മാർപാപ്പായുടെ കോംഗോ സന്ദർശനത്തിലെ എട്ട് പ്രധാന സംഭവങ്ങൾ

സമാധാനത്തിന്റെ അഭ്യർത്ഥനയുമായിട്ടാണ് ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് തന്റെ അപ്പസ്തോലിക സന്ദർശനം നടത്തിയത്. ഈ സന്ദർശനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നു വരെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പാപ്പാ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാഗമായ സൗത്ത് സുഡാൻ സന്ദർശനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കോംഗോയിൽ പാപ്പാ പൂർത്തിയാക്കിയ സന്ദർശനത്തിലെ പ്രധാന സംഭവങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും കടന്നുപോകാം.

1. ‘ഹാൻഡ്സ് ഓഫ് ആഫ്രിക്ക’

ജനുവരി 31 -ന് കോംഗോയിലെ കിൻഷാസയിലെത്തിയ മാർപാപ്പാ, രാജ്യത്തിന്റെ പ്രസിഡന്റ് ഫെലിക്സ് ഷിസെക്കെദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന ശക്തികളെക്കുറിച്ച് മാർപാപ്പാ പേരെടുത്ത് പരാമർശിക്കാതെ അപലപിക്കുകയും രാജ്യത്ത് വർദ്ധിച്ചുവരുന്ന രക്തച്ചൊരിച്ചിലിനും അക്രമത്തിനും അറുതി വരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

2. പത്തു ലക്ഷം പേർ പങ്കെടുത്ത മാർപാപ്പയുടെ വിശുദ്ധ കുർബാന

ഫെബ്രുവരി ഒന്നിന് രാവിലെ, കിൻഷാസയിലെ എൻഡോലോ വിമാനത്താവളത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പത്തു ലക്ഷം പേരാണ് എത്തിച്ചേർന്നത്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ വലിയ സന്തോഷത്തോടെയാണ് ആളുകൾ പാപ്പായെ കാണാനും വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനും എത്തിച്ചേർന്നത്.

3. കിഴക്കൻ ഡിആർസി -യിൽ നിന്നുള്ള അതിജീവിതരുടെ സാക്ഷ്യങ്ങൾ

വിശുദ്ധ കുർബാനക്കു ശേഷം, ഉച്ചകഴിഞ്ഞ് കിൻഷാസയിൽ നടന്ന ആഘോഷപരിപാടിയിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുത്തു. ഡിആർസി -യുടെ കിഴക്കൻപ്രദേശങ്ങളിലെ സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും ഇരകളായവർ, തങ്ങൾ അനുഭവിച്ച ഭീകരതകൾ മാർപാപ്പയോട് പങ്കുവച്ചു. ഫ്രാൻസിസ് മാർപാപ്പ ആദ്യം കിഴക്കൻ ഡിആർസി -യിലെ ഗോമയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ സുരക്ഷാകാരണങ്ങളാൽ ഈ യാത്ര റദ്ദാക്കി.

4. ‘അധികാരം സേവനമാണ്’

മാർപാപ്പ ഡിആർസി -യിൽ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകളിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ചെറുപ്പത്തിൽ വൈദ്യശാസ്ത്രപരമായ പിഴവ് നേരിട്ട ഒരു വികലാംഗൻ, സമൂഹം നിരസിച്ച ഒരു കുഷ്ഠരോഗി, എയ്ഡ്‌സ് ബാധിതരെ ശുശ്രൂഷിക്കുന്ന സന്നദ്ധപ്രവർത്തകർ എന്നിവരുടെ സാക്ഷ്യങ്ങൾ പാപ്പാ കേട്ടു. “ഞങ്ങളുടെ വേദനയുടെ കടലിൽ, ദൈവം നമ്മെ മറന്നിട്ടില്ലെന്ന് ഞങ്ങൾ മനസിലാക്കി” – 68 വയസുള്ള ഒരു വികലാംഗൻ പറഞ്ഞു. ഈ അവസരത്തിൽ ‘അധികാരം സേവനമാണ്’ എന്ന് പാപ്പാ വെളിപ്പെടുത്തി. ജീവകാരുണ്യ പ്രതിനിധികളെ അവരുടെ പ്രവർത്തനങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും, സംസ്ഥാനത്തിന്റെ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.

5. യുവജനങ്ങളും മതാധ്യാപകരുമായി നടത്തിയ കൂടിക്കാഴ്ച

ഫെബ്രുവരി 2- ന് രാവിലെ, 65,000 -ത്തിലധികം യുവജനങ്ങളും മതബോധന അധ്യാപകരുമായി കിൻഷാസയിലെ രക്തസാക്ഷി സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. കോംഗോയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും 24 വയസിനു താഴെയുള്ളവരാണ്. പ്രസംഗത്തിനിടെ ഫ്രാൻസിസ് മാർപാപ്പ അഴിമതിയെക്കുറിച്ച് അപലപിച്ചു. ക്ഷമിക്കാനും സ്നേഹിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ ക്രൈസ്തവരോട് അഞ്ചു വിരലുകൾ പകരുന്ന ആദ്ധ്യാത്മികതയെക്കുറിച്ച് സംസാരിച്ചു.

6. സമർപ്പിതരും വൈദികരുമായി പാപ്പാ നടത്തിയ കൂടിക്കാഴ്ച

ഫെബ്രുവരി 2 -ന് ഉച്ചകഴിഞ്ഞ്, ഫ്രാൻസിസ് പാപ്പാ കോംഗോയിലെ ഔവർ ലേഡി കത്തീഡ്രലിൽ ഡിആർസി -യിലെ വൈദികരെയും ഡീക്കന്മാരെയും സമർപ്പിതരായ പുരുഷന്മാരെയും സ്ത്രീകളെയും സെമിനാരിക്കാരെയും കണ്ടു. “നിരുത്സാഹപ്പെടരുത്; കാരണം ഞങ്ങൾക്ക് നിങ്ങളെ ആവശ്യമാണ്!” – 5,000 പേരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ പറഞ്ഞു.

“പ്രകൃതിസൗന്ദര്യവും വിഭവങ്ങളും കൊണ്ട് സമ്പന്നമായ, എന്നാൽ ചൂഷണം, അഴിമതി, അക്രമം, അനീതി എന്നിവയാൽ മുറിവേറ്റ ഒരു രാജ്യത്ത്” ഒരു ദൗത്യം നിർവ്വഹിക്കുന്നതിലെ ബുദ്ധിമുട്ട് പാപ്പാ മനസിലാക്കി. “ഇരുട്ടിന്റെ നടുവിൽ പ്രകാശിക്കുന്ന ഒരു വെളിച്ചം” എന്നാണ് പാപ്പാ അവരെ അഭിസംബോധന ചെയ്തത്.

7. ജെസ്യൂട്ട് വൈദികരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ച

ഡിആർസി -യിൽ സേവനം ചെയ്യുന്ന ജെസ്യൂട്ടുകളുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തി. സ്വന്തം സന്യാസ സമൂഹത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന ഈ സമ്പ്രദായം പാപ്പാ തന്റെ അപ്പസ്തോലിക യാത്രകളിൽ സാധാരണ ചെയ്യാറുണ്ട്.

8. 60 ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ച

കോംഗോയിൽ നിന്നും യാത്ര തിരിക്കുന്നതിനു മുൻപായി മാർപാപ്പ ഫെബ്രുവരി 3 -ന് രാവിലെ, ഡിആർസി -യുടെ എപ്പിസ്‌കോപ്പൽ കോൺഫറൻസായ CENCO-യുമായി കൂടിക്കാഴ്ച നടത്തി. “ഈ ജനതയുടെ ചരിത്രത്തിൽ നിലനിൽക്കുന്ന ഒരു സഭയാണ് നിങ്ങളുടേത്. അതിന്റെ ദൈനംദിന ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയതാണ് ഇവിടുത്തെ സഭ” – സന്നിഹിതരായ 60 ബിഷപ്പുമാരോട് പാപ്പാ പറഞ്ഞു.

രാഷ്ട്രീയ അധികാരങ്ങളുമായി വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള അപകടസാധ്യതകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്നതിനിടയിൽ, രാജ്യത്തിന്റെ സാമൂഹികജീവിതത്തിൽ സംഘടനയുടെ ഇടപെടലിനെ പാപ്പാ പ്രശംസിച്ചു. ലൗകികതയുടെ ആത്മാവിനെതിരെ പോരാടാനും പാപ്പാ മുന്നറിയിപ്പ് നൽകി. ബിഷപ്പുമാരുടെ പ്രാഥമിക ഉത്തരവാദിത്വം ‘ജനങ്ങളെ ആശ്വസിപ്പിക്കുക’ എന്നതാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ഏകദേശം 49.3 ദശലക്ഷം കത്തോലിക്കരാണ് കോംഗോയിൽ ഉള്ളത്. ഇവിടെ 48 രൂപതകളുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.