“സ്ഥിതി കൂടുതൽ വഷളാകുന്നു; ഞങ്ങൾ ഇരുട്ടിൽ ജീവിക്കുന്നു” – ഉക്രൈനിലെ പാത്രിയാർക്കീസ്

ഉക്രൈനിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ച് കീവിലെ മേജർ ആർച്ചുബിഷപ്പും ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക് ചർച്ചിന്റെ തലവനുമായ ആർച്ചുബിഷപ്പ് സ്വിയറ്റോസ്ളാവ് ഷെവ്ചുക്. ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈനിലെ, ഓൾ ഉക്രേനിയൻ കൗൺസിൽ ഓഫ് ചർച്ചസ് ആന്റ് റിലീജിയസ് ഓർഗനൈസേഷനുകളുടെ പ്രതിനിധിസംഘം ഫ്രാൻസിസ് പാപ്പായെ വത്തിക്കാനിലെത്തി സന്ദർശിച്ചിരുന്നു.

സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ, ഉക്രൈനിലെ വേദനിക്കുന്ന സഭയ്ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. “അടിസ്ഥാന സൗകര്യങ്ങൾ നശിച്ചു; ഞങ്ങൾ ഇരുട്ടിലാണ് ജീവിക്കുന്നത്” – ആർച്ചുബിഷപ്പ് ഷെവ്ചുക് പറഞ്ഞു. മതനേതാക്കൾ സമാധാനത്തിനായി പഠിപ്പിക്കണം. എന്നാൽ സത്യവും നീതിയുമില്ലാതെ സമാധാനമില്ല. അനേകം മുറിവുകളും അനേകം ഹൃദയങ്ങളും സുഖപ്പെടുത്താൻ നാം ശ്രമിക്കണം. കാരണം ഹൃദയം തുളച്ചുകയറുന്ന അനേകം ആശയങ്ങൾ പഠിപ്പിക്കുന്നതിനേക്കാൾ ആവശ്യം അതാണ് – ബിഷപ്പ് ഓർമ്മിപ്പിച്ചു.

“യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ഞങ്ങൾക്കറിയില്ല. പക്ഷേ, സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഇരുപതിലധികം റഷ്യൻ മിസൈലുകൾ കീവിൽ പതിച്ചു. ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം എല്ലായ്‌പ്പോഴും മനുഷ്യരാശിക്ക് ഒരു പരാജയമാണ്. അത് എല്ലായ്‌പ്പോഴും ഭയാനകമാണ്. എന്നാൽ സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു” – ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.