ഫിഫ ലോകകപ്പ് സ്ഥാപിച്ച കത്തോലിക്കൻ ആരാണെന്നറിയാമോ?

ഏവരും ഏറെ ആവേശത്തോടെ കാണുന്ന ഒരു അന്താരാഷ്ട്ര കായികമത്സരമാണ് ‘ഫിഫ ലോകകപ്പ്.’ ഇന്ന് ലോകം മുഴുവൻ ഫുട്‍ബോളിന്റെ ആവേശത്തിലാണ്. എന്നാൽ, ഒരു ഫ്രഞ്ച് കത്തോലിക്കനാണ് ഈ ടൂർണമെന്റ് സ്ഥാപിച്ചതെന്ന കാര്യം മിക്കവർക്കും അറിയില്ല. ജൂൾസ് റിമെറ്റ് ആണ് ഫിഫ ലോകകപ്പ് ആരംഭിച്ച വ്യക്തി. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം.

1873 ഒക്ടോബർ 14- ന് ഫ്രഞ്ച് ഗ്രാമമായ തെയുലിയിലാണ് ജൂൾസ് റിമെറ്റ് ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം തന്റെ ഇടവക ദൈവാലയത്തിലെ അൾത്താര ബാലനായിരുന്നു. പത്താം വയസിൽ അദ്ദേഹം പാരീസിലേക്കു പോയി. കാരണം സാമ്പത്തികപ്രതിസന്ധിയുടെ നടുവിൽ മെച്ചപ്പെട്ട ജീവിതനിലവാരം നേടാനുള്ള ശ്രമത്തിലായിരുന്നു അവന്റെ കുടുംബം.

1891- ലാണ് ലിയോ പതിമൂന്നാമൻ പാപ്പാ തന്റെ എൻസൈക്ലിക്കൽ ലെറ്ററായ ‘റേരും നോവാരും’ പുറത്തിറക്കിയത്. അതിൽ, തൊഴിലാളിവർഗ്ഗങ്ങൾ ജീവിക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യത്തെക്കുറിച്ചും തൊഴിൽപരിഷ്കാരങ്ങളുടെ അഭാവത്തെക്കുറിച്ചുമൊക്കെയുള്ള മാർപാപ്പയുടെ ഉത്കണ്ഠ യുവ റിമെറ്റിനും സുഹൃത്തുക്കൾക്കും വെല്ലുവിളിയായി. മാർപാപ്പയുടെ ആഹ്വാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, പാവപ്പെട്ടവർക്ക് സാമൂഹികവും ആതുരസേവനവുമായ സഹായം നൽകുന്നതിന് അവർ ഒരു സംഘടന സ്ഥാപിച്ചു. ഒരു അഭിഭാഷകനായ ശേഷവും റിമെറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നു.

റിമെറ്റിന് സ്പോർട്സും ഇഷ്ടമായിരുന്നു. വംശവും സാമൂഹികവിഭാഗവും പരിഗണിക്കാതെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കായികവിനോദങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. 24-ാം വയസിൽ, ‘റെഡ് സ്റ്റാർ’ എന്ന പേരിൽ ഒരു സ്‌പോർട്‌സ് ക്ലബ്ബ് അദ്ദേഹം സ്ഥാപിച്ചു. സാമ്പത്തികസ്ഥിതി പരിഗണിക്കാതെ ആർക്കും അതിൽ പ്രവേശനം നൽകി.

“ഹൃദയത്തിൽ വെറുപ്പില്ലാതെയും മുഖത്ത് അപമാനത്തിന്റേതായ ഭാവമില്ലാതെയും പുരുഷന്മാർക്ക് ആത്മവിശ്വാസത്തോടെ ഒത്തുചേരാൻ കഴിയും” – സ്പോർട്സിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കിടുമ്പോൾ അദ്ദേഹം പറയാറുണ്ടായിരുന്നു.

അക്കാലത്ത്, ഫുട്‍ബോൾ വളരെ വിലകുറച്ചു കാണപ്പെട്ടിരുന്ന ഒരു കായികയിനമായിരുന്നു. കാരണം അത് താഴ്ന്ന വിഭാഗക്കാർക്കായുള്ള ഒരു കായികവിനോദമായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും റിമെറ്റ്, ഫുട്‍ബോളിനെയും തന്റെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

1904- ൽ റിമെറ്റ് ഫെഡറേഷൻ ഇന്റർനാഷണൽ ദി ഫുട്ബോൾ അസോസിയേഷൻ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ അല്ലെങ്കിൽ ഫിഫ) രൂപപ്പെടുത്താൻ സഹായിച്ചു. ഒരു അന്താരാഷ്ട്ര ടൂർണമെന്റ് സംഘടിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ പദ്ധതികൾ വൈകിപ്പിച്ചു.

നാലു വർഷത്തോളം യുദ്ധത്തിന്റെ മുൻനിരയിൽ സേവനമനുഷ്ഠിച്ച റിമെറ്റിന്, ധീരകൃത്യങ്ങൾ ചെയ്ത് സ്വയം വ്യത്യസ്തരായവർക്കു നൽകുന്ന ഫ്രഞ്ച് സൈനിക ബഹുമതിയായ ക്രോയിക്സ് ഡി ഗ്യൂറെ ലഭിച്ചു. യുദ്ധം അവസാനിച്ചതിനു ശേഷം, 1921- ൽ റിമെറ്റ് ഫിഫ പ്രസിഡന്റായി. ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായ 33 വർഷം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു.

സ്‌പോർട്‌സിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ 1930- ൽ ലോകകപ്പ് ആരംഭിക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം ഉറുഗ്വേയിൽ ആദ്യത്തെ ഫുട്‍ബോൾ ലോകകപ്പ് ആരംഭിച്ചു. 1930 മുതൽ 1970 വരെ ലോകകപ്പ് ഫുട്ബോൾ ജേതാക്കൾക്ക് ആദ്യ ടൂർണമെന്റ് സംഘടിപ്പിച്ച ഫിഫ പ്രസിഡന്റ് ജൂൾസ് റിമെറ്റിന്റെ ബഹുമാനാർത്ഥം മറ്റൊരു ട്രോഫിയായിരുന്നു നൽകിയിരുന്നത്. പിന്നീടതിന് മാറ്റം വരുത്തി.

ജൂൾസ് റിമെറ്റ് എന്ന ഈ കത്തോലിക്കാ അഭിഭാഷകൻ 1954 വരെ ഫിഫയെ നയിച്ചു. 1956- ൽ ലോകകപ്പ് സ്ഥാപിച്ചതിന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. 1956- ൽ 83-ാം വയസിൽ ഫ്രാൻസിൽ വച്ച് റിമെറ്റ് അന്തരിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.