യേശുവിന്റെ ഹൃദയത്തുടിപ്പുകൾ ശ്രവിച്ച വിശുദ്ധ

ഈശോയുടെ തിരുഹൃദയത്തോടുള്ള നൊവേന ക്രൈസ്തവലോകം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരുഹൃദയത്തിന്റെ മിടിപ്പുകൾ  കേൾക്കാനും അത് ധ്യാനിക്കാനും ദൈവം അവസരം നൽകിയ ഒരു വിശുദ്ധയെ അറിയയുക ഉചിതമായിരിക്കും. കത്തോലിക്കാ സഭയിൽ, അലക്കോക്കിലെ വി. മാർഗരറ്റ് മേരി (1647-1690) യേശുവിന്റെ തിരുഹൃദയത്തിന്റെ ഫ്രഞ്ച് ദർശകനായി അറിയപ്പെടുന്നു. എന്നാൽ ഈശോയുടെ തിരുഹൃദയത്തിന്റെ സ്പന്തനശബ്ദം ശ്രവിക്കാൻ ദൈവം അവസരം നൽകിയത് ജർത്രൂത് ദി ഗ്രേറ്റ് എന്ന വിശുദ്ധക്കായിരുന്നു.

ഒരു ജർമ്മൻ സന്യാസിനി ആയിരുന്നു ജർത്രൂത്. തിരുഹൃദയത്തിൽ ശിരസ്സ് ചേർത്ത് തിരുഹൃദയമിടിപ്പുകൾ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് ഈ വിശുദ്ധക്കാണ്. ഈശോയുടെ ഹൃദയമിടിപ്പ് ശ്രവിച്ച ആ നിമിഷത്തെ, തന്റെ ആത്മാവ് കർത്താവിന്റെ ഹൃദയത്തിൽ ‘ലയിച്ചതുപോലെ’ ആയിത്തീർന്ന നിമിഷം എന്നാണ് വിശുദ്ധ വെളിപ്പെടുത്തുന്നത്.

വി. യോഹന്നാൻ സുവിശേഷകന്റെ തിരുനാൾ ദിവസം വി. ജർത്രൂതിന് യേശുവിന്റെ തിരുഹൃദയത്തിൽ തല ചായ്ക്കാനും ക്രിസ്തുവിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കാനും കഴിഞ്ഞു. തുടർന്ന്, വി. യോഹന്നാനെ നോക്കി ജർത്രൂത് ചോദിച്ചു: “അന്ത്യ അത്താഴ സമയത്ത് ഗുരുവിന്റെ നെഞ്ചിൽ തല ചായ്ച്ചപ്പോൾ നിങ്ങൾ ആ ഹൃദയമിടിപ്പുകൾ കേട്ടിട്ടുണ്ടോ? എന്തുകൊണ്ടാണ് സുവിശേഷത്തിൽ നിങ്ങൾ അതൊന്നും പരാമർശിക്കാതിരുന്നത്.”

അപ്പോൾ മറുപടിയായി യോഹന്നാൻ പറഞ്ഞത് ഇപ്രകാരമാണ്: “സഭയുടെ രൂപീകരണകാലത്തെ എന്റെ ദൗത്യം മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനെക്കുറിച്ച് പങ്കുവയ്ക്കാനായിരുന്നു. എന്നാൽ, യേശുവിന്റെ ഹൃദയമിടിപ്പുകൾ കേൾക്കാനുള്ള കൃപ നിങ്ങൾക്കായി കരുതിവച്ചിരുന്നു. ഈ ശബ്ദത്തിൽ, ദൈവസ്നേഹത്താൽ ദുർബലമായ ലോകം നവീകരിക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ദിവ്യസ്നേഹാഗനിയാൽ ജ്വലിക്കുകയും ചെയ്യും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.