മരണം വരെ പാവങ്ങള്‍ക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ച സി. പ്രിസ്റ്റീന യാത്രയായി  

സി. സൗമ്യ DSHJ

‘മരിക്കുന്ന നാൾ വരെ എനിക്ക് ഈ പാവങ്ങൾക്കൊപ്പം ജീവിക്കണം’ എന്നത് ക്ലൂണി സഭാംഗമായ സി. പ്രിസ്റ്റീനയുടെ വലിയ ആഗ്രഹമായിരുന്നു. കാൻസർ രോഗം മൂർച്ഛിച്ച് പോണ്ടിച്ചേരിയിലെ ആശുപത്രിക്കിടക്കയിൽ ആയിരുന്നപ്പോഴും ഈ അമ്മ തന്റെ ആഗ്രഹം ആവർത്തിച്ചുകൊണ്ടിരുന്നു. ഓപ്പറേഷനു ശേഷം തിരിച്ച് ആന്ധ്രാപ്രദേശിലേക്കു പോരാൻ ആഗ്രഹിച്ച സിസ്റ്റർ പക്ഷേ, നിത്യപിതാവിന്റെ പക്കലേക്ക് യാത്രയായി. എങ്കിലും നീണ്ട 34 വർഷങ്ങൾ ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളിൽ മിഷനറിയായി സേവനം ചെയ്ത സി. പ്രിസ്റ്റീന ഈ ഭൂമിയിൽ അവശേഷിപ്പിച്ച ഓർമ്മകൾക്ക് മരണമില്ല.

2021 ജനുവരി 16 – ന് സി. പ്രിസ്റ്റീനയുടെ തീക്ഷണതയേറിയ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു ലൈഫ് ഡേ പ്രസിദ്ധീകരിച്ച ഫീച്ചർ ഇപ്പോൾ ഒരിക്കൽ കൂടി പ്രസിദ്ധീകരിക്കുന്നു.  

നമ്മളാരും അധികം കേൾക്കാനിടയില്ല സി. പ്രിസ്റ്റീനയെക്കുറിച്ച്. കാരണം, വാർത്തകൾ സൃഷ്ടിക്കാനല്ല  ഈ അമ്മ തന്റെ ശുശ്രൂഷകൾ ചെയ്തിരുന്നത്. മറിച്ച്, ക്രിസ്തുവിന്റെ ഹൃദയത്തിൽ ഇടം പിടിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും വേണ്ടിയാണ്. സുവിശേഷം പ്രഘോഷിച്ചുകൊണ്ട് മരിക്കാൻ ആഗ്രഹിച്ച ഈ സന്യാസിനി ഈ ലോകത്തിൽ നിന്നും യാത്രയാകുമ്പോൾ ക്രിസ്തുവിന്റെ കണ്ണിൽ നോക്കി അവർ താണ്ടിയ മിഷൻ വഴികളെ നാം വിസ്മരിച്ചുകൂടാ. തീക്ഷ്ണമതിയായ മിഷനറിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

മദർ തെരേസയെപ്പോലെ ആകുവാൻ സന്യാസ ജീവിതത്തിലേക്ക്

സത്യദീപത്തിൽ വന്ന മദർ തെരേസായുടെ ജീവചരിത്രം വായിച്ച്, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് സി. പ്രിസ്റ്റീന ഒരു സന്യാസിനി ആകാൻ തീരുമാനിച്ചത്. പാവപ്പെട്ടവരെ ശുശ്രൂഷിക്കുക – അതായിരുന്നു സിസ്റ്ററിന്റെ ഉള്ളിൽ പ്രചോദനമായി നിലകൊണ്ടത്. അങ്ങനെ പതിനഞ്ചാം വയസിൽ ക്ലൂണി സഭയിൽ ചേർന്നു. പാവപ്പെട്ടവരെ ശുശ്രൂഷിക്കുകയാണ് തന്റെ ആഗ്രഹമെന്ന്, സിസ്റ്റർ ആയ ഉടനെ അധികാരികളോട് അവർ തുറന്നുപറഞ്ഞു. എന്നാൽ, ആ ചെറുപ്രായത്തിൽ അധികാരികൾ സി. പ്രിസ്റ്റീനയെ അത്യാവശ്യ വിദ്യാഭ്യാസം നൽകുന്നതിനായി അയച്ചു; പിന്നീട് ടീച്ചറാക്കി. അങ്ങനെ ക്ലൂണി സഭയുടെ തന്നെ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി. എന്നാൽ, സിസ്റ്ററിന്റെ മനസ്സിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുക എന്ന വലിയ ആഗ്രഹം ഒളിമങ്ങാതെ കിടന്നു.

അങ്ങനെ നീണ്ട 25 വർഷങ്ങൾക്കു ശേഷം സിസ്റ്റർ തന്റെ ആഗ്രഹം വീണ്ടും അധികാരികളെ അറിയിച്ചു. അതിൻപ്രകാരം ആന്ധ്രാപ്രദേശിലെ ഒരു സ്‌കൂളിലേക്ക് അധികാരികൾ സിസ്റ്ററിനെ അയച്ചു.

ആകെ 116 കുട്ടികൾ മാത്രമുള്ള ഒരു സ്‌കൂൾ. അവിടെയുള്ള ഒരേയൊരു ടീച്ചർ സി. പ്രിസ്റ്റീന മാത്രമായിരുന്നു. വിശ്വാസപരിശീലനം, ഇടവക പ്രവർത്തനം അങ്ങനെ എല്ലാത്തിനും സിസ്റ്റർ ആരംഭം കുറിച്ചു. അവിടെയുള്ള ഗ്രാമങ്ങളിൽ കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥ. കിലോമീറ്ററുകൾ താണ്ടിയാണ് ആളുകൾ വെള്ളം കൊണ്ടുവന്നിരുന്നത്. ഈ ഒരു അവസ്ഥക്ക് പരിഹാരമായി ആ പ്രദേശത്ത് കനാൽ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സിസ്റ്ററിലൂടെ ആരംഭം കുറിച്ചു.

അവിടെയുള്ള പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ചുകൊണ്ട് ഏഴു വർഷം സിസ്റ്റർ അവിടെയായിരുന്നു. പഠിപ്പിച്ച കുട്ടികളെല്ലാം ഉന്നതജോലി നേടിയതിൽ ഈ അമ്മക്കുള്ളത് തികഞ്ഞ അഭിമാനമാണ് ഉണ്ടായിരുന്നത്.

‘എന്റെ പിള്ളേർ…’ എന്നാണ് സിസ്റ്റർ അവരെ വിശേഷിപ്പിച്ചിരുന്നതു തന്നെ. ഇന്ന് അവർ കേന്ദ്ര ഗവണ്മെന്റ് ജോലിക്കാരും ഡോക്ടർമാരും എഞ്ചനീയർമാരും ഒക്കെയാണ്.

എയ്‌ഡഡ്‌ സ്‌കൂളിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയും തന്റെ ‘പിള്ളേർ’ക്കായി മാറ്റിവയ്ക്കാൻ സി. പ്രിസ്റ്റീന തന്റെ അധികാരികളിൽ നിന്നും അനുവാദം വാങ്ങിയിരുന്നു. വളരെയേറെ പാവപ്പെട്ട സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ആ കുട്ടികളെ സ്വന്തം മക്കളെപ്പോലെ നോക്കാതിരിക്കാൻ ഈ സമർപ്പിതക്ക് ആകുമായിരുന്നില്ല. ആ പാവപ്പെട്ട കുഞ്ഞുങ്ങളെ ദൂരെ സ്ഥലങ്ങളിൽ വിട്ട് നല്ല വിദ്യാഭ്യാസം നൽകി.

ഏഴു വർഷത്തെ സേവനങ്ങൾക്കു ശേഷം വേറൊരു വില്ലേജിലേക്ക് സിസ്റ്റർ പോയി. കാരണം, അവിടെയും വിദ്യാഭ്യാസം ഇല്ലാത്ത അനേകം കുട്ടികൾ ഈ സമർപ്പിതയെ കാത്തിരിപ്പുണ്ടായിരുന്നു.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികൾക്ക് അത്താണിയായി ഒരമ്മ

വളരെ പാവപ്പെട്ട ഗ്രാമപ്രദേശങ്ങളാണ് ഈ സിസ്റ്റർ തന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തിരുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഇവിടുത്തെ പാവപ്പെട്ടവര്‍ ജോലിക്കായി നൂറും നൂറ്റിയമ്പതും കിലോമീറ്ററുകൾ താണ്ടിയാണ് പോകുന്നത്. ജീവിക്കാൻ വേണ്ടിയുള്ള അവരുടെ തത്രപ്പാടിൽ കുട്ടികൾ മിക്കവാറും വീട്ടിലായിരിക്കും.

മാതാപിതാക്കൾ ജോലിക്കായി പോയാൽ കുട്ടികൾ അലഞ്ഞുതിരിഞ്ഞു നടക്കും. അങ്ങനെയുള്ള ഈ കുട്ടികളെ ഒന്നിച്ചുകൂട്ടി വിദ്യാഭ്യാസം കൊടുക്കാനാണ് ഈ സിസ്റ്റർ ശ്രമിച്ചത്. മാസത്തിൽ ഒരു തവണയൊക്കെയാണ് മാതാപിതാക്കൾ വീട്ടിൽ വരുന്നത്. ഈയൊരു സാഹചര്യത്തിൽ, സ്‌കൂളിൽ തന്നെ ഈ കുട്ടികൾക്ക് സിസ്റ്റർ താമസസൗകര്യവും ഒരുക്കി.

പകൽ ക്ലാസ് റൂമും രാത്രി വീടുമാക്കിയ സ്‌കൂൾ

ജോലി ചെയ്തു ലഭിക്കുന്ന ശമ്പളം കൊണ്ട് വസ്ത്രം, പുസ്തകം, ഭക്ഷണം ഇവയെല്ലാം അവർക്കായി ഈ സമർപ്പിത ഒരുക്കിയിരുന്നു. സ്‌കൂളിൽ പകൽസമയങ്ങളിൽ ഓരോ വിഷയവും മാറിമാറി സിസ്റ്റർ പഠിപ്പിച്ചു. എന്നാൽ രാത്രി, ഇവർക്ക് തങ്ങാൻ ഇടമില്ലെന്നു മനസിലാക്കി അവരെ രാത്രികാലങ്ങളിൽ ക്ലാസിന്റെ ഒരു ഭാഗത്ത് താമസിപ്പിച്ചു. തന്റെ ‘പിള്ളേർ’ക്ക് കൂട്ടായി ഈ സിസ്റ്ററമ്മയും അവരോടൊപ്പം ഉറങ്ങി.

രാവിലെ സിസ്റ്റർ തന്നെ കുട്ടികൾക്കു വേണ്ടി ഭക്ഷണം പാകം ചെയ്തു. വീണ്ടും ക്ലാസ് തുടങ്ങും. ഉച്ചഭക്ഷണം സർക്കാർ നൽകും. രാത്രിയിൽ ക്ലൂണി സഭയിൽ നിന്നുള്ള സഹായം കൊണ്ട് ഈ കുട്ടികൾക്കായി സിസ്റ്റർ ഭക്ഷണം പാചകം ചെയ്ത് നൽകും.

വില്ലേജുകളിൽ ഈശോയെ പങ്കുവയ്ക്കാൻ

അവിടം കൊണ്ടു തീർന്നില്ല ഈ സമർപ്പിതയുടെ ഒരു ദിവസത്തെ അദ്ധ്വാനം. വൈകുന്നേര സമയങ്ങളിൽ വില്ലേജുകളിൽ കയറിയിറങ്ങി ഈശോയെ പങ്കുവച്ചു കൊടുക്കും. അങ്ങനെ തന്റെ സംസാരത്തിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും ഈശോയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ സമർപ്പിത മുന്നിട്ടിറങ്ങിയിരുന്നു. ഇടവക പ്രവർത്തനങ്ങളിലും സജീവമായിരുന്നു സിസ്റ്റർ.

അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ഈ സന്യാസിനി തയ്യാറായില്ല. വില്ലേജുകളിൽ പാവപ്പെട്ടവരോടൊപ്പം അവരിൽ ഒരാളായിക്കൊണ്ട് ലളിതമായ ജീവിതം നയിച്ചു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാൽ വടി കുത്തിപ്പിടിച്ചാണ് നടന്നിരുന്നതെങ്കിലും ഈ അമ്മയ്ക്ക് വിശ്രമമുണ്ടായിരുന്നില്ല. അവസാന ശ്വാസം വരെയും വിശ്രമമില്ലാതെ ഈ അമ്മ തന്റെ ശുശ്രൂഷ തുടർന്നു.

സമർപ്പിതജീവിതത്തിൽ സംതൃപ്‌ത

“എയ്ഡഡ് സ്‌കൂളിൽ പഠിപ്പിച്ചതിനേക്കാൾ ഒരു നൂറു മടങ്ങ് സംതൃപ്തി ഈ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുമ്പോൾ ഞാൻ അനുഭവിക്കുന്നു. ആന്ധ്രാ മിഷനിലേക്ക് വരുമ്പോൾ ഭാഷ ഒട്ടും വശമില്ലായിരുന്നു. എന്നാൽ പരീക്ഷയ്ക്ക് നല്ല മാർക്ക് തന്ന് ദൈവം അനുഗ്രഹിച്ചു. ഇവിടുത്തെ ജനങ്ങൾ വളരെയധികം സ്നേഹമുള്ളവരാണ്. മരിക്കുന്നതു വരെ പാവപ്പെട്ടവരോടൊപ്പം ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സുവിശേഷം പ്രസംഗിച്ചുകൊണ്ട് മരിക്കണമെന്നുള്ളതാണ് എന്റെ ആഗ്രഹം” – തീക്ഷ്ണമതിയായ ഈ മിഷനറി പറഞ്ഞു. “ഈശോയുടെ കൃപ മാത്രമാണ് എനിക്കുള്ളത്” – സിസ്റ്റർ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു.

നടക്കാൻ ബുദ്ധിമുട്ടുള്ള സിസ്റ്റർ വടിയും കുത്തിപ്പിടിച്ച് ഗ്രാമങ്ങൾതോറും  കയറിയിറങ്ങി കുട്ടികളെ പഠിപ്പിച്ചിരുന്നു. മരണം വരെ ഈ പാവങ്ങൾക്കു വേണ്ടി ശുശ്രൂഷ ചെയ്യുക എന്നതു മാത്രമായിരുന്നു ഈ വലിയ മിഷനറിയുടെ ആഗ്രഹം. സുവിശേഷം പ്രസംഗിച്ചുകൊണ്ട് മരിക്കാൻ ആഗ്രഹിച്ച സി. പ്രസ്റ്റീന നിശബ്ദം ഈ ലോകത്തോടു വിട പറയുമ്പോൾ ആദരവോടെ ഈ വലിയ മിഷനറിക്കു മുൻപിൽ കരങ്ങൾ കൂപ്പുന്നു…

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.