മുൻ ‘മിസ് മിനസോട്ട’ ഇപ്പോൾ ഒരു കത്തോലിക്കാ മിഷനറി

2019-ലെ മിസ് മിനസോട്ട കിരീടം നേടിയ കാതറിൻ ക്യൂപ്പേഴ്‌സ് ഇന്ന് ഒരു തികഞ്ഞ കത്തോലിക്ക മിഷനറിയാണ്. ‘മിസ് മിനസോട്ട’ മത്സരത്തിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് കാതറിൻ വെളിപ്പെടുത്തുന്നു.

“മിസ് മിനസോട്ട എന്ന നിലയിൽ ഞാൻ ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഒത്തിരിയേറെ ആളുകളെ കണ്ടുമുട്ടി. ഓരോ മനുഷ്യനിലും മാന്യത കാണാൻ പഠിക്കുക, അപരിചിതരോടു പോലും നന്നായി സംസാരിക്കുക എന്നതായിരുന്നു എന്റെ ദൗത്യത്തിലെ ഏറ്റവും വലിയ പാഠം” – കാതറിൻ പറയുന്നു. താൻ കണ്ടുമുട്ടിയ ഓരോ വ്യക്തിയും കാണാനും അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നുവെന്ന് കാതറിൻ മനസിലാക്കി.

മത്സരത്തിൽ പങ്കെടുക്കാനും പിന്നീട് ഒരു മിഷനറി ആകാനും പ്രേരിപ്പിച്ചതെന്താണെന്ന് കാതറിൻ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: മത്സരത്തിൽ പ്രവേശിക്കാനുള്ള കാതറിന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. 1983-ൽ മിസ് മിനസോട്ട ആയിരുന്നു കാതറിന്റെ അമ്മ. അമ്മയും മകളും കിരീടം നേടിയെങ്കിലും, അവരുടെ മത്സരാനുഭവങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. മത്സരത്തിന്റെ ഭാഗമായി മിനസോട്ടയിലുടനീളം പരസ്യമായി സംസാരിക്കുകയും പാടുകയും യാത്ര ചെയ്യുകയും ചെയ്തു.

ഒരിക്കൽ കാതറിൻ, കോളേജ് കാമ്പസിൽ വച്ച് ചില ‘ഫോക്കസ്’ മിഷനറിമാരെ  കണ്ടുമുട്ടാനിടയായി. അതോടെയാണ് ഒരു മിഷനറി ആയിത്തീരുക എന്ന ആഗ്രഹം അവളുടെ മനസിൽ രൂപപ്പെട്ടത്. ഈ മിഷനറിമാരുടെ ജീവിതരീതികൾ അവളെ വല്ലാതെ ആകർഷിച്ചു. കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കാൻ മാത്രമല്ല, മറ്റുള്ളവരുമായി ആ വിശ്വാസം പങ്കുവയ്ക്കണമെന്നും കാതറിൻ മനസിലാക്കി. അങ്ങനെ ഒഹായോയിലെ മിയാമി യൂണിവേഴ്സിറ്റിയിലെ കാമ്പസ് മിനിസ്ട്രിയിൽ ഫോക്കസ് ടീമിനൊപ്പം പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചു.

“ഈ വിദ്യാർത്ഥികളോടൊപ്പം നമ്മുടെ കർത്താവുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ വളരുന്നതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത ഘട്ടങ്ങൾ ആസൂത്രണം ചെയ്യാൻ ഞാൻ കുറച്ച് സമയം ദൈവത്തോട് ചോദിക്കുന്നു” – കാതറിൻ പറഞ്ഞു.

കാതറിൻ രണ്ട് ബിരുദങ്ങൾ നേടി – ഒന്ന് ഫാമിലി ആന്റ് കൺസ്യൂമർ സയൻസ് എജ്യുക്കേഷനിലും ഒന്ന് പാചക കലയിലും. അതിനാൽ പാചക കലകളും ജീവിതനൈപുണ്യവും പഠിപ്പിക്കുന്ന ടീച്ചറായി ജോലിയിൽ പ്രവേശിക്കാനാണ് തീരുമാനം. ഇനിയുള്ള ജീവിതം, ദൈവത്തിന്റെ പദ്ധതിയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ജീവിക്കാനാണ് കാതറിൻ തീരുമാനിച്ചിരിക്കുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.