‘ആ മലകളിൽ ഞാൻ ദൈവത്തെ കണ്ടെത്തി’ – ആൻഡെസ് വിമാനദുരന്തത്തെ അതിജീവിച്ചയാളുടെ വിശ്വാസസാക്ഷ്യം

ആൻഡെസ് വിമാനദുരന്തത്തെ അതിജീവിച്ചവർ 16 പേരായിരുന്നു. യഥാർത്ഥ അത്ഭുതം ഈ 16 പേരുടെ അതിജീവനമല്ല, മറിച്ച് അചിന്തനീയമായ കഷ്ടപ്പാടുകൾ അനുഭവിച്ചതിനു ശേഷമുള്ള അവരുടെ വിശ്വാസത്തിന്റെ സ്ഥിരതയാണ്. പർവ്വതങ്ങളെ പോലും ചലിപ്പിക്കാൻ കഴിയുന്ന വിശ്വാസമായിരുന്നു അവരുടേത്.

ഉറുഗ്വേയിലെ ഓൾഡ് ക്രിസ്ത്യൻ റഗ്ബി ക്ലബ്ബ് അംഗങ്ങളും അവരുടെ കുടുംബങ്ങളും ഫെയർചൈൽഡ് FH-227 D വിമാനത്തിൽ ചിലിയിലേക്കുള്ള യാത്രാമധ്യേയാണ് അപ്രതീക്ഷിതമായി ആ അപകടം സംഭവിച്ചത്. വിമാനം, 12,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതത്തിന്റെ മുകളിലെ മഞ്ഞുമലയിൽ ഇടിച്ചു. 45 യാത്രക്കാർ ഉണ്ടായിരുന്നവരിൽ 16 പേർ മാത്രമാണ് ആ അപകടത്തിൽ നിന്നും രക്ഷപെട്ടത്. രക്ഷപെട്ടവർ ആ മലമുകളിൽ അനുഭവിച്ചത് ഭൂമിയിലെ നരകമാണ്. കടുത്ത തണുപ്പിലും വിശപ്പിലും നരകിച്ച നാളുകൾ. രണ്ട് മാസത്തോളം മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരിൽ ഒരാളായ സെർബിനോ ഈ അപകടത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.

ദേഷ്യവും നിരാശയും തോന്നിയെങ്കിലും, നിരാശാജനകമായ ഈ സാഹചര്യത്തിൽ ദൈവത്തിന്റെ അചഞ്ചലമായ പിന്തുണ സെർബിനോക്ക് അനുഭവപ്പെട്ടു. വിശ്വാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ തന്നെ മാറി. “ഞാൻ കുട്ടിയായിരുന്നപ്പോൾ ദൈവത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന ആശയം ഒരു ശിക്ഷകനായിട്ടായിരുന്നു. എന്നാൽ, ആ മലകളിൽ ഞങ്ങൾ ഒരു നല്ല ദൈവത്തെ അനുഭവിച്ചറിയുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടപ്പോഴും അവൻ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവൻ ഞങ്ങളെ സ്വന്തമായി സ്വീകരിച്ചു, ഞങ്ങളെ അനുഗമിച്ചു. നമ്മുടെ ദൈവം സ്നേഹമായിരുന്നു” – സെർബിനോ വെളിപ്പെടുത്തുന്നു.

സെർബിനോ ഉൾപ്പെടെ രക്ഷപെട്ടവരിൽ രണ്ടു പേർ ജീവൻ പണയപ്പെടുത്തി സഹായം തേടി കൊടുംതണുപ്പിൽ മലയിറങ്ങി. പത്തു ദിവസത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ച് മലയിറങ്ങുന്നതിനു മുമ്പ്, ഗുരുതരമായി പരിക്കേറ്റവരെ രക്ഷിക്കാൻ സഹായിക്കുന്നതിന് സെർബിനോ തന്റെ മുഴുവൻ ഊർജ്ജവും പ്രയോജനപ്പെടുത്തി. കൈയ്യിലുള്ള എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് അവരുടെ മുറിവുകൾ ബാൻഡേജു ചെയ്ത് ചികിത്സിച്ചു.

“ഞാൻ മൂന്നു മാസത്തെ മെഡിസിൻ പഠിച്ചിരുന്നു, ആറു മാസത്തെ അനാട്ടമി പഠിച്ച റോബർട്ടോക്കൊപ്പം എനിക്ക് മെഡിക്കൽ ജോലികൾ ചെയ്യേണ്ടിവന്നു. ആ മലമുകളിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ഒരു റോൾ ഉണ്ടായിരുന്നു. എല്ലാവരേയും പോലെ എനിക്കും നിരവധി വേഷങ്ങൾ അവിടെ ചെയ്യാൻ ഉണ്ടായിരുന്നു” – അദ്ദേഹം ഓർമ്മിക്കുന്നു.

അപകടം നടന്ന് ഏതാനും ആഴ്‌ചകൾക്കു ശേഷം, ജീവൻ നിലനിർത്താൻ മരിച്ചവരുടെ മാംസം കഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നു പോലും ചിലർക്ക് തോന്നി. ആദ്യം തുകൽ ബെൽറ്റുകൾ പോലും കഴിക്കാൻ ഇവർ ശ്രമിച്ചു. ചിലർ, അതൊന്നും ചെയ്യാൻ കഴിയാതെ പട്ടിണി കിടന്ന് മരിച്ചു. 19 വയസ് മാത്രം പ്രായമുള്ള ഗുസ്താവോ നിക്കോലിച്ച് ഉൾപ്പെടെയുള്ളവർ, തങ്ങൾ മരിച്ചാൽ അതിജീവിച്ച മറ്റുള്ളവർക്ക് അവരെ ഭക്ഷിക്കാനുള്ള അനുമതി വരെ നൽകി. അടുത്ത ദിവസം നിക്കോലിച്ച് മരിച്ചു. ആ സംഭവം വേദനയോടെ സെർബിനോ ഇന്നും ഓർക്കുന്നു.

അവരെല്ലാം കത്തോലിക്കരായിരുന്നു. അതിജീവിക്കാൻ മാത്രമല്ല, അത്തരമൊരു ദുരന്തത്തിന്റെ മാനസിക പ്രത്യാഘാതങ്ങളെ മറികടക്കാനും അവരെ അന്ന് സഹായിച്ചത് ദൈവത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു.

50 വർഷങ്ങൾക്കു ശേഷം, ദുരന്തമുഖത്ത് വിശുദ്ധ കുർബാനയർപ്പണം

ദാരുണമായ ഈ സംഭവത്തിന് അമ്പതു വർഷങ്ങൾക്കു ശേഷം, അർജന്റീനിയൻ വൈദികനായ ഫാ. ഡീഗോ മരിയയുമായി സെർബിനോ ബന്ധപ്പെട്ടു. ദുരന്തസ്ഥലത്തേക്കുള്ള യാത്രയിൽ തന്നോടൊപ്പം വരണമെന്ന് അദ്ദേഹം വൈദികനോട് ആവശ്യപ്പെട്ടു. രക്ഷപെട്ടയാളെയും കുടുംബത്തെയും അനുഗമിച്ച ഫാ. ഡീഗോ മരിയ ഒരു തീർത്ഥാടനം പോലെയാണ് ആ മല കയറിയത്.

മലമുകളിലെത്തിയ അദ്ദേഹം മരിച്ചവരുടെ സ്മരണക്കായി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു. “ആ പർവ്വതനിരയിൽ മരിച്ചുപോയ ഓരോരുത്തർക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചു. അപകടത്തിൽ തകർന്ന വിമാനത്തിന്റെ ഒരു ഭാഗം ബലിപീഠമായി ഉപയോഗിച്ചു. തന്റെ സുഹൃത്തുക്കളോടൊപ്പം കളിച്ചിരുന്ന ഉറുഗ്വേയിലെ റഗ്ബി മൈതാനത്തു നിന്ന് സെർബിനോ മണ്ണ് കൊണ്ടുവന്നിരുന്നു. വളരെ ഭക്തനായ ഒരു വ്യക്തിയാണ് സെർബിനോ. ഗ്വാഡലൂപ്പിലെ മാതാവിനോടുള്ള പ്രത്യേക ഭക്തിയാൽ അദ്ദേഹത്തിന്റെ ഇളയ മകൾക്ക് ആ പേരാണ് കൊടുത്തിരിക്കുന്നത്” – വൈദികൻ പറയുന്നു.

അപകടത്തിൽ മരിച്ചവരുടെ അമ്മമാർക്കു വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഒക്ടോബർ 10- ന് എഴുതിയ കത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്നെ വെളിപ്പെടുത്തിയിരുന്നു.

‘കഷ്ടതയിലാണ് ഞാൻ ദൈവത്തെ കണ്ടെത്തിയത്’

“ഞങ്ങൾ കോർഡില്ലേരയിൽ നിന്ന് വളരെ വലിയ കൃപയോടെ മടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ എല്ലാ ദിവസവും നന്ദി പറഞ്ഞു. ഞങ്ങൾ വളരെ സ്വീകാര്യമായ അവസ്ഥയിലാണ് അവിടെ ജീവിച്ചത്. യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ എത്ര കരഞ്ഞാലും, എത്ര നിലവിളിച്ചാലും, ഞങ്ങൾക്ക് എപ്പോഴും തണുപ്പായിരുന്നു. ഞങ്ങളുടെ വിശപ്പ് മാറിയില്ല. എന്നാൽ, ഞങ്ങളുടെ ഹൃദയം ആ ദിവസങ്ങളിൽ രൂപാന്തരപ്പെടുകയായിരുന്നു. അവിടുത്തെ സാഹചര്യത്തെ അഭിമുഖീകരിക്കാനും ദൈവത്തിൽ വിശ്വസിച്ച് പ്രവർത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു” – സെർബിനോ പറയുന്നു.

അപകടത്തിൽ നിന്ന് രക്ഷപെട്ടവരിൽ ഒരാളായ നന്ദോ പരാഡോ, 2006- ൽ ‘ദി മിറക്കിൾ ഇൻ ദ ആൻഡീസ്’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. യഥാർത്ഥ അത്ഭുതം ഈ 16 പേരുടെ അതിജീവനമല്ല, മറിച്ച് അചിന്തനീയമായ കഷ്ടപ്പാടുകൾ അനുഭവിച്ചതിനു ശേഷമുള്ള അവരുടെ വിശ്വാസത്തിന്റെ സ്ഥിരതയാണ്. പർവ്വതങ്ങളെ ചലിപ്പിക്കാൻ കഴിയുന്ന വിശ്വാസമായിരുന്നു അവരുടേത് എന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.