ട്യൂമർ ബാധിതനായി ആശുപത്രിയിൽ; സ്ഥൈര്യലേപന കൂദാശ സ്വീകരിക്കാൻ കൊതിച്ച കൗമാരക്കാരൻ

തെക്കൻ ബ്രസീലിൽ താമസിക്കുന്ന 14 വയസ്സുള്ള കൗമാരക്കാരനാണ് പൗലോ എലിയാഡി വിയാന. ട്യൂമർ ബാധിതനായി ആശുപത്രിയിൽ ആയിരിക്കുമ്പോഴാണ് അവൻ സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുന്നത്. ആശുപത്രിയിൽ നിന്നും സ്ഥൈര്യലേപന കൂദാശ സ്വീകരിച്ച പൗലോയുടെ ജീവിതം വായിച്ചറിയാം.

ഒരു കത്തോലിക്കാ കുടുംബത്തിലെ അംഗമായ പൗലോ, തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ മരിലാൻഡിയ ഡോ സുളിലെ തന്റെ ഇടവക ദൈവാലയത്തിൽ സ്ഥൈര്യലേപന കൂദാശയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടെങ്കിലും അതൊന്നും ഗൗനിക്കാതെ പൗലോ കൂദാശ സ്വീകരിക്കാനായി ഒരുങ്ങി. എന്നാൽ, ഈ ഒരുക്കത്തിന്റെയൊക്കെ അവസാന ഘട്ടത്തിൽ, പൗലോക്ക് കടുത്ത തലവേദന അനുഭവപ്പെടാൻ തുടങ്ങി. സ്ഥൈര്യലേപന കൂദാശ സ്വീകരിക്കേണ്ടതിന്റെ തലേദിവസം, കലശലായ തലവേദന അനുഭവപ്പെട്ട പൗലോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തനിക്ക് കൂദാശ സ്വീകരിക്കാൻ സാധിക്കാത്തതിൽ അവൻ വല്ലാത്ത വിഷമത്തിലായി. ഞെട്ടലോടെയാണ് തന്റെ രോഗം എന്തെന്ന് അവൻ തിരിച്ചറിഞ്ഞത്. പൗലോയ്ക്ക് അനുഭവപ്പെട്ട കലശലായ തലവേദന വെറുമൊരു തലവേദനയല്ലായിരുന്നു. പൗലോയ്ക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് ഡോക്ടർമാർ സ്ഥീരീകരിച്ചു.

“ഞങ്ങൾ കത്തോലിക്കരാണ്. വേദനകൾക്കിടയിലും സ്ഥൈര്യലേപനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൗലോ എടുത്തിരുന്നു. അവൻ വളരെ ആഗ്രഹിച്ച കാര്യമായിരുന്നു അത്. ആശുപത്രിയിൽ വച്ച് ഒരു നേഴ്‌സുമായുള്ള സംഭാഷണത്തിൽ, എന്റെ മകന് സ്ഥൈര്യലേപനം സ്വീകരിക്കാൻ സാധിച്ചില്ലായെന്ന് പറഞ്ഞു. നേഴ്‌സ് ആ വിവരം ബിഷപ്പുമായി സംസാരിച്ചു. അദ്ദേഹം ആശുപത്രിയിൽ വരാൻ സമ്മതിക്കുകയും നവംബർ 22 -ന് സ്ഥൈര്യലേപനം പൗലോയ്ക്ക് നൽകുകയും ചെയ്തു” -പൗലോയുടെ അമ്മ മരിയ പറയുന്നു.

ദൈവാലയമായി മാറിയ ആശുപത്രി

ബിഷപ്പ് കാർലോസ് ജോസ് ഡി ഒലിവേര പൗലോയ്ക്ക് സ്ഥൈര്യലേപനം നൽകാനായി ആശുപത്രിയിലെത്തി. കുടുംബാംഗങ്ങളുടെയും ആശുപത്രി നടത്തുന്ന സന്യാസിനിമാരുടെയും സാന്നിധ്യത്തിലായിരുന്നു കൂദാശ സ്വീകരണം. ഇതെല്ലാവർക്കും മറക്കാനാവാത്ത ഒരു ദിവസമായിരുന്നു. കാരണം ആദ്യമായാണ് ദൈവാലയത്തിൽ മാത്രം നടക്കുന്ന ഒരു കൂദാശ സ്വീകരണ കർമ്മം ആശുപത്രി ചാപ്പലിൽ നടക്കുന്നത്.

“എന്റെ മകൻ സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചു. ബിഷപ്പ് അവന്റെ രോഗശാന്തിക്കായി പ്രാർത്ഥിച്ചു. വളരെ കരുതലോടെയാണ് ആശുപത്രിയിലെ സന്യാസിനിമാർ എല്ലാം ഒരുക്കിയത്. ഞങ്ങൾ എല്ലാവരും വളരെ സന്തുഷ്ടരായിരുന്നു. എന്റെ മകനോടുള്ള ആർദ്രതയ്ക്ക് ആശുപത്രി ജീവനക്കാർക്കും ബിഷപ്പിനും ഞാൻ നന്ദി പറയുന്നു” -മരിയ പറഞ്ഞു.

ട്യൂമർ കാരണം, പൗലോയ്ക്ക് ഇപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ബിഷപ്പിൽ നിന്നും സ്ഥൈര്യലേപനം സ്വീകരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൗമാരക്കാരൻ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.