“മരിക്കാൻ എനിക്ക് ഭയമില്ല” – ഇസ്ലാം മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്കു വന്ന ഒരാളുടെ സാക്ഷ്യം

കിഴക്കൻ ആഫ്രിക്കയിലെ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു അയാൾ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അയാൾ തീവ്ര ഇസ്ലാമിക വിശ്വാസിയായി മാറി. വളർന്നപ്പോൾ തന്റെ സ്വാധീനം ഉപയോഗിച്ച് തന്റെ മതം അല്ലാത്ത മറ്റെന്തിനെയും അദ്ദേഹം എതിർത്തു. എന്നാൽ, അയാളുടെ കൈവശം ഒരു ബൈബിൾ എത്തുന്നതു വരെയേ ഉണ്ടായിരുന്നുള്ളൂ അതെല്ലാം. പിന്നീട് ലോകം കണ്ടത് ഒരു പുതിയ മനുഷ്യനെ ആയിരുന്നു. തുടർന്ന് വായിക്കുക…

പഞ്ചസാര പൊതിയാൻ വലിച്ചുകീറിയ ബൈബിൾ

നെഗാഷിന്റെ (സുരക്ഷാ കാരണങ്ങളാൽ പേര് മാറ്റിയിരിക്കുന്നു) ഉടമസ്ഥതയിലുള്ള കടയിൽ, വാങ്ങിയ സാധനത്തിന്റെ പണം കൊടുക്കാൻ ഇല്ലാത്തതിനാൽ പണയമായി ഒരാൾ ഒരു ബൈബിൾ ഏൽപിച്ചു. എന്നാൽ നെഗാഷ്, ആ ബൈബിളിന് യാതൊരുവിധ വിലയും കല്പിച്ചില്ല. ബൈബിൾ കണ്ടപ്പോൾ തന്നെ ദേഷ്യമായിരുന്നു. പിന്നീട് അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നായി നെഗാഷിന്റെ ചിന്ത. കടയിൽ വില്പനക്ക് വച്ചിരിക്കുന്ന പഞ്ചസാര പൊതിഞ്ഞുകൊടുക്കാൻ ഈ ബൈബിളിന്റെ ചില പേജുകൾ അദ്ദേഹം വലിച്ചുകീറി. എന്നാൽ, ബൈബിളിന്റെ പേപ്പറുകൾ വളരെ നേർത്തതായിരുന്നതിനാൽ ഉദ്ദേശ്യം നടന്നില്ല.

ബൈബിൾ തന്റെ കടയിൽ വച്ചതു മുതൽ നെഗാഷ് ഒരു വെളുത്ത മനുഷ്യനെ ഉറക്കത്തിൽ സ്വപ്നം കാണാൻ തുടങ്ങി. സ്വപ്നത്തിൽ, ആ മനുഷ്യൻ നെഗാഷിനോടു പറഞ്ഞു: “ഞാൻ വഴിയും സത്യവും ജീവനുമാകുന്നു.” ആ സ്വപ്നങ്ങൾ വളരെ അസ്വസ്ഥപ്പെടുത്തുന്നതും അതേസമയം അത്ഭുതകരവുമായിരുന്നു. “ഞാൻ ഭയപ്പെട്ടു. അതേസമയം, ആ മനുഷ്യനെ വീണ്ടും കാണാൻ ആഗ്രഹിച്ചു” – നെഗാഷ് പറയുന്നു.

പിന്നീട്, നെഗാഷ് തന്റെ കടയിലിരുന്ന ബൈബിൾ തുറന്നു. യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായത്തിൽ “ഞാൻ വഴിയും സത്യവും ജീവനുമാണ്” എന്ന ഭാഗം അദ്ദേഹം കണ്ടെത്തി. ആ നിമിഷം, നെഗാഷ് തന്റെ ജീവിതം പൂർണ്ണമായി യേശുവിന് നൽകാൻ തീരുമാനിച്ചു. തന്റെ മതം അയാൾ ഉപേക്ഷിച്ചു. ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന് അറിയില്ലായിരുന്നു അതിനു പകരമായി കനത്ത വില നൽകേണ്ടിവരുമെന്ന്. പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടിവന്നതത്രയും വലിയ പീഡനങ്ങളും വേദനകളുമായിരുന്നു. പക്ഷേ, അതിനെയൊക്കെ തരണം ചെയ്യാൻ യേശുവുമായുള്ള വ്യക്തിബന്ധം അദ്ദേഹത്തെ സഹായിച്ചു. നെഗാഷിന്റെ പ്രാർത്ഥനകൾക്ക് ദൈവം അത്ഭുതകരമായ രീതിയിലായിരുന്നു മറുപടി നൽകിക്കൊണ്ടിരുന്നത്.

ക്രിസ്തുവിനു വേണ്ടി ജീവൻ ത്യജിക്കാനും തയ്യാർ

നെഗാഷ് തന്റെ തീരുമാനത്തിൽ വളരെ സന്തോഷിച്ചു. ആദ്യം സ്വഭവനത്തിൽ  തന്നെ അദ്ദേഹം ക്രിസ്തുവിനെ പങ്കുവച്ചു. “യേശു രക്ഷിക്കുന്നവനാണെന്നും നിത്യജീവനാണെന്നും ഞാൻ എന്റെ കുടുംബത്തോട് പറഞ്ഞു. അതിനു മറുപടിയായി അവർ എന്നോട് ദേഷ്യപ്പെട്ടു. താമസിയാതെ ഈ വാർത്ത വീടിനു പുറത്തേക്കും വ്യാപിച്ചു. മുൻപ് ഒരു ഷെയ്ഖ് ആയിരുന്ന നെഗാഷ് ഇപ്പോൾ ഒരു അവിശ്വാസിയായ കാഫിറായി” – നെഗാഷ് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു.

വൈകാതെ, നെഗാഷ് ആ പ്രദേശത്തെ വലിയ സുവിശേഷ പ്രഘോഷകനായി മാറി. അതിന് ജീവൻ പോലും നഷ്ടമായേക്കാവുന്ന വലിയ തിരിച്ചടികളും അദ്ദേഹത്തിന് നേരിടേണ്ടതായിവന്നു. ഒരു ദിവസം രാത്രി, നെഗാഷ് മറ്റ് വിശ്വാസികളോടൊപ്പം ഒരു പ്രാർത്ഥനാ കൂട്ടായ്‌മ നയിക്കുമ്പോൾ, കോപാകുലരായ ആളുകൾ നെഗാഷും കൂട്ടരും ആയിരുന്ന വീടിനു മുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. നെഗാഷും കൂടെയുണ്ടായിരുന്നവരും കഷ്ടിച്ചാണ് ആ അക്രമത്തിൽ നിന്നും രക്ഷപെട്ടത്. “ആ ആക്രമണത്തിൽ ഞങ്ങളുടെ വസ്ത്രങ്ങൾക്ക് തീ പിടിച്ചു. പക്ഷേ, അത് ഞങ്ങളെ പൊള്ളലേൽപ്പിച്ചില്ല. കൂടെയുണ്ടായിരുന്ന ഭയചകിതരായ ആളുകളോട് ഞാൻ പറഞ്ഞു: യേശു നമ്മെ രക്ഷിക്കും” – അദ്ദേഹം പറയുന്നു.

നെഗാഷിന്റെ കഷ്ടപ്പാടുകൾ അവിടം കൊണ്ടൊന്നും തീർന്നില്ല. അദ്ദേഹത്തിന് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ വലിയ മർദ്ദനങ്ങൾ ഏൽക്കേണ്ടിവന്നു. പറഞ്ഞറിയിക്കാൻ സാധ്യമല്ലാത്ത രീതിയിൽ വളരെ ക്രൂരമായിരുന്നു അത്. യേശുവിനെ ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് മടങ്ങാൻ അദ്ദേഹത്തിൽ വളരെയേറെ സമ്മർദ്ദം ചെലുത്തപ്പെട്ടു. തന്റെ ജീവൻ പോലും നഷ്ടപ്പെടാവുന്ന അവസ്ഥ വന്നപ്പോഴും നെഗാഷ് പറഞ്ഞു – “മരിക്കേണ്ടി വന്നാലും ഞാൻ യേശുവിനെ ഉപേക്ഷിക്കുകയില്ല.”

ഒടുവിൽ, തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി നെഗാഷിന് ജന്മനാട് ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. തന്റെ ജന്മനാട്ടിലേക്ക് രഹസ്യമായി സഞ്ചരിച്ചുകൊണ്ട് അദ്ദേഹം തന്റെ ക്രിസ്തുവിശ്വാസം പകരുകയാണ്.

“ദൈവം എന്നെ ഏൽപിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കുന്നതുവരെ ഞാൻ മരിക്കുകയില്ലെന്ന് എനിക്കറിയാം. എനിക്ക് മരണത്തെ ഭയമില്ല” – നെഗാഷ് ധൈര്യത്തോടെ പറയുന്നു.

‘ഞാൻ ഇപ്പോഴും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു’

തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മതതീവ്രവാദികളെക്കുറിച്ച് ഓർക്കുമ്പോൾ നെഗാഷിന് ഇപ്പോഴും അവരോട് ദേഷ്യമൊന്നും തോന്നാറില്ല. പകരം അവരെയോർത്ത് വേദനയാണ്. “തന്റെ ഗ്രാമത്തിലുള്ള മറ്റ് മുസ്ലീങ്ങളും യേശുവിനെ അറിയുമ്പോൾ, അവർക്കും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. കാരണം ക്രിസ്തുവിശ്വാസം സ്വീകരിച്ചു എന്നറിയുമ്പോൾ അവർക്ക് ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. പലപ്പോഴും അവരുടെ വീടും അവകാശങ്ങളും കുടുംബങ്ങളും അവരുടെ ജീവൻ പോലും നഷ്ടപ്പെടാം. എങ്കിലും അതിലും മഹത്തരമാണ് യേശുവിനെ അനുഗമിക്കാൻ സാധിക്കുന്നത്” – നെഗാഷ് സന്തോഷത്തോടെ പറയുന്നു.

കടപ്പാട്: https://globalchristianrelief.org/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.