രോഗക്കിടക്കയിൽ നിന്നും സ്വർണ്ണമെഡലിലേക്ക്; ഒരു കായികതാരത്തിന്റെ സ്ഥിരോത്സാഹം

മൂന്നു വർഷങ്ങൾക്കു മുൻപ് ഒളിമ്പിക്സ് മെഡലുകൾ സ്വപ്നം കണ്ട് ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലിട്ടു കിടന്നിരുന്ന യുവാവായിരുന്നു മാക്സൻസ് പാരറ്റ്. താൻ സ്വപ്നം കണ്ടതുപോലെ ഒരു കായികതാരമായി ജീവിക്കാൻ തനിക്ക് സാധിക്കുമോ എന്ന ചിന്ത പാരറ്റിന്റെ ആശുപത്രിവാസം ദുഃഖപൂരിതമാക്കി. എങ്കിലും പൊരുതും, വിജയിക്കും എന്ന ആത്മവിശ്വാസം പാരറ്റിനുണ്ടായിരുന്നു. ക്യാൻസറിനെ അതിജീവിച്ചതിനു ശേഷം, ഫെബ്രുവരി ഏഴിന് സ്നോബോർഡ് സ്ലോപ്സ്റ്റൈലിൽ ബീജിംഗ് വിന്റർ ഒളിമ്പിക്സിൽ അദ്ദേഹം സ്വർണ്ണമെഡൽ നേടി; തുടർന്ന് എയർ സ്നോബോർഡിംഗ് ഇനത്തിൽ വെങ്കലവും കരസ്ഥമാക്കി.

2018 -ലെ ക്രിസ്തുമസ് കാലം. കനേഡിയനായ മാക്സൻസിന്, വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ലിംഫറ്റിക് സിസ്റ്റത്തിന്റെ അപൂർവ്വ അർബുദമായ ഹോഡ്ജ്കിൻസ് ലിംഫോമയാണെന്ന് ഡോക്ടർമാർ ആ സമയത്താണ് സ്ഥരികരിക്കുന്നത്. ആറു മാസം നീണ്ടുനിൽക്കുന്ന ഒരു യഥാർത്ഥ ഓട്ടമത്സരം മാക്സൻസ് അന്ന് ആരംഭിച്ചു, തീവ്രമായ ചികിത്സയ്ക്കും 12 കീമോതെറാപ്പികൾക്കും അദ്ദേഹം വിധേയനായി. ഊർജ്ജവും പേശികളും കാർഡിയോയും ഒന്നുമില്ലാതെ പാരറ്റ് ആശുപത്രിക്കിടക്കയിൽ കിടന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളായിരുന്നു അത്. ഒൻപതു മാസത്തോളം അദ്ദേഹം ചികിത്സയിലായിരുന്നു. എങ്കിലും തന്റെ സ്വപ്നങ്ങളും ആത്മവിശ്വാസവും അദ്ദേഹത്തിന് മാനസികമായ ഊർജ്ജമേകി.

അങ്ങനെ ചികിത്സയൊക്കെ പൂർത്തീകരിച്ച് അദ്ദേഹം വീണ്ടും തന്റെ ഇഷ്ടമേഖലയായ സ്പോർട്സിലേക്ക് തിരിച്ചുവന്നു. തനിക്ക് തീർച്ചയായും വിജയിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് അദ്ദേഹത്തെ ആ നാളുകളിൽ മുന്നോട്ട് നയിച്ചത്. 2019 ആഗസ്റ്റ് 31 -ന്, ഓസ്ലോയിൽ നടന്ന എക്‌സ് ഗെയിംസിൽ വിജയിച്ച അദ്ദേഹം 2021 -ൽ, ആസ്പനിൽ നടന്ന ബിഗ് എയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലോടെ മുൻനിരയിലേക്കുള്ള തിരിച്ചുവരവ് സ്ഥിരീകരിച്ചു.

“എന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കുക എന്നത് ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല. ഈ ഗെയിമുകളിൽ മത്സരിക്കാൻ തിരിച്ചുവരുകയെന്നത് യഥാർത്ഥത്തിൽ ക്യാൻസറിനെ തോൽപിക്കാനുള്ള പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടമായിരുന്നു” – മാക്സൻസ് പാരറ്റ് പറഞ്ഞു.

സാധാരണയായി രോഗങ്ങളും ഞെരുക്കങ്ങളും മനുഷ്യരെ ശാരീരികമായി മാത്രമല്ല മാനസികമായും തളർത്തുന്നതാണ്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിതശൈലിയും കാഴ്ചപ്പാടുകളുമാണ് പാരറ്റിനുള്ളത്. രോഗക്കിടക്കയിൽ നിന്ന് തിരികെ ജീവിതത്തിലേക്കു പോലും മടങ്ങിവരാൻ സാധിക്കുമോ എന്ന് ഉറപ്പില്ലാത്ത നിമിഷങ്ങളിൽ തന്റെ സ്വപ്നങ്ങളെ ഉപേക്ഷിച്ച് വിധിക്ക് കീഴ്പ്പെടാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.

മാക്സൻസിന്റെ വാക്കുകളും ജീവിതവും ഏവർക്കും പ്രചോദനമേകുന്നതാണ്. ലക്ഷ്യങ്ങളോടുള്ള സ്നേഹവും അതിനെ നേടിയെടുക്കാനുള്ള കഷ്ടപ്പാടുകളും ഒരിക്കലും വിഫലമാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കായികതാരത്തിന്റെ അതിജീവനം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.