വിശുദ്ധ നാട്ടിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തുന്ന സ്പാനിഷ് യുവതി

ദൈവം തന്നെ ഒരു വലിയ ദൗത്യത്തിനായി വിളിക്കുന്നുവെന്ന ചിന്ത 29- കാരിയായ കർലോട്ട വലെൻസുവേലയിൽ ശക്തമാകാൻ തുടങ്ങിയിട്ട് ആറ് മാസമായി. പിന്നീട് അവൾ ഒന്നും ചിന്തിച്ച് സമയം പാഴാക്കിയില്ല. ക്രിസ്തുവിന്റെ കാല്പാടുകൾ പതിഞ്ഞ വിശുദ്ധ നാട്ടിലേക്ക്, ജെറുസലേമിലേക്ക് കാൽനടയായി യാത്ര ചെയ്യാൻ ഈ യുവതി തീരുമാനിച്ചു. വസ്ത്രങ്ങളും ആവശ്യസാധനങ്ങളും അടങ്ങിയ ഒരു ബാഗും ക്രിസ്തുവിലുള്ള ആഴത്തിലുള്ള വിശ്വാസവുമായിരുന്നു ഈ യാത്രയ്ക്ക് തുണയായി ഉണ്ടായിരുന്നത്.

കാൽനടയായി വളരെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള തീരുമാനം 29- കാരിയായ ഈ യുവതി മാതാപിതാക്കളെ അറിയിച്ചപ്പോൾ, അവർ ഒന്ന് ഭയപ്പെട്ടു. എന്നാൽ വലെൻസുവേലയുടെ തീരുമാനം ഉറച്ചതായിരുന്നു. അവൾ തന്റെ ജോലിയും ഭവനവും മാതാപിതാക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഉപേക്ഷിച്ച് യാത്രയ്‌ക്കൊരുങ്ങി. അവൾ ജനുവരിയിൽ സ്പെയിനിലെ കേപ് ഫിനിസ്റ്ററിൽ നിന്ന് പ്രാർത്ഥനയും വിശ്വാസവും കൈമുതലാക്കി, വരുന്ന ക്രിസ്തുമസിന് ജറുസലേമിൽ എത്തുക എന്ന ലക്ഷ്യത്തോടെ യാത്ര തുടങ്ങി. 4000 മൈലുകളായിരുന്നു അവൾക്ക് സഞ്ചരിക്കേണ്ട ദൂരം. 12 രാജ്യങ്ങൾ കടന്നുവേണമായിയുന്നു അവൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.

ഇപ്പോൾ വലെൻസുവേല തന്റെ യാത്രയുടെ പാതിവഴിയിൽ എത്തിനിൽക്കുകയാണ്, റോമിൽ. ഈ യാത്രയിൽ ഫ്രാൻസിലെ കോട്ടിഗ്നാക്കിലുള്ള ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയം, സെന്റ് ജോസഫ് ദേവാലയം, എന്നിങ്ങനെ നിരവധി ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയങ്ങളും അവൾ സന്ദർശിച്ചു കഴിഞ്ഞു. ഈ തീർത്ഥാടനത്തിൽ പാർപ്പിടത്തിനായി അവൾ പല വാതിലുകളും മുട്ടുന്നുണ്ട്. പലരും ഈ യുവതിയ്ക്കായി വാതിലുകൾ തുറക്കുന്നു. മനുഷ്യത്വത്തിന്റെ മരിക്കാത്ത മുഖങ്ങൾ ലോകത്തിന്റെ അങ്ങിങ്ങായി ഇന്നുമുണ്ടെന്നത് ഈ യാത്രയിൽ ക്രിസ്തു അവൾക്ക് കാണിച്ചുകൊടുക്കയാണ്. “ഈ യാത്രയിൽ ഞാൻ കണ്ടുമുട്ടുന്നവരെല്ലാം എനിക്ക് മുന്നിൽ ഓരോ ജീവിത പാഠമാണ് തുറന്നുവെയ്ക്കുന്നത്”- വലെൻസുവേല പറഞ്ഞു.

ഈ യാത്രയിൽ കണ്ടുമുട്ടുന്ന പലരോടും ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അവൾ പങ്കുവെയ്ക്കുന്നു. ചിലരോടൊപ്പം ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ യാത്ര സ്വയം വിശുദ്ധീകരണത്തോടൊപ്പം അനേകരുടെ വിശുദ്ധീകരണത്തിനും കാരണമാകുന്നതിൽ ഈ യുവതിയ്ക്ക് സന്തോഷമുണ്ട്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അവൾ തന്റെ യാത്ര വിശേഷങ്ങൾ എല്ലാ ദിവസവും പങ്കുവെക്കുന്നു. വലെൻസുവേലയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോവെഴ്സിന്റെ എണ്ണവും ദിനം പ്രതി വർധിച്ചു വരികയാണ്. ഇപ്പോൾ തന്നെ 13,000 ഫോളോവേഴ്സ് ആണുള്ളത്. ഈ യുവതിയുടെ പോസ്റ്റുകൾ പലപ്പോഴും അവൾ നടന്നുനീങ്ങുന്ന സ്ഥലങ്ങളുടെ പ്രകൃതി ഭംഗിയെയാണ് ചിത്രീകരിക്കുന്നത്. പശ്ചാത്തലസംഗീതമായി പ്രാർത്ഥനകളും കവിതകളും.

“ദൈവത്തിന് തന്നെത്തന്നെ പൂർണമായി സമർപ്പിക്കുന്നതിന്റെ പ്രതീകമാണ് ഞാൻ ഈ നടത്തുന്ന തീർത്ഥാടനം. എല്ലാം ഉപേക്ഷിച്ച് പൂർണമായി ദൈവത്തിന്റെ സ്വന്തമാകാൻ. ഈ യാത്രയിൽ എനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെട്ടിട്ടില്ല”- വലെൻസുവേല പറയുന്നു. തന്റെ പ്രാർത്ഥന രീതി പോലും മാറുകയാണെന്നാണ് ഈ യുവതി പറയുന്നത്. ദൈവത്തിന്റെ കരവേലയായ മനോഹരമായ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും അവിടുത്തെ ധ്യാനിക്കാനും ഈ യുവതി ഇപ്പോൾ പഠിക്കുകയാണ്. കുയിലുകളുടെ ഗാനത്തിലും, വീശിയടിക്കുന്ന കാറ്റിലും ദൈവത്തിന്റെ സാന്നിധ്യമുണ്ടത്രേ.

സ്പെയിനിലെ തന്റെ ഭവനത്തിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ ഉള്ള യുവതിയല്ല ഇന്ന് വലെൻസുവേല. അവൾ ആകെ മാറിയിരിക്കുന്നു. വലെൻസുവേലയുടെ ദൈവത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ, പ്രാർത്ഥന ശൈലി എല്ലാറ്റിലും ഒരു വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. റോമിൽ നിന്ന് ജൂൺ ആദ്യവാരം യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് ഈ യുവതി പ്രവേശിക്കുകയാണ്. ജെറുസലേം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഈ യാത്രയിൽ, ദൈവഹിതം നിറവേറട്ടെ എന്നാണ് ഈ യുവതിയുടെ ഏക പ്രാർത്ഥന.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.