വി. എഡിത്ത് സ്റ്റെയിൻ: ആധുനികലോകം മാതൃകയാക്കേണ്ട വിശുദ്ധ

ഹിറ്റ്‌ലറിന്റെ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന് രക്തസാക്ഷിയായ ഒരു സന്യാസിനിയാണ് വി. എഡിത്ത് സ്റ്റെയിന്‍. ‘കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ട’ എന്ന പേരിലും അറിയപ്പെടുന്ന ഈ വിശുദ്ധയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് ഒൻപത്.

ആധുനിക ലോകത്തിൽ അനുകരിക്കേണ്ട ഒരു പുണ്യജീവിതമാണ് ഈ വിശുദ്ധയുടേത്. അവൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ശേഷം കർമ്മലീത്ത മഠത്തിൽ ചേർന്നു. എന്നാൽ, മുൻപ് ജൂതയായിരുന്നതിനാൽ രണ്ടാം ലോക മഹായുദ്ധസമയത്ത് കൊടിയ പീഡനങ്ങളെ അവൾക്ക് നേരിടേണ്ടിവന്നു. ഔഷ്വിറ്റ്സ് തടങ്കൽ പാളയത്തിൽ വച്ച് രക്തസാക്ഷിയായി മാറിയവളാണ് ധൈര്യവതിയായ ഈ വിശുദ്ധ. ആ പുണ്യജീവിതം വായിച്ചറിയാം…

ആരായിരുന്നു വി. എഡിത്ത് സ്റ്റെയിൻ?

പതിനൊന്ന് മക്കളിൽ ഏറ്റവും ഇളയ ആളാണ് എഡിത്ത് സ്റ്റെയിൻ. തത്വചിന്തക, മാനസാന്തരപ്പെട്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവൾ, കർമ്മലീത്ത സന്യാസിനി, രക്തസാക്ഷി എന്നീ പ്രത്യേകതകൾ ഈ വിശുദ്ധയ്ക്കുണ്ട്. എഡിത്ത് സ്റ്റെയിൻ ബുദ്ധിമതിയും വിദ്യാഭ്യാസമുള്ളവളുമായിരുന്നു.

1891 -ൽ ബ്രെസ്ലൗവിൽ (ഇപ്പോൾ പോളണ്ട്, മുമ്പ് ജർമ്മനി) ഒരു ജൂതകുടുംബത്തിൽ ജനിച്ചു. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ ജൂതവിശ്വാസം ഉപേക്ഷിച്ചു. നന്നായി പഠിക്കുമായിരുന്ന എഡിത്ത്, മനശാസ്ത്രവും പ്രതിഭാസിക വിജ്ഞാനവും ബ്രെസ്ലാവ് ആൻഡ് ഗോട്ടിംഗൻ സർവ്വകലാശാലയിൽ പഠിച്ചു. ഈ പഠനമേഖലകൾ പിന്നീട് വിശ്വാസത്തോടുള്ള താത്‌പര്യം വളരുന്നതിന് പിന്നീട് ഇടയാക്കി.

പടിഞ്ഞാറൻ യൂറോപ്പിലെ വിശ്വാസത്തെയും തത്വശാസ്ത്രത്തെയും കുറിച്ച് സ്റ്റെയിൻ പഠിക്കുകയും എഴുതുകയും ചെയ്തു. പഠനങ്ങൾക്കു ശേഷം അദ്ധ്യാപികയാകാൻ അവൾ അപേക്ഷിച്ചെങ്കിലും കടുത്ത വിവേചനം നേരിട്ടു. അതിനുള്ള പ്രധാന കാരണം സ്ത്രീ ആയതിനാലും യഹൂദവംശംജ ആയതിനാലുമാണ്. ഈ പോരാട്ടങ്ങൾക്കിടയിലും സത്യം പിന്തുടരാനുള്ള അവളുടെ ദൃഡനിശ്ചയം ഒരു പ്രചോദനമാണ്. എഡിത്ത് സ്റ്റെയിന് 30 വയസായപ്പോഴാണ് അവളുടെ ജീവിതത്തിൽ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാനിടയായത്. ആവിലായിലെ അമ്മത്രേസ്യയുടെ കൃതികളാണ് അതിന് അവളെ സഹായിച്ചത്.

എഡിത്ത് സ്റ്റെയിനിന്റെ മാനസാന്തരം

ആവിലായിലെ അമ്മത്രേസ്യയുടെ നിരവധി കൃതികൾ അവൾ വായിച്ചു. വി. അമ്മത്രേസ്യയുടെ ആത്മീയയാത്രയിൽ, മനോഹരമായ ചിത്രശലഭമായി മാറുന്ന ഒരു പുഴുവിനോട് ആത്മാവിനെ താരതമ്യം ചെയ്ത് എഴുതിയിട്ടുണ്ട്. എഡിത്തിന്റെ വ്യക്തിജീവിതത്തെ ഇത് സ്വാധീനിച്ചു. പിന്നീട് വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ച് പഠിച്ചു, ചിന്തിച്ചു. അത് ആത്യന്തികമായി വിശ്വാസത്തെ സ്നേഹിക്കുന്നതിലേക്ക് അവളെ വളർത്തി.

വി. അമ്മത്രേസ്യയുടെ മാതൃക കണ്ടെത്തി ഒരു വർഷത്തിനു ശേഷം, സ്റ്റെയിൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 1933 -ൽ നാസികൾ ജർമ്മനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ജൂതന്മാരെയും സ്റ്റെയിനിനെപ്പോലുള്ള ജൂതവംശജരെയും അദ്ധ്യാപനത്തിൽ നിന്ന് വിലക്കുന്നതു വരെ അവൾ പ്രീ-കോളേജ് തലത്തിൽ പഠിപ്പിക്കുന്നതു തുടർന്നു.

എഡിത്ത് കാർമ്മലൈറ്റ് ഓർഡറിൽ സന്യാസിനിയാകുവാൻ തീരുമാനിച്ചു. ആവിലയിലെ വി. അമ്മത്രേസ്യായുടെ അതേ സമൂഹം. യഹൂദമതത്തിലെ വേരുകളിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള എഡിത്ത് സ്റ്റെയിനിന്റെ മാറ്റം അവളുടെ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു. ഇക്കാലഘട്ടത്തിൽ തന്നെയാണ് നാസികളുടെ പീഡനങ്ങൾ ശക്തമാകാൻ തുടങ്ങിയതും. എന്നാൽ ഇതൊന്നും അവളുടെ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്തിയില്ല. അവൾ കർമ്മലീത്ത സന്യാസിനിയായി രഹസ്യമായി തുടരാൻ തീരുമാനിച്ചു. സന്യാസിനിയായ ശേഷം കുരിശിന്റെ തെരേസ ബെനഡിക്ട ​​എന്ന പേര് സ്വീകരിച്ചു.

നെതർലാൻഡിലെ ആളൊഴിഞ്ഞ ഒരു കോൺവെന്റിൽ താമസിക്കുന്നതിനിടെ നാസികൾ എഡിത്തിനെ അറസ്റ്റ് ചെയ്തു. പിന്നീട് തടങ്കലിൽ കടുത്ത പീഡനങ്ങളാണ് അവൾക്ക് നേരിടേണ്ടി വന്നത്. 1942 ആഗസ്റ്റ് ഒൻപതിന് മറ്റ് തടവുകാർക്കൊപ്പം ഗ്യാസ് ചേമ്പറിൽ വച്ചാണ് അവൾ കൊല്ലപ്പെട്ടത്.

വി. എഡിത്ത് സ്റ്റെയിൻ നൽകുന്ന മാതൃക

എഡിത്ത് സ്റ്റെയിൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ശേഷം ജീവിതത്തിലുടനീളം ദൈവത്തോട് വിശ്വസ്ത പുലർത്തി ജീവിച്ചു. അവളുടെ മുമ്പിൽ നിരവധി തടസ്സങ്ങളും പോരാട്ടങ്ങളും ഉണ്ടായിരുന്നിട്ടും അവൾ നിരന്തരം സത്യം പിന്തുടരുകയും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ടസമയങ്ങളിൽ പോലും അവൾ ഇളകാതെ ഉറച്ചുനിന്നു.

1998 -ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ജോൺപോൾ രണ്ടാമൻ പാപ്പാ എഡിത്ത് സ്റ്റെയിനിനെ ‘സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള ഒരു അന്വേഷക’ എന്നാണ് അഭിസംബോധന ചെയ്തത്. “കുരിശിലെ വിശുദ്ധ തെരേസ ബെനഡിക്ട’യുടെ ജീവിതത്തെ ജ്വലിപ്പിച്ച അഗ്നിയാണ് ക്രിസ്തുവിന്റെ സ്നേഹം. അവൾ ക്രിസ്തുവിനെ മനസ്സിലാക്കുന്നതിനു വളരെ മുമ്പു തന്നെ ഈ തീയാൽ ആകർഷിക്കപ്പെട്ടു” – പാപ്പാ പറഞ്ഞു.

വി. എഡിത്ത് സ്റ്റെയിനിന്റെ ജീവിതവും മാതൃകയും നമ്മുടെ വ്യക്തിജീവിതത്തിൽ ദൈവത്തെ കൂടുതൽ അന്വേഷിക്കുന്നവരാകാൻ പ്രചോദനമാണ്. അനുദിനവും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും ദൈവമെന്ന സത്യത്തെ പിന്തുടരാനും അത് കണ്ടെത്തുമ്പോൾ നമ്മുടെ ജീവിതം ദൈവത്തിനായി പൂർണ്ണമായി നൽകുവാനുമുള്ള പ്രചോദനം ഈ വിശുദ്ധ നൽകുന്നു.

“എന്റെ ദൈവമേ, അങ്ങയെ സേവിക്കാനുള്ള പരിശുദ്ധമായ സന്തോഷവും ധൈര്യവും ശക്തിയും കൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കുക. അങ്ങയുടെ സ്നേഹം എന്നിൽ ജ്വലിപ്പിക്കുക, എന്നിട്ട് എന്റെ മുമ്പിലുള്ള പാതയിലൂടെ എന്നോടൊപ്പം നടക്കുക” – വി. എഡിത്ത് സ്റ്റയിൻ എഴുതിയ പ്രാർത്ഥനയിലെ വരികളാണിത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.