുടെ പ്രവർത്തനങ്ങൾ. അതിനാൽ തന്നെ അധ്യാപകർ,  തൊഴിലാളികൾ, അഭിഭാഷകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ എന്നിവരിൽ നിന്ന് അവൾക്ക് നിരവധി സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നു. താലിബാനാൽ പീഡിപ്പിക്കപ്പെട്ടവരുടെ രോധനമാണത്. വിവാഹിതരാകാൻ നിർബന്ധിതരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ, കുട്ടികളുടെ സംരക്ഷണ പ്രശ്നങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിവാഹമോചനങ്ങൾ എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ അവരുടെ നിലവിളി കേൾക്കാതിരിക്കാൻ മരിയക്ക് കഴിഞ്ഞില്ല.

ഒരു വർഷം മുമ്പ് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ, ഈ സ്ത്രീകൾക്കെതിരെയും തീവ്രവാദത്തിനെതിരെ പോരാടിയ എല്ലാ ആളുകൾക്കെതിരെയും പീഡനങ്ങൾ നടത്തുവാൻ താലിബാൻ മുന്നിട്ടിറങ്ങി.

പ്രചോദനമായത് ക്രൈസ്തവ വിശ്വാസം

ഈ നിസ്വാർത്ഥ സഹായത്തിന് കത്തോലിക്കാ വിശ്വാസവുമായി വളരെയധികം ബന്ധമുണ്ട് എന്നാണ് മരിയ പറയുന്നത്. “ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കാനും എനിക്ക് കഴിയുന്നവരെ സഹായിക്കാനും ഞാൻ പ്രചോദിത ആയത് എന്റെ വിശ്വാസത്തിൽ നിന്നാണ്. എനിക്ക് അവരെ അറിയില്ലെങ്കിലും അവരെ സഹായിക്കണം എന്ന ശക്തമായ പ്രചോദനമുണ്ടായിരുന്നു. കൂടാതെ തീർത്തും മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളുടെ അതിജീവനം വളരെ ആവശ്യമായിരുന്നു. ഇത് 21-ാം നൂറ്റാണ്ടിലെ വംശഹത്യയാണ്.” -മരിയ വെളിപ്പെടുത്തുന്നു

മരിയ ജോസ് തനിക്കു എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി സ്വയം വിശ്വസിക്കുന്നില്ല; ലോജിസ്റ്റിക്‌സ്, പേപ്പർവർക്കുകൾ, ഓർഗനൈസേഷൻ എന്നിവയിൽ സഹായിക്കുന്നതിലൂടെ മറ്റൊരു രാജ്യത്ത് നിന്ന് ആർക്കും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ കഴിയുമെന്ന് അവൾ വിശ്വസിക്കുന്നു. അറിവിന്റെ ആവശ്യമില്ലാതെ, എന്നാൽ സ്ഥിരോത്സാഹത്തോടെ മികച്ച ഫലങ്ങൾ നേടാനാകും. അവൾ ചെയ്യുന്ന അതേ കാര്യങ്ങൾ ഇതിനകം ആറ് സംഘടനകൾ ചെയ്യുന്നു. അഫ്ഗാനികളും അവരുടെ കുടുംബങ്ങളും സ്പെയിനിൽ എത്തുമ്പോഴും മരിയ ജോസ് അവരെ കൈവിടുന്നില്ല. ഈ അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് ചുമതലയുള്ള എൻ‌ജി‌ഒകളെ കണ്ടെത്തി അവർക്ക് സഹായമെത്തിക്കുന്നു.

താലിബാൻ അധികാരം ഏറ്റെടുത്ത് ഒരു വർഷം പിന്നിടുമ്പോൾ അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. മരിയ കൂട്ടിച്ചേർത്തു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.