
ക്രിസ്തീയ ദൈവാലയങ്ങളുടെ ചുവരുകളിൽ കാണുന്ന 14 ചിത്രങ്ങൾ കേവലം കലാരൂപങ്ങളല്ല, മറിച്ച് യേശുക്രിസ്തു നടത്തിയ പീഡാനുഭവ യാത്രയുടെ പുനരാവിഷ്കാരങ്ങളാണ്. ജറുസലേമിൽ നേരിട്ട് പോകാൻ കഴിയാത്തവർക്ക് സ്വന്തം ഇടവകകളിൽ ആത്മീയ തീർഥാടനം നടത്താൻ ഇത് സഹായിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവാലയങ്ങളിൽ മരം, മാർബിൾ, മൊസൈക്, വെങ്കലം എന്നിവയിൽ തീർത്ത അതിമനോഹരമായ കുരിശിന്റെ വഴികളുണ്ട്. അവയിൽ സവിശേഷമായ അഞ്ച് ശില്പചാരുതകളെ പരിചയപ്പെടാം:
1. മരിയ ഓഫ് ജെസ്സേ ചർച്ച് (ഡെൽഫ്റ്റ്, നെതർലാൻഡ്‌സ്)
നെതർലാൻഡ്‌സിലെ ഡെൽഫ്റ്റിലുള്ള ഈ ദൈവാലയത്തിന്റെ ഉൾഭാഗം അതിന്റെ വർണ്ണാഭയ്ക്ക് പേരുകേട്ടതാണ്. ഇവിടുത്തെ കുരിശിന്റെ വഴിയിലെ ഓരോ രൂപങ്ങളും ജീവസ്സുറ്റതാണ്. പീലാത്തോസിന്റെ വിമുഖതയും പടയാളികളുടെ ക്രൂരതയും മഹാപുരോഹിതന്മാരുടെ മുഖത്തെ വെറുപ്പും ഒരേപോലെ ഒപ്പിയെടുക്കാൻ കലാകാരന് സാധിച്ചിട്ടുണ്ട്. രൂപഭംഗിയും കടുപ്പമേറിയ നിറക്കൂട്ടുകളും കുരിശിനെ വഴി രൂപങ്ങളെ അവിസ്മരണീയമാക്കുന്നു.
2. സെന്റ് നിക്കോളാസ് ബസിലിക്ക (ആംസ്റ്റർഡാം, നെതർലാൻഡ്‌സ്)
ഇരുവശത്തും നേർത്ത അഞ്ച് നിലകളുള്ള ടൗൺഹൗസുകളാൽ ചുറ്റപ്പെട്ട, 1887-ൽ പൂർത്തീകരിച്ച സെന്റ് നിക്കോളാസ് ബസിലിക്ക, അതിന്റെ രണ്ട് ഉയരമുള്ള ഗോപുരങ്ങൾ, റോസ് വിൻഡോ, അഷ്ടഭുജാകൃതിയിലുള്ള താഴികക്കുടം എന്നിവയ്ക്ക് പ്രശസ്തമാണ്. ദൈവാലയത്തിലെ, കുരിശിന്റെ വഴി പൂർത്തിയാക്കാൻ 1891 മുതൽ 1898 വരെയുള്ള ഏഴ് വർഷങ്ങളെടുത്തു. ഇഷ്ടിക കമാനങ്ങൾക്കടിയിൽ ചുവരുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഭീമാകാരമായ ചതുരാകൃതിയിലുള്ള ചിത്രങ്ങൾ നിർമ്മിച്ചത് കലാകാരനായ ജാൻ ഡൺസെൽമാൻ ആണ്. ലിനോലിയം എന്ന പദാർഥത്തിന്റെ പരുക്കൻ ഉപരിതലത്തിലാണ് ഈ ഭീമാകാരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഈ ചിത്രങ്ങളിലെ രൂപങ്ങൾക്ക് മാതൃകയായി അക്കാലത്തെ ഇടവകക്കാരെ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
3. സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ചർച്ച് (ന്യൂയോർക്ക്, യുഎസ്എ)
ഇറ്റാലിയൻ നവോത്ഥാന ശൈലിയിൽ നിർമ്മിച്ച സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് റോമൻ കത്തോലിക്കാ ദൈവാലയത്തിനു മുന്നിൽ തെരുവിന്റെ ചരിവ് ഉൾക്കൊള്ളുന്നതിനായി അസന്തുലിതമായ ഇരട്ട പടിക്കെട്ടുണ്ട്. ലളിതമായ അൾത്താരയ്ക്ക് മുകളിലുള്ള മനോഹരമായ സ്റ്റെയിൻ-ഗ്ലാസ് ജാലകത്തിലെ നിറങ്ങളുടെ സമന്വയം, മുകളിലുള്ള ഗാലറി ലെവലിലെ സ്റ്റെയിൻ-ഗ്ലാസ് ജാലകങ്ങൾ, വശങ്ങളിലെ ഇടനാഴികളിലെ വിശുദ്ധരുടെ സ്റ്റെയിൻ-ഗ്ലാസ് ജാലകങ്ങൾ എന്നിവ ഒഴികെ, ഉള്ളിൽ എല്ലാം വെള്ളയും ക്രീമും നിറത്തിലാണ്. എന്നാൽ കുരിശിന്റെ വഴിയിലെത്തുമ്പോൾ നിറങ്ങളുടെ ഒരു വിസ്മയം തന്നെ കാണാം. പെയിന്റ് ചെയ്ത പശ്ചാത്തലവും ചുവരിൽ നിന്ന് പുറത്തേക്ക് നിൽക്കുന്ന ‘ബേസ്-റിലീഫ്’ പ്രതിമകളും സംയോജിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രതിമകളുടെ ആംഗ്യങ്ങളും വസ്ത്രങ്ങളിലെ തിളക്കമാർന്ന നിറങ്ങളും വിശ്വാസികളെ ഒരു ധ്യാനത്തിലേക്ക് നയിക്കാൻ ഉതകുന്നതാണ്.
4. സെന്റ് ആൻ ഡി ബ്യൂപ്രെ ബസിലിക്ക (ക്യൂബെക്ക്, കാനഡ)
കാനഡയിലെ ഈ പ്രശസ്ത തീർഥാടന കേന്ദ്രത്തിലെ കുരിശിന്റെ വഴി പള്ളിക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. കുന്നിൻ ചരിവിലെ മനോഹരമായ മേപ്പിൾ മരങ്ങൾക്കിടയിലൂടെയുള്ള പാതയിൽ വെങ്കലത്തിൽ തീർത്ത വലിയ രൂപങ്ങളാണ് ഓരോ സ്റ്റേഷനിലുമുള്ളത്. ഓരോ സ്റ്റേഷനിലും അഞ്ചിൽ കൂടുതൽ രൂപങ്ങളില്ല എങ്കിലും, പ്രകൃതിയുമായി അലിഞ്ഞുചേർന്ന് നിൽക്കുന്ന ഈ ശില്പങ്ങൾ ശാന്തമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
5. ഔവർ ലേഡി ഓഫ് വിക്ടറി നാഷണൽ ഷ്രൈൻ (ന്യൂയോർക്ക്, യുഎസ്എ)
ന്യൂയോർക്കിലെ ബഫല്ലോയുടെ അതിർത്തിക്കപ്പുറത്ത്, ഔവർ ലേഡി ഓഫ് വിക്ടറി നാഷണൽ ഷ്രൈൻ ബസിലിക്ക അതിമനോഹരമായി നിലകൊള്ളുന്നു. ഇവിടുത്തെ കുരിശിന്റെ വഴി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശില്പകലകളിൽ ഒന്നാണ്. ഓരോ സ്റ്റേഷനും വെളുത്ത മാർബിളിന്റെ ഒറ്റക്കല്ലിൽ നിന്നാണ് കൊത്തിയിരിക്കുന്നത്. ഇതിലെ 14 സ്റ്റേഷനുകളും പൂർത്തിയാക്കാൻ ഒരു ഇറ്റാലിയൻ ശില്പിക്ക് 14 വർഷം വേണ്ടി വന്നു. ഇരുണ്ട പശ്ചാത്തലത്തിൽ സ്വർണ്ണ നക്ഷത്രങ്ങൾ മിന്നിനിൽക്കുന്ന ആകാശത്തിന് താഴെ മാർബിൾ തൂണുകൾക്കിടയിൽ നിൽക്കുന്ന ഈ രൂപങ്ങൾ അത്യപൂർവമായ ഒരു കാഴ്ചാനുഭവമാണ്.




