ബാവലി സെന്റ് ജോസഫ് ഇടവക: ഒൻപത് കുടുംബങ്ങളുള്ള ‘ചെറിയ, അൽപം സ്പെഷ്യലായ വലിയ ഇടവക’

സുനിഷ വി.എഫ്

‘എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം’ മാനന്തവാടി രൂപതയിലെ ബാവലി സെന്റ് ജോസഫ് ഇടവകക്കാരെ സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്! കാരണം, ഈ ഇടവകയിൽ ആകെ ഒൻപത് കുടുംബങ്ങളെ ഉള്ളൂ, 51 ഇടവകാംഗങ്ങളും. എന്നിട്ടും ഒരു ഇടവകയോ? അതിശയിക്കേണ്ട, സെന്റ് ജോസഫിന്റെ നാമധേയത്തിലുള്ള ഒരു ചെറിയ ദൈവാലയവും ഇവിടെയുണ്ട്. യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ‘അല്പം സ്പെഷ്യലായ’ ബാവലി സെന്റ് ജോസഫ് ഇടവകയെ പരിചയപ്പെടാം. തുടർന്ന് വായിക്കുക.

കേരള-കർണ്ണാടക അതിർത്തിയിൽ വിവിധ ഭാഷകളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും ഇഴചേരുന്ന മനോഹരമായ പ്രദേശമാണ് ബാവലി. മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിലും കർണ്ണാടകയിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ബൈരക്കുപ്പ പഞ്ചായത്തിലുമായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമാണ്. അടിസ്ഥാന വികസനത്തിന്റെയും വിദ്യാഭ്യാസ സൗകര്യങ്ങളുടെയും അഭാവം മൂലം ഏറെ കഷ്ടപ്പെടുന്ന ഈ അതിർത്തി നിവാസികൾക്ക് അർഹമായ പരിഗണന ഇന്നും ലഭിച്ചിട്ടില്ല. എങ്കിലും ഇന്ന് ഇവിടെയൊരു കൊച്ചു ദൈവാലയമുണ്ട്. വെറും ഒൻപത് കുടുംബങ്ങൾക്ക് മാത്രമായുള്ള മാനന്തവാടി രൂപതയുടെ ഏറ്റവും ചെറിയ ഇടവക എന്ന പ്രത്യേകതയുള്ള ഒരു ആരാധനാലയം. അതും വിശുദ്ധ യൗസേപ്പിതാവിനു സമർപ്പിക്കപ്പെട്ടിട്ടുള്ള പള്ളി. ഒൻപത് കുടുംബങ്ങളുടെ വിശ്വാസ സാക്ഷ്യമായി ഈ ഇടവക ദൈവാലയം നിലകൊള്ളുമ്പോൾ അതിനു പിന്നിൽ ഒരുപാട് വിശ്വാസ സാക്ഷ്യങ്ങളുണ്ട്.

കൊടും വനത്തിലെ കൊച്ചു കൂട്ടായ്മ

1947 മുതലാണ് ബാവലി മേഖലയിലേക്കുള്ള ക്രൈസ്തവ കുടുംബങ്ങളുടെ കുടിയേറ്റം ആരംഭിച്ചത്. വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി അതിനെയെല്ലാം അതിജീവിച്ച ഈ വിശ്വാസികളെ ഒരു കുടക്കീഴിൽ അണിനിരത്തിയത് കാട്ടിക്കുളം അസ്സീസി സ്നേഹഭവനിലെ ബഹുമാനപ്പെട്ട ബെഞ്ചമിൻ ബ്രദർ ആയിരുന്നു.

കൊടുംവനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ബാവലിയിലെത്തി ഏഴോളം കിലോമീറ്റർ ചുറ്റളവിൽ ചിതറിക്കിടന്നിരുന്ന ക്രൈസ്തവ കുടുംബങ്ങളെ അദ്ദേഹം ഒരുമിച്ചുകൂട്ടി. 1984 മുതൽ ആരംഭിച്ച പ്രാർഥനാ കൂട്ടായ്മകൾക്ക് ബെഞ്ചമിൻ ബ്രദറിനൊപ്പം ചേലൂർ പള്ളി വികാരിയായിരുന്ന പോൾ മണക്കാട്ടുമറ്റം അച്ചനും നേതൃത്വം നൽകി. ബാവലിയിൽ ഒരു ദൈവാലയം വേണമെന്ന ആവശ്യം ഇവർ രൂപതയെ അറിയിക്കുകയും 1984-ൽ സ്ഥലം വാങ്ങി ഒരു ഷെഡ് നിർമ്മിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു തുടങ്ങുകയും ചെയ്തു. ബാവലി-തോണിക്കടവ് റോഡിൽ ഷാണമംഗലം എന്ന സ്ഥലത്താണ് ഇടവകയ്ക്കായി സ്ഥലം കണ്ടെത്തിയത്. 1985 മാർച്ച് പത്തിന് അന്നത്തെ മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴി പിതാവ് ദൈവാലയം കൂദാശ ചെയ്ത് ബാവലിയെ ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. ഇടവകയുടെ ആദ്യ വികാരിയായി ഫാ. പോൾ മണക്കാട്ടുമറ്റത്തെ നിയോഗിച്ചു. തുടർന്ന് നിരവധി പുരോഹിതൻമാർ ഈ ദൈവാലയത്തിന്റെ വികാരിമാരായി ശുശ്രൂഷ ചെയ്തു.

ഇടവകയുടെ വളർച്ചയിൽ ചേലൂർ അസ്സീസി ബ്രദേഴ്സും കാട്ടിക്കുളം, തൃശ്ശിലേരി, പടല എന്നിവിടങ്ങളിലെ വിവിധ സന്യാസിനി സമൂഹങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1999 മുതൽ ദീപ്തി ഭവനിൽ നിന്നുള്ള എഫ്.സി.സി സിസ്റ്റേഴ്സ് അജപാലന ശുശ്രൂഷകളിലും മതബോധനത്തിലും സജീവമായി ഇടപെടുന്നു. 2025 ഏപ്രിൽ 28 നു പുതുതായി പണികഴിച്ച ദൈവാലയം മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം കൂദാശ ചെയ്തു.

നിലവിൽ കർണ്ണാടകയിലെ ഹൊമ്പള്ളിയിലും കേരളത്തിലെ ഷാണമംഗലം, മീൻകൊല്ലി, തോണിക്കടവ് എന്നിവിടങ്ങളിലുമായി ഒൻപത് കുടുംബങ്ങളിലെ 51 അംഗങ്ങളാണ് ഇവിടെയുള്ളത്. എങ്കിലും ഇടവകയിലെ എല്ലാവരും ഇവിടെ വളരെ സജീവമായാണ് പ്രാർഥനയിലും പ്രവർത്തനങ്ങളിലും പങ്കുചേരുന്നതെന്നു വികാരിയും മാനന്തവാടി രൂപതയുടെ എയ്ഡഡ് മേരിമാതാ കോളേജിന്റെ വൈസ് പ്രിൻസിപ്പാളുമായ ഫാ. അജയ് തേക്കിലക്കാട്ടിൽ സാക്ഷ്യപ്പെടുത്തുന്നു.

“ഇവിടെ ഇടവകയിൽ ശനിയാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് കൂടി ജപമാല ചൊല്ലാറുണ്ട്. അത് വളരെ വലിയൊരു ഒത്തൊരുമ നൽകുന്നു. അതിൽ ആരും വരാതിരിക്കില്ല. ആത്മീയ കാര്യങ്ങളിൽ വലിയ താത്പര്യമാണ് ഈ ഇടവകയിലെ എല്ലാവർക്കും. അത് വളരെ മനോഹരമായ കാര്യമാണ്. എത്ര ആളുകൾ ഉണ്ടെന്നുള്ളതല്ല അവർ എത്രമാത്രം ദൈവവും സഹജീവികളുമായി അടുപ്പത്തിൽ ആണെന്നുള്ളതാണ് ഒരു ഇടവകയുടെ വലിപ്പമായി നാം കാണേണ്ടത്. അങ്ങനെ നോക്കിയാൽ ഈ ഇടവക ഒട്ടും ചെറുതല്ല,” അച്ചൻ പറയുന്നു.

ഇവിടുത്തെ ക്രിസ്തുമസ് കരോളും ഈ ഇടവക ജനത്തിന്റെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഉദാഹരണമാണ്. “ആറു ദിവസങ്ങളാണ് ഇവിടെ ക്രിസ്തുമസ് കരോളിനായി എടുക്കുന്നത്. ഇടവകയിലെ വീടുകൾക്ക് പുറമെ കർണാടകയിലെ ഹള്ളികളിൽ വരെ ക്രിസ്തുമസ് കരോൾ നടത്താറുണ്ട്. കന്നഡ, ഹൈന്ദവ സഹോദരങ്ങളുടെ ഭവനങ്ങളിലേയ്ക്ക് ആണ് ഞങ്ങൾ കടന്നു ചെല്ലുന്നത്. അവർ ഞങ്ങളെ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു,” അജയ് അച്ചൻ പറയുന്നു.

യൗസേപ്പിതാവിനോട് സ്നേഹം

ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് അങ്ങേയറ്റം സ്നേഹവും വണക്കവുമുണ്ട് എല്ലാവർക്കും. അതുകൊണ്ട് തന്നെ പള്ളിയുടെ പേരിനൊപ്പം തന്നെ ഇടവക അംഗങ്ങളുടെ വാഹനങ്ങൾക്ക് അവർ സെന്റ് ജോസഫ് എന്ന് പേര് നൽകുന്നത് പതിവാണ്. ഞായറാഴ്ച്ച കുർബാനയ്ക്ക് കർണാടകയിലേക്ക് ഇഞ്ചികൃഷിക്കായി പോകുന്ന നിരവധിപേർ വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ ഇവിടെ എത്തിച്ചേരാറുണ്ട്. യാത്രയിൽ ഞായറാഴ്ചയിലെ വിശുദ്ധ കുർബാന മുടങ്ങാതിരിക്കാൻ കേരള- കർണാടക അതിർത്തിയിലെ ഈ ദൈവാലയം സഹായിക്കുന്നുണ്ടെന്നു അച്ചൻ കൂട്ടിച്ചേർത്തു.

സാമ്പത്തിക പരിമിതികളും അംഗസംഖ്യയിലെ കുറവും ഉണ്ടെങ്കിലും ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും വലിയ സാക്ഷ്യമായി ബാവലി സെന്റ് ജോസഫ് ഇടവക പ്രശോഭിക്കുന്നു.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.