ദൈവികമായ സ്നേഹത്തിന്റെ സാക്ഷ്യവുമായി സ്പാനിഷ് ദമ്പതികൾ

കലർപ്പില്ലാത്ത സ്നേഹത്തിനു ഈലോകത്തിലുള്ള എന്തിനെയും മാറ്റാൻ കഴിയും. അതിനു ഉദാഹരണമാണ് സ്‌പെയിനിൽ നിന്നുള്ള യുവദമ്പതികളുടെ ജീവിതം. വിധി തളർത്തിക്കളഞ്ഞ ജുവാന് കൂട്ടായി സ്നേഹം നിറഞ്ഞ മോണിക്ക കടന്നു വന്നതോട് കൂടി അവരുടെ ജീവിതം സ്വർഗ്ഗതുല്യമായി. നിരാശയിൽ നിന്നും തളർച്ചകളിൽ നിന്നും യഥാർത്ഥ സ്നേഹത്തിനു ഒരാളെ കരകയറ്റുവാൻ കഴിയും എന്നതിന് തെളിവാണ് മാഡ്രിഡിൽ നിന്നുള്ള ഈ യുവദമ്പതികളുടെ ജീവിതം.

ഈ വർഷത്തെ ഈസ്റ്ററിന് തൊട്ടുമുമ്പ്, സ്പെയിനിന്റെ തലസ്ഥാനത്തെ ഒരു പള്ളിയിൽ വെച്ച് ജുവാൻ-മോണിക്ക ദമ്പതികൾ വിവാഹിതരായി. ഇരുവരും യഥാർത്ഥത്തിൽ മാഡ്രിഡിൽ നിന്നുള്ളവരും വലിയ കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്. ടെക്സ്റ്റൈൽ മേഖലയിൽ ജോലിചെയ്യുന്ന മോണിക്ക ഫാഷനിൽ കൂടുതൽ അർപ്പണബോധമുള്ളവളാണ്, ജുവാൻ ഇന്റീരിയർ ഡെക്കറേഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് വിധി ജുവാന്റെ ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നത്. ജുവാന് 24 വയസ് ഉള്ളപ്പോഴാണ് ആ സംഭവം നടക്കുന്നത്. 2013 ഒക്‌ടോബർ 22 മഴയുള്ള ഒരു പ്രഭാതമാണ് ജുവാനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ഏറെ പ്രതീക്ഷയോടെ താൻ അറ്റന്റ് ചെയ്യാൻ പോകുന്ന ഇന്റർവ്യൂ സ്ഥലത്തേയ്ക്ക് ബൈക്കിൽ ജുവാൻ യാത്രയായി. എന്നാൽ ലക്ഷ്യ സ്ഥലം എത്തുന്നതിനു മുൻപ് ജുവാന്റെ വാഹനം മറിയുകയും പിന്നാലെ എത്തിയ കാർ അവനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. കണ്ണ് തുറക്കുമ്പോൾ ജുവാൻ ആശുപത്രി കിടക്കയിൽ ആണ്. ആ അപകടം അദ്ദേഹത്തിൻറെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെടുത്തി. ജീവിതം വീൽചെയറിൽ ആയി.

എന്നാൽ തന്റെ ജീവിതം നിരാശയിലേയ്ക് തള്ളി വിടുവാൻ ജുവാൻ ഒരുക്കമായിരുന്നില്ല. അപകടത്തിന് ശേഷം പ്രണയം, വിവാഹം തുടങ്ങിയ ചിന്തകളൊന്നും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഇത് തന്റെ പുതിയ ജീവിതമാണെന്നും സ്വയംപര്യാപ്തനാവുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം അനുമാനിച്ചു. എന്നാൽ 2018 മെയ് മാസത്തിൽ ഒരു വിശുദ്ധനാട് സന്ദർശനം നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ കൂട്ടുകാരെ ഒപ്പം ക്ഷണിച്ചു എങ്കിലും ആരും ജുവാന് ഒപ്പം പോകുവാൻ തയ്യാറായില്ല. അങ്ങനെ ഇരിക്കെയാണ് എയർ പോർട്ടിൽ നിന്നും ഒരു സംഘം യുവാക്കളെ കണ്ടെത്തുന്നത്. അവരിൽ മോനിക്കയും ഉണ്ടായിരുന്നു. അവർ ടെൽ അവീവിലേയ്ക്ക് പോകുകയായിരുന്നു.

മോണിക്കയ്ക്ക് ഈ യാത്ര പരിചിതമായിരുന്നു. കാരണം അവൾ ഇടയ്ക്കിടെ ബെത്‌ലഹേം നഗരം സന്ദർശിക്കുകയും വികലാംഗരായ കുട്ടികളുടെ ഭവനമായ ഹോഗർ നിനോ ഡിയോസിൽ സന്നദ്ധസേവനം നടത്തുകയും ചെയ്യുമായിരുന്നു. അവിശ്വസനീയവും അതുല്യവുമായ നിമിഷങ്ങൾ നിറഞ്ഞ ഒരു പ്രത്യേക തീർത്ഥാടനത്തിന്റെ ഭാഗമായി മോണിക്കയും ജുവാനും ആ ഭവനത്തിൽ വോളണ്ടീയർമാരായി ജോയിൻ ചെയ്തു. അവരുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ അവരുടെ ഉള്ളിൽ പ്രണയം മൊട്ടിട്ടു തുടങ്ങി.

മോണിക്കയ്ക്ക് വിശുദ്ധനാട്ടിലേക്കുള്ള യാത്രയും അവിടെ വൈകല്യമുള്ള കുട്ടികൾക്കൊപ്പമുള്ള പ്രവർത്തനങ്ങളും ആദ്യം വിചിത്രമായി തോന്നിയിരുന്നു. കാരണം അവൾ ഒരിക്കലും വീൽചെയറിൽ ആയിരിക്കുന്ന ആരെയും സഹായിച്ചിരുന്നില്ല. പക്ഷേ വിശുദ്ധ നാട്ടിലേയ്ക്കുള്ള ആ യാത്രകളിലൂടെയും വികലാംഗർക്കൊപ്പം പ്രവർത്തിക്കുന്നതിലും ദൈവം അവളെ ഒരുക്കുകയായിരുന്നു. ജുവാനെ കണ്ടുമുട്ടുന്ന നിമിഷത്തിനായി. ജുവാനുമായി ജീവിതം തുടങ്ങുമ്പോൾ ആദ്യം അവൾക്കു ഭയം ഉണ്ടായിരുന്നു. എന്നാൽ മോണിക്കയുടെ പിതാവ് അവളെ ആ ഭയത്തെ അതിജീവിക്കുവാൻ സഹായിച്ചു.

സർപ്രൈസ് ആയ ഡാൻസ്

വിവാഹം അടുത്തു വരുന്ന നാളുകളിൽ ജുവാൻ ഒരു ഐഡിയ മുന്നോട്ടു വച്ചു. വിവാഹ ദിനത്തിൽ ഇരുവരും ഒരുമിച്ചുള്ള ഒരു ഡാൻസ്. മോണിക്കയ്ക്കു ആദ്യം പേടിയുണ്ടായിരുന്നു. കാരണം ജീവിതത്തിൽ ആദ്യവും അവസാനവും ആയി നടക്കുന്ന ഒരു പരിപാടിയാണ്. എങ്ങാനും പാളിയാൽ ആളുകൾക്ക് പറഞ്ഞു ചിരിക്കുവാൻ ഒരു കാരണമാകും. പക്ഷേ ആ ചലഞ്ച് അവർ ഏറ്റെടുക്കുവാൻ തയ്യാറായി. വിവാഹ ദിനത്തിൽ ഇരുവരെയും അസ്സിസ്റ്റ് ചെയ്യുന്ന ആളുകളോട് മാത്രം ഇക്കാര്യം വെളിപ്പെടുത്തി. അവരും പിന്തുണ നൽകിയതോടെ കാര്യങ്ങൾ ഉഷാറായി. അങ്ങനെ വിവാഹ ദിവസം വന്നു. ആദ്യം മോണിക്കയും പിതാവും കൂടെ നൃത്തം ചെയ്തു തുടങ്ങി. ജുവാൻ തന്റെ അവസരത്തിനായി കാത്തിരുന്നു. വൈകാതെ ജുവാന്റെ അവസരം വന്നു. മോണിക്കയുടെ സഹോദരന്മാർ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു നിർത്തി. തന്റെ വധുവിന്റെ കരങ്ങളിലേക്ക് കൈകൾ ചേർത്ത്, ആ തോളിൽ താങ്ങി അവർ നൃത്തം ചെയ്തു. അതുകണ്ട പലരുടെയും കണ്ണുകൾ നിറഞ്ഞു. തങ്ങൾ കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ ഡാൻസായിരുന്നു അത് എന്ന് പലരും സാക്ഷ്യപ്പെടുത്തി.

അതെ സ്നേഹത്തിന്റെ, കരുതലിന്റെ, കാരുണ്യത്തിന്റെ പുണ്യ മുഹൂർത്തമായിരുന്നു ആ നിമിഷങ്ങൾ. വിവാഹം എന്ന ദൈവീകമായ കൂദാശയിലൂടെ ഒന്നിക്കപ്പെട്ട ഇരുവരും സ്നേഹത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് ഉള്ള യാത്ര തുടരുകയാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.