സിസ്റ്റീൻ ചാപ്പൽ: വലിയ ചരിത്രത്തിന്റെ നിശ്ശബ്ദസാക്ഷി

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

കർദിനാൾസംഘം മെയ് ഏഴിന് സാർവത്രികസഭയുടെ ഇരുനൂറ്റി അറുപത്തിയേഴാമത്തെ മാർപാപ്പയെ തിരഞ്ഞെടുക്കാനായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ ഒത്തുചേരുന്നു. 135 കർദിനാളന്മാരിൽ, ആരോഗ്യകാരണങ്ങളാൽ സംബന്ധിക്കാൻ സാധിക്കാത്ത രണ്ടുപേരൊഴികെ എല്ലാവരുംതന്നെ മെയ് ആറിന്  വത്തിക്കാനുള്ളിലെ സാന്താ മാർത്ത ഭവനത്തിൽ എത്തിച്ചേർന്നു. ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് മാർപാപ്പയുടേത്. ഇവർ സമ്മേളിക്കുന്ന സിസ്റ്റീൻ ചാപ്പൽ ചരിത്രപരമായും കലാപരമായും വളരെ പ്രാധാന്യമുള്ള ഒരു ദൈവാലയമാണ്. പേപ്പൽ കോൺക്ലേവിന്റെ ആത്മീയസിരാകേന്ദ്രമാണ് ഇത്. പ്രസിദ്ധ കലാകാരനായ മൈക്കലാഞ്ചലോയുടെ കരവിരുതിൽ രൂപപ്പെട്ടിരിക്കുന്ന മനോഹരചിത്രങ്ങൾ ഈ ദൈവാലയത്തിന്റെ മുകൾതട്ടിനെ അലങ്കരിക്കുന്നു എന്നതാണ് ഈ ദൈവാലയത്തിന്റെ വലിയ പ്രത്യേകത. മനുഷ്യനു ജീവൻ നൽകാനായി നീട്ടപ്പെട്ട ദൈവത്തിന്റെ കരവും അന്ത്യവിധിയുമൊക്കെ ധ്യാനിച്ചുകൊണ്ടാണ് കർദിനാളന്മാർ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്. പ്രാർഥനയോടെ പരിശുദ്ധാത്മപ്രചോദനത്താൽ അവരെടുക്കുന്ന തീരുമാനം സഭയുടെ നന്മയ്ക്കായി ഭവിക്കുമ്പോൾ സിസ്റ്റീൻ ചാപ്പൽ കൃപയുടെ ഉപകരണമായി എല്ലാത്തിനും നിശ്ശബ്ദസാക്ഷിയായി നിലകൊള്ളുന്നു. ഇവിടെ കലാസൗന്ദര്യം സത്യത്തിന്റെ പാലമായി അതിലൂടെ സഭയുടെ നേതൃത്വം ദൈവത്തെ ശ്രവിക്കാനുള്ള വഴി കണ്ടെത്തുന്നു. സിസ്റ്റീൻ ചാപ്പലിനെക്കുറിച്ചു ചെറിയൊരു വിവരണം നൽകുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

വത്തിക്കാൻ എന്ന ചെറുരാജ്യത്തിലെ വി. പത്രോസിന്റെ ബസിലിക്ക കഴിഞ്ഞാൽ പ്രധാനപ്പെട്ട സ്ഥലമാണ് സിസ്റ്റീൻ ചാപ്പൽ. ഇത് ഒരു തീർഥാടനകേന്ദ്രം എന്നതുപോലെതന്നെ അനേകം വിനോദസഞ്ചാരികളെയും കലാസ്വാദകരെയും വിസ്മയത്തിൽ ലയിപ്പിക്കുന്ന പുണ്യസ്ഥാനം കൂടിയാണ്. ഈ ചാപ്പലിന്റെ മുകളിൽ രണ്ടുമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന പുകക്കുഴലിലൂടെ പുറത്തുവരുന്ന പുകയുടെ നിറം നോക്കി ലോകം ഈ വരുന്ന ദിവസങ്ങളിൽ ഒരു ചരിത്രനിമിഷത്തിനു സാക്ഷിയാകും. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ കർദിനാളന്മാർ ഒരുമിച്ചുകൂടുന്ന (കോൺക്ലേവ്) സ്ഥലം എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ലോകം കണ്ട ഏറ്റം വലിയ കലാകാരന്മാരുടെ ഭാവന ചിത്രരൂപത്തിൽ ഈ ചാപ്പലിന്റെ ഭിത്തിയെയും മുകപ്പിനെയും മോടിപിടിപ്പിച്ചുവെന്നിരിക്കുന്നത്. കലയുടെ ഏറ്റം ഉന്നതിയിലുള്ള ഈ സാംസ്‌കാരിക സംഗമസ്ഥാനം ദർശിക്കുന്നതിന് ഒരുവർഷം 50 ലക്ഷത്തിലധികം തീർഥാടകരും വിനോദസഞ്ചാരികളും ഇതുവഴി കടന്നുപോകുന്നു. മനുഷ്യപ്രതിഭയുടെ പാരമ്യത്തിന്റെ പ്രതിഫലനമാണ് തങ്ങളുടെ തലയ്ക്കു മുകളിൽ കാണപ്പെടുന്നതെന്ന് 500 വർഷങ്ങളായി ഓരോ ദിവസവും അതുവഴി മുകളിലേക്കു നോക്കി നടന്നുപോകുന്ന ഓരോരുത്തരും തിരിച്ചറിയുന്നു. മൈക്കലാഞ്ചലോ എന്ന പകരംവയ്ക്കാനില്ലാത്ത നിസ്തുലപ്രതിഭയുടെ അസാമാന്യ സൃഷ്ടിയുടെ അടുത്ത് ഒരുനിമിഷം ചെന്നുനിൽക്കാൻ സാധിക്കുന്നതുതന്നെ ഭാഗ്യമായി കരുതുന്ന അനേകം ആധുനിക കലാകാരന്മാരും അതിലുണ്ട്.

‘അപ്പസ്തോലിക അരമന’ എന്നറിയപ്പെടുന്ന വത്തിക്കാനിലെ മാർപാപ്പമാരുടെ ഔദ്യോഗിക വസതിയുടെ ഭാഗമാണ് സിസ്റ്റീൻ ചാപ്പൽ (ഫ്രാൻസിസ് മാർപാപ്പ താമസിച്ചത് കാസ സാന്ത മാർത്ത എന്ന വത്തിക്കാനിലെ അതിഥിമന്ദിരത്തിലാണ്). ഈ ചാപ്പൽ ആദ്യം അറിയപ്പെട്ടിരുന്നത് ‘വലിയ ചാപ്പൽ’ (Cappella Magna) എന്ന പേരിലായിരുന്നു. അതിന്റെ കാരണം എല്ലാ ദിവസവും മാർപാപ്പ ബലിയർപ്പിച്ചിരുന്ന ചെറിയൊരു ചാപ്പൽ അവിടെ ഉണ്ടായിരുന്നതിനാലാണ്. 1483 ഓഗസ്റ്റ് പതിനഞ്ചിന് മാതാവിന്റെ സ്വർഗാരോപണ തിരുനാൾദിനം നവീകരിച്ച പുതിയ ചാപ്പലിൽ സിക്സ്റ്റസ് നാലാമൻ മാർപാപ്പ വിശുദ്ധ ബലിയർപ്പിച്ചു. അതിനുശേഷമാണ് സിക്സ്റ്റസ് മാർപാപ്പയുടെ നാമം ചേർത്ത് സിസ്റ്റീൻ ചാപ്പൽ എന്ന് ഇത് അറിയപ്പെടാൻ തുടങ്ങിയത്. നിർമ്മാണകലയിലെ സൗകുമാര്യത്തെക്കാൾ ഈ ആരാധനാലയത്തെ വിസ്‌മനീയമാക്കിത്തീർക്കുന്നത് ഇതിന്റെ ഭിത്തിയിലും മുകപ്പിലും ലോകപ്രശസ്ത ചിത്രകാരന്മാരായ സാന്ദ്രോ ബോത്തിചെല്ലി, പിയെത്രോ പെറുജീനോ, പിന്തൂറിച്ചിയോ, ഡൊമിനിക്കോ ഗിർലൻദായിയോ, കോസിമോ റോസെല്ലി എന്നിവരുടെ ചിത്രങ്ങളായ ‘മോശയുടെ ജീവിതം’ ‘ക്രിസ്തുവിന്റെ ജീവിതം’ തുടങ്ങിയ ഒട്ടനേകം ചിത്രങ്ങങ്ങൾകൂടി ആയിരുന്നു. പിന്നീട് മൈക്കലാഞ്ചലോയുടെ മാസ്മരിക വിരൽത്തുമ്പ് അവിടുത്തെ ഭിത്തിയിൽ അദ്ഭുതങ്ങൾ വിരിയിച്ചപ്പോൾ ചിത്രകലയുടെ പുതിയൊരു ലോകം ഇവിടെ പുനർജനിച്ചു.

സിസ്റ്റീൻ ചാപ്പലിൽ നടക്കുന്ന ഏറ്റം  പ്രാധാന്യമേറിയതും ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നതുമായ കാര്യം മാർപാപ്പമാരുടെ തിരഞ്ഞെടുപ്പാണ്. കർദിനാളന്മാരുടെ ഈ പ്രത്യേക കോൺക്ലേവിന്റെ ഒരുക്കത്തിന്റെ ഭാഗമാണ് ചാപ്പലിനു മുകളിലായി ഒരു താത്‌ക്കാലിക പുകക്കുഴൽ സ്ഥാപിക്കുന്നത്. ഇവിടെ അതീവരഹസ്യമായി നടത്തുന്ന വേട്ടെടുപ്പിനുശേഷം അതിനുപയോഗിച്ച ബാലറ്റ് പേപ്പർ ചില മിശ്രിതങ്ങൾ ചേർത്തു കത്തിക്കുമ്പോഴാണ് വേട്ടെടുപ്പ് നടന്നുവെന്ന് പുറംലോകം അറിയുന്നത്. ഈ പുകക്കുഴലിൽ കൂടി വെളുത്ത പുകയാണ് ഉയരുന്നതെങ്കിൽ പുതിയ ഒരു മാർപാപ്പയെ ലഭിച്ചിരിക്കുന്നുവെന്നും കറുത്ത പുകയാണ് പുറത്തുവരുന്നതെങ്കിൽ ആർക്കുംതന്നെ പുതിയ മാർപാപ്പയാകുന്നതിനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല എന്നുമാണ് അർഥം. പത്രോസിന്റെ ബസിലിക്കയിലെ കൂറ്റൻ മണികൾ കൂട്ടത്തോടെ മുഴങ്ങുമ്പോൾ പുകയുടെ നിറത്തെക്കുറിച്ചുള്ള സംശയങ്ങൾ പെട്ടെന്നുതന്നെ ദൂരീകരിക്കപ്പെടുന്നു.

സിസ്റ്റീൻ ചാപ്പലിൽവച്ച് ആദ്യമായി നടന്ന ഒരു മാർപാപ്പയുടെ തിരഞ്ഞെടുപ്പ് 1492 ഓഗസ്റ്റ് ആറു മുതൽ 11 വരെയുള്ള അലക്‌സാണ്ടർ ആറാമൻ മാർപാപ്പയുടേതാണ്. മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1996 ൽ വി. ജോൺ പോൾ രണ്ടാമൻ പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ച് കർദിനാളന്മാർ വത്തിക്കാനിൽ തന്നെയുള്ള സാന്താ മാർത്ത ഭവനത്തിൽ നിർബന്ധമായും താമസിക്കുകയും അവിടെനിന്ന് സിസ്റ്റീൻ ചാപ്പലിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താൻ പാടില്ലാത്തതുമാകുന്നു.

40 മീറ്റർ നീളവും 13 മീറ്റർ വീതിയും 20 മീറ്റർ ഉയരവുമുള്ള ഈ ചാപ്പൽ സോളമൻ രാജാവ് ദൈവകൽപനപ്രകാരം നിർമ്മിച്ച ഒന്നാം ജെറുസലേം ദൈവാലയത്തിനുള്ളിലെ വിശുദ്ധിയുടെ വിശുദ്ധസ്ഥലത്തെ ആവരണം ചെയ്തുകൊണ്ട് രൂപപ്പെടുത്തിയ ചട്ടക്കൂടിന്റെ അളവിന് ആനുപാതികമായി നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. ഇവിടെയുള്ള വലിയ ജനാലകൾ അകത്തേക്കു വിളിച്ചുകൊണ്ടുവരുന്ന പ്രകാശം ഈ ദൈവാലയത്തിനുള്ളിലെ മനോഹരചിത്രങ്ങളെ കൂടുതൽ ശോഭാപൂർണ്ണമാക്കുന്നു. ആദ്യം ഇവിടെയുണ്ടായിരുന്ന ഇതിന്റെ മുകൾഭാഗത്തെ  നക്ഷത്രങ്ങളോടുകൂടിയ നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന പെയിന്റ് അടിച്ചിരിക്കുന്നതുതന്നെ ബോതിചെല്ലിയെയും റോസെല്ലിയെയും പോലുള്ള ചിത്രകാരന്മാരാണ്. ഈ പെയിന്റിംഗ് പൂർണ്ണമായും മൈക്കലാഞ്ചലോ നീക്കുകയും തന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ രൂപരേഖ തയ്യാറാക്കിയതിനു ശേഷമാണ് ചിത്രരചന ആരംഭിക്കുന്നത്.

1498 ഓഗസ്റ്റ് 12 ന് സിക്സ്റ്റസ് നാലാമൻ മാർപാപ്പ കാലം ചെയ്തു. ഈ മാർപാപ്പയുടെ മരണത്തിന്റെ 19 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ഭാഗിനേയൻ ജൂലിയസ് രണ്ടാമൻ പുതിയ മാർപാപ്പയായി  തിരഞ്ഞെടുക്കപ്പെട്ടു. ‘നവോത്ഥാന മാർപാപ്പ’, ‘പോരാളിയായ മാർപാപ്പ’ എന്ന പേരുകളിലൊക്കെ അറിയപ്പെട്ട ജൂലിയസ് രണ്ടാമനാണ് (1443-1513) സിസ്റ്റീൻ ചാപ്പൽ നവീകരിക്കാനുള്ള പ്രക്രിയയുടെ ഭാഗമായി മൈക്കലാഞ്ചലോ എന്ന ചെറുപ്പക്കാരനായ കലാകാരനെ സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങൾ വരയ്ക്കുന്നതിനായി ചുമതലപ്പെടുത്തുന്നത്. 17 അടി ഉയരമുള്ള ദാവീദിന്റെ പ്രശസ്തമായ ശിൽപം വെണ്ണക്കല്ലിൽ പൂർത്തിയാക്കി അദ്ദേഹം ഫ്ലോറൻസിൽ  എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങിയ സമയത്താണ് ജൂലിയോസ് മാർപാപ്പ ഈ ശിൽപിയെ റോമിലേക്കു കൊണ്ടുവരുന്നത്. അതുപോലെ മൈക്കലാഞ്ചലോയുടെ പത്രോസിന്റെ ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന പ്രസിദ്ധമായ പിയേത്താ എന്ന വെണ്ണക്കൽ ശിൽപം കണ്ട ജൂലിയോസ് മാർപാപ്പ അദ്ദേഹത്തെ തന്റെ ശവകുടീരം മാർബിളിൽ കൊത്തിയുണ്ടാക്കാനുള്ള ദൗത്യം ഏൽപിച്ചിരുന്നു. ഈ സമയത്ത് സിസ്റ്റീൻ ചാപ്പലിന്റെ മുകപ്പിൽ ഒരു വിള്ളൽ വീഴുകയും അത് ശരിയാക്കാതെ ചാപ്പലിലെ അമൂല്യചിത്രങ്ങൾ സംരക്ഷിക്കാൻ സാധിക്കില്ല എന്ന അവസ്ഥയിലായിരുന്നു. മാർപാപ്പ ഈ അവസരത്തിൽ പഴയ ജോലി മാറ്റിവച്ച് സിസ്റ്റീൻ ചാപ്പലിൽ ചിത്രങ്ങൾ വരയ്ക്കുന്ന ജോലി ഏറ്റെടുക്കാൻ മൈക്കലാഞ്ചലോയോട് ആവശ്യപ്പെട്ടു.

മൈക്കലാഞ്ചലോ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അപ്പോൾ ഒരുക്കമല്ലായിരുന്നു. അതിന് അദ്ദേഹത്തിന്റേതായ നിരവധി കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, താനൊരു ശിൽപിയാണെന്നും അതിനാൽതന്നെ സിസ്റ്റീൻ ചാപ്പലിൽ ചിത്രങ്ങൾ വരയ്ക്കുന്നത് തന്റെ കഴിവ് ദുർവ്യയം ചെയ്യുന്ന ഏർപ്പാടാണെന്നും അദ്ദേഹം ചിന്തിച്ചിരുന്നു. രണ്ടാമതായി, ഇതിലൊരു കെണി ഒരുക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. താൻ പരാജിതനായി കാണുന്നതിന് ആഗ്രഹിച്ച ശത്രുക്കളും അസൂയാലുക്കളുമായ ഒരുകൂട്ടം കലാകാരന്മാർ ഈ തന്ത്രം മെനഞ്ഞെടുത്തു മാർപാപ്പയുടെ അരികിൽ അവതരിപ്പിച്ചതാകാമെന്നും അദ്ദേഹം കണക്കുകൂട്ടി. മൂന്നാമതായി, ഇത്രയും ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകൾതട്ടിൽ പന്തീരായിരായിരത്തോളം ചതുരശ്ര അടി വിശാലതയുള്ള സ്ഥലത്ത് ചിത്രങ്ങൾ വരയ്ക്കുന്നത് അത്ര ആനന്ദകരമായ ജോലി ആയിരുന്നില്ല. എങ്കിലും ജൂലിയസ് മാർപാപ്പയെപ്പോലെയുള്ള ഒരാളെ ധിക്കരിക്കാനുള്ള മനഃസ്ഥര്യവും മൈക്കലാഞ്ചലോയ്ക്ക് ഉണ്ടായിരുന്നില്ല.

‘അന്ത്യവിധി’ ഇവിടെ ക്രിസ്തുകേന്ദ്രീകൃതമാണ്. മാലാഖമാർ ആത്മാക്കളെ തങ്ങളുടെ കല്ലറകളിൽ നിന്ന് പുറത്തു കൊണ്ടുവരികയും അവർ ക്രിസ്തുവിന്റെ ഇടതുവശത്തായി നിലകൊള്ളുകയും ചെയ്യുന്നു. സ്വർഗത്തിലുള്ളവർ അവിടേക്കു വരുന്നവരെ സന്തോഷത്തോടെ സ്വീകരിക്കാനായി നിൽക്കുന്നു. അതുപോലെ മറുവശത്ത് ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ നരകത്തിലേക്കും ആനയിച്ചുകൊണ്ടുപോകുന്നു. ഈ ആശയങ്ങളൊക്കെ  പ്രസിദ്ധ ഇറ്റാലിയൻ സാഹിത്യകാരനും ഡിവൈൻ കൊമഡിയുടെ രചയിതാവുമായ ദാന്തെയുടെ നരകത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നും സ്വാധീനം ഉൾക്കൊണ്ടു വരച്ചിരിക്കുന്നതാണ് (ഇവയിൽ പലതും അതിനാൽതന്നെ ബൈബിളിൽ നിന്നും വ്യത്യസ്തവുമാണ്). ഇവരിൽ ചിലരൊക്കെ തങ്ങൾക്കെതിരെയുള്ള വിധിവാചകം കേട്ട് ദുഃഖത്തോടെയും  മറ്റു ചിലർ നിസ്സംഗതയോടെയും നിൽക്കുന്നു. ചിത്രത്തിന്റെ മധ്യത്തിലായി ക്രിസ്തു നിൽക്കുന്നു. വിധിവാചകം ഉച്ചരിക്കുന്ന അവിടുന്ന് ശപിക്കപ്പെട്ടവരെ നോക്കുന്നു. സാധാരണ നാം കാണുന്ന താടിമീശയുള്ള സൗമ്യനായ യേശുവിന്റെ രൂപമല്ല ഇവിടെ ദർശിക്കുന്നത്. ഇവിടുത്തെ യേശുവിനെ കൂടുതൽ സാമ്യം കൽപിക്കാൻ കഴിയുന്നത് ഗ്രീക്ക്-റോമൻ കഥാപാത്രങ്ങളോടാണ്; പ്രത്യേകിച്ചും ഹെർക്കുലീസിനോടും അപ്പോളോയോടും. യേശു തന്റെ വലതുകരം ഉയർത്തിപ്പിടിച്ചിരിക്കുന്നു. അതേസമയം ഇടതുകരത്തിലെ വിരലുകൾ അവിടുത്തെ തിരുമുറിവുകളെ വെളിപ്പെടുത്തുന്ന വിധത്തിലാണ് കാണപ്പെടുന്നത്. ഇത് ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രതിരൂപമാണ്. ക്രിസ്തുവിന്റെ ഇടത്തുഭാഗത്തായി കന്യാമറിയത്തെ ചിത്രീകരിച്ചിരിക്കുന്നു. മാതാവ് തന്റെ ശിരസ്സ് രക്ഷപ്രാപിച്ചവർ നിൽക്കുന്ന ഭാഗത്തേക്കു നോക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ക്രിസ്തുവിന്റെ ഇടതുഭാഗത്തു യോഹന്നാൻ സ്നാപകനെക്കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ചില വിശുദ്ധരും കാണപ്പെടുന്നു. വലതുഭാഗത്തായി പത്രോസ് ശ്ലീഹ സ്വർഗരാജ്യത്തിന്റെ താക്കോലുകൾ കരങ്ങളിലേന്തി ഏതാണ്ട് അത് ക്രിസ്തുവിനെ ഏൽപിക്കാൻ തയ്യാറായി നിൽക്കുന്ന ഭാവത്തിലാണ്. ഇവിടെ സന്നിഹിതരായിരിക്കുന്ന മിക്ക വിശുദ്ധന്മാരെയും അവർ സ്വീകരിച്ച ജീവിതവഴികളെയും, പ്രത്യേകിച്ച് അവരുടെ മരണത്തെയും നോക്കിയിട്ട് തിരിച്ചറിയാൻ സാധിക്കും. ക്രിസ്തുവിനുവേണ്ടി ജീവിക്കാത്തവർ നരകത്തിലേക്കു പോകുമെന്ന് വിശുദ്ധന്മാർ പറയാൻ ആഗ്രഹിക്കുന്നതുപോലെ ഇവിടെ കാണപ്പെടുന്നു. പത്രോസിന്റെ താഴെയായി വി. ബർത്തലോമിയോയെ കാണാം. അദ്ദേഹം തന്റെ ത്വക്ക് കൈയിൽ പിടിച്ചിരിക്കുന്നത് ഏതു തരത്തിലുള്ള രക്തസാക്ഷിത്വം വരിച്ചു എന്നതിനെ വെളിവാക്കുന്നതാണ്. ആ ചിത്രത്തിലെ മുഖം മൈക്കലാഞ്ചലോയുടേതിന് സമാനമാണെന്ന് പറയപ്പെടുന്നു (അതിന്റെ കാരണമായി പറയുന്നത് അദ്ദേഹം ഈ ജോലിചെയ്യുന്നതിന് കടന്നുപോകേണ്ടിവന്ന രക്തസാക്ഷി സമാനമായ സമർപ്പണത്തിന്റെ പ്രതിഫലനമെന്ന രീതിയിലാണ്). ചില നിരൂപകർ പറയുന്നത് മൈക്കലാഞ്ചലോ നരകത്തിൽ കിടക്കുന്നവരുടെ രൂപഭാവങ്ങൾക്ക് തന്റെ പ്രതിയോഗികളുടെ പ്രതിച്ഛായ കൊടുക്കുന്നതിന് ശ്രമിച്ചുവെന്നാണ്. അതുപോലെതന്നെ പന്ത്രണ്ടു അപ്പോസ്തോലന്മാരുടെ ചിത്രങ്ങളും ഇവിടെ ക്രിസ്തുവിനുചുറ്റും കാണാൻ സാധിക്കും.

അന്ത്യവിധി കൂടാതെ ലോകത്തിന് ഏറ്റം സുപരിചിതമായ സിസ്റ്റീൻ ചാപ്പലിലെ ഒരു മൈക്കലാഞ്ചലോ ചിത്രമാണ് ‘ആദാമിന്റെ സൃഷ്ടി.’ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയെന്ന് ബൈബിൾ പറയുന്നു: “ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ദ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു” (ഉൽ. 2:7).  എന്നാൽ മൈക്കലാഞ്ചലോ ഇതിൽ നിന്നും വ്യത്യസ്തമായി സ്വന്തമായ ഒരു ആശയത്തിലാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. നരച്ച താടിയുള്ള, മനോഹരമായി വസ്ത്രം ധരിച്ചിരിക്കുന്ന ആളായി ദൈവത്തെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഇവിടെ ആദം പരിപൂർണ്ണ നഗ്നനായ മനുഷ്യനും. ദൈവം തന്റെ വലതുകരം ആദത്തിലേക്കു നീട്ടി തന്റെ ചൂണ്ടുവിരലിലൂടെ അവന് ജീവൻ നൽകാനൊരുങ്ങുന്നു. ദൈവത്തിന്റെ കരത്തിന്റെ അതേ രൂപത്തിലുള്ള തന്റെ ഇടതുകരം നീട്ടി ആദം ദൈവത്തെ സ്പർശിക്കാനായി ഒരുമ്പെടുന്നു. എന്നാൽ രണ്ടുപേരുടെയും വിരലുകൾക്കിടയിൽ അൽപം സ്ഥലം ശൂന്യമായിക്കിടക്കുന്നതിനാൽ പരസ്പരം സ്പർശിക്കുന്നില്ല. ഇതിന് ധാരാളം വ്യാഖ്യാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. പ്രധാനമായും പാപിയായ മനുഷ്യന്റെ അവസ്ഥയുടെ പ്രതിഫലനമാണ് ഈ ചിത്രം. ആദം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തന്റെ ജീവൻ നൽകാനായി ദൈവം ആദാമിലേക്ക് കൈനീട്ടുന്നു. എന്നാൽ, ആദത്തിന്റെ പാപം ദൈവത്തെ തൊടുന്നതിന് തടസ്സമായിരിക്കുന്നു.ഇതിനോട് ചേർത്തുവായിക്കേണ്ടുന്നതാണ് ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള അകലം ഇല്ലാതാകുന്നത് യേശുവിന്റെ മനുഷ്യാവതാരത്തിലാണ് എന്നത്. ക്രിസ്തുവിലൂടെ ഇന്ന് ദൈവത്തെ കാണാനും സ്പർശിക്കാനും നമുക്ക് സാധിക്കുന്നു. മാത്രമല്ല, അടഞ്ഞിരുന്ന സ്വർഗം അവൻ നമുക്കായി നിത്യമായി തുറന്നുതന്നിരിക്കുന്നു.

ഇതൊക്കെ അദ്ദേഹം സാധിതമാക്കിയത് മുകളിലേക്കു നോക്കി വരച്ചുകൊണ്ടായിരുന്നു എന്നതുതന്നെ അദ്ദേഹത്തിൽ വിളയാടിയിരുന്ന പ്രതിഭയുടെ ഉത്തമ ഉദാഹരണമാണ്. എങ്കിലും എപ്പോഴും മുകളിലേക്കു നോക്കി വരയ്ക്കുന്നതിനെക്കുറിച്ചും തന്റെ മുഖത്തേക്ക് പെയിന്റ് വീഴുന്നതിനെക്കുറിച്ചും അദ്ദേഹം പരാതി പറഞ്ഞുകൊണ്ടേയിരുന്നു. മനുഷ്യശരീരഘടനയെ മൈക്കലാഞ്ചലയോളം ആഴത്തിൽ അറിഞ്ഞിട്ടുള്ള ചിത്രകാരന്മാരും ശിൽപികളും ഇതുവരെയുള്ള മാനവചരിത്രത്തിൽ വിരളമാണ്. പതിനേഴാമത്തെ വയസ്സിൽ സെമിത്തേരികളിൽ അടക്കിയവരുടെ ശവശരീരങ്ങൾ കീറിമുറിച്ച് മനുഷ്യശരീരത്തിന്റെ ആന്തരികഘടനയെക്കുറിച്ച് മൈക്കലാഞ്ചലോ വിശദമായ പഠനം നടത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മാർട്ടിൻ ലൂതർ ആരംഭിക്കുകയും പിന്നീട് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കു പടർന്നുപിടിക്കുകയും ചെയ്ത പ്രോട്ടസ്റ്റന്റ് നവീകരണത്തെ പ്രതിരോധിക്കുന്നതിനായി സഭ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് വന്ന മാർപാപ്പമാർക്ക് കലയിലും ശിൽപനിർമ്മാണത്തിലും വലിയ താൽപര്യം ഇല്ലാതാവുകയും ചെയ്തു. അവർ സഭയുടെ ആത്മീയ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിനും സഭയിലെ ഭിന്നതയുടെ അംശങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് പരിശ്രമിച്ചത്.

1559 ൽ പിയൂസ് നാലാം മാർപാപ്പ സഭയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ മൈക്കലാഞ്ചലോ ചിത്രങ്ങളിലെ നഗ്നത വലിയ ചർച്ചയാവുകയും ഇത്തരം നഗ്നതാപ്രദർശനങ്ങൾ സഭ്യതയുടെ സീമകൾ ലംഘിക്കുന്നുവെന്ന ചിന്ത ഉണ്ടാവുകയും ചെയ്തു. 1562 ൽ ത്രന്തോസ് സൂനഹദോസ് പള്ളികളിൽ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു പുറപ്പെടുവിച്ച തീരുമാനങ്ങളിലൊന്നായിരുന്നു നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പാടില്ല എന്നത്. അങ്ങനെ ഈ ചിത്രങ്ങളിലെ ലൈംഗീക അവയങ്ങൾ പ്രദർശിപ്പിക്കുന്ന ഭാഗങ്ങൾ മറയ്ക്കുകയും ചെയ്തു. എന്നാൽ ഇത് എൺപത്തിയെട്ടാം വയസ്സിൽ മൈക്കലാഞ്ചലോ മരിച്ചതിനുശേഷം 1564 ലാണ് ചെയ്തത് (അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അത് ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തോടു കാണിക്കുന്ന വലിയ അപരാധമാകുമായിരുന്നു). അങ്ങനെ അവിടെയുള്ള നാൽപതോളം രൂപങ്ങളിൽ നഗ്നതാപ്രദർശനം ഇല്ലാതാക്കിയിട്ടുണ്ട്.

ഇതിനുശേഷം ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1980 കളിലും 1990 കളിലും ചിത്രങ്ങളിലെ മങ്ങൽ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു. മാത്രമല്ല, നൂറ്റാണ്ടുകളായി കോടാനുകോടി ജനങ്ങൾ വന്നുപോയതിനാലും കാലാവസ്ഥ മൂലവും മങ്ങിപ്പോയ ചിത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതോടൊപ്പം മൈക്കലാഞ്ചലോ വരച്ചതുപോലെ പൂർവസ്ഥിതിയിലേക്ക് ചിത്രങ്ങളെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ ഇന്നും കലയുടെയും ചിത്രങ്ങളുടെയും ലോകത്തിലെ അദ്ഭുതമായി മൈക്കലാഞ്ചലോ ചിത്രങ്ങൾ അവശേഷിക്കുന്നു.

ജൊഹാൻ വോൾഫ്ഗാങ് ഗോഥെയുടെ വാക്കുകളിൽ സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങൾ ഒരു മനുഷ്യന് ജീവിതത്തിൽ എത്ര ഉന്നതി പ്രാപിക്കാം എന്നതിന്റെ മകുടോദാഹരണമാണ്. അതിനാൽതന്നെ  മനുഷ്യകുലത്തിന്റെ തന്നെ ഏറ്റം വലിയ നേട്ടങ്ങളിൽ ഒന്നായിട്ടാണ് സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങൾ അറിയപ്പെടുന്നത്. 500 വർഷങ്ങൾക്കുമുൻപ് വരയ്ക്കപ്പെട്ട ഈ ചിത്രങ്ങൾ കാണാൻ അനുദിനം അനേകായിരങ്ങളാണ് ഈ ദൈവാലയം സന്ദർശിക്കുന്നത്. ദൈവീക സൗന്ദര്യത്തിന്റെ ഏറ്റം വലിയ മാനുഷിക പ്രകടനമാണ് ഈ ചിത്രങ്ങൾ. മനുഷ്യനെ ആത്മീയ ഔന്നത്യത്തിലേക്കു നയിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്നുള്ള മൈക്കലാഞ്ചലോയും ലിയനാർഡോ ഡാവിഞ്ചിയും ഇക്കാലയളവിൽ ആരാണ് കേമൻ എന്ന രീതിയിൽ മത്സരിച്ചപ്പോൾ മാനവകുലം അതിന്റെ ഗുണഭോക്താക്കളായി. അവരെക്കാൾ മത്സരബുദ്ധിയോടെ അവരുടെ രക്ഷാധികാരികളും കൂടി പ്രവർത്തിച്ചപ്പോൾ വലിയ അദ്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. അഞ്ചു ശതമാനത്തിൽ താഴെ ആളുകൾ എഴുത്തും വായനയും വശമായിരുന്ന അക്കാലഘട്ടത്തിൽ ദൈവീകരഹസ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഒരു ഉപാധി കൂടിയായിരുന്നു ദൈവാലയത്തിനുള്ളിലെ ചിത്രങ്ങൾ. എന്നാൽ എല്ലാ അറിവും വിരൽതുമ്പിൽ നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചേരുന്ന ഈ കാലഘട്ടത്തിലും നമുക്കറിയുന്നതിലും കൂടുതൽ കാര്യങ്ങൾ ഇനിയും അറിയാനുണ്ടെന്ന് ഈ അമൂല്യ കലാരൂപങ്ങൾ നമ്മോടു പറയുന്നു. സിസ്റ്റീൻ ചാപ്പലിലെ ചിത്രങ്ങൾ കണ്ട് നിർവൃതി അടയുന്നതോടൊപ്പം ദൈവത്തെ അടുത്തറിയാനുള്ള മാനുഷിക മാർഗങ്ങൾ കൂടിയാണ് ഇവയെന്ന തിരിച്ചറിവും നമുക്കുണ്ടാകണം. അതിന് വെറും കാഴ്ചയല്ല, ഉൾക്കാഴ്ചയാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.

മെയ് ഏഴിന് സിസ്റ്റീൻ ചാപ്പലിന്റെ വലിയ കതകുകൾ അടയ്ക്കപ്പെടുമ്പോൾ സഭ പാവനമായ ഒരു നിശ്വാസത്തിലായിരിക്കുകയും ലോകം ശ്വാസമടക്കി വീക്ഷിക്കുകയും ചെയ്യുന്ന സംഭവമാണ് മാർപാപ്പ തിരഞ്ഞെടുപ്പ്. വിശുദ്ധരുടെയും പ്രവാചകന്മാരുടെയും നോട്ടത്തിൽ ആയിരുന്നുകൊണ്ട് കർദിനാളന്മാർ തങ്ങളുടെ സമ്മദിദാനവകാശം രേഖപ്പെടുത്തും. വ്യക്തിപരമായ നേട്ടത്തിനായി പ്രാർഥിക്കാതെ നിർമ്മലത്വത്തോടെ അവർക്കിത് ചെയ്യാൻ സാധിക്കണം. അധികാരമല്ല, വിശ്വസ്തതയും സേവനചിന്തകളും അവരുടെ ചിന്തകളെ ആവരണം ചെയ്യണം. ലോകത്താകമാനമുള്ള വിശ്വാസികളുടെ അധരങ്ങളിൽനിന്നും പ്രാർഥനാമന്ത്രങ്ങൾ അവരുടെ തീരുമാനത്തിനു ശക്തിപകരണം. അവരിലൊരാൾ പത്രോസിനെ യേശു ഭരമേൽപിച്ച താക്കോലിന്റെ ഭാരം വഹിക്കാൻ കെൽപുള്ളവനായിത്തീരും. അവിടെ നടക്കുന്ന പ്രവൃത്തികൾക്കും അവിടെ നിന്നുയരുന്ന വെളുത്ത പുകയ്ക്കും ഉപരിയായി സഭയുടെ ശക്തി അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് പൂർണ്ണമായും ദൈവത്തിനു കീഴടങ്ങുന്നതിലാണ്. ഈ ദിവസങ്ങളിൽ നമുക്കും പ്രാർഥിക്കാം. വെളുത്തവസ്ത്രം ധരിച്ച് സിസ്റ്റീൻ ചാപ്പലിൽനിന്നും പുറത്തുവരുന്ന മാർപാപ്പയ്ക്കുവേണ്ടി മാത്രമല്ല, സഭയൊന്നാകെ ക്രിസ്തുവിനെ സാക്ഷിക്കുന്നതിന് ഉപാധി ആയിരിത്തീരുന്നതിനായി. നേതൃത്വത്തിന്റെ നവീകരണത്തോടൊപ്പം, ദൈവത്തിന്റെ പരിശുദ്ധിയിൽ ഐക്യത്തോടെ പങ്കുപറ്റുന്നതിന് നമുക്കെല്ലാം അവിടുത്തെ കൃപ ലഭിക്കുന്നതിനായും നമുക്ക് പ്രാർഥിക്കാം.

ഫാ. ഡോ. മാത്യു ചാർത്താക്കുഴിയിൽ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.