വി. ഫിലിപ്പ് നേരി – ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ

വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദികൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നൊക്കെ ഫിലിപ്പ് നേരി പുണ്യവാന് വിശേഷണങ്ങളുണ്ട്.

മഞ്ഞ് പോലുള്ള‌ വെളള താടിയും തിളങ്ങുന്ന നീലക്കണ്ണുകളും നർമ്മബോധം തുളുമ്പുന്ന വാക്കുകളുമായി റോമാ നഗരത്തെ ഫിലിപ്പ് കൂടുതൽ തിളക്കമുള്ള നഗരമാക്കി മാറ്റി. റോം നഗരത്തിന്റെ അപ്പസ്തോലനായ ഫിലിപ്പച്ചന് പതിനഞ്ച് മാർപാപ്പമാരെ പരിചയം ഉണ്ടായിരുന്നു. ലയോളയിലെ വി. ഇഗ്നേഷ്യസ്, വി. ഫ്രാൻസിസ് സേവ്യർ, വി. ചാൾസ് ബോറോമിയോ, വി. കാമിലസ് ഇവരൊക്കെ അദ്ദേഹത്തിന്റെ ആജീവനാന്ത സുഹൃത്തുക്കളായിരുന്നു. ഫിലിപ്പ് നേരി തന്റെ മുറിയുടെ വാതിൽപടിയിൽ “ക്രിസ്തീയ ആനന്ദത്തിന്റെ ഭവനം” എന്ന ഒരു ബോര്‍ഡ്‌ സ്ഥാപിച്ചിരുന്നു.

ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ ഒരു ഫ്രീലാൻസർ

റോമൻ ഇടവഴികളിലെയും ചേരികളിലെയും രോഗികളുടെ ഇടയിലാരിരുന്നു ഫിലിപ്പിന്റെ ആദ്യ ശുശ്രൂഷ. ആശുപത്രികൾ സന്ദർശിക്കുകയും നിരാലംബരായ രോഗികൾക്ക് ഭക്ഷണവും മരുന്നും കൊടുത്തുകൊണ്ടായിരുന്നു അത്. അവരിൽ മനോവീര്യം വളർത്തിയെടുക്കാൻ അവരോട് എപ്പോഴും തമാശ പറയുകയും അവരെ ചിരിക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ ദരിദ്രരെ സഹായിച്ചുകൊണ്ട് റോമിലെ തെരുവുകളിൽ അലഞ്ഞുനടക്കുമ്പോൾ ഫിലിപ്പ്, വി. ഫ്രാൻസിസ് സേവ്യറിനെ കണ്ടുമുട്ടി. വി. ഇഗ്നേഷ്യസിന് ഫിലിപ്പിനെ പരിചയപ്പെടുത്തിയത് ഫ്രാൻസിസ് സേവ്യർ ആയിരുന്നു. ഈശോസഭയിലേക്കു ഇഗ്ഷ്യേസ് ക്ഷണിച്ചുവെങ്കിലും കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ ഒരു ഫ്രീലാൻസറായി ജോലി നോക്കാനായിരുന്നു ഫിലിപ്പിന്റെ തീരുമാനം.

ഇഗ്നേഷ്യസുമായുള്ള ചങ്ങാത്തം ഫിലിപ്പിന്റെ ശുശ്രൂഷയിൽ പുതിയ മാനങ്ങൾ നൽകി. ഒരു അത്മായ സഹോദരനായി തുടരാനായിരുന്നു ഫിലിപ്പിന്റെ ആഗ്രഹമെങ്കിലും ആത്മീയപിതാവിന്റെ ഉപദേശപ്രകാരം 1551-ൽ പൗരോഹിത്യം സ്വീകരിച്ചു.

ദൈവസ്നേഹം ജ്വലിച്ച ഹൃദയത്തിനുടമ

പ്രാർത്ഥിക്കാനും ധ്യാനിക്കാനുമായി ഫിലിപ്പ് പലപ്പോഴും റോമിലെ കാറ്റകോംബ്സ് സന്ദർശിക്കുമായിരുന്നു. 1544-ൽ ഒരു ദിവസം അവിടെ പ്രാർത്ഥിക്കുന്നതിനിടയിൽ ഒരു അജ്ഞാതശക്തി ഫിലിപ്പിനെ തറയിലേക്ക് വലിച്ചെറിഞ്ഞു. ഒരു തീഗോളം വായിലൂടെ കടന്ന് നെഞ്ചിൽ ഇരിപ്പുറപ്പിച്ചു. ഞെട്ടി ഉയർന്ന ഫിലിപ്പ് നെഞ്ചിന്റെ ഇടതുവശത്തു കൈ വച്ചപ്പോൾ മുഷ്ടിപോലെ വലിപ്പമുള്ള വീക്കം ശ്രദ്ധയിൽപെട്ടു. അതൊരു വലിയ ആത്മീയാനുഭവമാണ് ഫിലിപ്പിനു സമ്മാനിച്ചത്. മരണം വരെ ആ അടയാളം അവശേഷിച്ചു.

ദൈവസ്നേഹത്താൽ ഉജ്ജ്വലമായ ഒരു ഹൃദയം, രണ്ട് വാരിയെല്ലുകളുടെ സംരക്ഷണകവചത്തിൽ എന്നും ജ്വലിച്ചുകൊണ്ടിരുന്നു. ഫിലിപ്പിന്റെ മരണദിവസം മാത്രമാണ് ദൈവസ്നേഹത്താൽ ഉജ്ജ്വലമായ ഹൃദയത്തിന്റെ വലിപ്പം പുറംലോകം അറിഞ്ഞത്.

സ്വയം പരിഹാസ്യമാക്കുന്നതിൽ സംതൃപ്തി കണ്ട വിശുദ്ധൻ

സ്വയം പരിഹാസ്യമായ തമാശകളിൽ ഏർപ്പെടുകയും തമാശ പുസ്തകങ്ങൾ വായിക്കുകയും പൊതുവെ ‘കോമാളി’ കളിക്കുകയും ചെയ്തിതിരുന്ന ഫിലിപ്പ്, തന്നെക്കുറിച്ച് മറ്റുള്ളവർ നല്ല അഭിപ്രായങ്ങൾ പറയുന്നതു തടയാൻ നിരന്തരം ശ്രമിച്ചു. വിചിത്രമായ വേഷവിധാനങ്ങളാണ് അണിഞ്ഞിരുന്നത്. പലപ്പോഴും റോമിലെ തെരുവുകളിൽ രോമക്കുപ്പായത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഫിലിപ്പ് , ചില അവസരങ്ങളിൽ താടി ഒരു വശത്തു മാത്രം ഷേവ് ചെയ്തു നടക്കുമായിരുന്നു. ചുരുക്കത്തിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അവരുടെ ജീവിതത്തിൽ ആനന്ദം പകരാൻ ദൈവത്തിന്റെ കോമാളിയാവുകയായിരുന്നു ഫിലിപ്പ്.

അക്കാലത്തെ പ്രസിദ്ധനായ കർദ്ദിനാളിന്മാരിൽ ഒരാളായിരുന്ന ചാൾസ് ബോറോമിയോ പലപ്പോഴും ഫിലിപ്പിനോട്, ആവശ്യപ്പെടുന്നതെന്തും നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രത്യേക ആനുകൂല്യങ്ങൾക്കായി ഫിലിപ്പ് നേരി ഒരിക്കൽപ്പോലും ഉയർന്ന ഓഫീസുകളെ ആശ്രയിച്ചിരുന്നില്ല. ഒരോ സമ്മേളനത്തിലും കർദ്ദിനാൾ ഫിലിപ്പിനെ കണ്ടുമുട്ടുമ്പോൾ തന്റെ വാഗ്ദാനം ഓർമ്മപ്പെടുത്തുമെങ്കിലും ഫിലിപ്പ് എപ്പോഴും വിസമ്മതിച്ചു.

കർദ്ദിനാൾ ആകാൻ വിസമ്മതിച്ച വിശുദ്ധൻ

വത്തിക്കാനുമായും മാർപാപ്പമാരുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഫിലിപ്പിനെ തേടി നിരവധി തവണ കർദ്ദിനാൾ സ്ഥാനം വന്നിരുന്നുവെങ്കിലും അദ്ദേഹം അത് ആവർത്തിച്ച് നിരസിച്ചു. ഗ്രിഗറി പതിനാലാമൻ പാപ്പയെ ആദ്യമായി സന്ദർശിക്കാൻ ഫിലിപ്പ് ചെന്നപ്പോൾ പരിശുദ്ധ പിതാവ് ഫിലിപ്പിനെ ആലിംഗനം ചെയ്ത് കർദ്ദിനാൾമാർ ധരിക്കുന്ന ചുവന്ന ബൈററ്റ ഫിലിപ്പിനു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇപ്പോൾ നാം നിന്നെ കർദ്ദിനാൾ ആക്കിയിരിക്കുന്നു.” ഫിലിപ്പ് അതു ഒരു വലിയ തമാശയായി കണ്ട് അടുത്ത ദിവസം മാർപാപ്പയ്ക്കു തിരികെ അയച്ചു. പദവികൾ അദേഹം വിനയപൂർവ്വം നിരസിച്ചിരുന്നു.

റോമിന്റെ അപ്പസ്തോലനായ വി. ഫിലിപ്പ് നേരി വിശുദ്ധരുടെയും മാർപാപ്പമാരുടെയും ഉപദേഷ്ടാവ്, കൗമാരക്കാരുടെയും യഹൂദരുടെയും സുഹൃത്ത്, കത്തോലിക്കാ സംഗീതത്തിന്റെ നല്ല ഒരു പ്രചാരകൻ എന്നീ നിലകളിൽ തന്റെ ജീവിതം വഴി അനേകര്‍ക്ക് സ്വർഗ്ഗീയവഴികാട്ടിയായി, കൗമാരപ്രായത്തിൽ റോമിലെ നഗരവീഥികളിൽ അദ്ദേഹം നൃത്തം ചെയ്യുകയും പന്ത് കളിക്കുകയും ചെയ്തു. എന്നാൽ ഇന്ന് അദ്ദേഹം ഇഗ്നേഷ്യസ് ലെയോള, ഫ്രാൻസിസ് സേവ്യർ, ആവിലയിലെ അമ്മ ത്രേസ്യാ, ഇസിഡോർ എന്നിവരോടൊപ്പം 1622-ൽ വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു.

വിശുദ്ധഗ്രന്ഥത്തിൽ ദൈവം ചിരിക്കുന്നു എന്ന് ഒരു സ്ഥലത്തേ രേഖപ്പെടുത്തിയിട്ടുള്ളൂ. ലോകത്തിന്റെ ഭരണാധികാരികളും ജനങ്ങളും കർത്താവിനും അവന്റെ അഭിഷിക്തർക്കും എതിരായി ഗൂഡാലോചന നടത്തുന്നതറിഞ്ഞ സങ്കീർത്തകൻ പറഞ്ഞു: “സ്വര്ഗത്തിലിരിക്കുന്നവന് അതു കേട്ടു ചിരിക്കുന്നു; കര്ത്താവ്‌ അവരെ പരിഹസിക്കുന്നു” (സങ്കീ. 2:4). എന്നാൽ ദൈവം ഫിലിപ്പ് നേരിയെ സ്വർഗ്ഗത്തിന്റെ കവാടത്തിൽ വച്ച് ഹൃദമായ പുഞ്ചിരിയോടെ വരവേറ്റു കാണണം. കാരണം അവൻ സ്വർഗ്ഗം ചിരിച്ചുകൊണ്ടു സ്വന്തമാക്കിയവനാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS
Old Post 26/05/2020

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.