

വി. അത്തനേഷ്യസ്
ആമുഖം
നമ്മുടെ ക്രിസ്തീയ പ്രബോധങ്ങളുടെയെല്ലാം ആധാരശിലയാണ് പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം. ഈ മൂലസിദ്ധാന്തത്തിന്റെ ഭാഗമായിട്ടുള്ള ക്രിസ്തീയപ്രമാണമാണ് മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തു പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും ആണെന്നത്. ഈ വിശ്വാസ സത്യം അതിന്റെ സമ്പൂർണ്ണതയിൽ അനന്തര തലമുറയ്ക്കു പകർന്നുനൽകുന്നതിന് മറ്റാരെക്കാളും പ്രയത്നിച്ച പുണ്യവാനാണ് വി. അത്തനേഷ്യസ്. ‘സത്യവിശ്വാസ സംരക്ഷണത്തിന്റെ പിതാവ്’ (The Father of Orthodoxy) എന്ന് ചരിത്രം അദ്ദേഹത്തിന് ചാർത്തിക്കൊടുത്ത ശീര്‍ഷകത്തിനാധാരം ദൈവീക വെളിപാടുകളെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കി അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യാഖ്യാനിച്ചതിനാലാണ്. ചക്രവർത്തിമാരും മാർപാപ്പമാരും ബിഷപ്പുമാരും സന്യാസികളും വിശ്വാസികളും ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണ രൂപീകരണചർച്ച ഏറ്റെടുക്കുകയും അത്തനേഷ്യസിനെപ്പോലെയുള്ള സഭയുടെ പുണ്യതാരകങ്ങൾ സമാനതകളിലാത്ത സഹനം വരിക്കുകയും ചെയ്തു.
വി. ന്യൂമാൻ തന്റെ കവിതയിൽ ഈ സഭാപിതാവിനെ അഭിസംബോധന ചെയ്തിരിക്കുന്നത് ‘രാജഹൃദയമുള്ള, പൗലോസിന്റെ അനുഗ്രഹീത മേലങ്കിയണിഞ്ഞ അത്തനേഷ്യസേ’ എന്നാണ്. ‘അത്തനേഷ്യസ് ലോകത്തിനെതിരെ’ (Athanasius contra mundum) എന്ന പ്രസിദ്ധ പ്രയോഗമുണ്ടായത് വേദവിപരീത സമൂഹത്തിനെതിരെയുള്ള പോരാട്ടം മുന്നിൽ നിന്നു നയിച്ചവൻ എന്ന നിലയിലാണ്. എല്ലാവർക്കും അനഭിമതനായ അത്തനേഷ്യസിനു വേണ്ടി വാദിച്ച ലിബേരിയൂസ് മാർപാപ്പയോട് കോൺസ്റ്റാൻസിയൂസ് ചക്രവർത്തി ചോദിച്ചത്, “ലോകത്തിനെതിരെ അത്തനേഷ്യസിനു വേണ്ടി വാദിക്കാൻ താങ്കളാരാണ്?” എന്നാണ്. 45 വർഷത്തോളം ബിഷപ്പായിരുന്ന, 17 വർഷം നാല് റോമൻ ചക്രവർത്തിമാരാൽ അഞ്ചുപ്രാവശ്യം നാടുകടത്തപ്പെട്ട, ഈജിപ്ത്യൻ സഭ ക്രിസ്തീയവിശ്വാസത്തിനു നൽകിയ, അമൂല്യനിധികളിലൊന്നാണ് വി. അത്തനേഷ്യസ്. ‘സഭയുടെ നെടുംതൂണ്’ എന്ന് വി. ഗ്രിഗറി നസ്യാൻസൻ വിശേഷിപ്പിച്ചിരിക്കുന്ന ഈ വേദപാരംഗതനെ അടുത്തറിയുന്നത് ആധുനിക കാലഘട്ടത്തിലെ വിശ്വാസ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനു നമ്മെയും സഹായിക്കും.
അലക്‌സാൻഡ്രിയ
അലക്സാൻഡ്രിയ നഗരത്തെക്കുറിച്ച് അൽപം അറിയുന്നത് അത്തനേഷ്യസിന്റെ സഭാജീവിതത്തെയും പ്രവർത്തനശൈലിയെയും വിശകലനവിധേയമാക്കുന്നതിന് അനിവാര്യമാണ്. പ്രാചീന റോമൻ സാമ്രാജ്യത്തിലെ ഏറ്റം പ്രധാനപ്പെട്ട വാണിജ്യനഗരമായിരുന്നു അലക്‌സാൻഡ്രിയ. മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടെ നാമത്തിൽ നിന്നുമാണ് അലക്സാൻഡ്രിയ എന്ന നാമത്തിന്റെ ഉദ്ഭവം. ബി സി 332 ലാണ് തന്റെ പടയോട്ടത്തിൽ അദ്ദേഹം ഈ പ്രദേശം കീഴടക്കി ഒരു നഗരം നിർമ്മിച്ച് തന്റെ പേരുതന്നെ നൽകുന്നത്. നൈൽ സമതലത്തോടു ചേർന്ന് മെഡിറ്ററേനിയൻ കടലിന്റെ തീരത്തായിട്ടാണ് ഈ നഗരം പണിതുയർത്തിയിരിക്കുന്നത്. രണ്ടു സ്വാഭാവിക തുറമുഖങ്ങളും ഒരു മനുഷ്യനിർമ്മിത തുറമുഖവും ഇവിടെ ഉണ്ടായിരുന്നു. ബി സി 280 ൽ നിർമ്മിച്ച ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ ഫറവോയുടെ വിളക്കുമാടം (lighthouse) പുരാതന ലോകത്തെ ഏഴു ലോകാദ്ഭുതങ്ങളിലൊന്നായിരുന്നു.
നാവികർക്ക് തുടർയാത്രയ്ക്കുള്ള വഴിവെളിച്ചം പ്രദാനം ചെയ്ത നഗരം വ്യാപാരികളുടെയും തീർഥാടകരുടെയും ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള വിജ്ഞാനികളുടെയും സംഗമസ്ഥാനം കൂടി ആയിരുന്നു. ബൗദ്ധികമായും ധാർമ്മികമായും രാഷ്ട്രീയപരമായും ഗ്രീക്ക്-റോമൻ സംസ്കാരത്തിന്റെ വൈവിധ്യം റോമിനെക്കാളും കോൺസ്റ്റാന്റിനോപ്പിലേക്കാളും ഇവിടെ ദൃശ്യമായിരുന്നു. ഇവിടുത്തെ ക്രിസ്തീയപരിശീലന പാഠശാലകളിൽ അവിശ്വാസികൾപോലും സംബന്ധിക്കുകയും ചെയ്തിരുന്നു. വിശുദ്ധ ഗ്രന്ഥപഠനത്തോടൊപ്പം ഗ്രീക്ക് ഭാഷയിൽ പ്രാവീണ്യം നേടുക എന്നത് അന്നത്തെ അലക്‌സാൻഡ്രിയൻ പഠനരീതി ആയിരുന്നു.
റോമൻ സാമ്രാജ്യത്തിന്റെ ധാന്യകലവറയായ ഈജിപ്തിനെ അറേബ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിച്ചിരുന്ന നിരവധി തുറമുഖങ്ങളും അലക്‌സാൻഡ്രിയായിൽ ഉണ്ടായിരുന്നു. ഭരണ നിർവഹണകേന്ദ്രമായിരുന്ന ഇവിടെ കപ്പൽനിർമ്മാണവും പാപ്പിറസ് ചുരുളുകളുടെ നിർമ്മാണവും വലിയ വ്യവസായമായി വളർന്നിരുന്നു. അഞ്ചുലക്ഷം പപ്പീറസ് ചുരുളുകളുടെ ബൃഹത്തായ ലൈബ്രറി ഈ നഗരത്തെ ലോകത്തിന്റെ തന്നെ വിജ്ഞാന തലസ്ഥാനമാക്കിയിരുന്നു. (270 ലെ അഗ്നിയിൽ ഇത് നശിച്ചുപോവുകയാണുണ്ടായത്).
ഈജിപ്തിലെ സഭയുടെ ആസ്ഥാനം കൂടിയായിരുന്നു അലക്സാണ്ഡ്രിയ. സുവിശേഷകനായ വി. മർക്കോസാണ് അലക്‌സാൻഡ്രിയൻ പ്രദേശത്തെ ക്രിസ്തീയവിശ്വാസത്തിലേക്ക് ആനയിച്ചത്. ഈ നഗരത്തിലെ പതിനേഴാമത്തെ ബിഷപ്പായിരുന്ന പീറ്റർ എ ഡി 311 ൽ മതപീഡനത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ചപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി അലക്‌സാണ്ടർ പാത്രിയർക്കീസായി ചുമതലയേറ്റു. നിഖ്യാ സൂനഹദോസിന്റെ സമയത്ത് ഈജിപ്ത്, ലിബിയ, പെന്തപോലീസ് എന്നിവിടങ്ങളിലെ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അധികാരവും അലക്സാൻഡ്രിയായിലെ പാത്രിയർക്കീസിനായിരുന്നു. ഇവിടുത്തെ മതപഠനകേന്ദ്രം ഒരിക്കൽ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ഒറിജിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. അത്തനേഷ്യസിന്റെ കാലഘട്ടത്തിൽ ‘അന്ധനായ ദിദിമസി’നായിരുന്നു ഈ സ്ഥാപനത്തിന്റെ നേതൃത്വം.
ജനനം, ബാല്യം, വിദ്യാഭ്യാസം
അത്തനേഷ്യസിന്റെ ബാല്യകാലം അനന്തര തലമുറയ്ക്കു പകർന്നുനൽകുന്ന ചരിത്രവിവരണങ്ങൾ വിരളമാണ്. അതിനാ തന്നെ വ്യത്യസ്തമായ വര്‍ണ്ണനകൾ പല ഉറവിടങ്ങളിൽ നിന്നും കാലാകാലങ്ങളായി ഉണ്ടായിട്ടുണ്ട്. അലക്‌സാൻഡ്രിയായിലെ ഒരു ക്രിസ്തീയകുടുംബത്തിൽ ജനിച്ചുവെന്നു ചിലർ വാദിക്കുമ്പോൾ, അതല്ല നൈൽ നദീതടത്തിലെ ദമാൻഹൂർ പട്ടണത്തിലാണ് ജനിച്ചതെന്നു മറ്റുചിലർ എഴുതുന്നു. അതുപോലെതന്നെ ജനിച്ച വർഷത്തെക്കുറിച്ച് പല അനുമാനങ്ങൾ നിലനിൽക്കുന്നതുകൊണ്ട് 293 മുതൽ 298 വർഷത്തിലെപ്പോഴോ ജനിച്ചുവെന്നും അനുമാനിക്കപ്പെടുന്നു. അത്തനേഷ്യസിന് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിനുള്ള സാമ്പത്തികശേഷി അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. ഇക്കാരണത്താൽ ഗ്രീക്ക്, കോപ്റ്റിക്ക് ഭാഷകളിൽ ആഴമായ അറിവ് സമ്പാദിക്കുകയും അത് പിന്നീട് തന്റെ അജപാലന ജീവിതത്തിൽ പ്രയോജനം ചെയ്യുകയും ചെയ്തു.
അക്വീലേയിലെ റൂഫിനസ് (344–411) എന്ന ക്രിസ്തീയ പണ്ഡിതൻ അത്തനേഷ്യസിന്റെ ബാല്യകാലത്തെ സംബന്ധിച്ച് രസകരമായ ഒരു വിവരണം നൽകുന്നുണ്ട്. അലക്‌സാണ്ടർ എന്ന ബിഷപ്പ് തന്റെ വീടിന്റെ ജനലിൽകൂടി പുറത്തേക്കു നോക്കിയപ്പോൾ കടൽത്തീരത്തു കളിക്കുന്ന കുറെ കുട്ടികളെ കണ്ടു. സൂക്ഷ്മനിരീക്ഷണത്തിൽ അവർ ദൈവാലയത്തിൽ വീക്ഷിച്ച മാമ്മോദീസയുടെ കർമ്മങ്ങൾ പുനരാവിഷ്‌ക്കരിക്കുകയാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതിൽ അത്തനേഷ്യസ് എന്ന ബിഷപ്പായി അഭിനയിച്ച കുട്ടി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം അവരെ താക്കീത് ചെയ്യുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി ഇവരെ ക്രിസ്തീയ വിശ്വാസപരിശീലനത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് വർഷങ്ങൾക്കു ശേഷം തന്റെ വിദ്യാഭ്യാസമൊക്കെ പൂർത്തീകരിച്ച് അത്തനേഷ്യസ് ബിഷപ്പ് അലക്‌സാണ്ടറിന്റെ കൂടെക്കൂടി. ഒരു പിതാവിനടുത്ത വാത്സല്യത്തോടെയും കരുതലോടെയുമാണ് അദ്ദേഹം അത്തനേഷ്യസിനെ പരിപാലിച്ചതും പരിശീലിപ്പിച്ചതും.
പതിമൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ ബിഷപ്പായിരുന്ന സേവേറൂസ് ഇബിൻ അൽ മുക്കഫ അറബി ഭാഷയിൽ എഴുതിയ ‘അലക്സാൻഡ്രിയായിലെ പാത്രിയർക്കീസുമാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ അത്തനേഷ്യസിന്റെ ചെറുപ്പകാലത്തെക്കുറിച്ച് മുകളിൽപറഞ്ഞതിൽ നിന്നും വ്യത്യസ്തമായ ഒരു വിവരണം നൽകുന്നു. അത്തനേഷ്യസിന്റെ അമ്മ വളരെ ധനികയായ ഒരു പുറജാതിക്കാരി ആയിരുന്നു. യൗവനപ്രായത്തിലെത്തിയ അത്തനേഷ്യസിന് അമ്മ അനുയോജ്യയായ ഒരു വധുവിനെ അന്വേഷിക്കുമ്പോൾ അദ്ദേഹം വിവാഹം കഴിക്കാൻ വിസമ്മതിച്ചു. അവസാനം അമ്മ ആ പ്രദേശത്തെ വിവേകിയും മാന്ത്രികവിദ്യകളൊക്കെ പഠിച്ചവനുമായ ഒരു ഗുരുവിന്റെ അഭിപ്രായം തേടി. ഈ ഗുരു അവരുടെ വീട്ടിൽ ഒരു ദിവസം ഭക്ഷണത്തിനു വന്നു അത്തനേഷ്യസിനോട് സംസാരിച്ചു. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന അമ്മയോട് ഈ കൂടിക്കാഴ്ചയ്ക്കുശേഷം അവനെ ഇനിയൊരിക്കലും ഇക്കാര്യത്തിൽ ശല്യപ്പെടുത്തരുതെന്ന നിർദേശമാണ് ഗുരു നൽകിയത്. ഇതിന്റെ കാരണമായി പറഞ്ഞത് അവൻ ‘ഗലീലിയക്കാരുടെ കൂട്ടത്തിൽ ചേർന്നിരിക്കുന്നു’ എന്നതാണ്. ഗലീലിയക്കാർ ആരെന്ന ആ അമ്മയുടെ അന്വേഷണം അവരെ അവിടുത്തെ സഭാവിശ്വാസികളിൽ കൊണ്ടെത്തിച്ചു. അധികം താമസിയാതെ അത്തനേഷ്യസിനെയും കൂട്ടി ഈ അമ്മ ബിഷപ്പ് അലക്‌സാണ്ടറിന്റെ അരികിലെത്തുകയും അദ്ദേഹത്തിൽ നിന്ന് ഇരുവരും മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. ഈ സ്നേഹനിധിയായ അമ്മയുടെ മരണശേഷം ചെറുപ്പക്കാരനായ അത്തനേഷ്യസിന്റെ സംരക്ഷണം ബിഷപ്പ് അലക്‌സാണ്ടർ ഏറ്റെടുത്തു.
അലക്‌സാൻഡ്രിയായിലെ പാത്രിയർക്കീസ്
എ ഡി 319 ൽ പാത്രിയർക്കീസ് അലക്‌സാണ്ടർ തന്റെ സഹായിയായ അത്തനേഷ്യസിനെ ഒരു ഡീക്കനായി അഭിഷേകം ചെയ്തു. എ ഡി 325 ൽ നിഖ്യായിൽ വച്ചു നടന്ന ആദ്യ എക്കൂമെനിക്കൽ സൂന്നഹദോസിൽ അലക്‌സാണ്ടറിന്റെ സെക്രട്ടറിയായി അത്തനേഷ്യസും സംബന്ധിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയും വിജ്ഞാനവും അദ്ദേഹം അറിയാതെയും ആഗ്രഹിക്കാതെയും അത്തനേഷ്യസിനെ പ്രശസ്തനാക്കി.
കോൺസ്റ്റന്റീൻ ചക്രവർത്തി വിളിച്ചുകൂട്ടിയ നിഖ്യാ സൂനഹദോസിൽവച്ച് സഭാപിതാക്കന്മാർ ത്രിത്വവിശ്വാസം രൂപപ്പെടുത്തുകയും ആര്യൻ വിശ്വാസത്തെ പാഷണ്ഡതയായി പ്രഖ്യാപിക്കുകയും ചെയ്തു. ആര്യൻ വേദവിപരീതം അവസാനിപ്പിക്കുന്നതിനുള്ള ഒരേയൊരു പോംവഴി നിഖ്യാ വിശ്വാസപ്രമാണം അനുസരിക്കുകയാണെന്ന ബിഷപ്പ് അലക്‌സാണ്ടറുടെ ചിന്ത അദ്ദേഹത്തിന്റെ സഹായിയായ അത്തനേഷ്യസിൽ വലിയ സ്വാധീനം ചെലുത്തി. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘ഒരേസത്തയിൽ’ (homoousios) എന്ന വാക്ക് സത്യവിശ്വാസ സംഹിതയായി മാറി. കൗൺസിലിനുശേഷം വി. അത്തനേഷ്യസ് ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്വത്വവും ശരിയായി വിശദീകരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ വക്താവായി മാറി.
നിഖ്യാ സൂനഹദോസ് കഴിഞ്ഞു അഞ്ചു മാസത്തിനുള്ളിൽ പാത്രിയർക്കീസ് അലക്‌സാണ്ടർ മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായി വി. അത്തനേഷ്യസ് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങൾ നിലവിലുണ്ട്. അലക്‌സാണ്ടർ കാലം ചെയ്തപ്പോൾ അലക്‌സാൻഡ്രിയായിലെ പുതിയ പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതിനായി ബിഷപ്പുമാർ ദൈവാലയത്തിൽ ഒരുമിച്ചുകൂടി. ഈ സമയത്ത് അവിടുത്തെ വിശ്വാസികൾ സമ്മേളനം നടക്കുന്ന ദൈവാലയത്തിനു പുറത്തു ഒത്തുകൂടുകയും തങ്ങൾക്ക് ‘അത്തനേഷ്യസിനെ തരിക’ എന്ന് വിളിച്ചുപറയുകയും ചെയ്തു. ഈ സമയം ബിഷപ്പുമാർ ഒരേ മനസ്സോടെ അത്തനേഷ്യസിനെ തങ്ങളുടെ പാത്രിയർക്കീസായി തിരഞ്ഞെടുക്കുകയും ചെയ്തു.
മുകളിൽ പറഞ്ഞതിൽനിന്നും വ്യത്യസ്തമായ ഒരു പാരമ്പര്യവും നിലവിലുണ്ട്. അലക്സാണ്ടർ തന്റെ മരണക്കിടയിൽ അവിടെയുള്ള വൈദികഗണത്തെയും വിശ്വാസികളുടെ നേതാക്കന്മാരെയും തന്റെ അരികിലേക്ക് വിളിച്ചുവരുത്തി. തന്റെ പിൻഗാമിയായി അത്തനേഷ്യസിനെ സ്വീകരിക്കണമെന്ന് അവരോട് മൂന്നുപ്രാവശ്യം ആവശ്യപ്പെട്ടു. പാത്രിയർക്കീസിനെ തിരഞ്ഞെടുക്കാൻ കൂടിയ ഈജിപ്തിലെ ബിഷപ്പുമാർ അലക്‌സാണ്ടറിന്റെ ആഗ്രഹം സഫലമാക്കുന്നതിനായി അത്തനേഷ്യസിനെ ഏകമനസ്സോടെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
തന്റെ മുപ്പതാമത്തെ വയസ്സിൽ സഭയിലെ പ്രധാനപ്പെട്ട ഒരു ക്രിസ്തീയസങ്കേതത്തിന്റെ അധ്യക്ഷനായി അത്തനേഷ്യസ് അഭിഷേകം ചെയ്യപ്പെട്ടു. ഇത് സഭാചരിത്രത്തിലെ തന്നെ സംഭവബഹുലമായ ഒരു ബിഷപ്പ് വാഴ്ചയുടെ തുടക്കമായിരുന്നുവെന്ന് ആരും തന്നെ അപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല. ബിഷപ്പായുള്ള ആദ്യവർഷങ്ങൾ അദ്ദേഹം ദൈവാലയങ്ങൾ സന്ദർശിക്കുകയും ആശ്രമങ്ങളിലെയും മരുഭൂമിയിലെയും സന്യാസിമാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ യാത്രകളിലൊന്നിലാണ് ഏകാന്ത സന്യാസജീവിതത്തിന്റെ തുടക്കകാരനായി അറിയപ്പെടുന്ന പക്കോമിയോസിനെ അദ്ദേഹം അടുത്ത് പരിചയപ്പെടുന്നത്.
വി. അത്തനേഷ്യസ് വിശ്വാസജീവിതത്തിനു വേണ്ടി ഏറ്റെടുത്ത സഹനങ്ങൾക്ക് സഭാജീവിതത്തിൽ സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ സുദീർഘമായ അജപാലന നേതൃത്വം അഞ്ചു പ്രവാസങ്ങൾ ഉൾപ്പെടുന്നതാണ്. അതും ഒരു ദശകത്തോളം നീണ്ട സമാധാന ഭരണവും ഇവിടെ വിവരിക്കുന്നു.
ഒന്നാം പ്രവാസം
അത്തനേഷ്യസ് തന്റെ അജപാലന നേതൃത്വജീവിതത്തിൽ അഭിമുഖീകരിച്ച ആദ്യ പ്രശ്‍നം ആരിയൂസിനു പട്ടം നൽകിയ ലിക്കോപൊലീസിലെ ബിഷപ്പ് മെലേത്തിയൂസ് ഉണ്ടാക്കിയ വെല്ലുവിളികൾ തരണം ചെയ്യുക എന്നതായിരുന്നു. അദ്ദേഹവും അനുയായികളും നിഖ്യാവിശ്വാസ പ്രമാണത്തെ തിരസ്കരിക്കുകയും ആര്യൻ വിശ്വാസത്തിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത്തനേഷ്യസ് മോശമായി പെരുമാറുന്നു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് എ ഡി 335 ൽ ടയറിൽ വച്ച് (ഇന്നത്തെ ലബനോനിലെ നഗരം) ഇവർ ബിഷപ്പുമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഈ പ്രാദേശിക കൗൺസിലിൽ ആര്യൻ അനുഭാവിയായിരുന്ന നിക്കോമേദിയായിലെ എവുസേബിയോസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിഷപ്പുമാർ അത്തനേഷ്യസിനെ നാടുകടത്താൻ തീരുമാനിച്ചു. രണ്ടുകൂട്ടരും പ്രശ്നപരിഹാരത്തിനായി കോൺസ്റ്റന്റീൻ ഒന്നാമൻ ചക്രവർത്തിയെ കോൺസ്റ്റാന്റിനോപ്പിൾ വച്ചു കാണുന്നു. ഈ അവസരത്തിൽ ചക്രവർത്തിയുടെ മുൻപിൽ അത്തനേഷ്യസിനെ മോശക്കാരനായി ചിത്രീകരിക്കാൻ ശത്രുക്കൾ കള്ളക്കഥ ചമച്ചു. ഈജിപ്തിൽ നിന്നും കോൺസ്റ്റാന്റിനോപ്പിളിലേക്കുള്ള ധാന്യങ്ങൾ കയറ്റി അയയ്ക്കുന്നതിന് അദ്ദേഹം തടസ്സമായി നിൽക്കുമെന്നതായിരുന്നു ആര്യൻ അനുഭാവികളുടെ വാദം. തത്ഫലമായി ചക്രവർത്തി അത്തനേഷ്യസിനെ കുറ്റക്കാരനായി വിധിക്കുകയും ഗൗൾ പ്രദേശത്തെ അഗുസ്ത ത്രവെറോരും നഗരത്തിലേക്ക് (ഇന്നത്തെ ജർമ്മനിയിലെ ട്രിയർ) നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
എന്നാൽ എ ഡി 336 ൽ ട്രിയറിൽ എത്തിയ അത്തനേഷ്യസിനെ ബിഷപ്പ് മാക്സിമിൻ സ്നേഹാദരവുകളോടെ സ്വീകരിക്കുകയും തന്റെ കൂടെ രണ്ടുവർഷം താമസിപ്പിക്കുകയും ചെയ്തു. എ ഡി 337 ൽ കോൺസ്റ്റന്റീൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മൂന്നു പുത്രന്മാർ രാജ്യഭരണം ഏറ്റെടുത്തു. ഈ അവസരത്തിൽ അത്തനേഷ്യസിന് തന്റെ രൂപതയായ അലക്സാൻഡ്രിയയിലേക്ക് തിരികെപ്പോകാനുള്ള അനുമതി ലഭിച്ചു.
രണ്ടാം പ്രവാസം
അത്തനേഷ്യസിന്റെ മടങ്ങിവരവിൽ താൽപര്യമില്ലാതിരുന്ന ആര്യൻ പക്ഷപാതികളായ ബിഷപ്പുമാർ കോൺസ്റ്റാൻസിയൂസ് ചക്രവർത്തിയെ സ്വാധീനിക്കുകയും തത്ഫലമായി എ ഡി 338 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്ത്യോഖ്യയിൽവച്ചു കൂടിയ സിനഡ് അത്തനേഷ്യസിനെ കുറ്റക്കാരനായി വീണ്ടും പ്രഖ്യാപിക്കുകയും ചെയ്തു. അത്തനേഷ്യസിനെ നാടുകടത്തി എന്നുമാത്രമല്ല, അദ്ദേഹത്തിനു പകരക്കാരനായി കപ്പഡോഷ്യയിലെ ഗ്രിഗറിയെ അലക്‌സാൻഡ്രിയായിലെ ബിഷപ്പായി നിയമിക്കാനും അവർ തീരുമാനിച്ചു. ഇപ്രാവശ്യം സഭയിലെ പ്രശ്നങ്ങൾ മാർപാപ്പയെ ധരിപ്പിക്കുന്നതിനായി അത്തനേഷ്യസ് റോമിലേക്കാണ് പോയത്. ജൂലിയോസ് മാർപാപ്പ അദ്ദേഹത്തിന്റെ സങ്കടങ്ങൾ കേൾക്കുകയും തന്റെ പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി മാർപാപ്പ റോമിൽ ഒരു സിനഡ് വിളിച്ചുകൂട്ടി. ഈ സിനഡ് അത്തനേഷ്യസിന്റെ നിലപാടുകൾ ശരിയെന്നു വിധിക്കുകയും അദ്ദേഹത്തിന്റെ രൂപതയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാർപാപ്പ ഒരു കത്ത് വഴിയായി അന്ത്യോഖ്യയിൽ സമ്മേളിച്ച ബിഷപ്പുമാരോട് തന്റെ തീരുമാനം അറിയിച്ചു. എന്നാൽ ആര്യൻ പക്ഷപാതികളുടെ ശ്രമഫലമായി ഈ പരിശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. തത്ഫലമായി അത്തനേഷ്യസ് മാത്രമാണ് അലക്സാൻഡ്രിയായിലെ നിയമാനുസൃത ബിഷപ്പെന്നു മാർപാപ്പ പ്രഖ്യാപിച്ചു.
അധികം താമസിയാതെ റോമൻ ചക്രവർത്തിമാരായിരുന്ന കോൺസ്റ്റാൻസും കോൺസ്റ്റാൻസിയൂസും പൗരസ്ത്യ-പാശ്ചാത്യ ബിഷപ്പുമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിനു ശ്രമിച്ചു. അങ്ങനെ ഇന്നത്തെ ബൾഗേറിയയുടെ തലസ്ഥാനമായ സെർദിക്കയിൽ (സോഫിയ) വച്ച് ഒരു സിനഡ് കൂടി. അത്തനേഷ്യസും പുറത്താക്കപ്പെട്ട മറ്റു ബിഷപ്പുമാരും ഈ കൗൺസിലിൽ സംബന്ധിക്കുന്നത് ആര്യൻ പക്ഷപാതികളായ ബിഷപ്പുമാർ എതിർത്തു. പരസ്പരം യോജിപ്പിലെത്താൻ സാധിക്കാഞ്ഞതിനാൽ വ്യത്യസ്തമായ സ്ഥലങ്ങളിൽ അവർ സമ്മേളിക്കുകയും അങ്ങനെ പൗരസ്ത്യ-പാശ്ചാത്യ സഭകൾ തമ്മിലുള്ള അകലം വർധിക്കുകയും ചെയ്തു.
ഈ സമയത്ത് അത്തനേഷ്യസിനെതിരെ കൂടുതൽ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കപ്പെട്ടു. ആർസെനിയൂസ് എന്ന ഒരു ബിഷപ്പിനെ കാണാതായതും പിന്നീട് അദ്ദേഹം മരണപ്പെട്ടതും അത്തനേഷ്യസ് കാരണമാണെന്ന് ആരോപിക്കപ്പെട്ടു. എന്നാൽ പാശ്ചാത്യ ബിഷപ്പുമാർ ഈ വാദഗതികൾ തള്ളിക്കളഞ്ഞു. സെർദിക്കയിൽ വച്ചു നടന്ന ഈ സിനഡിൽ അവർ അത്തനേഷ്യസിന്റെ നിരപരാധിത്വം അംഗീകരിച്ചു. അലക്സാൻഡ്രിയായിലെയും ഈജിപ്തിലെ മറ്റു ബിഷപ്പുമാർക്കും തങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ട് പാശ്ചാത്യ ബിഷപ്പുമാർ കത്തയച്ചു. ഈ സമയത്ത് എവുസേബിയസ് അത്തനേഷ്യസിനും അദ്ദേഹത്തെ അനുകൂലിച്ചവർക്കുമെതിരെ ഭ്രഷ്‌ട് കല്പിക്കുന്നു. അത്തനേഷ്യസ് തന്റെ രൂപതയിൽ തിരികെ പ്രവേശിക്കുന്നപക്ഷം ജീവനെടുക്കണം എന്നതായിരുന്നു കൽപന. ഇക്കാരണത്താൽ 345 ലെ ഈസ്റ്റർ തിരുനാൾ ബിഷപ്പ് ഫോർത്തുനാത്തിയാനൂസിന്റെ കൂടെ അക്വീല എന്ന സ്ഥലത്ത് പ്രവാസത്തിലായിരിക്കുമ്പോൾ അത്തനേഷ്യസ് ആഘോഷിച്ചു.
സെർദിക്കയിലെ പാശ്ചാത്യ ബിഷപ്പുമാരുടെ കൗൺസിൽ കോൺസ്റ്റാൻസിയൂസ് രണ്ടാമൻ ചക്രവർത്തിയുടെ അടുത്തേക്ക് തങ്ങളുടെ തീരുമാനങ്ങൾ അറിയിക്കാനായി ഒരു പ്രതിനിധിയെ അയച്ചു. അദ്ദേഹത്തിന്റെ സഹോദരനും ചക്രവർത്തിയുമായ കോൺസ്റ്റാൻസ് ഒന്നാമനും ഇത്തരുണത്തിൽ അത്തനേഷ്യസിനെ അനുകൂലിച്ചുകൊണ്ട് കത്തെഴുതി. അങ്ങനെ ചക്രവർത്തി അത്തനേഷ്യസിനെ വ്യക്തിപരമായി കാണുകയും അലക്സാൻഡ്രിയായിലെ ബിഷപ്പായി പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതേ തുടർന്ന് പത്തുവർഷത്തെ സമാധാന ജീവിതം അത്തനേഷ്യസിന് ലഭിച്ചു.
സുവർണ്ണ ദശകം
മരച്ചില്ലകൾ വീശി മനോഹരവസ്ത്രങ്ങൾ അണിയിച്ച് പൂക്കൾ വിതറി ആഘോഷമായിട്ടാണ് അത്തനേഷ്യസിനെ ജനങ്ങൾ വരവേറ്റത്. ഗ്രിഗറി നസ്യാൻസൻ യേശുവിന്റെ ഓശാന തിരുനാളിലെ ജറുസലേം പ്രവേശനത്തോടാണ് അത്തനേഷ്യസിന് കിട്ടിയ സ്വീകരണത്തെ ഉപമിച്ചിരിക്കുന്നത്. എ ഡി 346 ഒക്ടോബർ 21 ന് അദ്ദേഹം തന്റെ രൂപതയിലേക്ക് തിരികെയെത്തിയത് അത്തനേഷ്യസിന്റെ അജപാലന ജീവിതത്തിലെ ഏറ്റം മനോഹരമായ സംഭവമായിരുന്നു. നീണ്ട കാലത്തെ പ്രവാസം മൂലം തന്റെ ജനത്തിന് നഷ്ടപ്പെട്ട പല കാര്യങ്ങളും അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നു.
ഈജിപ്തിലെ സഭയിൽ നന്മയുടെയും പരിശുദ്ധിയുടെയും ഒരു പുതുവസന്തത്തിന്റെ ആരംഭമായിരുന്നു ഇത്. അനാഥരുടെയും വിധവകളുടെയും വേദനകളും അവശതകളും അവസാനിക്കുന്നു. ദൈവാലത്തിൽ നിന്നും ഭവനങ്ങളിൽ നിന്നും ഉയരുന്ന പ്രാർത്ഥനാമന്ത്രങ്ങളാൽ അന്തരീക്ഷം പരിശുദ്ധിയാൽ നിറയുന്നു. തങ്ങളുടെ ജീവിതത്തെ വിശുദ്ധിയിൽ സംരക്ഷിച്ചും കാരുണ്യപ്രവർത്തികളിൽ പരസ്പരം മത്സരിച്ചും തങ്ങളുടെ അജപാലകനെ അവർ സ്നേഹത്തോടെ സ്വാഗതം ചെയ്തു. ഇതൊന്നും മതിയാവുന്നില്ലെന്നു ചിന്തിച്ചവർ തങ്ങളുടെ ക്രിസ്തീയജീവിതത്തെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കാനായി എല്ലാം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു മരുഭൂമിയിലേക്കു പോകുന്നു.
തന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ പ്രദേശങ്ങളിലും ബിഷപ്പുമാരില്ലാതിരുന്ന രൂപതകളിൽ അത്തനേഷ്യസ് പുതിയവരെ നിയമിച്ചു. ഈ പ്രദേശത്തെ സഭയുടെ ഇക്കാലത്തെ വളർച്ചയുടെ തെളിവാണ് പുതിയതായി പണികഴിപ്പേണ്ടിവന്ന പള്ളികളുടെ കഥ. അതുപോലെതന്നെ അവയിൽ പലതും നിർമ്മാണം പൂർത്തിയാവുന്നതിനു മുൻപ് തന്നെ ഉപയോഗിക്കേണ്ടതായും വന്നു. ഈ അജപാലന വിജയങ്ങൾ അത്തനേഷ്യസിന് കൂടുതൽ സഹനങ്ങൾ സമ്മാനിച്ചു എന്ന് തുടർന്നുള്ള സംഭവങ്ങൾ വെളിവാക്കുന്നു.
മൂന്നാം പ്രവാസം
ആര്യനിസത്തിന്റ അനുഭാവി ആയിരുന്ന കപ്പദോഷ്യയിലെ ജോർജ് തന്റെ സ്വാധീനം ഉപയോഗിച്ച് എ ഡി 356 ൽ അലക്സാൻഡ്രിയായിലെ ബിഷപ്പായി നിയമിതനായി. ഇത് അത്തനേഷ്യസിനെ വീണ്ടും പ്രവാസത്തിലേക്കു തള്ളിവിടുന്നു. ഈജിപ്തിന്റെ ഉപരി പ്രദേശങ്ങളിൽ ആറുവർഷത്തോളം അദ്ദേഹം ഒളിച്ചു കഴിയേണ്ടിവന്നു. ഒരു പരിപൂർണ്ണ സന്യാസിയുടെ ജീവിതം തിരഞ്ഞെടുത്തുകൊണ്ടു എഴുത്തിലും വായനയിലും അദ്ദേഹം സമയം ചിലവഴിച്ചു. ഈ കാലയളവിലാണ് സന്യാസികൾക്കുള്ള കത്ത്, ആര്യന്മാർക്കെതിരെയുള്ള പ്രസംഗങ്ങൾ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചത്. ആര്യൻ ബിഷപ്പായിരുന്ന ജോർജ് കൊല്ലപ്പെട്ടപ്പോൾ പിസ്‌തുസ് എന്നൊരാളെ ആര്യൻ വിശ്വാസികൾ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. എന്നാൽ കോൺസ്റ്റാൻസിയൂസിന്റെ പിൻഗാമിയായി വന്ന ജൂലിയൻ ചക്രവർത്തി തന്റെ ഭരണം തുടങ്ങിയപ്പോൾ അത്തനേഷ്യസ് ഉൾപ്പെടെയുള്ള പുറത്താക്കപ്പെട്ട ബിഷപ്പുമാരെ തങ്ങളുടെ രൂപതക്കളിലേക്ക് തിരികെയെത്തി സഭാഭരണം നടത്തുന്നതിന് അനുവദിച്ചു. അങ്ങനെ തന്റെ മൂന്നാം പ്രവാസത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് എ ഡി 362 ഫെബ്രുവരി 22 ന് അത്തനേഷ്യസ് തന്റെ രൂപതയിൽ തിരികെയെത്തി. തന്റെ സഭയിൽ ഐക്യത്തിനായി അദ്ദേഹം ആഹ്വാനം ചെയ്തു. അതുപോലെതന്നെ വിശ്വാസവിഷയങ്ങളിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇല്ലായ്മ ചെയ്യുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി.
നാലാം പ്രവാസം
അത്തനേഷ്യസിന്റെ നാലാം പ്രവാസം ജൂലിയസ് ചക്രവർത്തിക്ക് അദ്ദേഹത്തോടുണ്ടായ അസൂയയിൽനിന്നും ഉരുവായതാണ്. ഒരു ബിഷപ്പിന് തന്നെക്കാൾ സ്വാധീനം അലക്‌സാൻഡ്രിയായിലെ ജനങ്ങൾക്കിടയിൽ ഉണ്ടായത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഈജിപ്തിലെ പ്രീഫെക്റ്റ് ആയിരുന്ന എക്ഡീസിയൂസിനെ അത്തനേഷ്യസിന്റെ പ്രവാസത്തിൽ നിന്ന് തിരിച്ചുവരുന്നതിന് താൻ അധികാരപ്പെടുത്തിയിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പുറത്താക്കാനുള്ള ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കാൻ പിത്തികോദോറൂസ് ത്രിക്കോ എന്ന ബിഷപ്പിനെ ചുമതലപ്പെടുത്തി. അദ്ദേഹം ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു. അത്തനേഷ്യസ് ജനങ്ങളെ ശാന്തരാക്കി തന്റെ പ്രവാസം ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഉള്ളൂ, ഉടൻ മടങ്ങി വരും എന്ന് പറഞ്ഞുകൊണ്ട് സ്വമേധയാ പ്രവാസത്തിലേക്കു പോവുന്നു.
അങ്ങനെ ക്രിസ്തീയവിശ്വാസത്തെ ഉപേക്ഷിച്ച ‘മതത്യാഗിയായ ജൂലിയന്റെ’ കൽപന പ്രകാരം എ ഡി 362 ൽ അത്തനേഷ്യസ് അലക്‌സാൻഡ്രിയ വിട്ടു പോകുന്നു. 363 ജൂൺ 26 ന് ജൂലിയൻ മരിക്കുന്നതുവരെയും അദ്ദേഹം ഈജിപ്തിലെ മരുഭൂമിയിൽ വസിച്ചിരുന്ന സന്യാസ പിതാക്കന്മാരോടൊത്ത് ധ്യാനത്തിലും പ്രാർഥനയിലും ചിലവഴിച്ചു. ജൂലിയൻ ചക്രവർത്തി കൊല്ലപ്പെട്ടപ്പോൾ ചക്രവർത്തി സ്ഥാനത്തേക്ക് വന്ന ജോവിയൻ അത്തനേഷ്യസിനെ തന്റെ അധികാരത്തിൽ പുനഃസ്ഥാപിക്കുന്ന കൽപന പുറപ്പെടുവിച്ചു. തിരികെയെത്തിയ അത്തനേഷ്യസിന്റെ ആദ്യപ്രവൃത്തി ഒരു കൗൺസിൽ വിളിച്ചുചേർത്ത് നിഖ്യാവിശ്വാസപ്രമാണം ഏറ്റുപറയുകയും അത് പരിപാലിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. താമസിയാതെ അന്ത്യോഖ്യയിൽവച്ച് ജോവിയൻ ചക്രവർത്തിയെ കാണുകയും ചക്രവർത്തി അദ്ദേഹത്തോട് സത്യവിശ്വാസ സംഹിത രൂപപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
അഞ്ചാം പ്രവാസം
വാലെൻസ് ചക്രവർത്തി ഭരണത്തിലെത്തുന്നത് ആര്യൻ പക്ഷപാതികൾക്ക് പുതുജീവൻ പകർന്നു നൽകി. അദ്ദേഹം കോൺസ്റ്റൻസിയൂസിന്റെ ഉത്തരവ് പുനഃസ്ഥാപിക്കുകയും ജോവിയൻ തിരികെവരാൻ അനുവദിച്ച ബിഷപ്പുമാരെ വീണ്ടും പുറത്താക്കുകയും ചെയ്തു. ഇത് അലക്‌സാൻഡ്രിയായിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ പ്രീഫെക്റ്റ് അത്തനേഷ്യസിന്റെ കാര്യത്തിൽ ഇളവ് അനുവദിക്കണമെന്ന് ചക്രവർത്തിയോട് അപേക്ഷിക്കാമെന്നേറ്റു. എന്നാൽ തനിക്കെതിരെ വീണ്ടും ശത്രുക്കൾ നീങ്ങുന്നു എന്ന് അത്തനേഷ്യസ് തിരിച്ചറിഞ്ഞു എ ഡി 364 ഒക്ടോബർ മാസത്തിൽ സ്വയമായി നഗരത്തിനു പുറത്തുപോയി അവിടെ ശാന്തനായി താമസം ആരംഭിച്ചു. വാലെൻസ് ചക്രവർത്തി ജനങ്ങളുടെ കാലാപം ഭയന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ അത്തനേഷ്യസിനെ അദ്ദേഹത്തിന്റെ അധികാരത്തിൽ പുനഃസ്ഥാപിച്ചു.
അന്ത്യനാളുകൾ, മരണം
വീണ്ടും തന്റെ രൂപതയിൽ തിരികെയെത്തിയ അത്തനേഷ്യസ് തന്റെ അവസാന നാളുകൾ തന്റെ രൂപതയിലെ ജനങ്ങളുടെ ആത്മീയജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു. തന്റെ വിശ്വാസ സംരക്ഷണ രചനകളും പ്രസംഗങ്ങളും അദ്ദേഹം അഭംഗുരം തുടർന്നു. അതിൽ തന്നെ നിഖ്യാ വിശ്വാസപ്രമാണത്തിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. തന്റെ പുരോഹതരിൽ ഒരാളെ പീറ്റർ രണ്ടാമൻ എന്ന പേരിൽ പിൻഗാമിയായി അദ്ദേഹം വാഴിച്ചു. എ ഡി 373 മെയ് രണ്ടിന് തന്റെ പുരോഹിതരും വിശ്വാസിഗണവും പ്രാർഥനയോടെ ചുറ്റിലും നിൽക്കുന്ന സമയത്ത് അദ്ദേഹം സമാധാനത്തോടെ ഈ ലോകത്തിൽ നിന്നും യാത്രയായി.
അത്തനേഷ്യസിനെ അലക്സാൻഡ്രിയായിലെ ദൈവാലയത്തിലാണ് അടക്കിയത്. എന്നാൽ എ ഡി 1455 ൽ ഡൊമനിക്കോ സൊത്തറെല്ലോ എന്ന വെനീസിൽ നിന്നുള്ള കപ്പൽനിർമ്മാതാവ് തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയപ്പോൾ വിശുദ്ധന്റെ തിരുശേഷിപ്പുകൾ വെനീസിലേക്കു കൊണ്ടുവന്ന് ഇവിടുത്തെ സാൻ സക്കറിയ ദൈവാലയത്തിൽ അടക്കം ചെയ്തു (ഇത് കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് ആയിരുന്ന അത്തനേഷ്യസ് ഒന്നാമന്റെ തിരുശേഷിപ്പുകൾ ആയിരുന്നു എന്ന വാദവും ഉണ്ട്).
കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയുടെ പാപ്പാ ആയിരുന്ന ഷിനൂദ മൂന്നാമൻ റോം സന്ദർശിച്ച വേളയിൽ 1973 ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തിന് ഈ തിരുശേഷിപ്പിന്റെ ഒരു ഭാഗം നൽകി. ഇന്ന് കൈയ്റോയിലെ വി. മർക്കോസിന്റെ പേരിലുള്ള ഓർത്തഡോക്സ് കത്തീഡ്രലിൽ അത് സൂക്ഷിച്ചിരിക്കുന്നു. പാശ്ചാത്യ സഭയിൽ മെയ് രണ്ടിന് അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. പൗരസ്ത്യ സഭകളിൽ ജനുവരി പതിനെട്ടിനും കോപ്ടിക്ക് സഭാ കലണ്ടറിൽ മെയ് പതിനഞ്ചിനുമാണ് ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. എ ഡി 1568 ൽ പിയൂസ് അഞ്ചാമൻ മാർപാപ്പ ജോൺ ക്രിസോസ്റ്റം, നിസ്സായിലെ ഗ്രിഗറി, മഹാനായ വി. ബസേലിയോസ് എന്നിവരോടൊപ്പം അലക്‌സാൻഡ്രിയായിലെ അത്തനേഷ്യസിനേയും സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തി.
ദൈവശാസ്ത്ര സംഭാവനകൾ
നാല് ശതകങ്ങൾ നീളുന്ന രചനാജീവിതത്തിൽ ക്രിസ്തീയവിശ്വാസത്തിന് അടിത്തറ പാകിയ നിരവധി ദൈവശാസ്ത്ര രചനകൾ അത്തനേഷ്യസ് നടത്തി. ഗ്രീക്ക് ഭാഷ കൂടാതെ കോപ്റ്റിക്ക് ഭാഷയിൽ രചനകൾ നടത്തിയ ആദ്യ സഭാപിതാവാണ് അത്തനേഷ്യസ്. അതുപോലെതന്നെ പുതിയ നിയമത്തിൽ നാം ഇന്ന് ഉപയോഗിക്കുന്ന 27 പുസ്തകങ്ങളെ ദൈവനിവേശിതമായി ആദ്യമായി അവതരിപ്പിച്ചതും വി. അത്തനേഷ്യസാണ്. എപ്പിഫനി തിരുനാളിനുശേഷം തന്റെ ജനത്തിന് സ്ഥിരമായി എഴുതുന്ന ഇടയലേഖനത്തിലാണ് ഇത് അദ്ദേഹം എഴുതിയിരിക്കുന്നത്. എ ഡി 367 ൽ തന്റെ മുപ്പത്തൊമ്പതാമത്തെ ലേഖനത്തിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്.
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ നാം ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തുന്നതിൽ അത്തനേഷ്യസിന് അമൂല്യസ്ഥാനമുണ്ട്. അത്തനേഷ്യസ് രൂപപ്പെടുത്തിയ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിന്നീട് വന്ന ദൈവശാസ്ത്രജ്ഞർ പല ദൈവീകസത്യങ്ങളും നമുക്ക് വ്യാഖ്യാനിച്ചുതന്നിരിക്കുന്നത്. ദൈവപുത്രനും പരിശുദ്ധാത്മാവും പിതാവിനു സമമായ സത്തയിലാണെന്ന വിശ്വാസ സത്യം ക്രിസ്തീയവിശ്വാസത്തിന്റെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വെളിപാടിന്റെ ആധാരശിലയാണ്. നിഖ്യാ സൂനഹദോസിനെക്കുറിച്ചു അദ്ദേഹമെഴുതിയ ലേഖനം ‘നിഖ്യാ കൗൺസിലിനെക്കുറിച്ചുള്ള ലേഖനം‘, ചരിത്രപരമായും ദൈവശാസ്ത്രപരമായും സൂനഹദോസിനെക്കുറിച്ചുള്ള ഒരു ഔദ്യോഗിക രേഖയാണ്. ആര്യൻ വിശ്വാസത്തിനെതിരെ യേശുവിന്റെ മനുഷ്യത്വത്തെയും ദൈവത്വത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ലേഖനങ്ങൾ, പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ലേഖനങ്ങൾ തുടങ്ങിയ അനേകം രചനകൾ അദ്ദേഹം നടത്തി. വി. അത്തനേഷ്യസിന് ക്രിസ്തീയ സഭാചരിത്രത്തിൽ അമൂല്യസ്ഥാനം നേടിക്കൊടുത്തത് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ പരിപാലകനും വ്യാഖ്യാതാവും എന്ന നിലയിലാണ്. ആരിയൂസ് തുറന്നുവിട്ട കുടത്തിലെ വലിയ ഭൂതത്തെ തിരികെ കുടത്തിൽ കയറ്റിയ വലിയ ‘മന്ത്രികനാണ്’ വി. അത്തനേഷ്യസ്.
‘പുറജാതികൾക്കെതിരെ’, ‘വചനമായ ദൈവത്തിന്റെ മനുഷ്യാവതാരം’ തുടങ്ങിയവ ആര്യൻ പാഷണ്ഡത വരുന്നതിനു മുൻപേ അത്തനേഷ്യസ് എഴുതിയതാണ്. അതിനാൽ തന്നെ ഈ ദൈവശാസ്ത്രമേഖലയിൽ അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു എന്ന് കരുതാം. അക്കാലത്ത് നിലവിലുണ്ടായിരുന്ന പുറജാതികളുടെ പല ആചാര രീതികളെയും അദ്ദേഹം ഒന്നാം കൃതിയിൽ വിമർശിക്കുന്നു. രണ്ടാമത്തെ ഗ്രന്ഥത്തിൽ യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചാണ് പറയുന്നത്. വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നിത്യവചനമായ ദൈവപുത്രനായ യേശുവിലൂടെ ദൈവം തന്റെ സൃഷ്ടികർമ്മം നിർവഹിക്കുകയും, അവൻ ഈ ഭൂമിയിൽ മനുഷ്യരൂപത്തിൽ അവതാരം ചെയ്തു, മനുഷ്യരെ തങ്ങളുടെ അധഃപതിച്ച അവസ്ഥയിൽ നിന്നും ദൈവമുമായുള്ള അനുരഞ്ജനത്തിലേക്കു നയിക്കുന്നു എന്ന് ആഴമായ അറിവോടും വിശ്വാസത്തോടും കൂടി അദ്ദേഹം എഴുതി. ബിഷപ്പ് സെറാപിയോണിന് പരിശുദ്ധാത്മാവിനെക്കുറിച്ച് എഴുതിയ ലേഖനം മറ്റൊരു പ്രധാന കൃതിയാണ്. കോറിന്തോസിലെ എപിക്തെത്തൂസിന് എഴുതിയ ലേഖനത്തിൽ ക്രിതുവിന്റെ മനുഷ്വത്വത്തെക്കുറിച്ചു വിവരിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ഭാവിയിൽ പലരും തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതുകൂടാതെ പഴയനിയമ ഗ്രന്ഥങ്ങളെ വിശകലനം ചെയ്തുകൊണ്ടും അദ്ദേഹം ധാരാളം രചനകൾ നടത്തിയിട്ടുണ്ട്.
അത്തനേഷ്യസിന്റെ ഏറ്റം പ്രധാന ആശയങ്ങൾ കാണുന്നത് പ്രവാസത്തിലിരിക്കുമ്പോൾ തന്റെ ജനങ്ങൾക്ക് എഴുതിയ ഇടയലേഖനങ്ങളിലാണ്. യേശുക്രിസ്തുവിനെ ദൈവപുത്രനായി ഏറ്റുപറയുക എന്നത് ക്രിസ്തീയവിശ്വാസത്തിലെ ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണ് എന്ന് അദ്ദേഹം എഴുതുന്നു. “മറ്റുള്ളവർ പള്ളികൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി എന്നത് നിങ്ങളെ ദുഃഖിപ്പിക്കുന്നു എന്നതു മാത്രമല്ല, നിങ്ങളുടെ സ്ഥലത്തു നിന്നുതന്നെ അവർ നിങ്ങളെ പുറത്താക്കിയിരിക്കുന്നു. അവർ ഇവയൊക്കെ കൈവശം വയ്ക്കുമ്പോഴും നമുക്ക് കൈമുതലായുള്ളത് നമ്മുടെ അപ്പസ്തോലിക വിശ്വാസമാണ്. അവർ ഈ സ്ഥലങ്ങളിൽ വസിക്കുന്നു എന്നത് യാഥാര്‍ഥ്യമായിരിക്കുമ്പോഴും അവർ സത്യവിശ്വാസത്തിനു പുറത്താണ്. നിങ്ങൾ ഈ സ്ഥലത്തുനിന്നും പുറത്താണെങ്കിലും നിങ്ങളിൽ ഈ വിശ്വാസം സജീവമായി നിലനിൽക്കുന്നു. ഏതാണ് മഹത്തരമായത് – സ്ഥലമോ വിശ്വാസമോ? ഉറപ്പായിട്ടും വിശ്വാസമാണ്. അങ്ങനെയങ്കിൽ ആർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്, അല്ലെങ്കിൽ ആരാണ് കൂടുതൽ സമ്പാദിച്ചിരിക്കുന്നത്? സ്ഥലം കൈയ്യടക്കി വച്ചിരിക്കുന്നവരോ, വിശ്വാസം മുറുകെ പിടിച്ചിരിക്കുന്നവരോ?”
വി. അത്തനേഷ്യസിന്റെ ഏറ്റം അധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകം ‘വി. അന്തോണിയോസിന്റെ ജീവിതം’ എന്ന ജീവചരിത്ര ഗ്രന്ഥമാണ്. ഇത് അനേകം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും തത്ഫലമായി പൗരസ്ത്യ-പാശ്ചാത്യ സഭകളിൽ നിരവധിയാളുകൾ സന്യാസജീവിതത്തിലേക്ക് ആകർഷിക്കപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്. മരുഭൂമിയിൽ ഏകാന്തവാസത്തിൽ ആയിരിക്കുന്ന മഹാനായ അന്തോണിയോസിന്റെ സന്യാസ ജീവിതകഥയാണിത്. ഇക്കാലയളവിൽ അദ്ദേഹത്തിനുണ്ടാവുന്ന പൈശാചിക പരീക്ഷണങ്ങളും അതിന്മേൽ അന്തോണിയോസ് വിജയം വരിക്കുന്നതുമെല്ലാം അത്തനേഷ്യസ് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തീയസന്യാസത്തിന്റെ ഒരു മഹനീയ മാതൃകയായി അന്തോണിയോസിന്റെ ജീവിതത്തെ അത്തനേഷ്യസ് വിവരിക്കുന്നു. ചാരിത്ര്യശുദ്ധിയെക്കുറിച്ചും സ്നേഹവും സ്വയം നിയന്ത്രണവുമൊക്കെ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.
ഉപസംഹാരം
സത്യവിശ്വാസത്തിന്റെ ഏറ്റം വലിയ യോദ്ധാവായി കരുതപ്പെടുന്ന വി. അത്തനേഷ്യസ് പൗരസ്ത്യ സഭയിലെ വലിയ നാല് പിതാക്കന്മാരിൽ ഉൾപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യങ്ങൾ ഇത്രയും ആഴത്തിൽ മനസ്സിലാക്കുന്നതിനും മനോഹരമായി വിവരിക്കുന്നതിനും മറ്റാർക്കും കഴിഞ്ഞിട്ടില്ല. സഭാചരിത്രത്തിലെ നിർണ്ണായഘട്ടത്തിൽ ദിശാബോധം നൽകി ശരിയായ പാതയിലൂടെ സഭയെ നയിച്ച ധീരനായ നേതാവാണ് വി. അത്തനേഷ്യസ്. വി. ഗ്രിഗറി നസ്യാൻസൻ അത്തനേഷ്യസിനെക്കുറിച്ചു എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “പുണ്യം മാത്രമായ അത്തനേഷ്യസിനെ ഞാൻ പുകഴ്ത്തുന്നു. ഏതു പുണ്യത്തെക്കുറിച്ചു പറഞ്ഞാലും അതെല്ലാം അതിന്റെ പൂർണ്ണതയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. സഭയുടെ യഥാർഥ തൂണായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും പെരുമാറ്റവും ബിഷപ്പുമാർക്കെല്ലാം നിയമമാണ്. അദ്ദേഹത്തിന്റെ പ്രമാണങ്ങൾ സത്യവിശ്വാസത്തിന്റെ നിയമങ്ങളും.”
പരിശുദ്ധ മാതാവിനെക്കുറിച്ചു അത്തനേഷ്യസ് എഴുതിയ ഒരു പ്രാർഥനയോടെ ഈ വിവരണം അവസാനിപ്പിക്കുന്നു.
ഓ മറിയമേ, ഞങ്ങളെ കരുതുകയെന്നത്
നിനക്കേറ്റം അനുചിതമായതല്ലോ,
നീ ദൈവപുത്രനോട് പറ്റിച്ചേർന്നിരിക്കുന്നതിനാൽ
അവനിൽ നിന്ന് അനസ്യൂതം കൃപകൾ നിന്നിലേക്കൊഴുകുന്നു.
നീ ദൈവമാതാവും ഞങ്ങളുടെ രാജ്ഞിയുമാണ്.
രാജാവായ അവിടുത്തെപ്രതി ഞങ്ങളെ കരുതുക
കർത്താവും നാഥനുമായവൻ നിന്നിൽ നിന്നും ഭൂജാതനായി.
ഇതിനാൽ ‘കൃപയാൽ പൂരിതയെന്നു’ നിന്നെ വിളിക്കുന്നു.
ഏറ്റം പരിശുദ്ധ കന്യകയേ, ഞങ്ങളെ കടാക്ഷിച്ചാലും
നിന്റെ കൃപയുടെ സമൃദ്ധിയിൽ നിന്നും
ഞങ്ങളിലേക്ക് വരപ്രസാദങ്ങൾ ചൊരിഞ്ഞാലും
ഓ കന്യകയേ, കൃപ നിറഞ്ഞവളേ.
ഫാ. മാത്യു ചാർത്താക്കുഴിയിൽ