വി. പാദ്രെ പിയോ അർപ്പിച്ച അവസാനത്തെ വിശുദ്ധ കുർബാന

ജീവിതകാലത്തുതന്നെ വിശുദ്ധനായി അറിയപ്പെട്ട വ്യക്തിയാണ് വി. പാദ്രെ പിയോ. വിശുദ്ധ കുര്‍ബാനയോട് അതിരറ്റ സ്നേഹമുണ്ടായിരുന്ന പാദ്രെ പിയോ അർപ്പിച്ചിരുന്ന കുർബാനകളൊക്കെയും മണിക്കൂറുകൾ നീളുമായിരുന്നു. അദ്ദേഹത്തിന്റെ മരണവും വിശുദ്ധ കുർബാന അർപ്പിച്ചതിന് ഏതാനും സമയത്തിനുശേഷമായിരുന്നു. 1968 സെപ്റ്റംബർ 23 -നായിരുന്നു വി. പാദ്രെ പിയോ മരിക്കുന്നത്. മരിക്കുന്നതിനുമുൻപ് അദ്ദേഹം വിശുദ്ധ കുർബാനയുടെ ആഘോഷമായ അർപ്പണം നടത്തിയിരുന്നു.

വിശുദ്ധ കപ്പൂച്ചിൻ സന്യാസിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ തന്റെ ബലഹീനതയും ക്ഷീണവും വകവയ്ക്കാതെ അദ്ദേഹം ദിനംപ്രതി കുർബാന തുടരുകയും ഓരോ ദിവസവും 50 -ഓളം കുമ്പസാരങ്ങൾ കേൾക്കുകയും ചെയ്തു. 1968 സെപ്റ്റംബർ 22 -ന് തനിക്ക് പഞ്ചാക്ഷതം ലഭിച്ചതിന്റെ അൻപതാം വാർഷികത്തിനുശേഷം ഒരു ദിവസം, പദ്രെ പിയോ തീർഥാടകർക്കായി വിശുദ്ധ കുർബാന അർപ്പിക്കാന്‍ തയാറെടുക്കുകയായിരുന്നു. എന്നാൽ ശാരീരികമായ അസ്വസ്ഥതകൾ നിമിത്തം ലളിതമായ കുർബാന നടത്തുന്നതിനുള്ള അനുമതി അദ്ദേഹം മേലധികാരികളോടുതേടി. എന്നിരുന്നാലും തീർഥാടകരുടെ എണ്ണം കണ്ടപ്പോൾ ആഘോഷപൂർവമായ കുർബാന അർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ കുർബാനയായിരുന്നു വിശുദ്ധൻ അവസാനമായി അർപ്പിച്ചത്.

അതിനുശേഷം ഇരുപത്തിമൂന്നാം തീയതി രാവിലെ അദ്ദേഹം തന്റെ മേലധികാരികളെ വിളിച്ച് വിശുദ്ധി, ദാരിദ്ര്യം, അനുസരണം എന്നിവയെക്കുറിച്ചുള്ള തന്റെ പ്രതിജ്ഞകൾ ഏറ്റുപറയുകയും പുതുക്കുകയും ചെയ്തു. ശേഷം തന്റെ ജപമാലയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് പ്രാർഥനാനിമഗ്നനായി. ചില വിവരണങ്ങളനുസരിച്ച്, മരിക്കുന്നതിനുമുമ്പ് കന്യാമറിയവും അദ്ദേഹത്തിന്റെ ഭൗമിക അമ്മയും എന്ന് വിശ്വസിക്കപ്പെടുന്ന ‘രണ്ട് അമ്മമാരെ’ താൻ കണ്ടതായി പാദ്രെ പിയോ പറഞ്ഞതായി വെളിപ്പെടുത്തുന്നു. പിന്നീട് അദ്ദേഹം മരണത്തിനുകീഴടങ്ങി.

ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം. അദ്ദേഹം അന്തരിച്ചപ്പോൾ പഞ്ചക്ഷതത്തിലെ മുറിവുകൾ ഉടൻ ഭേദമായതായി സമീപത്തുണ്ടായിരുന്നവർ വെളിപ്പെടുത്തുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.