“ഞങ്ങൾ മരിച്ചാലും ആരും അറിയില്ല; എന്നാൽ എല്ലാം ദൈവത്തിനറിയാം”: മിണ്ടാമഠത്തിൽ നിന്നും ഒരു സന്യാസിനി

“ഞങ്ങൾക്ക് ലോകത്തിന്റെ കണ്ണിൽ ഒരു ഭാവിയില്ല. എന്നാൽ ഞങ്ങൾ ക്രിസ്തുവിന്റെ സാന്നിധ്യത്തിലാണ് ജീവിക്കുന്നത്” – വളരെ സന്തോഷത്തോടെ മിണ്ടാമഠത്തിലെ സന്യാസിനിയായ സി. മരിയ റോസിയോ അഗ്വാഡോ എസ്തബാൻ പറയുന്നു. സ്പെയിനിലെ കോർപസ് ക്രിസ്റ്റി ആശ്രമത്തിലാണ് സിസ്റ്റർ താമസിക്കുന്നത്. പലരും ഈ സന്യാസിനികളെക്കുറിച്ച് പറയാറുണ്ടത്രേ, അവരുടെ ജീവിതം അതിനുള്ളിൽ അവസാനിക്കുകയാണെന്ന്. എന്നാൽ തങ്ങൾ അനുഭവിക്കുന്ന ആനന്ദം വർണ്ണിക്കാൻ കഴിയുന്നതല്ലെന്നാണ് അവർ പറയുന്നത്.

പലരും ആശ്ചര്യപ്പെട്ടേക്കാം, ഈ സന്യാസിനികൾ മഠത്തിനുള്ളിൽ എന്താണ് ചെയ്യുന്നതെന്ന്. ഇവരുടെ ജീവിതത്തിന് അർത്ഥമില്ലല്ലോ എന്ന്. എന്നാൽ ഇവർ ഈ ലോകത്ത്, തങ്ങളുടെ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുകയാണ്. ഈ ലോകത്തിലെ ജീവിക്കുന്ന ദൈവത്തിന്റെ അടയാളങ്ങളാണ് ഓരോ സന്യാസിനിയും. മഠത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിക്കുന്ന അവർ ആത്മാക്കളെ നേടാനാണ് രാവും പകലും പ്രാർത്ഥിക്കുന്നത്. സ്വർഗത്തിൽ ദൃഷ്ടി പതിപ്പിച്ച് ഭൂമിയിൽ നിന്നുകൊണ്ട് അവർ പ്രാർത്ഥിക്കുന്നത് ആത്മാക്കൾക്കു വേണ്ടിയാണ്. ദൈവത്തെ മറന്നു ജീവിക്കുന്നവരുടെ ഈ ലോകത്തിൽ, ദൈവത്തെ ആരാധിക്കാനും അവിടുത്തേക്ക് നന്ദി പറയാനുമാണ് അവരുടെ ഈ എളിയജീവിതം.

“ഞങ്ങൾക്ക് ഒന്നുമില്ല; ഞങ്ങൾ ഒന്നുമല്ല. ഒരു സന്യാസിനി മരിച്ചാലും ആരും അറിയില്ല. എന്നാൽ എല്ലാം ദൈവത്തിനറിയാം” – സി. മരിയ റോസിയോ പറയുന്നു. വളരെ ചെറുപ്പത്തിലാണ് ഈ സന്യാസിനികൾ ആശ്രമജീവിതത്തിലേക്ക് പ്രവേശിച്ചത്. എഴുപതും എൺപതും വർഷങ്ങളായി ഇവരിൽ പലരും ഒരേ മഠത്തിൽ തന്നെയാണ് താമസിക്കുന്നതും. എന്നാൽ അവർ സന്തുഷ്ടരാണ്. കാരണം അവരെ തമ്മിൽ ബന്ധിപ്പിക്കുന്നത് യഥാർത്ഥ സഹോദരസ്നേഹമാണ്. ദൈവത്തിൽ ആയിരിക്കുക എന്നതു മാത്രമാണ് അവരുടെ ഏക ആഗ്രഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.