ചരിത്രം രചിച്ച സന്യാസി: വി. ബീഡിന്റെ ജീവിതവും പൈതൃകവും 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

ഏഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത സന്യാസിയും ചരിത്രകാരനുമായിരുന്ന ബീഡ് വിജ്ഞാനവും വിശുദ്ധിയും ആധ്യാത്മിക ഉൾക്കാഴ്ചയും സംയോജിപ്പിച്ച പണ്ഡിതശ്രേഷ്ഠനാണ്. ഇംഗ്ലീഷ് ക്രൈസ്തവചരിത്രം മനോഹരമായി നമുക്ക് പകർന്നുനൽകിയ ബീഡിന്റെ ജീവിതവും രചനാവൈഭവവും ആധുനിക ചരിത്രാന്വേഷികളെയും പ്രചോദിപ്പിക്കുന്നതാണ്. ഇംഗ്ലണ്ടിലെ നോർത്തുംബ്രിയൻ ആശ്രമത്തിന്റെ ആവൃതിക്കുള്ളിൽ കത്തിച്ച മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ ധന്യനായ ബീഡ് തന്റെ തൂലികകൊണ്ടു വിരചിച്ച ചരിത്രവും ദൈവശാസ്ത്രവും കവിതയും ക്രിസ്തീയ സാഹിത്യത്തിലെ വിശിഷ്ടകൃതികളായി മാറി. പ്രാർഥനയിലും പരിത്യാഗത്തിലും ഊന്നിയുള്ള ലളിതമായ ആശ്രമജീവിതത്തിനിടയിൽ പഠനത്തിനും ഗ്രന്ഥരചനയ്‌ക്കുമായി അദ്ദേഹം സമയം കണ്ടെത്തി. ‘അന്ധകാരയുഗം’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മധ്യകാലയുഗത്തിന്റെ ആരംഭത്തിൽ യുദ്ധത്തിലും കലഹത്തിലും അനേകർ അഭിരമിച്ചപ്പോൾ ആ കാലഘട്ടത്തെ വിജ്ഞാനവെളിച്ചത്താൽ ബീഡ് പ്രശോഭിതമാക്കി. ആശ്രമത്തിന്റെ മതിൽകെട്ടിനുള്ളിൽ ജീവിതത്തിന്റെ അധികസമയവും ചിലവഴിച്ചവൻ തന്റെ ബുദ്ധിവൈഭവത്താലും വിശുദ്ധജീവിതത്താലും ഇംഗ്ലീഷ് സഭയുടെ ചരിത്രവും ദൈവശാസ്ത്രവും രൂപപ്പെടുത്തുന്നതിൽ നിർണ്ണായകപങ്കു വഹിച്ചു. അദ്ദേഹത്തിന്റെ രചനകളിൽ ഒരു പ്രശോഭിതമനസ്സിന്റെ പ്രകാശനം മാത്രമല്ല, ഒരു അജപാലകന്റെ ആർദ്രതയും അടങ്ങിയിരിക്കുന്നു. സഭയെ പടുത്തുയർത്തുക മാത്രമല്ല, ഓരോ ആത്മാവിനെയും നിത്യസത്യത്തിലേക്ക് ആനയിക്കുന്നതിനുള്ള ആധ്യാത്മിക അഭിനിവേശവും അദ്ദേഹം പ്രകടമാക്കി. പിതാക്കന്മാരുടെ പ്രബോധനങ്ങളെ അടിസ്ഥാനപ്പെടുത്തി വി. ബീഡ് ദൈവശാസ്ത്രം രൂപപ്പെടുത്തിയപ്പോഴും ഒരു പ്രവാചകനെപ്പോലെ ഭാവിയിലെ സഭയുടെ നിലനിൽപും വളർച്ചയും അദ്ദേഹം മുന്നേ കണ്ടിരുന്നു. തലമുറകളെ പ്രചോദിപ്പിച്ച, ഇന്നും പ്രസക്തമായ, അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്തകളെയും ചുരുക്കി വിവരിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ജനനം, ബാല്യം, വിദ്യാഭ്യാസം

വി. ബീഡിന്റെ ജന്മവർഷമായി അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥങ്ങളിൽ പറയുന്നത് എ ഡി 672-673 ആണ്. ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മങ്ക് വെയർ മൗത്ത് – ജാരോ ആശ്രമത്തിനടുത്താണ് അദ്ദേഹം ജനിച്ചത്. ഇക്കാലത്ത്  ആംഗ്ലോ-സാക്സൺ രാജവംശത്തിന്റെ ഭരണത്തിൽ കീഴിലായിരുന്നു നോർത്തുംബ്രിയയും സമീപപ്രദേശങ്ങളും. അക്കാലത്തെ സമ്പന്നകുടുംബങ്ങൾ തങ്ങളുടെ മക്കളുടെ ഭാവി ശോഭനമാക്കുന്നതിനായി പേരുകേട്ട ആശ്രമങ്ങളിൽ പഠനത്തിനായി അയച്ചിരുന്നു. ആശ്രമത്തിൽ പഠിക്കുകയും പിന്നീട് ആ ജീവിതത്തിലേക്കു നയിക്കപ്പെടുകയും ചെയ്തതു വഴി ബീഡിന്റെ ജീവിതം മാറിമറിയുകയും വലിയ വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും വഴിയിലൂടെ യാത്ര ചെയ്യുകയും ചെയ്തു.

വി. ബീഡിന്റെ ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ പിൽക്കാല തലമുറയ്ക്ക് ലഭ്യമായിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധ കൃതിയായ ‘ഇംഗ്ലീഷ് ജനതയുടെ സഭാചരിത്രം’ എന്ന ഗ്രന്ഥത്തിൽ നിന്നാണ്. എ ഡി 731 ൽ ഈ ഗ്രന്ഥം പൂർത്തീകരിക്കുന്ന അവസരത്തിൽ തനിക്ക് 59 വയസ്സാണെന്ന് ബീഡ് തന്നെ പറയുന്നു. ഇതിൽ തന്റെ ജന്മസ്ഥലമായി അദ്ദേഹം കൊടുത്തിരിക്കുന്നത് ‘ആശ്രമങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന പ്രദേശം എന്നാണ്. തന്റെ കുടുംബത്തെക്കുറിച്ചു അദ്ദേഹം ഒന്നും തന്നെ പറയുന്നില്ലെങ്കിലും ചെറുപ്പത്തിൽതന്നെ വിദ്യാഭ്യാസത്തിനായി ആശ്രമത്തിൽ ചേർത്തതിൽനിന്നും ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിലെ അഗമായിരുന്നു ബീഡ് എന്ന് അനുമാനിക്കാം.

ഏഴാമത്തെ വയസ്സിലാണ് മാതാപിതാക്കൾ ബീഡിനെ വെയർമൗത്തിലെ സെന്റ്  പീറ്റർ ആശ്രമത്തിൽ ചേർത്തത്. പ്രശസ്‌ത പണ്ഡിതനും ആബട്ടുമായിരുന്ന ബെനഡിക്റ്റ് ബിസ്കോപ്പാണ് ഈ ആശ്രമം അവിടെ സ്ഥാപിച്ചത്. ഈ ആശ്രമത്തിന്റെ ഗ്രന്ഥശാലയിൽ റോമിൽ നിന്നും യൂറോപ്പിലെ മറ്റു പ്രദേശങ്ങളിൽനിന്നും കൊണ്ടുവന്ന അനേകം ഗ്രന്ഥങ്ങളുടെ വലിയ ശേഖരം ഉണ്ടായിരുന്നു. അറിവിന്റെ വിശാലലോകത്തിലേക്ക് വി. ബീഡിനെ കൈപിടിച്ചുനടത്തിയത് ഈ ഗ്രന്ഥശാലയാണ്. കുറച്ചു നാളുകൾക്കുശേഷം ഈ ആശ്രമത്തിന്റെ സാമന്തഭവനമായിരുന്ന ജാരോയിലെ വി. പൗലോസിന്റെ ആശ്രമത്തിലേക്ക് വി. ബീഡിനെ അധികാരികൾ അയയ്ക്കുകയും തന്റെ ശിഷ്ടകാലം മുഴുവൻ ഇവിടെ പ്രാർഥനയും പഠനവുമായി അദ്ദേഹം ജീവിക്കുകയും ചെയ്തു.

ഇവിടുത്തെ ആശ്രമസ്‌കൂൾ ഇംഗ്ലണ്ടിലെ ഏറ്റം മികച്ചതായിരുന്നു. ആബട്ട് ചെയോൾഫ്രിത്തിന്റെ ശിക്ഷണത്തിൽ ലത്തീൻ, ഗ്രീക്ക്, വിശുദ്ധഗ്രന്ഥം എന്നിവ കൂടാതെ വിവിധ ശാസ്ത്രവിഷയങ്ങളിലും ബീഡിന് പരിശീലനം ലഭിച്ചു. ബെനഡിക്‌റ്റീൻ സന്യാസ സമൂഹത്തിന്റെ ആപ്തവാക്യമായ ‘പ്രാർഥിക്കുക, ജോലി ചെയ്യുക’ (Ora et labora) എന്ന തത്വം ബീഡിന്റെ ഭാവിജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഗഹനമായ കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ തുടങ്ങിയ ബീഡ്, വിശുദ്ധഗ്രന്ഥവും സഭാപിതാക്കന്മാരെയും ആഴത്തിൽ പഠിക്കാൻ തുടങ്ങി. അഗസ്തീനോസ്, ജെറോം, മഹാനായ ഗ്രിഗറി തുടങ്ങിയ പണ്ഡിതന്മാരുടെ ആശയങ്ങളും അദ്ദേഹം വേഗത്തിൽ ഹൃദിസ്ഥമാക്കി. അസാമാന്യ പഠനവൈഭവം പ്രകടിപ്പിച്ച ബീഡ് പത്തൊമ്പതാമത്തെ വയസ്സിൽ ഒരു ഡീക്കനായി അഭിഷിക്തനായി. ഇതിനുശേഷവും അദ്ദേഹം തന്റെ പഠനം തുടരുകയും നിരവധി വിഷയങ്ങളിൽ അതിശയിപ്പിക്കുന്ന പ്രാവീണ്യം കൈവരിക്കുകയും ചെയ്തു. എ ഡി 703 ൽ മുപ്പതിനോടടുത്തു പ്രായമുള്ളപ്പോൾ അദ്ദേഹം ഒരു വൈദികനായി അഭിഷിക്തനായി. വൈദികനായതിനുശേഷം അദ്ദേഹം ചരിത്രം, ശാസ്ത്രം, കവിത, കാലഗണനവിദ്യ തുടങ്ങിയ വിഷയങ്ങൾ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ അക്കാലത്തെ ഏറ്റം വിജ്ഞാനിയായ മനുഷ്യനായി വി. ബീഡ് വളരുകയും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായി മാറുകയും ചെയ്തു.

ഒരു പ്രതിഭയുടെ ഉദയം

നോർത്തുംബ്രിയായിലെ ജാരോ ആശ്രമത്തിലാണ് വി. ബീഡ് തന്റെ ജീവിതകാലമത്രയും ചിലവഴിച്ചത്. ആശ്രമത്തിലെ എല്ലാ കർമ്മങ്ങളിലും ജോലികളിലും നിഷ്ഠയോടെ പങ്കുചേരുകയും ബാക്കിസമയം പഠനത്തിനും എഴുത്തിനുമായി അദ്ദേഹം മാറ്റിവയ്ക്കുകയും ചെയ്തു. ബീഡ് ഒരു അധ്യാപകനും അതുപോലെതന്നെ ഒരു ഗ്രന്ഥകർത്താവും ആയിരുന്നു. സംഗീതം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പ്രാദേശികഭാഷയിൽ കവിതകൾ ചൊല്ലിയിരുന്നു. വിശുദ്ധഗ്രന്ഥവും പിതാക്കന്മാരുടെ പ്രബോധനങ്ങളും അദ്ദേഹം ധാരാളമായി വായിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആശ്രമത്തിലെ അറിവും അനുഭവജ്ഞാനവുമുള്ള സന്യാസികളുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സാവധാനം പണ്ഡിതനായ ഈ സന്യാസിയുടെ അറിവിന്റെയും വിശുദ്ധിയുടെയും പരിമളം ആശ്രമത്തിന്റെ പുറത്ത് രാജ്യാതിർത്തികൾ കടന്നു യൂറോപ്പിലാകമാനം പ്രസരിച്ചു.

സഭയുടെ ആരാധന-പ്രബോധന ഭാഷയായിരുന്ന ലത്തീനിൽ വിവിധ വിഷയങ്ങളെക്കുറിച്ച് മനോഹരമായി അദ്ദേഹം എഴുതി. മൃഗങ്ങളുടെ തുകൽ ഉപയോഗിച്ചുണ്ടാക്കിയ ചർമ്മപത്രങ്ങളിൽ (parchments) അദ്ദേഹം അറുപതോളം ഗ്രന്ഥങ്ങൾ ഇങ്ങനെ രൂപപ്പെടുത്തി. ചരിത്രപരമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾക്ക് ഗഹനമായ പഠനം ആവശ്യമായിരുന്നു. അതിനായി വിവിധ ആശ്രമങ്ങളുടെ ഗ്രന്ഥശാലകൾ അദ്ദേഹം ഉപയോഗിക്കുകയും ആശ്രമങ്ങളിലെ മുതിർന്ന സന്യാസിമാരോട് ഇത്തരം കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു. തന്റെ ഗ്രന്ഥങ്ങൾ മറ്റുള്ളവർ പാരായണം ചെയ്യുന്നതുവഴി അവർ അറിവുള്ളവരായി തീരുക മാത്രമല്ല, ദൈവത്തെ അടുത്തറിയുന്നവരായി മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇക്കാരണത്താൽ വി. ബീഡിന്റെ കൃതികൾ പകർത്തിയെഴുതി മറ്റ് ആശ്രമങ്ങളിലെല്ലാം വ്യാപകമായി ഉപയോഗിച്ചിരുന്നു. അങ്ങനെ സാവധാനം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഇംഗ്ലണ്ടിലെയും യൂറോപ്പിലെ മറ്റനേക ആശ്രമങ്ങളിലെയും ലൈബ്രറികളിൽ എത്തിപ്പെട്ടു.

തനിക്കുചുറ്റും നടക്കുന്നതൊന്നും അറിയാതെയും ശ്രദ്ധിക്കാതെയും ധ്യാനനിമഗ്നനായിരിക്കുന്ന ഒരു സന്യാസിയെപ്പോലെ ജീവിതകാലം മുഴുവൻ  എഴുത്തിൽ മുഴുകിയിരുന്ന ആളായിരുന്നു വി. ബീഡ്. അദ്ദേഹത്തിന്റെ ചില കൃതികൾ നീണ്ട വർഷങ്ങളിലെ സമർപ്പണത്തിന്റെ ഫലമായി രൂപപ്പെടുത്തിയതാണ്. ബീഡിന്റെ അവസാന ഗ്രന്ഥമായി പിൽക്കാല തലമുറകൾക്ക് ലഭ്യമായിട്ടുള്ളത് 734 ൽ തന്റെ ഒരു ശിഷ്യനെഴുതിയ കത്താണ്. കൂടാതെ, ആറാം നൂറ്റാണ്ടിൽ ഗ്രീക്ക്-ലത്തീൻ ഭാഷകളിൽ എഴുതിയ, ബീഡ് ഉപയോഗിച്ചതായി കരുതുന്ന, അപ്പസ്തോല പ്രവർത്തനങ്ങളുടെ ഒരു കൈയെഴുത്തുപ്രതി ഓക്സ്ഫോർഡ് സർവകലാശാല ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം താമസിച്ചിരുന്ന ജാരോ ആശ്രമത്തിൽ സൂക്ഷിച്ചിരുന്ന ലത്തീൻ ബൈബിളിന്റെ പല കൈയെഴുത്തുപ്രതികളും ബീഡിന്റെ സഹായംകൊണ്ട് പകർത്തിയെഴുതിയിട്ടുള്ളവയാണ്. ഇവിടെയുണ്ടായിരുന്ന ‘കോഡക്സ് അമിയാത്തീനുസ്’ എന്നറിയപ്പെടുന്ന ബൈബിൾ ഇന്ന് ഇറ്റലിയെ ഫ്ലോറൻസ് നഗരത്തിലെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ചില തെറ്റിധാരണകൾ, ചില സൗഹൃദങ്ങൾ 

708 ൽ ഹെക്സാമിലെ ചില സന്യാസിമാർ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ‘ദെ തെംപോറിബൂസി’ൽ വേദവിപരീത ആശയങ്ങൾ ഉണ്ടെന്നു പ്രചരിപ്പിച്ചു. ഇത് സെവില്ലിലെ വി. ഇസിദോറിന്റെ ആശയങ്ങളിൽനിന്നും വ്യത്യസ്തമായ രീതിയിൽ അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ചരിത്രത്തെ വിഭജിച്ചു എന്നതിന്റെ പേരിലുണ്ടായ തെറ്റിധാരണയാണ്. ഹെക്സമിലെ ബിഷപ്പായ വിൽഫ്രിഡ് ആശ്രമത്തിലെ ഒരു ആഘോഷത്തിന് വന്നപ്പോൾ അവർ ഇക്കാര്യം ഉന്നയിക്കുകയും ബീഡിനെ ഇതിന്റെപേരിൽ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബിഷപ്പ് ഈ ആരോപണങ്ങൾ അവഗണിക്കുകയാണുണ്ടായത്. പിന്നീട് വി. ബീഡ് ഇതേക്കുറിച്ചറിഞ്ഞപ്പോൾ തന്റെ ആശയങ്ങളെ സാധൂകരിക്കുന്ന രീതിയിൽ ഒരു കത്ത് തയ്യാറാക്കി ബിഷപ്പിന് അയച്ചുകൊടുത്തു. അങ്ങനെ കത്തിടപാടുകൾവഴി ബിഷപ്പും ബീഡും സുഹൃത്തുക്കളാവുകയും സഭാസംബന്ധിയായ പല കാര്യങ്ങളും ചർച്ച ചെയ്യുകയും ചെയ്തു.

എ ഡി 706 ലും 709 ലും വി. എത്തൽദ്രെയയുടെ (636-679) ജീവിതത്തെക്കുറിച്ചും അവരുടെ ശരീരം മരണശേഷവും അഴുകാതിരിക്കുന്നതിനെക്കുറിച്ചും ഇവർ സംസാരിച്ചു (വി. എത്തൽദ്രെയ നോർത്തംബ്രിയായിൽ നിന്നുള്ള ഒരു രാജകുമാരിയും പിന്നീട് തന്റെ പദവികൾ ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുകയും ഏലി ആശ്രമത്തിന്റെ അധിപയാവുകയും ചെയ്തു). ബിഷപ്പ് വിശുദ്ധയുടെ ജീവിതത്തെ അടുത്തറിഞ്ഞിരുന്ന ആളായിരുന്നതിനാൽ അദ്ദേഹത്തിന് വ്യക്തിപരമായി അറിയാവുന്ന പല കാര്യങ്ങളും വി. ബീഡിനോട് പങ്കുവച്ചു. എ ഡി 733 ൽ അദ്ദേഹം യോർക്ക് സന്ദർശിക്കുകയും അവിടുത്തെ ബിഷപ്പിനെ കണ്ട്  രൂപതയെ ഒരു അതിരൂപതയായി ഉയർത്തുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വി. ബീഡ് സന്ദർശിച്ചിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ നമുക്കു ലഭ്യമല്ല. സഭയെക്കുറിച്ച് ആഴമായും ആധികാരികമായും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം ഒരിക്കൽപോലും റോം സന്ദർശിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തായ നോത്ഹേം റോം സന്ദർശിക്കുകയും മടങ്ങിവന്ന് തന്റെ അനുഭവങ്ങൾ ബീഡുമായി പങ്കുവയ്ക്കുകയും വിലപിടിപ്പുള്ള രേഖകളും ആധികാരിക വിവരങ്ങളും കൈമാറുകയും ചെയ്തിട്ടുണ്ട്.

മരണം, വിശുദ്ധൻ, വേദപാരംഗതൻ

വി. ബീഡിന്റെ അവസാന നാളുകൾ ശാരീരികമായി വലിയ സഹനത്തിന്റെയും വേദനയുടേതുമായിരുന്നു. ഈ അവസരത്തിലും അദ്ദേഹം തന്റെ ആത്മീയകർമ്മങ്ങൾ ഭക്തിയോടെയും നിഷ്ഠയോടെയും നിർവഹിക്കാൻ പരിശ്രമിക്കുകയും തന്റെ രചനകൾ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കത്ബർട്ട് പറയുന്നത് എ ഡി 735 ൽ ഈസ്റ്ററിനു മുൻപായി ബീഡ് കാൽവഴുതി വീഴുകയും തത്ഫലമായി മറ്റുള്ളവരെ ആശ്രയിച്ചു കാര്യങ്ങൾ ചെയ്യേണ്ടിവരികയും ചെയ്തു എന്നാണ്. എന്നാൽ ഈ അവസരത്തിലും തന്റെ ശിഷ്യന്മാരുടെ സഹായത്തോടെ എഴുതുന്നതു തുടരുകയും ചിലതൊക്കെ പൂർത്തിയാക്കുകയും ചെയ്തു.

മരിക്കുന്നതിന് രണ്ടുദിവസം മുൻപ് അദ്ദേഹത്തിന് ശ്വാസതടസ്സം ഉണ്ടാവുകയും കാലിൽ നീര് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ സമയത്തും രാത്രി പ്രാർഥനയിലും പകൽസമയത്ത് പുസ്തകരചനയിലും അദ്ദേഹം മുഴുകി എന്നാണ് അദ്ദേഹത്തെ സഹായിച്ചിരുന്ന മറ്റു സന്യാസിമാരുടെ സാക്ഷ്യം. തന്റെ വിളിയോടുള്ള ബീഡിന്റെ അകമഴിഞ്ഞ വിശ്വസ്തത ആശ്രമത്തിലെ മറ്റുള്ള സന്യാസികളെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. മരിക്കുന്നതിനു മുൻപായി തന്റെ ചെറിയൊരു പെട്ടി കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതിലുണ്ടായിരുന്ന തൂവാല, സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്  തുടങ്ങിയ സാധനങ്ങൾ തന്റെ അടുത്തുണ്ടായിരുന്ന സന്യാസിമാർക്ക് അദ്ദേഹം വിതരണം ചെയ്തു. ഇത് ഒരു വിടവാങ്ങൽ സമ്മാനവും നന്ദിപ്രകടനവും കൂടിയായിരുന്നു.

എ ഡി 735 മെയ് 26 ന് വി. ബീഡ് സമാധാനത്തോടെ തന്റെ നിത്യസമ്മാനത്തിനായി യാത്രയായി. ആ ദിവസം നമ്മുടെ കർത്താവിന്റ സ്വർഗാരോഹണ തിരുനാൾദിനമായിരുന്നു. തന്റെ ജീവിതത്തിന്റെ സഹനങ്ങളിലും വേദനകളിലുംപോലും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് എളിമയോടെ ജീവിക്കുകയും അവസാന നിമിഷം വരെ അങ്ങനെ മാതൃകയാവുകയും ചെയ്ത വിശുദ്ധനാണ് ബീഡ്. മരണക്കിടക്കയിൽവച്ച് അഞ്ചുവരികൾ മാത്രമുള്ള ഒരു കവിത അദ്ദേഹം രൂപപ്പെടുത്തി. ഇത് ‘ബീഡിന്റെ മരണകാവ്യം’ എന്നാണ് പിന്നീട് അറിയപ്പെട്ടത്. മരണത്തെക്കുറിച്ചുള്ള ഈ ആഴത്തിലുള്ള ധ്യാനചിന്ത ഇംഗ്ളീഷ് സാഹിത്യത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പകർത്തിയെഴുതിയിട്ടുള്ള പുരാതന ചെറുകവിതയാണ്. അതിന്റെ 45 കൈയെഴുത്തുപ്രതികൾ ഇന്ന് നിലവിലുണ്ട്. അത് ഇപ്രകാരമാണ് (എന്റെ സ്വതന്ത്ര പരിഭാഷ).

അനിവാര്യമായ അന്ത്യ പ്രയാണത്തിൻ മുൻപേ,
ആകുലതയാൽ ഒരുവനും വിജ്ഞാനിയാവില്ല,
ധ്യാനിക്ക നീ നിൻ യാത്രയ്ക്കു മുൻപേ,
നിന്നാത്മാവിനുള്ളിലെ നന്മയും തിന്മയും,
കർമ്മത്തിലധിഷ്ഠിതം അന്ത്യവിധിയൊക്കെയും.

പതിനൊന്നാം നൂറ്റാണ്ടിൽ വി. ബീഡിന്റെ ശരീര തിരുശേഷിപ്പുകൾ ദുർഹമിലെ കത്തീഡ്രൽ ദൈവാലയത്തിലേക്കു മാറ്റി അടക്കം ചെയ്തു. എന്നാൽ 1541 ൽ പ്രോട്ടസ്റ്റന്റ് നവീകരണ കാലഘട്ടത്തിൽ ഈ വിശുദ്ധന്റെ കല്ലറ അക്രമിക്കപ്പെടുകയും പിന്നീട് കത്തീഡ്രലിൽ തന്നെയുള്ള ഗലീലി ചാപ്പലിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇന്നും ധാരാളം തീർഥാടകർ ഈ പുണ്യപിതാവിന്റെ സവിധത്തിലെത്തി പ്രാർഥിക്കുന്നു.

അക്കാലത്തെ രീതിയനുസരിച്ച് ജനങ്ങൾതന്നെ ബീഡിനെ വിശുദ്ധനായി കരുതി വണങ്ങുകയായിരുന്നു (എന്നിരുന്നാലും 1899 ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ ഔദ്യോഗികമായി അദ്ദേഹത്തെ സഭയിലെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്). ആഗ്ലോ-സാക്സൺ പ്രദേശങ്ങളിൽ മാത്രമല്ല, യൂറോപ്പിലുടനീളം വി. ബീഡിന്റെ പ്രശസ്തി വർധിക്കുകയും അദ്ദേഹത്തിന്റെ വണക്കം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തിരുനാൾ മെയ് 26 നാണ് സഭ ആഘോഷിക്കുന്നത്.

ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് വി. ബീഡിനെ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. ഇത് ആഗോളസഭയിൽ അദ്ദേഹത്തിന് വലിയ പേരും പെരുമയും ഉണ്ടാകുന്നതിനിടയാക്കി. വി. ബീഡിന്റെ രചനകളെ കൂടുതൽ അറിയുന്നതിനും പഠനവിധേയമാക്കുന്നതിനും അദ്ദേഹത്തിന് സഭയിൽ ലഭിച്ച വലിയ അംഗീകാരം കാരണമായി. ജന്മംകൊണ്ട് ഇംഗ്ലണ്ടിൽനിന്നുള്ള ഒരേയൊരു വേദപാരംഗതനാണ് വി. ബീഡ്.

വി. ബീഡിന്റെ സാഹിത്യ-ദൈവശാസ്ത്ര സംഭാവനകൾ

മധ്യകാലയുഗത്തിലെ ആദ്യശതകങ്ങളിലെ സഭയിലെ പ്രശസ്ത പണ്ഡിതരിലൊരാളാണ് ധന്യനായ വി. ബീഡ്. ദൈവശാസ്ത്രം, ചരിത്രം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച വിശുദ്ധനാണ് അദ്ദേഹം. ബൈബിൾ വ്യാഖ്യാനങ്ങൾ, ചരിത്രവിവരണങ്ങൾ, സങ്കീർത്തനങ്ങൾ, കാലഗണനകൾ, കവിതകൾ, സമയക്രമീകരണം പോലുള്ള ശാസ്ത്രീയവിഷയങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന്റെ പഠനവിഷയങ്ങളായിരുന്നു.  അദ്ദേഹം എഴുതിയ നിരവധി ഗ്രന്ഥങ്ങൾ വി. ബീഡിന്റെ ബൗദ്ധികവ്യാപ്തിയുടെ തെളിവുകളായി നിലനിൽക്കുന്നു. തന്റെ അസാമാന്യ രചനകളിലൂടെ  ഇക്കാലത്തെ മതപരവും ബൗദ്ധികവുമായ മണ്ഡലങ്ങളെ പരിവർത്തനപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക സ്വാധീനം ചെലുത്തി.

ചരിത്രരചനകൾ

‘ഇംഗ്ലീഷ് ജനതയുടെ ചരിത്രം’ എന്ന ബൃഹത്തായ ഗ്രന്ഥം അദ്ദേഹം എ ഡി 731 ലാണ് എഴുതി പൂർത്തിയാക്കിയത്. ഇത് പിന്നീട് വന്ന ഇംഗ്ലീഷ് ചരിത്രഗ്രന്ഥങ്ങളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. റോമൻ ഭരണകാലയളവ് മുതൽ അദ്ദേഹത്തിന്റെ ജീവിതകാലം വരെയുള്ള ഇംഗ്ലീഷ് സഭയുടെ ഒരു സമഗ്രവിവരണമാണ് ഈ ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത്. റോമൻ ചക്രവർത്തി ആയിരുന്ന ജൂലിയസ് സീസർ ബ്രിട്ടൻ കീഴടക്കുന്നിടത്തുനിന്നാണ് (55 BC) ഈ ഗ്രന്ഥം ആരംഭിക്കുന്നത്. ഇത് സഭയുടെ ചരിത്രം പറയാനുള്ള പരിശ്രമമാണെങ്കിലും അതിനോടനുബന്ധിച്ചു പ്രതിപാദിച്ചിരിക്കുന്ന രാഷ്ട്രീയ, സാമൂഹികസംഭവങ്ങൾ ആഗ്ലോ-സാക്സൺ ചരിത്രശാഖയ്ക്കു തന്നെ വിലപ്പെട്ട സംഭാവനകളാണ് നൽകിയിരിക്കുന്നത്.

ഒന്നാം പുസ്തകത്തിൽ റോമൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നപ്പോൾ ഇംഗ്ലണ്ടിൽ നടന്ന മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിക്കുന്നു. മഹാനായ ഗ്രിഗറി മാർപാപ്പ വി. അഗസ്റ്റിനെ (കാന്റർബറിയിലെ) ആംഗ്ലോ-സാക്സൺ ജനങ്ങളെ ക്രിസ്തീയവിശ്വാസത്തിലേക്കു കൊണ്ടുവരുന്നതിനായി അയയ്ക്കുന്നിടത്ത് ഈ ഭാഗം അവസാനിക്കുന്നു. വി. അഗസ്റ്റിന്റെ മിഷൻ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് സഭയ്ക്ക് അടിസ്ഥാനമായി മാറുന്നതും എതൽബെർത്ത് രാജാവിന്റെ ഭരണത്തിൽ ക്രിസ്തീയവിശ്വാസം വ്യാപിക്കുന്നതും രണ്ടാം പുസ്തകത്തിൽ വിവരിക്കുന്നു. മൂന്നാം പുസ്തകത്തിൽ ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തേക്ക് എഡ്വിൻ രാജാവ്, വി. പൗളീനൂസ് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസം വ്യാപിക്കുന്നതും പേഗൻ-ക്രിസ്തീയവിശ്വാസങ്ങൾ തമ്മിലുള്ള സംഘർഷവും ചർച്ച ചെയ്യുന്നു. വി. കത്ബർട്ടിന്റെ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയും നാലാം ഭാഗത്ത് അദ്ദേഹം വിവരിക്കുന്നു. ബീഡിന്റെ ജീവിതകാലത്ത് ഇംഗ്ലണ്ടിലെ സഭയുടെ ഘടനയും വളർച്ചയും ചർച്ച ചെയ്തുകൊണ്ട് ഇംഗ്ലണ്ടിന്റെ സാംസ്കാരികവളർച്ചയ്ക്ക് സഭ നൽകുന്ന വലിയ സംഭാവനകൾ എടുത്തുപറയുന്ന അധ്യായമാണ് അഞ്ചാമത്തെത്.

വി. ബീഡ് തന്റെ ഗ്രന്ഥരചനയ്ക്കായി പ്രാഥമിക ഉറവിടങ്ങളെയാണ് ആശ്രയിച്ചത്. അതിനായി രാജകീയവിളംബരങ്ങൾ, ദൈവലയ രേഖകൾ, വാമൊഴികൾ, ഈ വിഷയത്തിലുള്ള മുൻകാല ഗ്രന്ഥങ്ങൾ എന്നിവയെല്ലാം പഠനവിധേയമാക്കി. ഇംഗ്ലണ്ടിലെ ബിഷപ്പുമാരുമായും ആബട്ടുമാരുമായും അദ്ദേഹം കത്തിലൂടെയും നേരിട്ടും ആശയവിനിമയം നടത്തി അവരുടെ കൈവശമുണ്ടായിരുന്ന ഗ്രന്ഥങ്ങളും രേഖകളും തന്റെ ഗ്രന്ഥരചനയ്ക്കായി ഉപയോഗിച്ചു. അങ്ങനെ ബീഡിന്റെ രചനകൾ ചരിത്രഗ്രന്ഥ രചനകൾക്ക് ഒരു മാതൃകയായി മാറുകയും ചെയ്തു.

തന്റെ ഗ്രന്ഥത്തിൽ വി. ബീഡ് കാലക്രമമനുസരിച്ചുള്ള ഒരു ചരിത്രവിവരണം മാത്രം നൽകുകയല്ല ചെയ്യുന്നത്. ചരിത്രത്തിൽ ദൈവീക ഇടപെടലിലൂടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു ദൈവശാസ്ത്ര വിശകലനം കൂടിയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥം. ഇംഗ്ലണ്ടിന്റെ ക്രിസ്തീയവത്ക്കരണം ദൈവീകനടത്തിപ്പായി അദ്ദേഹം കാണുകയും വിശ്വാസം വഴി ഇംഗ്ലീഷ് ജനതയ്ക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളുടെ സംക്ഷിപ്തരൂപമായി അദ്ദേഹത്തിന്റെ ചരിത്രവിവരണം മാറുകയും ചെയ്തു. ഇംഗ്ലണ്ടിനെക്കുറിച്ചുള്ള വിലയേറിയ വിവരങ്ങൾ നൽകുന്ന ഒരു ഗ്രന്ഥമായി ചരിത്രകാരന്മാർ ഇതിനെ കണക്കാക്കുന്നു. ഭാഷയിലും ദൈവശാസ്ത്രത്തിലും അദ്ദേഹത്തിനുള്ള പ്രാവീണ്യം വെളിപ്പെടുത്തുന്ന ഒരു ഉത്തമകൃതി കൂടിയാണ് ഇത്.

വി. ബീഡിന്റെ മറ്റു രണ്ടു ചരിത്രഗ്രന്ഥങ്ങളാണ് ‘വലിയ ചരിത്രരേഖയും’ (Chronica Maiora) ‘കാലങ്ങളെക്കുറിച്ച്’ (De Temporibus) എന്നതും. ബൈബിളിലെ വംശാവലിയുടെ അടിസ്ഥാനത്തിൽ, എവുസേബിയസ്, സെവില്ലിലെ ഇസിദോർ എന്നിവരെപ്പോലെ കാലഗതി നിർണ്ണയിക്കുകയാണ് ഈ ഗ്രന്ഥങ്ങളിൽ അദ്ദേഹം. ബീഡിന്റെ വീക്ഷണത്തിൽ യേശുവിന്റെ ജനനം സൃഷ്ടിക്കുശേഷം 3952 വർഷങ്ങൾ കഴിഞ്ഞു സംഭവിച്ചതാണ്. ഇത് അന്ന് നിലവിലുണ്ടായിരുന്ന ചിന്താഗതികളിൽനിന്നും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ദൈവകേന്ദ്രീകൃതമായി കാലഗതികൾ മുന്നോട്ടുപോകുന്നു എന്ന് ദൈവശാസ്ത്രപരമായി പറയുക മാത്രമായിരുന്നു. അതിനായി അദ്ദേഹം ‘കർത്താവിന്റെ കാലം’ (Anno Domini) എന്ന പ്രയോഗം എല്ലാവരും ഉപയോഗിക്കണമെന്ന് തന്റെ ഗ്രന്ഥത്തിൽ എഴുതി. ഇത് പാശ്ചാത്യ കലണ്ടറിന്റെ രൂപപ്പെടുത്തലിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ കാര്യമാണ് (‘കർത്താവിന്റെ കാലം’ എന്ന പ്രയോഗം എ ഡി 525 ൽ ഡയനീഷ്യസ് എക്സിഗൂസ് എന്ന സന്യാസി ആവിഷ്‌ക്കരിച്ചതാണെങ്കിലും അതിന് ലോകം മുഴുവൻ പ്രചാരം ലഭിക്കുന്നതിന് ഇടയാക്കിയത് വി. ബീഡിന്റെ രചനകളാണ്).

ബൈബിൾ വ്യാഖ്യാനങ്ങൾ

ബീഡ് ധാരാളം ബൈബിൾ വ്യാഖ്യാനകൃതികൾ എഴുതിയിട്ടുണ്ട്. വി. അഗസ്റ്റിൻ, വി. ജെറോം, മഹാനായ ഗ്രിഗറി എന്നിവരുടെ പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയത് അദ്ദേഹം ഈ ഭാഷ്യങ്ങൾ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സമീപനം ദൃഷ്ടാന്തപരമായും ധാർമ്മികമായും വിശുദ്ധഗ്രന്ഥത്തെ വ്യാഖ്യാനിച്ച് അതിൽ അന്തർലീനമായ ആത്മീയ അർഥം വിവരിക്കുക എന്നതായിരുന്നു. മർക്കോസിന്റെ സുവിശേഷവ്യാഖ്യാനം ലത്തീൻ ഭാഷയിലുള്ള ആദ്യകാല വ്യാഖ്യാനങ്ങളിൽ ഒന്നാണ്. ഇവിടെ ക്രിസ്തുവിന്റെ ദൈവീകതയും അവിടുത്തെ പ്രബോധനങ്ങളുടെ ധാർമ്മിക മാനദണ്ഡവും അദ്ദേഹം എടുത്തുകാട്ടുന്നു. വെളിപാടു പുസ്തകത്തിന്റെ വ്യാഖാനത്തിൽ അവസാനകാല ദർശനങ്ങളെ ആത്മീയവും സഭാപരവുമായ കണ്ണുകളോടെ കാണുന്നു. ക്രിസ്തുവിന്റെ സഹസ്രാബ്ദ ഭരണത്തിൽ വിശ്വസിച്ചുകൊണ്ടുള്ള ഒരു നിർവചനമാണ് അദ്ദേഹം ഇവിടെ നടത്തുന്നത്. അതുകൂടാതെ ഉൽപത്തി, സാമുവേലിന്റെ പുസ്തകം, രാജാക്കന്മാരുടെ പുസ്തകം, തുടങ്ങിയവയെകുറിച്ചെല്ലാം അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതി. പിതാക്കന്മാരുടെ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി വളരെ ശ്രദ്ധയോടെ തയ്യാറാക്കിയിരിക്കുന്ന ഭാഷ്യങ്ങളാണ് ഇവയെല്ലാം. സന്യാസ ഭാവനങ്ങളിലെ  അർഥികളുടെ പരിശീലനത്തെ സഹായിക്കുന്നവിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥങ്ങൾ ബീഡിന്റെ കാലത്തുതന്നെ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ദൈവശാസ്ത്ര-പ്രസംഗ പ്രബോധനങ്ങൾ

അദ്ദേഹത്തിന്റെ ദൈവശാസ്ത്രരചനകളുടെ ഉദ്ദേശം സഭയുടെ പ്രാമാണിക പ്രബോധനങ്ങൾ, ധാർമ്മിക നിലപാടുകൾ, പ്രസംഗങ്ങൾ എന്നിവ വെളിപ്പെടുത്തുക എന്നതായിരുന്നു. ബീഡിന്റെ പ്രസംഗങ്ങൾ, പ്രത്യേകിച്ചും സുവിശേഷവായനയെ അടിസ്ഥാനമാക്കിയുള്ളവ, ധാരാളമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തീയപ്രസംഗങ്ങൾക്ക് മാതൃകയായ അദ്ദേഹത്തിന്റെ ഈ രചനകൾ ആരാധനക്രമവർഷ വായനകളെ അധികരിച്ചു ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. വി. ബീഡിന്റെ അജപാലനപരമായ സമീപനത്തെ ഈ ഗ്രന്ഥം  വെളിവാക്കുന്നതോടൊപ്പം അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ സമൂഹത്തിന്റെ ആത്മീയ രൂപീകരണവും ഈ ഗ്രന്ഥം ലക്ഷ്യംവയ്ക്കുന്നു. ബീഡ് തന്റെ പ്രബോധനത്തിൽ ദൈവകൃപ, മാനസാന്തരത്തിന്റെ പ്രാധാന്യം, നിത്യജീവിതത്തിനുള്ള ഒരുക്കം തുടങ്ങിയവ പഠനവിധേയമാക്കുന്നു. വ്യക്തതയോടെയും കൃത്യതയോടെയും ദൈവശാസ്ത്ര അവധാനതയോടെയും സാധാരണക്കാർക്കും പണ്ഡിതർക്കും മനസ്സിലാകുന്ന രീതിയിലാണ് അദ്ദേഹം ഈ പ്രസംഗങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

വിശുദ്ധന്മാരുടെ ചരിത്രം, കവിത

വിശുദ്ധന്മാരുടെ ദൈവാശ്രയവും താപസജീവിതവും ബീഡിനെ വലുതായി ആകർഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ മേഖലയിലെ ഏറ്റം പ്രശസ്തമായ കൃതി ‘കത്ബർട്ടിന്റെ ജീവചരി’ത്രമാണ്. അത് ഗദ്യരൂപത്തിലും അതേസമയം കവിതാത്മകമായും എഴുതിയിരിക്കുന്ന ഒരു ഗ്രന്ഥമാണ്. ലിൻഡിഫാർനെയിലെ ബിഷപ്പായിരുന്ന ഒരു സന്യാസ വര്യനായിരുന്നു വി. കത്ബർട്ട്. ആംഗ്ലോ-സാക്സൺ സംസ്കാരത്തിൽ വലിയ രീതിയിൽ ബഹുമാനം നേടിയ വ്യക്തിയായിരുന്നു ഇദ്ദേഹം. ബീഡിന്റെ ഈ രചന ചരിത്ര അംശങ്ങൾ ഉൾക്കൊള്ളുന്നതുപോലെ ഒരു ദൈവശാസ്ത്ര വിശകലനം കൂടിയാണ്. വി. കത്ബർട്ടിനെ ഈ ഗ്രന്ഥത്തിൽ ആശ്രമജീവിതത്തിന്റെ മാതൃകയും എളിമയുടെ പ്രതീകവും ദൈവീക അനുഗ്രഹങ്ങളുടെ ഉറവിടവുമായി ബീഡ് അവതരിപ്പിച്ചിരിക്കുന്നു. ധാരാളം പ്രവചങ്ങൾ, അദ്ഭുതങ്ങൾ, ദർശനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥത്തിൽ കത്ബർട്ടിന്റെ കരങ്ങളിലൂടെ ദൈവം അതിശയകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു എന്ന് സമർഥിക്കുന്നു.

കൂടാതെ, ധാരാളം ആരാധന ക്രമഗീതങ്ങളും കവിതകളും അദ്ദേഹം  രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരാധനക്രമ ഗീതങ്ങൾ ലത്തീനിൽ ആശ്രമത്തിലെ യാമപ്രാർഥനകൾക്കും മറ്റു ഭക്താനുഷ്ഠാനങ്ങൾക്കും ഉപയോഗിക്കത്തക്ക രീതിയിൽ എഴുതിയിരിക്കുന്നു. ഗഹനമായ ദൈവശാസ്ത്രസത്യങ്ങൾ കാവ്യാത്മകമായി വിശുദ്ധലിഖിതങ്ങളെ അടിത്താനപ്പെടുത്തി മനോഹരമായി അദ്ദേഹം ചിട്ടപ്പെടുത്തി. ‘ഹിമ്നും കനാമൂസ്‌ ഗ്ലോറിയെ’ എന്ന ഗീതം പരിശുദ്ധ ത്രിത്വത്തെ മഹത്വപ്പെടുത്തിക്കൊണ്ട് എഴുതിയിരിക്കുന്നതാണ്. ദൈവത്തിന്റെ മനുഷ്യാവതാരം, ക്രിസ്തുവിന്റെ സഹനം, വിശുദ്ധന്മാരുടെ ജീവിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം ഗീതങ്ങൾ രചിച്ചിട്ടുണ്ട്. ഭക്തി വർധിപ്പിക്കുക എന്നതുപോലെ തന്നെ വിശ്വാസികളെ ദൈവശാസ്ത്രപരമായ അറിവിൽ ആഴപ്പെടുത്തുക എന്നതും ഇവിടെ അദ്ദേഹം ലക്ഷ്യംവച്ചിരുന്നു. സങ്കീർണ്ണമായ പ്രബോധനങ്ങളും ആശയങ്ങളും കവിതയിലൂടെ ചുരുക്കിപ്പറയാൻ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ആരാധനക്രമ സംഗീതത്തിനും ആശ്രമങ്ങളിലെ പ്രാർഥനാചൈതന്യത്തിനും തന്റെ കൃതികളിലൂടെ വി. ബീഡ് നിർണ്ണായക സംഭാവന നൽകിയിട്ടുണ്ട്.

ശാസ്ത്രീയ-വിദ്യാഭ്യാസ കൃതികൾ

വി. ബീഡിന്റെ അധികം പ്രശസ്തമല്ലാത്ത കൃതികളാണ് ഈ വിഭാഗത്തിലുള്ളത്. ‘വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ച്’ ‘സമയഗണനയെക്കുറിച്ച്’ എന്നീ ഗ്രന്ഥങ്ങൾ നാം ജീവിക്കുന്ന സ്വാഭാവിക ലോകത്തെക്കുറിച്ചും അത് ആരാധനാക്രമവുമായി എങ്ങനെ ബന്ധപ്പെടുത്താൻ സാധിക്കും എന്ന ചിന്തയും ഉൾക്കൊള്ളുന്നതാണ്. ഈസ്റ്റർ തീയതി കണക്കാക്കുന്നതിന് അവലംബിച്ചിരുന്ന രീതി ഇക്കാലഘട്ടങ്ങളിൽ വലിയ ചർച്ചാവിഷയമായിരുന്നതിനാൽ ഈ പുസ്തകങ്ങൾ ഈ മേഖലയിൽ വളരെ പ്രാധാന്യമുള്ളവ ആയിരുന്നു. കൂടാതെ വാനഗണിതം, സൗരയൂഥം, കലണ്ടർ, സമയത്തിന്റെ വിഭജനം തുടങ്ങിയ കാര്യങ്ങൾ ബീഡ് ഈ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യുന്നു. ബീഡിന്റെ അസാമാന്യ ബുദ്ധിവൈഭവം വെളിപ്പെടുത്തുന്ന ഗ്രന്ഥങ്ങളാണ് ഇവ. യുക്തിയും വിശ്വാസവും എത്ര ഭംഗിയായി സംയോജിപ്പിച്ചുകൊണ്ടുപോകാൻ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതരികയും ചെയ്യുന്നു. നമ്മൾ ജീവിക്കുന്ന ഈ ഭൗമീകലോകത്തെക്കുറിച്ചുള്ള അറിവ് ദൈവത്തെ മഹത്വപ്പെടുത്താനും സഭയുടെ ആരാധനയെ കൂടുതൽ അർഥവത്താക്കാനും സഹായിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.

ലേഖനങ്ങളും വ്യക്തിപരമായ എഴുത്തുകളും

ബീഡിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ നമുക്ക് നൽകുന്ന ലേഖനങ്ങളും എഴുത്തുകളുമാണ് ഇവ. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കത്ബർട്ട് എഴുതിയ ഒരു കത്തും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽനിന്നാണ് അദ്ദേഹത്തിന്റെ അന്ത്യനാളുകളെക്കുറിച്ചുള്ള അറിവ് നമുക്ക് ലഭിച്ചിരിക്കുന്നത്. അസാധാരണ വിശ്വാസവും എളിമയും മരണസമയത്തുപോലും ശാന്തത കൈവിടാത്ത വ്യക്തിയുമായി അദ്ദേഹത്തെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

ബീഡിന്റെ കൃതികൾ മധ്യകാലയുഗത്തിൽ വ്യാപകമായി പകർത്തിയെഴുതപ്പെടുകയും അനേകർ അത് പഠനത്തിനായും അറിവിനായും ഉപയോഗിക്കുകയും ചെയ്തു. വി. ബീഡ് അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റം അറിവുള്ള വ്യക്തിയായി സമകാലീനർ കരുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രശക്തി ഇംഗ്ലണ്ടിനു പുറത്തേക്കും ജീവിതകാലത്തുതന്നെ ചെന്നെത്തിയിരുന്നു. വി. ബീഡിന്റെ കൃതികളിലൂടെ ക്രിസ്തീയവിശ്വാസത്തെക്കുറിച്ചുള്ള അറിവും തുടർപഠനവും അനേകർക്ക് ലഭ്യമാകുന്നതിന് ഇടയായി.

വി. ബീഡ് ലത്തീൻ ഭാഷയിൽ എഴുതിയ ഒരു പ്രാർഥനയുടെ മലയാള പരിഭാഷ  

ഓ ക്രിസ്തുവേ, ഞങ്ങളുടെ പ്രഭാതനക്ഷത്രമേ,
ഈ ലോകത്തിന്റെ രാത്രികാലം കടന്നുപോയശേഷം,
നിൻ വിശുദ്ധന്മാർക്ക് ജീവന്റെ പ്രകാശം വാഗ്ദാനം ചെയ്യുന്നവനേ,
അവർക്കായി നിത്യപ്രകാശ ദിനം തുറക്കുന്നവനേ,
ഞങ്ങൾ നിന്നോട് പ്രാർഥിക്കുന്നു,
നിന്റെ ജ്യോതിയാൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ,
നിൻ പ്രകാശത്തിൽ ഞങ്ങൾ സഞ്ചരിക്കട്ടെ,
എപ്പോഴും നിൻ നാമമഹത്വത്തിനായ്. ആമ്മേൻ.

ഉപസംഹാരം

ഒരു ക്രിസ്തീയവിശ്വാസിയുടെ യഥാർഥമഹത്വം അദ്ഭുതങ്ങളിലും അമാനുഷിക പ്രവർത്തികളിലും അധികാരപദവികളിലും എന്നതിനെക്കാൾ ശാന്തതയോടെയുള്ള സമർപ്പണത്തിലും ക്ഷമയോടെയുള്ള പഠനത്തിലും വിശ്വസ്ത സേവനത്തിലുമാണെന്ന് വി. ബീഡിന്റെ ജീവിതം നമ്മോടു പറയുന്നു. തന്റെ ജീവിതകാലം മുഴുവൻ ഒരു ആശ്രമത്തിനുള്ളിൽ ചിലവഴിക്കുകയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ആ മതിലുകളെ മറികടന്ന് യൂറോപ്പിന്റെ തന്നെ ആത്മീയ-ബൗദ്ധിക ഭൂപടം രൂപപ്പെടുത്താൻ സഹായിച്ചു. യാതൊരു പ്രശസ്തിയും ആഗ്രഹിക്കുകയോ, അന്വേഷിക്കുകയോ ചെയ്യാതെതന്നെ താൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ വ്യക്തിയായി വി. ബീഡ് മാറി. ചരിത്രത്തെ ആയിരിക്കുന്ന രീതിയിൽ വരച്ചുകാട്ടുക മാത്രമല്ല, അവയിലുണ്ടാകുന്ന ദൈവീകപ്രവർത്തനങ്ങളെ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുകയും ചെയ്ത വ്യക്തിയായിരുന്നു വി. ബീഡ്. ഇന്നും സഭയുടെ വിളങ്ങുന്ന താരമായി അദ്ദേഹം വിരാചിക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ അമാനുഷിക അറിവ് മാത്രമായിരുന്നില്ല, അത് നേടിയെടുക്കുന്നതിനും പകർന്ന് നൽകുന്നതിനും അദ്ദേഹം പ്രകടിപ്പിച്ച ആത്മസമർപ്പണവുമാണ്.

ഒരു സന്യാസിയുടെ ഗൗരവത്തോടെ ജീവിതത്തെ കൈകാര്യം ചെയ്തപ്പോഴും ശാന്തമായും സരസമായും മറ്റുള്ളവരെ ചിന്തിപ്പിച്ച പണ്ഡിതൻ കൂടിയാണ് വി. ബീഡ്. ലത്തീൻഭാഷ പഠിക്കാൻ ബുദ്ധിമുട്ടുന്ന യുവസന്യാസാർഥിയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ശാന്തതയോടെ പഠിക്കൂ, മാലാഖമാർപോലും ഒരുദിവസം കൊണ്ട് എല്ലാം മനസ്സിലാക്കുന്നില്ല.” ദൈവം അദ്ദേഹത്തിന് എഴുതാനുള്ള അനുഗ്രഹം നൽകിയതിനെക്കുറിച്ചു പ്രശംസിച്ച ആളിനോട് അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “ദൈവം എനിക്ക് മഷിയും ശാന്തതയുള്ള മണിക്കൂറുകളും തന്നു.”

അനുദിന ജീവിതത്തിന്റെ കഷ്ടപ്പാടും പ്രയാസങ്ങളും ഉൾക്കൊള്ളാൻ കഴിവുള്ള വലിയൊരു മനസ്സിന്റെ ഉടമകൂടിയായിരുന്നു അദ്ദേഹം. വി. ബീഡിന്റെ ശാശ്വതസംഭാവന അദ്ദേഹം വിരചിച്ച പുസ്തകങ്ങളിലെ ആയങ്ങളെക്കാൾ ജീവിതത്തിലൂടെ വെളിപ്പെടുത്തിയ വിശുദ്ധിയുടെ പരിമളമാണ്. വി. ബീഡ് നമ്മെ പഠിപ്പിക്കുന്നതും ഇത് തന്നെയാണ് – വിശുദ്ധി ശാന്തമായി ക്രിസ്തീയജീവിതം വിശ്വസ്തതയോടെ ജീവിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്.  ഇംഗ്ലണ്ടിൽനിന്നുള്ള ഒരു സന്യാസിയുടെ കഥ മാത്രമല്ല നാമിപ്പോൾ അറിഞ്ഞിരിക്കുന്നത്. ‘അന്ധകാരയുഗ’ത്തിൽ വിശുദ്ധിയുടെയും വിജ്ഞാനത്തിന്റെയും പ്രകാശം പരത്തിയതുവഴി തലമുറകൾക്ക് വെളിച്ചമായി മാറിയ ഒരു പുണ്യവാന്റെ കഥകൂടിയാണ്. അദ്ദേഹത്തിന്റെ അന്ത്യവചസ്സുകൾ നമ്മുടെ ജീവിതത്തിന്റെ ആപ്തവാക്യമായി സ്വീകരിക്കാവുന്ന വചനങ്ങളാണ്: “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടായിരിക്കട്ടെ!”

വി. ബീഡിനെപ്പോലെ ജ്ഞാനത്തോടെ ജീവിക്കാനും ആഴത്തിൽ സ്നേഹിക്കാനും അക്ഷരങ്ങൾ കൊണ്ട് ഈ ലോകത്തെ മനോഹരമാക്കാനും നമുക്കും പരിശ്രമിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.