“ദൈവമേ, എനിക്ക് അങ്ങയെ മാത്രം മതി”: വി. തോമസ് അക്വീനാസിന്റെ ജീവിതം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

ദൈവീക വെളിപ്പെടുത്തലുകളുടെ ആഴം അടുത്തറിഞ്ഞ വിജ്ഞാനിയായ വിശുദ്ധനാണ് വി. തോമസ് അക്വീനാസ്. “വിശുദ്ധരിൽ വിജ്ഞാനിയും, വിജ്ഞാനികളിലെ വിശുദ്ധനും” ആയ വി. തോമസ്, അറിവിന്റെ അക്ഷരങ്ങൾ കസേരയിലിരുന്ന് എഴുതുന്നതിനു മുൻപായി മണിക്കൂറുകളോളം മുട്ടുകുത്തി, കൈ വിരിച്ചുപിടിച്ച് പ്രാർത്ഥിച്ചിരുന്നു. മനുഷ്യരെല്ലാം ദൈവത്തെ അടുത്തറിയണമെന്നും സ്നേഹിക്കണമെന്നും ആരാധിക്കണമെന്നും ചിന്തിച്ചുകൊണ്ട് തന്റെ തൂലിക ചലിപ്പിച്ചപ്പോൾ തോമസിന്റെ രചനകളിലൂടെ, മനുഷ്യബുദ്ധിക്ക് അതുവരെ അപ്രാപ്യമായിരുന്ന പല സത്യങ്ങളും വിശദീകരിക്കപ്പെട്ടു. മാലാഖാമാർക്കു മാത്രം ദൃശ്യമായ രഹസ്യങ്ങൾ മനസിലാക്കിയവൻ എന്നതിനേക്കാൾ ഒരു മാലാഖയുടെ നൈർമ്മല്യത്തോടെ ജീവിച്ചവൻ എന്ന നിലയിലാണ് ‘ദേവദൂതപാരംഗതൻ’ (Angelic Doctor) എന്ന് പിയൂസ് അഞ്ചാമൻ മാർപാപ്പ തോമസ് അക്വീനാസിനെ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വേളയിൽ വിളിച്ചത്.

ഈ വിശുദ്ധന്റെ ജീവിത നൈർമ്മല്യവും ഉത്കൃഷ്‌ടമായ ധിഷണാവൈഭവവും നൂറ്റാണ്ടുകളായി സഭയെ പ്രചോദിപ്പിക്കുന്നു. ഇന്നും പല ദൈവശാസ്ത്ര വിഷയങ്ങളിലും തോമസ് അക്വീനാസ് പറഞ്ഞതിനേക്കാൾ കൂടുതലായി എഴുതാൻ ദൈവശാസ്ത്രജ്ഞർക്ക് സാധിക്കുന്നില്ല. വലിയ അറിവിന്റെ നിറവായ ഈ പുണ്യവാൻ മനുഷ്യജീവിതത്തിന് അനിവാര്യമായ ആനന്ദത്തിന്, ആത്മീയതയിൽ അഭയം പ്രാപിക്കുക എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞു. ഭൗതികാസക്തികളിൽ മാത്രം ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്ന ജീവിതങ്ങൾക്ക് നിത്യാനന്ദകമായ ജീവിതത്തിലേക്കുള്ള അക്വീനാസിന്റെ വഴികാട്ടൽ വലിയ വെല്ലുവിളി സമ്മാനിക്കുന്നു. വിശുദ്ധയാകാൻ എന്തു ചെയ്യണമെന്ന് തോമസിനോട് ആരാഞ്ഞ സ്വന്തം സഹോദരിക്കു കൊടുത്ത ഉത്തരം വളരെ ലളിതമായിരുന്നു – ‘ആഗ്രഹിക്കുക.’

വി. തോമസ് അക്വീനാസിനെ അടുത്തറിയുന്നത് ദൈവത്തെയും സഭയെയും അടുത്തറിയുന്നതിന് നമ്മെ സഹായിക്കും.

ജനനം, ബാല്യകാലം

ഇറ്റലിയിലെ അക്വീനോ എന്ന പട്ടണത്തിനടുത്തുള്ള റൊക്കസേക്ക കൊട്ടാരത്തിലാണ് എ.ഡി. 1225 -ൽ തോമസ് അക്വീനാസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലാൻഡൂൾഫ് പ്രഭു, ഫ്രെഡറിക്ക് രണ്ടാമൻ ചക്രവർത്തിയുടെ ബന്ധുവും പട്ടാളത്തിൽ പ്രത്യേക പദവികൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥനും ആയിരുന്നു. തോമസിന്റെ അമ്മ തെയദോറ, നേപ്പിൾസിലെ കരച്ചിയോളോ പ്രഭുകുടുംബാംഗം ആയിരുന്നു. തോമസിനെ കൂടാതെ എയ്‌മോ, റൊണാൾഡ്‌, ലാൻഡോൾഫ് എന്നീ ആൺമക്കളും മറോത്ത, തെയദോറ, മേരി എന്നീ പെൺമക്കളും ഇവർക്ക് ഉണ്ടായിരുന്നു.

തോമസിന്റെ ഒരു സഹോദരി ചെറുപ്പമായിരുന്നപ്പോൾ, ഉറങ്ങിക്കിടക്കുന്ന സമയത്ത് ഇടിമിന്നലേറ്റ് മരിക്കുന്നു. ആ സഹോദരിയുടെ സമീപത്ത് തോമസും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും തന്നെ സംഭവിച്ചില്ല.

മഹാനായ ഗ്രിഗറി മാർപാപ്പയും ഫ്രാൻസിലെ രാജാവായിരുന്ന വി. ലൂയിയും കാസ്റ്റിലേയിലെ രാജാവായിരുന്ന വി. ഫെർഡിനാന്റും തോമസ് അക്വീനാസിന്റെ കുടുംബവുമായി ബന്ധമുള്ളവരായിരുന്നു. തോമസ് കൊച്ചുകുട്ടി ആയിരിക്കുന്ന കാലത്ത് അവരുടെ ഭവനം സന്ദർശിച്ച ബോനുസ് എന്ന സന്യാസി, വലിയ വിശുദ്ധിയും വിജ്ഞാനവും കൈവരിക്കുമെന്നതിന്റെ അടയാളങ്ങൾ തോമസിന്റെ മുഖത്ത് ഇപ്പോഴേ ദർശിക്കാൻ സാധിക്കുമെന്ന് തെയദോറയോട് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

വിദ്യാഭ്യാസം

തോമസിന് അഞ്ച് വയസുള്ളപ്പോൾ വീട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത മോണ്ടെ കസിനോയിലെ ബെനഡിക്ടീൻ സ്‌കൂളിൽ അദ്ദേഹത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തു. എപ്പോഴും കൈയ്യിൽ പുസ്തകവുമായി നടക്കുന്നതും ധാരാളം സമയം പള്ളിയിൽ ചിലവഴിക്കുന്നതുമായ കുട്ടിയെ അവിടുത്തെ സന്യാസികൾ ശ്രദ്ധിച്ചിരുന്നു. ഒരു കുട്ടിയായിരിക്കുമ്പോഴും പഠനത്തിൽ ബുദ്ധിമുട്ടനുഭവിച്ച തന്റെ കൂട്ടുകാരെ സഹായിക്കുന്നതിന് അവൻ സമയം കണ്ടെത്തിയിരുന്നു.

ഒരിക്കൽ മറ്റു കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ തനിച്ചിരുന്ന തോമസിന്റെ അടുത്തെത്തി അവരുടെ ചുമതല ഉണ്ടായിരുന്ന സന്യാസി, അവൻ എന്താണ് ഇത്ര ഗഹനമായി ചിന്തിക്കുന്നതെന്ന് ആരാഞ്ഞു. അതിന് മറുപടിയായി അവൻ ഒരു ചോദ്യമാണ് ചോദിച്ചത്: “മാസ്റ്റർ, എന്നോട് പറയൂ, ആരാണീ ദൈവം?” മിക്കപ്പോഴും മറ്റുള്ളവരോട് തോമസ് ചോദിച്ചിരുന്ന ഇക്കാര്യം ഈ ചെറുപ്രായത്തിൽ തന്നെ അവന്റെ ചിന്ത ദൈവത്തെയും ദൈവീക കാര്യങ്ങളെയും കുറിച്ചായിരുന്നു എന്നതിന്റെ വലിയ തെളിവാണ്.

തോമസിന്റെ സഹോദരങ്ങൾ കുടുംബപെരുമ സംരക്ഷിക്കുന്നതിനായി പിതാവിനെപ്പോലെ സൈനിക ഉദ്യോഗസ്ഥർ ആയപ്പോൾ തോമസ് അന്നത്തെ അറിയപ്പെടുന്ന സന്യാസികളായ ബെനഡിക്ടീൻ സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് വരണമെന്ന ആഗ്രഹത്തിലാണ് ഈ ആശ്രമത്തിലേക്ക് പഠനാർത്ഥം വരുന്നത്. മോണ്ടെ കസ്സിനോയിലെ വിദ്യാഭ്യാസത്തിനു ശേഷം പത്താമത്തെ വയസിൽ നേപ്പിൾസിലെ ബെനഡിക്ടീൻ പാഠശാലയിൽ ഉപരിപഠനത്തിനായി തോമസിനെ അയച്ചു. പിന്നീട് തോമസിന്റെ മൂത്ത സഹോദരി ബെനഡിക്ടീൻ സന്യാസിനീ സമൂഹത്തിന്റെ മഠാദ്ധ്യക്ഷ ആവുകയും ചെയ്തു.

ആശ്രമപ്രവേശനം, വീട്ടുതടങ്കൽ, വിശുദ്ധിയുടെ കവചം 

നേപ്പിൾസിലെ പഠനകാലയളവിൽ പത്തൊൻപതാമത്തെ വയസിൽ അക്വീനാസ് അവിടുത്തെ ഡൊമിനിക്കൻ സന്യാസാശ്രമത്തിൽ ചേർന്നു. എന്നാൽ അക്കാലത്തെ ഏറ്റം പുകഴ്പെറ്റ ബെനഡിക്ടീൻ ആശ്രമത്തിൽ ചേരാതെ അടുത്ത കാലത്ത് ആരംഭിച്ച ഡൊമിനിക്കൻ ആശ്രമത്തിൽ ചേർന്നത് വീട്ടുകാരുടെ എതിർപ്പിന് കാരണമായി. അമ്മ തെയഡോറയുടെ ഇടപെടലുകൾ ഭയന്ന് ഡൊമിനിക്കൻ സന്യാസികൾ തോമസിനെ പാരിസിലേക്കു മാറ്റുന്നതിനായി റോമിലേക്കു കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ അദ്ദേഹത്തിന്റെ സഹോദരങ്ങൾ തോമസിനെ അനുധാവനം ചെയ്ത്  മാതാപിതാക്കളുടെ അടുത്തേക്ക് അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി.

സഹോദരങ്ങൾ വീട്ടിലെത്തിച്ച തോമസിനെ ഡൊമിനിക്കൻ ബാന്ധവം ഉപേക്ഷിക്കുന്നതുവരെ വീട്ടുതടങ്കലിലാക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. തങ്ങളുടെ കുടുംബകൊട്ടാരത്തിൽ ഒരു വർഷത്തോളം ഒളിവിൽ പാർപ്പിച്ചെങ്കിലും തോമസിന്റെ മനോഭാവത്തിന് മാറ്റമൊന്നും സംഭവിച്ചില്ല. ഈ സമയത്ത് മാർപാപ്പക്കു പോലും ഇടപെടാൻ സാധിക്കാത്തവിധം ശക്തമായ സ്വാധീനമുണ്ടായിരുന്ന കുടുംബമായിരുന്നു ഇവരുടേത്.

തന്റെ സഹോദരിമാരെ പഠിപ്പിച്ചും ഡൊമിനിക്കൻ സന്യാസികളുമായി രഹസ്യമായി സമ്പർക്കം പുലർത്തിയും നിരന്തരം പ്രാർത്ഥിച്ചും തോമസ് തന്റെ സമയം ചിലവഴിച്ചു. തങ്ങളുടെ പ്രവൃത്തികൾക്ക് തോമസിന്റെ തീരുമാനത്തിന്റെമേൽ യാതൊരു സ്വാധീനവും ചെലുത്താൻ സാധിക്കുന്നില്ല എന്നു തിരിച്ചറിഞ്ഞ സഹോദരന്മാർ കുത്സിതബുദ്ധിയോടെ പ്രവർത്തിക്കുന്നു. ഒരു വേശ്യയെ വാടകക്കെടുത്ത് തോമസിന്റെ മുറിയിലേക്ക് അയച്ചു. എന്നാൽ തന്റെ മുറി ചൂടാക്കാൻ ഉപയോഗിക്കുന്ന അടുപ്പിൽ നിന്നും കത്തുന്ന ഒരു വിറകുകൊള്ളിയുമായി തോമസ് ആ സ്ത്രീയെ നേരിട്ടു. ആ സ്ത്രീ ഭയന്ന് അവിടെ നിന്നും ഓടിപ്പോയി. അതിനു ശേഷം തോമസ് ആ വിറക് കത്തിച്ച് അതിന്റെ കരി കൊണ്ട് വീടിന്റെ ഭിത്തിയിൽ ഒരു വലിയ കുരിശടയാളം വരച്ചുവച്ചു. ഈ പ്രലോഭനത്തിൽ നിന്നും തന്നെ വിമോചിപ്പിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥിച്ച തോമസ് ഒരു അതീന്ദ്രിയ ആത്മീയനിർവൃതിയിലേക്ക് വീഴുകയും അതിനെ തുടർന്നുണ്ടായ മയക്കത്തിൽ രണ്ട് മാലാഖമാർ തോമസിന് പ്രത്യക്ഷപ്പെട്ട് പരിശുദ്ധിയുടെ കവചം നൽകിക്കൊണ്ട് ഇപ്രകാരം പറഞ്ഞതായും രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവത്തിന്റെ കല്പനയനുസരിച്ച് നിന്നെ ജാഗ്രതയോടെ ബ്രഹ്മചര്യത്തിന്റെ പരിശുദ്ധിയിൽ ആവരണം ചെയ്യുന്നു. ഇനി മുതൽ പ്രലോഭകൻ നിന്നെ അപകടത്തിലേക്ക് നയിക്കില്ല. മനുഷ്യശക്തിക്ക് അസാധ്യമായത് ദൈവീക കൃപയാൽ നിനക്ക് സാധ്യമായിരിക്കുന്നു.”

മകന്റെ മനസ് മാറ്റുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ തെയദോറ, കുടുംബത്തിന്റെ സൽപ്പേര് സംരക്ഷിക്കുന്നതിനായി രാത്രിയിൽ, തോമസ് താമസിച്ചിരുന്ന വീടിന്റെ ജനലിൽ കൂടി രക്ഷപെടുന്നതിന് തോമസിനെ അനുവദിച്ചു. ഡൊമിനിക്കൻ സന്യാസി ആകുന്നതിന് അനുവദിക്കുന്നതിനേക്കാൾ അവൻ ഒളിച്ചോടിപ്പോയി എന്ന് പറയുന്നത് അഭിമാനകരമെന്ന് അവർ പറഞ്ഞു. അങ്ങനെ തോമസ് അവിടെ നിന്നും രക്ഷപെട്ട്  നേപ്പിൾസിലും പിന്നീട് റോമിലെ ഡൊമിനിക്കൻ ആശ്രമത്തിലും എത്തി.

‘ഊമയായ ഋഷഭം’

തോമസിന്റെ അസാധാരണ ബുദ്ധിവൈഭവം തിരിച്ചറിഞ്ഞ ഡൊമിനിക്കൻ അധികാരികൾ അദ്ദേഹത്തെ ഉപരിപഠനത്തിനായി പാരീസ് സർവ്വകലാശാലയിലേക്ക് എ.ഡി. 1245 -ൽ അയച്ചു. ഇവിടുത്തെ പഠനകാലയളവിൽ മഹാനായ വി. ആൽബർട്ടിനെ കണ്ടെത്തിയത് തോമസിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന് കാരണമായി. ആൽബർട്ട് പാരീസിൽ നിന്നും ജർമ്മനിയിലെ കൊളോണിലേക്ക് അധ്യാപനത്തിനായി പോകുമ്പോൾ തോമസിനെയും തന്റെ കൂടെ വരാൻ നിർബന്ധിച്ചു. ഈ സമയത്താണ് മോണ്ടെ കസ്സിനോ ആശ്രമത്തിന്റെ അധിപനായി തോമസിനെ നിയമിക്കാൻ ആഗ്രഹിക്കുന്നു എന്ന ഇന്നസെന്റ് നാലാമൻ മാർപാപ്പയുടെ സന്ദേശം അദ്ദേഹത്തിന് ലഭിച്ചത്. ഒരു ഡൊമിനിക്കൻ സന്യാസിയായ തന്നെ ബെനഡിക്ടീൻ ആശ്രമത്തിന്റെ അധിപനാക്കുന്നത് അനുചിതമാണെന്ന് പറഞ്ഞുകൊണ്ട് ഈ വാഗ്ദാനം തോമസ് നിരസിച്ചു.

കൊളോണിൽ തന്റെ പരിശീലനത്തിലുള്ള വിദ്യാർത്ഥികളുടെ ചുമതലക്കാരനായി തോമസിനെ ആൽബർട്ട് നിയമിച്ചു. തോമസ് വലിയ ശാന്തനും മിതഭാഷിയും എല്ലാം സാവധാനം കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്രകൃതക്കാരനുമായിരുന്നു. എപ്പോഴും ചിന്തയിൽ മുഴുകിക്കഴിഞ്ഞിരുന്ന തടിയനായ തങ്ങളുടെ സഹപാഠിയെ കൂട്ടുകാർ കളിയാക്കി വിളിച്ചിരുന്ന പേരാണ് ‘ഊമയായ ഋഷഭം.’

അങ്ങനെയിരിക്കുമ്പോൾ ഇദ്ദേഹത്തോട് സഹാനുഭൂതി തോന്നിയ മറ്റൊരു സഹപാഠി തോമസിനെ പഠനത്തിൽ സഹായിക്കാമെന്നേറ്റു. എന്നാൽ തോമസിന്റെ ബൗദ്ധികനിലവാരം താൻ മനസിലാക്കിയതുപോലെയല്ല എന്ന് തിരിച്ചറിഞ്ഞ ആ സുഹൃത്ത് ക്ഷമാപണത്തോടെ തന്റെ മാർഗ്ഗദർശിയായി തോമസ് വർത്തിക്കണമെന്ന അപേക്ഷയോടെ പിൻവാങ്ങി.

പിന്നീട് ഒരു പൊതുസംവാദ വേദിയിൽ തോമസ് മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് കേൾക്കാനിടയായ വി. ആൽബർട്ട്, ഒരു പ്രവചനം പോലെ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ തോമസിനെ മൗനിയായ കാള എന്നു വിളിക്കുന്നു. എന്നാൽ അവന്റെ പ്രബോധനങ്ങൾ ലോകം മുഴുവൻ മുഴങ്ങിക്കേൾക്കുന്ന ദിവസങ്ങൾ സമാഗതമാകും.” ഈ പ്രവചനം അദ്ദേഹത്തിന്റെ കാലത്തു തന്നെ നിറവേറി എന്നാണ് ഈ വിശുദ്ധന്റെ ജീവചരിത്രം നമ്മോട് പറയുന്നത്.

പഠനം, അധ്യാപനം, രചനാജീവിതം

വി. ആൽബർട്ടിന്റെ നിർദ്ദേശമനുസരിച്ച് എ.ഡി. 1252 -ൽ കൊളോണിൽ നിന്നും തോമസിനെ വീണ്ടും പാരീസിലേക്ക് ഉപരിപഠനാർത്ഥം അയക്കുന്നു. ഇവിടെ പഠനത്തോടൊപ്പം അധ്യാപനത്തിനും തോമസ് സമയം കണ്ടെത്തി. പാരീസിലെ പഠനം പൂർത്തിയായ ഉടൻ തോമസ് നേപ്പിൾസിൽ തിരികെയെത്തി. അവിടുത്തെ ആശ്രമത്തിലെ പ്രസംഗകനായി എ.ഡി. 1260 -ൽ അദ്ദേഹം നിയമിതനായി.

ഒരു വർഷം ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ഇറ്റലിയിലെ ഒർവിയേത്തോയിൽ ഡൊമിനിക്കൻ സന്യാസിമാരുടെ അജപാലന പരിശീലന ചുമതല ഏറ്റെടുത്തു. ഇക്കാലയളവിലാണ് അദ്ദേഹം തന്റെ ‘സുമ്മ കോൺട്രാ ജന്റൈൽസ്’ എന്ന ഗ്രന്ഥം പൂർത്തിയാക്കുന്നത്. പീറ്റർ ലൊംബാർഡിന്റെ ‘സെന്റൻസസ്സ്‌’ എന്ന ഗ്രന്ഥസമാഹാരത്തിന് ഒരു ആധികാരിക ഭാഷ്യം പാരീസിൽ വച്ച് തോമസ് എഴുതി. കൂടാതെ, ‘സത്യത്തെ സംബന്ധിക്കുന്ന’ എന്ന ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചു. ഇക്കാലഘട്ടത്തിൽ ഡൊമിക്കൻ സന്യാസ സമൂഹം പോലുള്ള പരിവ്രാജക സമൂഹങ്ങളിലെ (mendicant orders) പ്രൊഫസർമാറോട് പാഠശാലകളിൽ വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. അതിനെ പ്രതിരോധിക്കുന്നതിനായി തോമസ് ഒരു ലേഖനവും എഴുതി പ്രസിദ്ധീകരിച്ചു.

എ.ഡി. 1265 -ൽ ക്ലമന്റ് നാലാമൻ മാർപാപ്പ തോമസിനെ റോമിലേക്ക് വിളിപ്പിച്ച്  തന്റെ ദൈവശാസ്ത്രജ്ഞനായി നിയമിച്ചു. ഈ ജോലിയോടൊപ്പം റോമിലെ ഡൊമിനിക്കൻ സന്യാസികളുടെ സാന്താ സബീന സ്‌കൂളിൽ തോമസ് അധ്യാപനവും ആരംഭിച്ചു. ഇക്കാലയളവിലാണ് തോമസിന്റെ ഏറ്റവും പ്രശസ്ത കൃതിയായ ‘സുമ്മ തിയളോജിയ’യുടെ രചനയും ആരംഭിക്കുന്നത്. ഇന്ന് ഇത് ദൈവശാസ്ത്ര-തത്വശാസ്ത്ര പഠനങ്ങളിൽ വളരെ ഗഹനമായ അർത്ഥങ്ങളുള്ള ഒരു ഗ്രന്ഥമായി കരുതപ്പെടുന്നെങ്കിലും തോമസ് ഇത് എഴുതിയത് ദൈവശാസ്ത്ര പഠനം ആരംഭിക്കുന്നർക്ക് പ്രാഥമിക അറിവ് നൽകുക എന്ന ലക്ഷ്യം വച്ചുകൊണ്ടായിരുന്നു.

ഈ ഗ്രന്ഥരചനയുടെ ഉദ്ദേശത്തെക്കുറിച്ച് തോമസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഒരു കത്തോലിക്കാ പ്രബോധകൻ വിജ്ഞാനികളെ മാത്രമല്ല, തുടക്കക്കാരെയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പസ്തോലൻ കൊരിന്ത്യർക്കെഴുതിയ ലേഖനത്തിൽ (1 കൊരി. 3:1–2) പറയുന്നതുപോലെ, ക്രിസ്തുവിൽ ശിശുക്കളായിരിക്കുന്ന നിങ്ങൾക്ക് ഞാൻ പാലാണ് കുടിക്കാൻ തരുന്നത്; മാംസമല്ല. ഈ പുസ്തകത്തിന്റെ ഉദ്ദേശം ക്രിസ്തീയമതത്തെക്കുറിച്ചുള്ള കാര്യങ്ങൾ ദൈവശാസ്ത്രപഠനം ആരംഭിക്കുന്നവർക്ക് മനസിലാക്കിക്കൊടുക്കുക എന്നതാണ്.”

ഇന്നത്തെ ദൈവശാസ്ത്ര-തത്വശാസ്ത്ര വിദ്യാർത്ഥികൾ പോലും വളരെയധികം ശ്രദ്ധ ചെലുത്തി ആയാസപ്പെട്ട് ഗ്രഹിച്ചെടുക്കാൻ ശ്രമിക്കുന്ന വിശിഷ്‌ട കൃതിയാണ് ദൈവശാസ്ത്രത്തിന് ഒരു ആമുഖം എന്ന രീതിയിൽ വി. അക്വീനാസ് എഴുതിയിരിക്കുന്നത്.

ഗവേഷണപഠനം

അധികാരികൾ തോമസിനെ ഗവേഷണപഠനത്തിനായി പാരീസിലേക്ക് അയച്ചപ്പോൾ, ഈ പഠനം തന്നെ അഹങ്കാരിയാക്കുമെന്നു മാത്രമല്ല, താൻ ഇത്രയും ഉന്നതമായ പഠനങ്ങൾ നടത്താൻ യോഗ്യനല്ല എന്ന ചിന്തയും തോമസിന്റെ മനസിൽ കയറിക്കൂടിയിരുന്നു. ഇക്കാലയളവിലെ അദ്ദേഹത്തിന്റെ ക്ലാസുകളിൽ സംബന്ധിക്കുന്നതിന് ധാരാളം വിദ്യാർത്ഥികളും സർവ്വകലാശാല അധ്യാപകരും എത്തിയിരുന്നു. ഡോക്ടറൽ പഠനത്തിന് പ്രായമായിരുന്നില്ലെങ്കിലും തോമസിന്റെ പ്രത്യേക കഴിവുകൾ പരിഗണിച്ച് സർവ്വകലാശാല അദ്ദേഹത്തിന് ഇളവുകൾ അനുവദിച്ചു. എന്നാൽ ഇതിനെതിരെ സന്യാസ സമൂഹങ്ങളോട് വലിയ ശത്രുത വച്ചുപുലർത്തിയിരുന്ന സെക്കുലർ ബുദ്ധിജീവികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അവരുടെ പരിശ്രമങ്ങൾ പരാജയപ്പെട്ടു. അങ്ങനെ 1257 ഒക്ടോബർ 23 -ന് വി. തോമസ് അക്വീനാസും അദ്ദേഹത്തിന്റെ സഹപാഠിയും പിന്നീട് സഭയിലെ വേദപാരംഗതനുമായിത്തീർന്ന വി. ബൊനവഞ്ചറും പാരീസ് സർവ്വകലാശാലയിൽ നിന്നും ഉന്നത ഗവേഷണബിരുദം സമ്പാദിച്ചു.

പാരീസ് സർവ്വകലാശാലയിലെ അധ്യാപന കാലയളവിൽ വിശുദ്ധ കുർബാനയെ സംബന്ധിച്ച് അധ്യാപകരുടെ ഇടയിൽ ഒരു വലിയ വിവാദം ഉടലെടുത്തു. തോമസ്, സഭയുടെ നിലപാടുകൾ കൃത്യമായി വിവരിക്കുന്നതിന് ഒരു ലേഖനം എഴുതി. അത് പൂർത്തിയാക്കിയതിനു ശേഷം അൾത്താരയുടെ മുകളിലുള്ള ക്രൂശിതരൂപത്തിന്റെ കാൽക്കൽ സമർപ്പിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു: “കർത്താവായ യേശുവേ, നീ സത്യമായും ഈ കൂദാശയിൽ സന്നിഹിതനാണെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ എഴുതിയതൊക്കെ സത്യമാണെങ്കിൽ ഇതുമായി മുന്നോട്ടു പോകാൻ എന്നെ അനുവദിക്കുക. അല്ലായെങ്കിൽ അവിടുന്ന് തന്നെ ഞാൻ ഇതുമായി മുന്നോട്ട് പോവാതിരിക്കാനായി ഇടപെടുക.” തോമസിന് ഇവിടെ വച്ച് അതീന്ദ്രിയ ആനന്ദം അനുഭവപ്പെടുകയും അവിടെയുണ്ടായിരുന്നവർ ഇതിന് സാക്ഷികളാവുകയും ചെയ്തു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

എ.ഡി. 1259 -ൽ വി. ആൽബെർട്ടും വി. തോമസും ഡൊമിനിക്കൻ സമൂഹത്തിലെ സന്യാസികളുടെ പരിശീലന വിഷയങ്ങൾ ക്രമീകരിക്കാനായി നിയോഗിക്കപ്പെട്ടു. ഒരു വർഷത്തിനു ശേഷം കത്തോലിക്കാ സ്‌കൂളുകളുടെ പരിശീലന പരിപാടി തയ്യാറാക്കുന്നതിനായി തോമസിനെ മാർപാപ്പ റോമിലേക്ക് വിളിപ്പിച്ചു. പാശ്ചാത്യസഭയിൽ ഇത് വലിയൊരു ബൗദ്ധിക നവോത്ഥാനത്തിന് വഴിതെളിക്കുകയും ചെയ്തു. എ.ഡി. 1271 -ൽ അദ്ദേഹം റോമിൽ വരികയും അവിടെ അധ്യാപനം ആരംഭിക്കുകയും ചെയ്തു. ആ വർഷത്തെ വിശുദ്ധവാരത്തിൽ വി. പത്രോസിന്റെ ബസിലിക്കയിൽ പ്രസംഗിക്കാനായി തോമസ് നിയോഗിതനായി. ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തിന്റെ വികാരനിർഭരമായ പ്രസംഗം കെട്ടവരെല്ലാം കരച്ചിലടക്കാൻ പാടുപെട്ടുവെന്നും അത് ഉയിർപ്പ് തിരുനാൾ ദിവസം വലിയ സന്തോഷത്തിന് വഴിമാറുകയും ചെയ്തുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രോസിന്റെ ബസിലിക്കയിലെ പ്രസംഗപീഠത്തിൽ നിന്നും ഇറങ്ങിവന്നപ്പോൾ ഒരു പാവപ്പെട്ട രോഗിയായ സ്ത്രീ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ സ്പർശിച്ച് സുഖം പ്രാപിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

വിശുദ്ധ കുർബാനയുടെ തിരുനാൾ

പാശ്ചാത്യസഭയിലെ പ്രധാനപ്പെട്ട തിരുനാളുകളിലൊന്നാണ് ‘കോർപ്പസ് ക്രിസ്റ്റി.’ വിശുദ്ധ കുർബാനയും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഇതോടൊപ്പം നടത്തുന്നു. ഈ തിരുന്നാൾ ആഗോളസഭയിൽ ആഘോഷിക്കപ്പെടുന്നതിന്റെ പിന്നിലുള്ള പ്രേരകശക്തി വി. തോമസ് അക്വീനാസാണ്. ഉർബൻ നാലാമൻ മാർപാപ്പയുടെ നിർദ്ദേശാനുസരണം തോമസ് ഈ തിരുനാളിനു വേണ്ടി ഗീതങ്ങളും പ്രാർത്ഥനയും എഴുതി തയ്യാറാക്കി. അന്നു മുതൽ ഇന്നു വരെ ഈ തിരുനാളിനു മാത്രമല്ല, വിശുദ്ധ കുർബാന എഴുന്നള്ളിച്ചുകൊണ്ടുള്ള ആരാധനക്കും എല്ലാ ഭാഷകളിലും ഉപേയാഗിക്കപ്പെടുന്ന ഗീതങ്ങളാണ് അവയിൽ മിക്കവയും. ഈ ഗീതങ്ങൾ ചിട്ടപ്പെടുത്തി മാർപാപ്പക്ക് നല്കിക്കഴിഞ്ഞപ്പോൾ മാർപാപ്പ വളരെയധികം സന്തുഷ്ടനായി. ഇതിന്റെ പ്രതിഫലമെന്നോണം തോമസിനെ ഒരു ബിഷപ്പ് ആക്കുന്നതിനായി മാർപാപ്പ ആഗ്രഹിച്ചു (ചില ഗ്രന്ഥങ്ങളിൽ കർദ്ദിനാൾ എന്നും പറഞ്ഞിരിക്കുന്നു). എന്നാൽ തോമസ് സ്നേഹപൂർവ്വം മാർപാപ്പയുടെ ഈ വാഗ്ദാനം നിരസിക്കുകയും അതിനു പകരമായി മറ്റൊരു ഇഷ്ടം നടത്തിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഗോളസഭയിൽ മുഴുവൻ ആഘോഷിക്കപ്പെടുന്ന തിരുനാളായി പ്രഖ്യാപിക്കണം എന്നതായിരുന്നു. അങ്ങനെ ജർമ്മനിയിലും യൂറോപ്പിലെ ചുരുക്കം ചില പ്രദേശങ്ങളിലും കൊണ്ടാടിയിരുന്ന ഈ തിരുനാൾ ആഗോള കത്തോലിക്കാ സഭയിലെ തിരുനാളായി മാറി. ഇന്ന് പാശ്ചാത്യസഭയിൽ വളരെയധികം ആഘോഷിക്കപ്പെടുന്ന അർത്ഥവത്തായ ഒരു തിരുനാളാണ് ഇത്.

ദൈവദർശനങ്ങൾ

ആശ്രമത്തിലെ അതിരാവിലെയുള്ള പ്രാർത്ഥനക്ക് എല്ലാവരും എത്തുന്നതിനു മുൻപ് തോമസ് പള്ളിയിലെത്തി കുരിശുരൂപത്തിൻ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു. അതുപോലെ തന്നെ വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം ദൈവത്തിന് നന്ദി പറയുന്നതിനായി മറ്റുള്ള വൈദികർ അർപ്പിക്കുന്ന കുർബാനയിലും തോമസ് അക്വീനാസ് സംബന്ധിച്ചിരുന്നു.

അതിരാവിലെ പള്ളിയിലെത്തിയ നേപ്പിൾസിലെ ആശ്രമദേവാലയത്തിലെ സാക്രിസ്റ്റൻ ഒരിക്കൽ അത്ഭുതകരമായ ഒരു സംഭാഷണത്തിന് സാക്ഷിയായതിനെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. “തോമസ്, നീ എന്നെക്കുറിച്ച്  ധാരാളം എഴുതിയിരിക്കുന്നു. നിന്റെ അദ്ധ്വാനത്തിന് എന്ത് പ്രതിഫലമാണ് നിനക്ക് വേണ്ടത്?” ഒരിക്കൽ കത്താവ് തോമസിനോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം ഇപ്രകാരമായിരുന്നു: “അങ്ങയെ മാത്രം, മറ്റൊന്നും എനിക്ക് ആവശ്യമില്ല.”

അതുപോലെ 1273 ഡിസംബർ 6 -ന് വിശുദ്ധ ബലിയർപ്പിക്കുമ്പോൾ തോമസിന് വലിയൊരു ദൈവാനുഭവം ഉണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹം ‘സുമ്മ തിയളോജിയ’യുടെ മൂന്നാം ഭാഗം എഴുതിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് എഴുത്ത് അവസാനിപ്പിച്ചു. തോമസിന്റെ അടുത്ത സുഹൃത്തായിരുന്ന റെജിനോൾഡ് ഇതിന്റെ കാരണം അന്വേഷിച്ചു. അവസാനം നിർബന്ധത്തിനു വഴങ്ങി തോമസ് അദ്ദേഹത്തോട് കാരണം വെളിപ്പെടുത്തി: “എനിക്ക് ദൈവം വെളിപ്പെടുത്തിത്തന്ന രഹസ്യങ്ങളോട് തുലനം ചെയ്യുമ്പോൾ ഞാൻ ഇതുവരെ എഴുതിയതെല്ലാം വയ്ക്കോല്‍ തുല്യമാണ്.” അതുകൊണ്ട് തോമസിന്റെ ഏറ്റം പ്രസിദ്ധമായ ഗ്രന്ഥം അദ്ദേഹം പൂർത്തിയാക്കാതെ അവസാനിപ്പിച്ചിരിക്കുന്നു.

ദൈവത്തിന്റെ ഈ വെളിപ്പെടുത്തൽ ദൈവത്തെക്കുറിച്ചും അവിടുത്തെ സൃഷ്ടിയെക്കുറിച്ചും വിവരിക്കാൻ തന്റെ വാക്കുകൾക്കാവില്ല എന്ന വലിയ തിരിച്ചറിവ് തോമസിനു നൽകി. ഒരുപക്ഷേ, തന്റെ ഭൗമീകജീവിതത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന ബോധ്യവും തോമസിന് ഇത്തരുണത്തിൽ ലഭിച്ചിരുന്നിരിക്കണം.

സമ്പൂർണ്ണ സമർപ്പണം

താൻ ഏറ്റെടുത്ത ദൗത്യത്തിനു വേണ്ടി സമ്പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു വി. തോമസ് അക്വീനാസിന്റേത്. അക്കാരണത്താൽ തന്നെ ചിലപ്പോഴൊക്കെ വലിയ രസകരമായ സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.

ഒരിക്കൽ തോമസ് അക്വീനാസും പാരീസിലെ വി. ജെയിംസ് ഡൊമിനിക്കൻ ആശ്രമാധിപനും വി. ലൂയി ഒൻപതാമൻ രാജാവിന്റെ കൊട്ടാരത്തിൽ വിരുന്നിനായി ക്ഷണിക്കപ്പെട്ടു. എല്ലാവരും ആഘോഷമായി സദ്യയുണ്ണുന്ന സമയത്ത് തോമസ് ഭക്ഷണമേശയിൽ അടിച്ചുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ഈ ഉത്തരം മനിക്കേയൻ പ്രശ്നം നിത്യമായി പരിഹരിക്കും!” അവിടെ സന്നിഹിതരായ വിശിഷ്ടാഥികൾ ആശ്ചര്യത്തോടെയും തോമസിനെ കൊണ്ടുപോയ ആശ്രമാധിപൻ സംഭ്രമത്തോടെയും ഇരുന്നപ്പോൾ രാജാവ് ശാന്തനായി തന്റെ സഹായികളോട് തോമസ് പറയുന്നതത്രയും രേഖപ്പെടുത്താനായി ആവശ്യപ്പെട്ടു. തന്റെ മുൻപിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയേക്കാൾ തോമസിന്റെ മനസിലുണ്ടായിരുന്നത് ദൈവമഹത്വത്തിനുതകുന്ന ആശയങ്ങളുടെ ക്രോഢീകരണമായിരുന്നു.

ഒരിക്കൽ തോമസ് ബൊളോഞ്ഞയിലെ ഡൊമിനിക്കൻ ആശ്രമത്തിൽ സന്ദർശകനായെത്തി. അവിടെയുള്ള ചെറുപ്പക്കാരനായ ഒരു സന്യാസി ആശ്രമാധിപനോട് നഗരത്തിലേക്ക് പോകുന്നതിന് അനുവാദവും കൂടെപ്പോകാൻ മറ്റൊരു സന്യാസിയുടെ കൂട്ടും ആവശ്യപ്പെട്ടു. ആശ്രമാധിപൻ അനുവാദം കൊടുത്തുകൊണ്ട്, ആദ്യം കാണുന്ന സന്യാസിയെ കൂട്ടിക്കൊണ്ടു പൊയ്‌ക്കൊള്ളാൻ  പറഞ്ഞു. ഈ സമയത്ത് അവിടെയെത്തിയ തോമസിനെ കണ്ട സന്യാസി അദ്ദേഹത്തെ അറിയില്ലെങ്കിലും തന്റെ കൂടെ വരുന്നതിന് ആശ്രമാധിപൻ പറഞ്ഞിട്ടുണ്ട് എന്ന് അറിയിച്ചു. യാതൊരു ശങ്കയും പ്രകടിപ്പിക്കാതെ തോമസ് അദ്ദേഹത്തിന്റെ കൂടെ യാത്രയായി. എന്നാൽ ചെറുപ്പക്കാരനായ സന്യാസിയുടെ കൂടെ നടക്കുന്നതിന് നല്ല തടിയനായ തോമസിന് പ്രയാസമുണ്ടായിരുന്നു. തിരികെ ആശ്രമത്തിലെത്തിയപ്പോൾ താൻ സഹായം ആവശ്യപ്പെട്ടത് ആരോടാണെന്നു  തിരിച്ചറിഞ്ഞ ആ സന്യാസി തോമസിനോട് ക്ഷമാപണം നടത്തി. ഇതിന് സാക്ഷികളായവർ തോമസിന്റെ എളിമയെ പ്രശംസിച്ചപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “അനുസരണത്തിലാണ് സന്യാസജീവിതം പൂർണ്ണതയുള്ളതാകുന്നത്.”

യാത്രയിലെ അപകടവും മരണവും

1274 മെയ് ഒന്നാം തീയതി ഫ്രാൻസിലെ ലിയോൺസിൽ ആരംഭിച്ച രണ്ടാം ലിയോൺസ് കൗൺസിലിൽ സംബന്ധിക്കാൻ തോമസിനും ക്ഷണം ലഭിച്ചു. എ.ഡി. 1054 -ൽ നടന്ന വലിയ ശീശ്മയ്ക്ക് പരിഹാരം കാണുക എന്നതായിരുന്നു ഈ കൗൺസിലിന്റെ ലക്ഷ്യം. പാശ്ചാത്യ-പൗരസ്ത്യസഭകളുടെ ഐക്യത്തിന് തോമസ് അക്വീനാസിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് മാർപാപ്പക്ക്  ഉറപ്പുണ്ടായിരുന്നു.

റോമിൽ നിന്ന് ഫ്രാൻസിലേക്ക് ‘ആപ്പിയൻ വഴി’യിലൂടെ ഒരു കഴുതപ്പുറത്ത് സഞ്ചരിക്കുമ്പോൾ തോമസിന്റ ശിരസ്സ്, വഴിയിലേക്ക് വീണുകിടന്ന ഒരു മരത്തിൽ തട്ടുകയും മാരകമായി മുറിവേൽക്കുകയും ചെയ്തു. അവിടെ നിന്നും അനന്തരവൾ മയെൻസായുടെ കൊട്ടാരത്തിൽ അദ്ദേഹത്തെ എത്തിച്ചെങ്കിലും തന്നെ അടുത്തുള്ള സിസ്റ്റേർഷ്യൻ ആശ്രമത്തിൽ കൊണ്ടുപോകാൻ തോമസ് ആവശ്യപ്പെട്ടു. “കർത്താവ് എന്നെ കൊണ്ടുപോകാൻ ഇപ്പോൾ വരികയാണെങ്കിൽ ഒരു കൊട്ടാരത്തിൽ എന്നതിനേക്കാൾ സന്യാസാശ്രമത്തിൽ വച്ച് കാണുന്നതാകും അഭികാമ്യം” എന്ന് അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഈ ആശ്രമത്തിലെ സന്യാസികൾ ശ്രദ്ധാപൂർവ്വം അദ്ദേഹത്തെ അനേക ദിവസങ്ങൾ ശുശ്രൂഷിച്ചു. വി. തോമസ് അക്വീനാസ് അന്ത്യകൂദാശ സ്വീകരിച്ചപ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചു. “ഞാൻ കർത്താവിന്റെ തിരുശരീരത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും പരിശുദ്ധ കത്തോലിക്കാ സഭയെക്കുറിച്ചും ധാരാളം എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയും സഭയുടെ തിരുത്തലിനും മെച്ചപ്പെടുത്തലിനുമായി ഞാൻ സമർപ്പിക്കുന്നു.” എ.ഡി. 1274 മാർച്ച് 7 -ന് തന്റെ അന്ത്യസമ്മാനത്തിനായി വി. തോമസ് അക്വീനാസ് ദൈവസന്നിധിയിലേക്ക് യാത്രയായി.

അദ്ദേഹം മരിച്ച ഇറ്റലിയിലെ ഫോസ്സനോവ സിസ്റ്റേർഷ്യൻ ആശ്രമത്തിൽ തന്നെ അദ്ദേഹത്തെ അടക്കിയെങ്കിലും പിന്നീട് എ.ഡി. 1368 -ൽ ഫ്രാൻസിലെ ടുളൂസിലുള്ള ഡൊമിനിക്കൻ ദേവാലയത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഇപ്പോൾ ടുളൂസിലെ യാക്കോബീൻസ് ദേവാലയത്തിലാണ് വി. തോമസ് അക്വീനാസിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. 1323 ജൂലൈ 18 -ന് ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. എ.ഡി. 1567 -ൽ ഏപ്രിൽ 11 -ന് പിയൂസ് അഞ്ചാം മാർപാപ്പ വി. തോമസ് അക്വീനാസിനെ സഭയിലെ വേദപാരംഗതനായും ഉയർത്തി. ജനുവരി 28 -ന് വി. തോമസ് അക്വീനാസിന്റെ തിരുനാൾ സഭ കൊണ്ടാടുന്നു.

എതിർപ്പുകൾ, അംഗീകാരം, പ്രശസ്‌തി

വി. തോമസ് അക്വീനാസിന്റെ സമകാലീനരിൽ ചിലരെങ്കിലും അദ്ദേഹത്തെ ആശയപരമായി എതിർത്തിരുന്നു എന്നത് നമുക്ക് അതിശയമായി തോന്നാം. തോമസ് മരിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ പാരിസിലെ ആർച്ചുബിഷപ്പ് തേംപിയർ തോമസിന്റെ ചില രചനകൾ നിരോധിതവിഭാഗത്തിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിലെ കാന്റർബറി ആർച്ചുബിഷപ്പ് എഡ്‌വേർഡ് കിൽവാഡ്ബി ഒരു ഡൊമിനിക്കൻ സന്യാസി ആയിരുന്നിട്ടുകൂടി അരിസ്റ്റോട്ടെലിയൻ ചിന്താഗതി കടന്നുവന്നതിന്റെ പേരിൽ തോമസിന്റെ പ്രബോധനങ്ങൾ തെറ്റാണെന്ന് വിധിച്ചു.

മഹാനായ വി. ആൽബർട്ട് തന്റെ വാർദ്ധക്യാവസ്ഥയിലും പ്രിയപ്പെട്ട ശിഷ്യന്റെ പേരും പെരുമയും സംരക്ഷിക്കുന്നതിന് പാരിസിലെത്തി തോമസിന്റെ രചനകളിൽ യാതൊരു തെറ്റുകളും കടന്നുകൂടിയിട്ടില്ലെന്ന് വാദിച്ചു. അധികം താമസിയാതെ ഡൊമിനിക്കൻ സന്യാസ സമൂഹം വി. തോമസ് അക്വീനാസിന്റെ ഗ്രന്ഥപഠനം തങ്ങളുടെ സമൂഹത്തിന്റെ പരിശീലനത്തിന്റെ ഭാഗമാക്കി. 1992 -ൽ പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭയുടെ വേദോപദേശ ഗ്രന്ഥത്തിൽ 61 പ്രാവശ്യം വി. തോമസ് അക്വീനാസിന്റെ ഉദ്ധരണികൾ ഉപയോഗിച്ചിരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന്റെ സഭാപ്രബോധങ്ങളിലെ സ്വാധീനം എത്രമാത്രമാണെന്ന് മനസിലാക്കാം.

ഇന്ന് കത്തോലിക്കാ സഭയിലെ ഏറ്റം ശ്രേഷ്ഠനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടിരിക്കുന്ന വിശുദ്ധനാണ് തോമസ് അക്വീനാസ്. ഒരുപക്ഷേ, അദ്ദേഹത്തോട് താരതമ്യം ചെയ്യാൻ കഴിയുന്ന പാശ്ചാത്യസഭയിലെ ഒരേയൊരു രചയിതാവ് വി. അഗസ്തീനോസാണ്. ലിയോ പതിമൂന്നാമൻ മാർപാപ്പ എ.ഡി. 1880 -ൽ വി. തോമസ് അക്വീനാസിനെ കത്തോലിക്കാ സർവ്വകലാശാലകളുടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. പിയൂസ് പതിനൊന്നാമൻ മാർപാപ്പ ‘സ്‌റ്റുഡിയോരും ഡൂചെം’ എന്ന ചാക്രികലേഖനത്തിൽ ഇപ്രകാരം എഴുതി: “ഒരിക്കൽ ഈജിപ്തുകാരോട് ‘ജോസഫിന്റെ അടുത്തേക്ക്  ചെല്ലുക’ എന്ന് പറഞ്ഞതുപോലെ… അദ്ദേഹത്തിന്റെ പക്കൽ നിന്നും അവരുടെ ശരീരങ്ങളെ പരിപോഷിപ്പിക്കാൻ സമൃദ്ധമായി ഭക്ഷണം നല്കപ്പെട്ടതുപോലെ… ഇന്ന് സത്യാന്വേഷികളായ എല്ലാവരോടും ഞാൻ പറയുന്നു ‘തോമസിന്റെ പക്കലേക്ക് ചെല്ലുക…’ അവിടെ നിന്ന് സത്യവിശ്വാസ പരിപോഷണത്തിനുള്ള ഭക്ഷണം ലഭിക്കുന്നു.” തോമസിന്റെ രചനകൾ ഇന്ന് സഭയുടെ വിശിഷ്ട സമ്പാദ്യമാണ്. അനുദിനം അത് വായിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് ഇന്ന് നമ്മുടെ അനിവാര്യത കൂടിയാണ്.

തോമിസം

വി. തോമസ് അക്വീനാസിന്റെ ദൈവശാസ്ത്ര-തത്വശാസ്ത്ര ചിന്തകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ട ചിന്തയാണ് ‘തോമിസം’ എന്ന പേരിൽ അറിയപ്പെടുന്നത്. സത്യം എവിടെ കണ്ടാലും അംഗീകരിക്കണം എന്ന തത്വത്തെ അടിസ്ഥാനമാക്കി ഗ്രീക്ക്, റോമൻ, ഇസ്‌ലാമിക, യഹൂദചിന്തകളിലെ ആശയങ്ങളെ ക്രിസ്തീയവിശ്വാസ വിശകലനത്തിന് അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ സങ്കേതഭാഷയും തത്ത്വമീമാംസയും ഉപയോഗിച്ചുകൊണ്ട് ക്രിസ്തീയസത്യങ്ങളെ തോമസ് പുനരവതരിപ്പിക്കുന്നു.

കേവലം 49 വയസു വരെ ജീവിച്ച വി. തോമസ് അക്വീനാസ് എഴുതിയതത്രയും ആരെയും അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കൃതികൾ എല്ലാം ‘എഡിസിയോ ലയോനീന’ എന്ന പേരിൽ വിവിധ വാല്യങ്ങളായി 1879 മുതൽ ലിയോ പതിമൂന്നാം മാർപാപ്പയുടെ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിക്കാൻ തുടങ്ങി. 50 വാല്യങ്ങൾ പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ പ്രസിദ്ധീകരണ പദ്ധതി 2014 വരെ 39 വാല്യങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളെയും സംബന്ധിക്കുന്ന ചിന്തകൾ അദ്ദേഹം ക്രിസ്തീയവീക്ഷണത്തിൽ വിശകലനം ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട്. ആറു വിഭാഗമായി തിരിച്ചുകൊണ്ടാണ് തോമസിന്റെ കൃതികളെ മനസിലാക്കാൻ പരിശ്രമിക്കുന്നത്.

1. ഏഴ് വ്യവസ്ഥാപിത വ്യവഹാരങ്ങൾ: സത്യം, അവതരിച്ച വചനം, ആത്മാവ്, അലൗകിക സൃഷ്ടികൾ, പുണ്യങ്ങൾ, ദൈവത്തിന്റെ പ്രാപ്തി, തിന്മ എന്നിവയാണ് ഇവ.

2. തത്വശാസ്ത്ര നിരൂപണങ്ങൾ: പതിനൊന്ന് അരിസ്റ്റോട്ടിൽ ഭാഷ്യങ്ങൾ, രണ്ട്  ബൊയേത്തിയൂസ്‌ വ്യാഖ്യാനങ്ങൾ, രണ്ട് പ്രോക്ലൂസ് വ്യാഖ്യാനങ്ങൾ.

3. ചെറിയ വ്യവഹാരങ്ങൾ: അഞ്ച് വേദോപദേശ തര്‍ക്കങ്ങൾ, അഞ്ച് മറുപടികൾ, പതിനഞ്ച് ലേഖനങ്ങൾ, 99 പ്രസംഗങ്ങൾ, സുവിശേഷങ്ങളെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെ ചിന്തകൾ.

4. ക്രോഡീകരിച്ച രചനകൾ: സുമ്മ തിയളോജിയ, സുമ്മ കോൺട്രാ ജന്റീലസ്, സ്ക്രിപ്തും സൂപ്പർ സെന്റന്റീസ്.

5. ബൈബിൾ വ്യാഖ്യാനങ്ങൾ: ജോബ്, സങ്കീർത്തനങ്ങൾ, ഏശയ്യ, ഉത്തമഗീതം, ജെറമിയ, യോഹന്നാൻ, മത്തായി, പൗലോസ് ശ്ലീഹായുടെ ലേഖനങ്ങൾ, വി. ഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങൾ (9).

6. ആരാധനക്രമ കൃതികൾ: പ്രാർത്ഥനക്കും ആരാധനക്കുമായി എഴുതിയ കൃതികൾ.

അസാമാന്യ ബുദ്ധിവൈഭവത്തോടെയാണ് വി. തോമസ് അക്വീനാസ് ക്രിസ്തീയസത്യങ്ങളെ വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രചനാശൈലി വെളിവാക്കുന്നതിനായി ദൈവത്തിന്റെ അസ്തിത്വം വെളിപാട് കൊണ്ടെന്നതുപോലെ വിചാരശക്തി കൊണ്ടും മനുഷ്യന് മനസിലാക്കാൻ സാധിക്കുമെന്ന് സുമ്മ തിയളോജിയായിൽ അദ്ദേഹം വിവരിക്കുന്ന പ്രസിദ്ധമായ ഭാഗം ഇവിടെ പറയാം.

മനുഷ്യബുദ്ധിയാൽ മനസിലാക്കാൻ സാധിക്കുന്ന ഈ വാദഗതികളെ അഞ്ചായി തിരിച്ചുകൊണ്ട് വി. തോമസ് അക്വീനാസ് വിശദീകരിക്കുന്നു (ഇവിടെ വിവരിക്കുന്നതിലും ആഴമേറിയതാണ് വി. അക്വീനാസിന്റെ ഈ ആശയങ്ങൾ. ഭാഷാപരമായ കുറവുകൾ ഇവിടെ വരാവുന്നതിനാൽ കൂടുതൽ കൃത്യതയോടെ മനസിലാക്കുന്നതിന് മൂലകൃതികളെ ആശ്രയിക്കുക).

1. അചഞ്ചലമായ മൂലശക്തിയിലൂന്നിയ വാദഗതി: ലോകത്തിലുള്ളതെല്ലാം മാറ്റത്തിന് വിധേയമാണ്. ഈ മാറ്റത്തിന്റെ അടിസ്ഥാനം മാറ്റമില്ലാത്ത ഒന്നാണ്. എല്ലാത്തിനെയും ചലിപ്പിക്കുന്ന മാറ്റമില്ലാത്ത ചാലകശക്തി ദൈവമാണ്.

2. പ്രഥമ കാരണം എന്ന വാദഗതി: ലോകത്തിലുള്ളതിനെല്ലാം കാരണഭൂതമായ ഒരു കാരണമുണ്ട്. ഒന്നിനും അതിന്റെ തന്നെ അസ്തിത്വത്തിന് കാരണമായി വർത്തിക്കാൻ കഴിയില്ല. എല്ലാത്തിന്റെയും കാരണഭൂതമായിരിക്കുന്ന പ്രഥമ കാരണം ദൈവമാണ്.

3. യാദൃച്ഛികതയിൽ നിന്നുള്ള വാദഗതി: ലോകത്തിൽ ചിലത് നശിക്കുന്നതും, ചിലത് നശിക്കാതിരിക്കുന്നതും നാം കാണുന്നു. എല്ലാം നശിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒന്നും നിലനിൽക്കില്ലായിരുന്നു. അങ്ങനെ നിത്യമായി നശിക്കാതെ എല്ലാ നിലനില്പിന്റെയും അടിസ്ഥാനമായിരിക്കുന്ന നിത്യത ദൈവമാണ്.

4. വ്യത്യസ്തതയിൽ നിന്നുള്ള വാദഗതി: ലോകത്തിൽ നന്മയും സത്യവും ഉന്നതിയും പല അവസ്ഥാന്തരങ്ങളിൽ നാം ദർശിക്കുന്നു. ഇങ്ങനെ വ്യത്യസ്തത ഉണ്ടെന്നതു തന്നെ നാം തിരിച്ചറിയുന്നത് പരമമായ ഉന്നതിയെ അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാത്തിനെയും അതിലംഘിക്കുന്ന, എല്ലാത്തിന്റെയും അടിസ്ഥാനമായിരിക്കുന്ന ഒരു നന്മ ഉണ്ട്… ഇത് ദൈവമാണ്.

5. അന്തിമ കാരണം എന്ന വാദഗതി: ലോകത്തിലുള്ള ചേതനവും അചേതനവുമായ എല്ലാം തന്നെ ഒരു ക്രമീകൃതശൈലിയിൽ പെരുമാറുന്നു. ഇത് അവകൾ തന്നെ ക്രമീകരിക്കുന്നതല്ലാത്തതിനാൽ ആകസ്മികമെന്നു തോന്നുമെങ്കിലും സൂക്ഷ്മതയോടെയുള്ള ഉന്നതധിഷണയുടെ പ്രവർത്തനത്തിന്റെ പരിണിതഫലമാണ്. എല്ലാ ധിഷണയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന പരമോന്നത ബുദ്ധി ദൈവമാണ്.

ഉപസംഹാരം

ദൈവശാത്രത്തിന്റെ ഒരു ‘സുമ്മ’ (സംഗ്രഹം) എന്ന് വി. തോമസ് അക്വീനാസിനെ വിളിക്കാം. മനുഷ്യന്റെ ആരംഭവും അവസാനവുമായ ദൈവമായിരുന്നു വി. തോമസ് അക്വീനാസിന്റെ എല്ലാ സത്യാന്വേഷണത്തിന്റെയും അടിസ്ഥാനം. ‘മനുഷ്യൻ തനിക്കു വേണ്ടിയല്ല, പിന്നെയോ ദൈവത്തിനു വേണ്ടിയാണ് ജീവിക്കുന്നത്’ എന്ന് എഴുതിയ അക്വീനാസ് പൂർണ്ണമായും തന്നെ ദൈവത്തിന് വിട്ടുകൊടുത്തു. അതിനാൽ തോമസ് അക്വീനാസ് രചിച്ച ഗ്രന്ഥങ്ങളുടെ പാരായണം ദൈവവിജ്ഞാനീയത്തിൽ മാത്രമല്ല, ദൈവസ്നേഹത്തിലും നമ്മെ വളർത്തും. വിശ്വാസവും ബുദ്ധിയും രണ്ട് ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന ഒരിക്കലും കൂട്ടിമുട്ടാത്ത നേർരേഖകളല്ല; ഒരുമിച്ചു സഞ്ചരിച്ച് ഒരേ ലക്ഷ്യത്തിൽ എത്തിച്ചേരേണ്ട വഴികളാണ് എന്ന് വി. തോമസ് അക്വീനാസ് തെളിയിച്ചുതന്നു. ‘ആനിമ ക്രിസ്റ്റി’ എന്ന വി. അക്വീനാസിന്റെ മനോഹര പ്രാർത്ഥനയോടെ ഈ വിവരണം അവസാനിപ്പിക്കുന്നു.

എന്റെ പരിഭാഷ:

ക്രിസ്തുവിന്റെ ആത്മാവേ, എന്നെ വിശുദ്ധീകരിക്കുക.
ക്രിസ്തുവിന്റെ തിരുശരീരമേ, എന്നെ സംരക്ഷിക്കുക.
ക്രിസ്തുവിന്റെ തിരുരക്തമേ, എന്നെ ലഹരി പിടിപ്പിക്കുക.
ക്രിസ്തുവിന്റെ തിരുവിലാവിലെ ജലമേ, എന്നെ കഴുകുക.

ക്രിസ്തുവിന്റെ പീഡാസഹനമേ, എന്നെ ശക്തിപ്പെടുത്തുക.
ഓ നല്ല യേശുവേ, എന്നെ ചെവിക്കൊള്ളുക.
അവിടുത്തെ തിരുമുറിവിൽ എന്നെ ഒളിപ്പിക്കുക.
അങ്ങയിൽ നിന്നും വേർപിരിയാൻ എന്നെ അനുവദിക്കരുതേ.

ദുഷ്‌ടനായ ശത്രുവിൽ നിന്നും എന്നെ സംരക്ഷിക്കുക.
എന്റെ മരണസമയത്ത് എന്നെ വിളിച്ച് 
അങ്ങയുടെ സവിധത്തിലേക്ക് ആനയിക്കുക
അപ്പോൾ അങ്ങയുടെ വിശുദ്ധരോടോത്ത് ഞാനങ്ങയെ പ്രകീർത്തിക്കും.

ഇപ്പോഴും, എന്നേയ്ക്കും ആമ്മേൻ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.