കുപ്പികൾ പെറുക്കിവിറ്റ് പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകിയ ‘ബോട്ടിൽ അച്ചൻ’

നമ്മുടെ ചെറിയ, നല്ല പ്രവർത്തനങ്ങൾ എങ്ങനെ അനേകരുടെ വളർച്ചക്ക് കാരണമാകുമെന്നതിന്റെ തെളിവാണ് ‘പാദ്രെ ബോട്ടല്ല’ (ഫാ. ബോട്ടിൽ) എന്നറിയപ്പെടുന്ന ഫാ. ജോക്വിൻ സാഞ്ചോ അൽബെസയുടെ ജീവിതം. സിനിമയെ വെല്ലുന്ന കഥ പറയാനുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്. സ്പെയിനിലെ വലെൻഷ്യ അതിരൂപതയിൽപെട്ട ഈ വൈദികന്റെ പേരിൽ ഇന്ന് അവിടെ ഒരു പ്രദേശം തന്നെയുണ്ട്. അദ്ദേഹം പാദ്രെ ബോട്ടല്ല എന്നറിയപ്പെടാനുള്ള സംഭവം നമുക്ക് വായിച്ചറിയാം.

ഫാ. ബോട്ടല്ല സ്പെയിനിലെ കാന്ററേറിയയിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിൽ സേവനം ചെയ്യുന്ന സമയം. അതേ സമയം തന്നെ അദ്ദേഹം ബെനിഫെറി ഇടവക വികാരിയുമായിരുന്നു. ആ ഇടവകയിലെ ചില കുടുംബങ്ങളും കഠിനമായ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. പലർക്കും സ്വന്തമായി കിടപ്പാടം പോലുമില്ല. ഗുഹകളിലാണ് പലരും താമസിച്ചിരുന്നത്. ജനങ്ങളുടെ ഈ അവസ്ഥ ബോട്ടല്ല അച്ചനെ ഏറെ വേദനിപ്പിച്ചിരുന്നു.

തന്റെ അജഗണങ്ങളെ എങ്ങനെയും സഹായിക്കണമെന്ന ചിന്ത അദ്ദേഹത്തിൽ ശക്തമായി. അങ്ങനെ ഫാ. ബോട്ടല്ല ഇവർക്കു വേണ്ട ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകാൻ തുടങ്ങി. അതു മാത്രമല്ല, കുട്ടികൾക്കു വേണ്ടി ഒരു നഴ്സറി സ്‌കൂളും മുതിർന്നവർക്കായി ഒരു തൊഴിൽ പരിശീലനകേന്ദ്രവും അദ്ദേഹം ആരംഭിച്ചു. എന്നാൽ അച്ചന്റെ പ്രവർത്തനങ്ങൾ ഇതിലൊന്നും ഒതുങ്ങിയില്ല. എങ്ങനെയെങ്കിലും ജനങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകണം – അതായിരുന്നു പിന്നീട് അച്ചന്റെ ലക്ഷ്യം.

അതേ തുടർന്ന്, ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന കുപ്പികൾ പെറുക്കി, അവ വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലേക്ക് മാറ്റിയെടുത്ത്, അത് വിറ്റുകിട്ടുന്ന പണമുപയോഗിച്ച് അച്ചൻ പാവങ്ങൾക്ക് വീട് വച്ചു നൽകാനുള്ള ശ്രമം ആരംഭിച്ചു. കുപ്പികളുടെ വിൽപനക്കും നൂതനമായ പല മാർഗ്ഗങ്ങളും അച്ചൻ പ്രയോഗിച്ചിരുന്നു. സൈക്കിൾ റേസ്, ഫുട്ബോൾ പോലുള്ള മത്സരങ്ങൾ നടക്കുന്ന സ്റ്റേജുകളുടെ ഒരു വശത്ത് അനുവാദമെടുത്ത് കുപ്പികളുടെ ലേലം വില്പന അദ്ദേഹം നടത്തി. മാത്രമല്ല, വീടുകളുടെ നിർമ്മാണത്തിന് വലെൻഷ്യ അതിരൂപതയുടെ ധനസഹായവും അച്ചന് ലഭിച്ചിരുന്നു. അങ്ങനെ ഗുഹകളിൽ കഴിഞ്ഞിരുന്നവർ സമാധാനത്തോടെ ഭവനങ്ങളിൽ അന്തിയുറങ്ങാൻ തുടങ്ങി.

“ഓരോ കുപ്പിയും ഓരോ ഭവനത്തിന്റെ ഇഷ്‌ടികകളാണ്” – ഫാ. ബോട്ടല്ല പറയുന്നു. അച്ചന്റെ നേതൃത്വത്തിൽ ശേഖരിക്കപ്പെട്ട കുപ്പികളിൽ നിന്ന് അനേകർക്കാണ് പാർപ്പിടമുണ്ടായത്. ഇങ്ങനെയാണ് ബോട്ടല്ല അച്ചൻ ‘പാദ്രെ ബോട്ടല്ല’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഇന്ന് ആ പ്രദേശത്ത് അദ്ദേഹം നിർമ്മിച്ച 107 കുടുംബങ്ങളാണ് ഉള്ളത്. അവരുടെ ഭവനങ്ങളോട് ചേർന്നു തന്നെ ഒരു നഴ്സറി സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ‘പാദ്രെ ബോട്ടല്ല പ്രദേശം’ എന്നാണ് ഇവ ഇപ്പോൾ അറിയപ്പെടുന്നത്.

നമ്മുടെ ചെറിയ ചെറിയ പ്രവർത്തികളാണ് എപ്പോഴും വലിയ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിന് കാരണമാകുന്നത്. വിശ്വാസത്തോടെ, പ്രാർത്ഥനയോടെ ദൈവരാജ്യത്തിനു വേണ്ടിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ തുടങ്ങുക. കർത്താവ് തീർച്ചയായും അവയെ പടുത്തുയർത്തും. നമ്മൾ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വലിയ ഫലങ്ങൾ അതിൽ നിന്ന് ഉണ്ടാവുകയും ചെയ്യും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.