‘കൊല്ലാനും കൊല്ലപ്പെടാനുമായി ഇനിയും ഉക്രൈനിലേക്കു പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’: ഉക്രൈനില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച് റഷ്യന്‍ സൈനികര്‍

റഷ്യന്‍ മനുഷ്യാവകാശ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറയുന്നതനുസരിച്ച്, ഉക്രൈന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ മുന്‍നിരയില്‍ വച്ചുണ്ടായ അനുഭവങ്ങള്‍ കാരണം ചില റഷ്യന്‍ സൈനികര്‍ ഉക്രൈനിലെ യുദ്ധത്തിലേക്ക് വീണ്ടും മടങ്ങാന്‍ വിസമ്മതിക്കുകയാണ്. ഇത്തരത്തില്‍ അഭിപ്രായപ്പെട്ട ഒരു റഷ്യന്‍ സൈനികനോട് ബിബിസി പ്രതിനിധി സംസാരിക്കുകയുണ്ടായി.

“ഈ വര്‍ഷമാദ്യം ഉക്രൈനില്‍ ഞാന്‍ അഞ്ച് ആഴ്ചകള്‍ യുദ്ധം ചെയ്തു. കൊല്ലാനും കൊല്ലപ്പെടാനുമായി ഇനിയും ഉക്രൈനിലേക്കു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” – സെര്‍ജി (പേര് യഥാര്‍ത്ഥമല്ല) എന്ന പട്ടാളക്കാരന്‍ പറയുന്നു. യുദ്ധ മുന്‍നിരയിലേക്ക് തിരിച്ചയക്കുന്നത് ഒഴിവാക്കാന്‍ നിയമോപദേശം സ്വീകരിച്ച അദ്ദേഹം ഇപ്പോള്‍ റഷ്യയിലാണ്. സമാനമായ ആവശ്യം ഉന്നയിച്ച് നിയമോപദേശം തേടുന്ന നൂറുകണക്കിന് റഷ്യന്‍ സൈനികരില്‍ ഒരാള്‍ മാത്രമാണ് സെര്‍ജി.

ഉക്രൈനിലെ അനുഭവമുണ്ടാക്കിയ ആഘാതത്തിലാണ് താൻ ഇപ്പോഴും എന്ന് സെര്‍ജി പറയുന്നു. “ഞങ്ങള്‍ റഷ്യന്‍ സൈന്യമാണ് ലോകത്തിലെ ഏറ്റവും സൂപ്പര്‍ ഡ്യൂപ്പറെന്ന് ഞാന്‍ കരുതി. പക്ഷേ, നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍ പോലുള്ള അടിസ്ഥാന ഉപകരണങ്ങള്‍ പോലുമില്ലാതെ രാപ്പകല്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥ ഞങ്ങള്‍ക്കുണ്ടായി. ഞങ്ങള്‍ അന്ധരായ പൂച്ചക്കുട്ടികളെപ്പോലെ ആയിരുന്നു. ഒരു അധികച്ചെലവും വരുത്താതെയാണ് രാജ്യം ഞങ്ങളുടെ സൈന്യത്തെ ഇറക്കിയത്. അത് ഞങ്ങളുടെ ജീവന്‍ പണയം വച്ചുകൊണ്ടായിരുന്നു” – സെര്‍ജി പറഞ്ഞു.

18-27 വയസിനിടയിലുള്ള മിക്ക റഷ്യന്‍ പുരുഷന്മാരും ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തിയാക്കണം. സെര്‍ജിയും അങ്ങനെ സേവനം തുടങ്ങിയതാണ്. പക്ഷേ, ഏതാനും മാസങ്ങള്‍ക്കു ശേഷം രണ്ടു വര്‍ഷത്തെ പ്രൊഫഷണല്‍ കരാര്‍ ഒപ്പിടാന്‍ അദ്ദേഹം തീരുമാനിച്ചു. അപ്പോള്‍ ശമ്പളവും ലഭിക്കും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് സെര്‍ജിയെയും സംഘത്തേയും ഉക്രൈനുമായുള്ള അതിര്‍ത്തിക്കു സമീപത്തേക്ക് അയച്ചത്. ഒരു മാസത്തിനു ശേഷം, ഫെബ്രുവരി 24-ന്, റഷ്യ അതിന്റെ അധിനിവേശം ആരംഭിച്ച ദിവസം, അതിര്‍ത്തി കടക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ യൂണിറ്റ് ആക്രമണത്തിനിരയായി. തുടര്‍ച്ചയായ ഷെല്ലാക്രമണത്തില്‍ 50 പേരുള്ള അദ്ദേഹത്തിന്റെ യൂണിറ്റില്‍ 10 പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘത്തിലെ മിക്കവാറും എല്ലാവരും 25 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു.

വേറൊരു അവസരത്തില്‍ സെര്‍ജിയുടെ സംഘത്തിന്റെ വാഹനവ്യൂഹം വടക്കന്‍ ഉക്രൈനിലൂടെ നീങ്ങവേ ഒരു പാലം പൊട്ടിത്തെറിച്ച് അവര്‍ക്കു മുന്നിലുണ്ടായിരുന്ന സംഘം മുഴുവന്‍ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍, തന്റെ മുന്നില്‍ കത്തുന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിയ റഷ്യന്‍ സൈനികരെ മറികടന്ന് പോകേണ്ടിവന്നതായും സെര്‍ജി പറയുന്നു.

യുദ്ധതന്ത്രത്തിന്റെ വ്യക്തമായ അഭാവമുണ്ടായിരുന്നെന്നും സഹായങ്ങള്‍ എത്തിച്ചുനല്‍കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും ഒരു വലിയ നഗരം പിടിച്ചെടുക്കാനുള്ള ദൗത്യത്തിനായി സൈനികര്‍ വേണ്ടത്ര സജ്ജരായിരുന്നില്ലെന്നും സെര്‍ജി സമ്മതിക്കുന്നു. “ഹെലികോപ്റ്ററുകള്‍ പോലും ഇല്ലാതെ വെറുമൊരു പരേഡിനു പോകുന്നതു പോലെയാണ് റഷ്യന്‍ സൈന്യം പോയത്. കോട്ടകളും പ്രധാന നഗരങ്ങളും വളരെ വേഗത്തില്‍ പിടിച്ചെടുക്കാന്‍ പദ്ധതിയിട്ടിരുന്നു. ഉക്രേനിയക്കാര്‍ ഉടനടി കീഴടങ്ങുമെന്നും കമാന്‍ഡര്‍മാര്‍ കണക്കു കൂട്ടി. അവര്‍ ഞങ്ങള്‍ക്കെതിരെ പൊരുതുമെന്ന് കരുതാത്തതിനാല്‍ സുരക്ഷാസംവിധാനങ്ങളും വേണ്ടത്ര കരുതിയിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങളില്‍ നല്ലൊരു ശതമാനം കൊല്ലപ്പെട്ടത്” – സെര്‍ജി പറഞ്ഞു.

ഏപ്രില്‍ തുടക്കത്തില്‍, സെര്‍ജിയെ അതിര്‍ത്തിയില്‍ നിന്ന് റഷ്യയുടെ ഒരു ക്യാമ്പിലേക്ക് തിരിച്ചയച്ചു. ആ മാസാവസാനം ഉക്രൈനിലേക്കു മടങ്ങാനുള്ള ഉത്തരവ് വീണ്ടും അദ്ദേഹത്തിനു ലഭിച്ചു. എന്നാല്‍ പോകാന്‍ തയ്യാറല്ലെന്ന് സെര്‍ജി തന്റെ കമാന്‍ഡറോട് പറയുകയായിരുന്നു.

ഒരു അഭിഭാഷകന്‍ സെര്‍ജിയോടും സമാനചിന്താഗതിക്കാരായ രണ്ട് സഹപ്രവര്‍ത്തകരോടും അവരുടെ ആയുധങ്ങള്‍ തിരികെ നല്‍കാനും യൂണിറ്റിന്റെ ആസ്ഥാനത്തേക്ക് മടങ്ങാനും പറഞ്ഞു. അവിടെ അവര്‍ ധാര്‍മ്മികമായും മാനസികമായും തളര്‍ന്നുവെന്നും ഉക്രൈനില്‍ യുദ്ധം തുടരാന്‍ കഴിയില്ലെന്നും വിശദീകരിക്കുന്ന ഒരു കത്ത് നല്‍കണം. അറിയിപ്പ് നല്‍കാതെ മടങ്ങുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കും. അത് അച്ചടക്കനടപടിയിലേക്കു നീങ്ങുകയും രണ്ട് വര്‍ഷത്തെ തടവിന് വിധിക്കപ്പെടുകയും ചെയ്‌തേക്കാം.

റഷ്യന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ അലക്‌സി തബലോവ് പറയുന്നതനുസരിച്ച്, കരസേന കമാന്‍ഡര്‍മാര്‍ കരാര്‍ സൈനികരെ അവരുടെ യൂണിറ്റുകളില്‍ തുടരുന്നതിന് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ റഷ്യന്‍ സൈനിക നിയമത്തില്‍ സൈനികര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിക്കാന്‍ അനുവദിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. മുന്നണിയിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സെര്‍ജി ക്രിവെങ്കോ പറഞ്ഞു.

സെര്‍ജിയെപ്പോലുള്ള അനേകം സൈനികര്‍ മുന്‍നിരയിലേക്ക് മടങ്ങാന്‍ വിമുഖത കാണിക്കുന്നതായി രഹസ്യാത്മക അഭിമുഖങ്ങളിലൂടെയും ഓപ്പണ്‍ സോഴ്സ് മെറ്റീരിയലുകളിലൂടെയും ഉക്രൈനിലെ റഷ്യന്‍ സൈന്യത്തിന്റെ അനുഭവങ്ങള്‍ അന്വേഷിക്കുന്ന ഒരു മീഡിയ പ്രോജക്റ്റായ കോണ്‍ഫ്‌ലിക്റ്റ് ഇന്റലിജന്‍സ് ടീമിന്റെ എഡിറ്റര്‍ റസ്ലാന്‍ ലെവീവ് അഭിപ്രായപ്പെടുന്നു. പ്രാരംഭ അധിനിവേശത്തില്‍ യുദ്ധം ചെയ്യാന്‍ ഉക്രൈനിലേക്ക് അയച്ച റഷ്യന്‍ കരാര്‍ സൈനികരില്‍ നല്ലൊരു ശതമാനം വീണ്ടും മടങ്ങാന്‍ വിസമ്മതിച്ചതായി തന്റെ ടീം കണക്കാക്കുന്നതായി ലെവീവ് പറയുന്നു. സ്വതന്ത്ര റഷ്യന്‍ മാധ്യമങ്ങളും ഏപ്രില്‍ ആദ്യം മുതല്‍ ഉക്രൈനിലേക്ക് ആവര്‍ത്തിച്ചുള്ള വിന്യാസം നിരസിച്ച നൂറുകണക്കിന് സൈനികരുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുദ്ധമുന്‍നിരയിലേക്ക് മടങ്ങാന്‍ സെര്‍ജി ആഗ്രഹിക്കുന്നില്ലെങ്കിലും റഷ്യയിലെ തന്റെ സൈനിക സേവനം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ടുള്ള കത്ത് അധികാരികള്‍ സ്വീകരിച്ചെങ്കിലും തന്റെ സേവന കാലയളവില്‍ ഒരിക്കലും ഉക്രൈനിലേക്ക് തിരിച്ചയക്കില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. സമാധാനത്തോടെ സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള ആഗ്രഹമാണ് സെര്‍ജിയെപ്പോലുള്ളവരെ യുദ്ധമേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.