കടലിന്റെ മക്കളുടെ ഹൃദയം തൊട്ട സന്യാസിനി

രഞ്ജിൻ ജെ. തരകൻ

സി. തെറമ്മ പ്രായിക്കളത്തിന്റെ സമരാനുഭവങ്ങൾ – 1

മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനു വേണ്ടി തല്ലുകൊള്ളാനും ജയിലിൽ കിടക്കാനും വരെ തയ്യാറായ സന്യാസിനിമാർ കേരളത്തിൽ ഉണ്ടായിരുന്നു. നിലനിൽപ്പിനു വേണ്ടിയുള്ള ഒരു ജനതയുടെ ആവശ്യങ്ങളിൽ, സമരമുഖത്തെ ഈ പെൺപോരാളികൾ അവരുടെ ഒപ്പം നിന്നു. അവരിൽ ഒരാളായ, മെഡിക്കൽ മിഷൻ സന്യാസിനി സി. തെറമ്മ പ്രായിക്കളം എന്ന സന്യാസിനി, മത്സ്യത്തൊഴിലാളി സമരത്തിന്റെ ഈ നാളുകളിൽ പോരാട്ടവീര്യം ഒട്ടും കുറയാതെ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

കോൺവെന്റ് മുറ്റത്തിരുന്ന് കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനിടയിലാണ് ‘ഇത് നല്ല പരിപാടിയാണല്ലോ, കടപ്പുറത്തേക്ക് വാ, കടപ്പുറത്തിരുത്തി പഠിപ്പിക്കാം’ എന്ന ഫാ. തോമസ് കൊച്ചേരിയുടെ ആഹ്വാനം ഏറ്റെടുത്ത് തിരുവന്തപുരത്തേക്ക് ട്രെയിൻ പിടിച്ചത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അക്ഷരവെളിച്ചം പകരാൻ പുറപ്പെട്ട ആ മെഡിക്കൽ മിഷൻ സന്യാസിനി ആദ്യം അവരുടെ അധ്യാപികയും പിന്നീട് അവരുടെ നവോത്ഥാന നായികയുമായി മാറി. അധ്യാപികയാകാൻ വേണ്ടി ബി.എഡ് പഠനം പൂർത്തിയാക്കിയ ഒരു യുവതി, സന്യാസിനി ആയിത്തീരുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ പാർശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ സമരം നയിച്ച അധ്യാപികയായ സന്യാസിനി എന്നത് വ്യത്യസ്തയാർന്ന സംഭവമാണ്.

സന്യാസത്തിലേക്കുള്ള വരവ്

ആലപ്പുഴ ജില്ലയിൽ പുളിങ്കുന്ന് ഇടവകയിലെ പ്രായിക്കളം ചാക്കോച്ചൻ – മറിയക്കുട്ടി ദമ്പതികളുടെ 11 മക്കളിൽ അഞ്ചാമത്തെ മകളായിരുന്നു തെറമ്മ. പ്രാഥമിക പഠനങ്ങൾക്കു ശേഷം ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി. തുടർന്ന് പാലാ സെന്റ് തോമസ് കോളേജിൽ ബി.എഡ് പഠനം. സന്യാസിനിമാരോട് ബഹുമാനം ഉണ്ടായിരുന്നെങ്കിലും തെറാമ്മ പൊതുവെ അവരോട് അടുപ്പം കാണിച്ചിരുന്നില്ല. എന്നാൽ കര്‍മ്മലീത്താ മഠാംഗവും സെന്റ് തോമസ് കോളേജിന്റെ ഹോസ്റ്റൽ വാർഡനുമായ സി. ക്രിസ്റ്റഫർ അവളിൽ വലിയ സ്വാധീനം ചെലുത്തി.

ഒരിക്കൽ, യുവതിയായ തെറമ്മ, വാർഡൻ സിസ്റ്ററിനോട് ചോദിച്ചു: “ഞാനും സിസ്റ്ററിന് ഒപ്പം ചേർന്നോട്ടെ.” എന്നാൽ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ലഭിച്ചത്. “വേണ്ട” എന്ന മറുപടിയിൽ ആദ്യം ആശ്ചര്യം തോന്നിയെങ്കിലും സിസ്റ്റർ തന്നെ അതിനുള്ള കാരണവും വ്യക്തമാക്കി. “നിന്നെപ്പോലെ ഇത്ര ഫ്രീ ആയി മറ്റുള്ളവരോട് അടുത്ത് ഇടപഴകുന്ന ഒരു വ്യക്തിക്ക് മെഡിക്കൽ മിഷൻ സന്യാസ സഭയിൽ ചേരുന്നതാണ് നല്ലത്.”

ബി.എഡ് പരീക്ഷക്കിടയിൽ മെഡിക്കൽ മിഷൻ സന്യാസ സമൂഹത്തിലേക്ക് തെറമ്മ ഒരു കത്തെഴുതി. ഒരാഴ്ച്ചക്കു ശേഷം സി. ആൻ കയത്തുംകര എന്ന മെഡിക്കൽ മിഷൻ സന്യാസിനി തെറാമ്മയെ വന്നുകാണുകയും വാർഡൻ സിസ്റ്ററുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ, തെറാമ്മ ഈ സന്യാസ സമൂഹത്തിൽ ചേരുന്നതിനോട് മാതാപിതാക്കൾ അത്ര താല്പര്യം കാണിച്ചില്ല. പക്ഷേ, ദൈവനിശ്ചയം മറ്റൊന്നായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് ശബ്ദമായി മാറാൻ ആ യുവതിയെ ക്രിസ്തു നേരത്തെ തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ വീട്ടുകാരുടെ സമ്മതത്തിനു വേണ്ടി ഭക്ഷണം കഴിക്കാതെ നിരാഹാരമിരുന്ന അവളുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ ആ മാതാപിതാക്കൾ കീഴടങ്ങി. അവരുടെ അനുഗ്രഹത്തോടെ 1971-ൽ കോട്ടയത്തെ മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹത്തിൽ തെറമ്മ പ്രവേശിച്ചു.

മഠത്തിലെ അധ്യാപിക

മെഡിക്കൽ മിഷൻ സന്യാസിനീ സമൂഹത്തിലെ പുതിയ അർത്ഥിനിയെ ആ സമൂഹം വളരെ സ്നേഹത്തോടെ വരവേറ്റു. ഒരു പൂർണ്ണ സന്യാസിനിയെ പോലെയാണ് മഠത്തിലെ മറ്റ് സന്യസ്തർ അവളെ കണ്ടത്. മറ്റുള്ളവരോട് ഇടപഴകാനുള്ള തെറമ്മയുടെ കഴിവ് മറ്റ് സന്യസ്തർക്ക് അവളോടുള്ള പ്രീതി വർദ്ധിപ്പിച്ചു. നോവിഷേറ്റ് കാലത്ത് ബി.എഡ് കഴിഞ്ഞ ആ സന്യാസാർത്ഥിനിക്ക് ചെറിയ ഉത്തരവാദിത്വങ്ങൾ അധികാരികൾ നൽകി. മഠത്തിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകുക എന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. മണ്ണിലും സ്ലേറ്റിലുമൊക്കെ അക്ഷരങ്ങൾ എഴുതി കുട്ടികളെ പഠിപ്പിച്ച ആ യുവസന്യാസാർത്ഥിനി അവരുടെ പ്രിയപ്പെട്ട അധ്യാപികയായി മാറി.

നസ്രായന് സാക്ഷ്യം നൽകാൻ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക്

ഇത്തിത്താനത്തെ മഠത്തിൽ നൊവിഷ്യേറ്റ് ചെയ്യുമ്പോഴാണ് തെറമ്മ എന്ന സന്യാസാർത്ഥിനി, റിഡംറ്ററിസ്റ്റ് വൈദികനായ ഫാ. തോമസ് കോച്ചേരിയെ പരിചയപ്പെടുന്നത്. സന്യസ്തർക്കായുള്ള ധ്യാനം നയിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ധ്യാനത്തിൽ പങ്കെടുക്കാൻ നോവിഷേറ്റിൽ ആയിരുന്ന തെറമ്മയെയും അധികാരികൾ അനുവദിച്ചു.

ഒരു ദിവസം കോൺവെൻറ് മുറ്റത്തിരുന്ന് കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതു കണ്ടുവന്ന ഫാ. തോമസ് കോച്ചേരി തെറമ്മയോട് പറഞ്ഞു: “ഇത് കൊള്ളാമല്ലോ. കടപ്പുറത്തേക്ക് വാ, അവിടെ ധാരാളം കുട്ടികളെ പഠിപ്പിക്കാമല്ലോ.” ശിമയോന്റെ വാക്കുകൾ പരിശുദ്ധ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചതു പോലെ ആ വൈദികന്റെ വാക്കുകൾ തെറമ്മ മനസിൽ സംഗ്രഹിച്ചു. പാവങ്ങൾക്കിടയിൽ ജീവിക്കുക എന്ന ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിന്റ തുടക്കമായിരുന്നു ഈ ക്ഷണം.

വൈകാതെ ആ ക്ഷണം യഥാർഥ്യമാക്കാനുള്ള അവസരം വന്നെത്തി. 1974 ഡിസംബർ എട്ടിന് തെറമ്മ പ്രായിക്കളം ആദ്യവ്രതവാഗ്ദാനം നടത്തി. ഈ സമയത്താണ് അഞ്ചുതെങ്ങ് – പൂത്തുറ തുടങ്ങി തീരപ്രദേശങ്ങളിൽ സേവനം ചെയ്യാൻ മെഡിക്കൽ മിഷൻ സന്യാസിനിമാരെ അവിടുത്തെ ഇടവക വികാരി ആയിരുന്ന ഫാ. തോമസ് കോച്ചേരി ക്ഷണിച്ചത്.

“അവിടെ പോകാൻ ഇഷ്ടമാണോ?” നോവിസ് മിസ്ട്രസ് തെറമ്മയോട് ചോദിച്ചു. ഹോസ്പിറ്റൽ മിനിസ്ട്രി വേണ്ട, പാവങ്ങൾക്കിടയിൽ, ഗ്രാമങ്ങളിൽ പ്രവർത്തിക്കണം എന്നു തീരുമാനിച്ചിരുന്ന തെറമ്മയ്ക്ക് പൂത്തുറയിലേക്ക് പോകാൻ മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല.1975 ജൂലൈ 31-ന് തെറമ്മ പുതിയ ദൗത്യവുമായി ട്രെയിൻ കയറി.

കടലിന്റെ മക്കൾക്കൊപ്പം; അവരിലൊരാളായി

പൂത്തുറയിൽ എത്തിയ മെഡിക്കൽ മിഷൻ സന്യാസിനിമാരെ കടലിന്റെ മക്കൾ സന്തോഷത്തോടെ സ്വീകരിച്ചു. രണ്ട് മുറികളും അടുക്കളയും മാത്രമുള്ള ഓല മേഞ്ഞ കുടിൽ ആ നാല് സന്യാസിനിമാർക്കായി അവർ ഒരുക്കി. ചാണകം മെഴുകിയ ആ കുടിലിൽ ഒരു വീട്ടിൽ വേണ്ട ഉപകരണങ്ങളൊന്നുമില്ലായിരുന്നു. രാജാധിരാജനായ ക്രിസ്തുവിന് ഒരു കാലിത്തൊഴുത്ത് മാത്രം ലഭിച്ചപ്പോൾ തങ്ങൾക്ക് ലഭിച്ചത് എത്ര വലുതെന്ന് കരുതി ആ സന്യാസിനിമാർ ദൈവത്തിന് നന്ദി പറഞ്ഞു. കടലിന്റെ താരാട്ടുപാട്ട് കേട്ടാണ് ആദ്യദിവസം അവർ ഉറങ്ങിയത്. അടുത്ത ദിവസം വളരെ വൈകിയാണ് എഴുന്നേറ്റതും. കടലിനോട് ചേർന്നുള്ള ആദ്യ ദിവസം സിസ്റ്റർ ഇന്നും ഓർക്കുന്നു .

പൂത്തുറയിലെ അധ്യാപക വെളിച്ചം

പൂത്തുറയിലെ ഓരോ കുടുംബത്തിലെയും വെളിച്ചമാകാൻ ദിവസങ്ങൾക്കുള്ളിൽ ആ സന്യാസിനിമാർക്ക് കഴിഞ്ഞു. ഒരു സിസ്റ്റർ അവിടുത്തെ സ്ത്രീകൾക്കൊപ്പം തൊണ്ട് തല്ലാൻ പോയി, മറ്റൊരാൾ വീട് പണിയുന്ന സ്ഥലങ്ങളിൽ മണ്ണ് ചുമക്കുന്ന സ്ത്രീകൾക്കൊപ്പം കൂടി, വേറൊരാൾ മീൻ ഉണക്കുന്നവർക്കൊപ്പവും.

തീരപ്രദേശങ്ങളിൽ വിദ്യാഭ്യാസം ഉണ്ടായിരുന്നവർ വിരളമായിരുന്നു. പത്താം ക്ലാസ് പൂർത്തിയാക്കുന്നവരുടെ എണ്ണവും വളരെ കുറവ്. മാതാപിതാക്കൾ രാവിലെ ജോലിക്കായി പോകുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിൽ അവർ നിസ്സഹായരായിരുന്നു. അതിനാൽ തന്നെ ബി.എഡ് പഠനം പൂർത്തിയാക്കിയ തെറമ്മ സിസ്റ്ററിന് അവർക്കിടയിൽ ഏതു ജോലി തിരഞ്ഞെടുക്കണം എന്നതിൽ സംശയിക്കേണ്ടി വന്നില്ല.

നോവിഷേറ്റ് കാലത്ത് ഫാ. തോമസ് കൊച്ചേരി പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമായിരിക്കുന്നു. സഭാപ്രസംഗകൻ 3:2 വചനങ്ങൾ സിസ്റ്ററിന്റെ മനസിൽ മുഴങ്ങി: “എല്ലാറ്റിനും ഒരു സമയമുണ്ട്‌. ആകാശത്തിൻ കീഴുള്ള സമസ്‌ത കാര്യത്തിനും ഒരവസരമുണ്ട്‌. ജനിക്കാൻ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാൻ ഒരു കാലം…”

തുടർന്ന്, തീരപ്രദേശങ്ങളിലെ കുട്ടികളെ ഒന്നിച്ചുചേർത്ത് ബാലവാടികൾ ആരംഭിച്ചു. എട്ട്, പത്ത് ക്‌ളാസുകൾ തോറ്റ പെൺകുട്ടികൾക്ക് ടീച്ചിങ് രീതികളെക്കുറിച്ച് ട്രെയിനിംഗ് നൽകി. കക്ക, മീൻ, കൊട്ട തുടങ്ങിയവ വച്ച് കുട്ടികളെ പഠിപ്പിക്കാൻ ഒരു പുതിയ രീതി സിസ്റ്റർ ആവിഷ്കരിച്ചു. ഒപ്പം പാട്ടുകളിലൂടെയും ആക്ഷൻ സോങ്ങുകളിലൂടെയും സ്കിറ്റ്കളിലൂടെയും കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്തി. അതിൽ ഒരു ഉദാഹരണമായി സിസ്റ്റർ പറയുന്നത് തൊണ്ട് തല്ലുന്നതായിരുന്നു. നാടകം പോലെയായിരുന്നു അതു പഠിപ്പിച്ചത്. അതിനെക്കുറിച്ചു സിസ്റ്റർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

“ഒരു കുട്ടിയെ മുതലാളിയായും കുറച്ചു പേരെ തൊണ്ട് തല്ലാനും നിർത്തി. ഇരുപത് തൊണ്ടാണ് നൽകിയത്. എണ്ണം തികയാറായപ്പോൾ കുറച്ചു കൂടെ തൊണ്ട് മുതലാളി തട്ടിയിട്ടു. ഇതു കണ്ട് മറ്റ് കുട്ടികൾ “ഇരുപതെണ്ണമല്ലേ നീ നൽകിയത് പിന്നെ എന്തിനാണ് ബാക്കി കൂടെ തട്ടിയിട്ടത്” എന്നു ചോദിച്ചു ആ കുട്ടിയെ അടിക്കുന്നതായിരുന്നു അവതരണം. കുട്ടികൾ അത് നന്നായി അവതരിപ്പിക്കുകയും അതിന്റെ അർഥം മനസിലാക്കുകയും ചെയ്തു. യഥാർത്ഥത്തിൽ തൊണ്ട് തല്ലുന്ന സ്ത്രീകളെ ഇത്തരത്തിൽ മുതലാളിമാർ ചൂഷണം ചെയ്തിരുന്നു. അങ്ങനെ കുട്ടികൾക്ക് പഠനത്തിനൊപ്പം ഇത്തരം ബോധവത്ക്കരണങ്ങളും നൽകി. സിസ്റ്റർ സ്ത്രീകൾക്കായി മീറ്റിംഗുകൾ സംഘടിപ്പിക്കുകയും അവർക്ക് ക്ലാസുകളെടുത്തു കൊടുക്കുകയും ചെയ്തു.

മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ മറ്റിടങ്ങളിലേക്ക്

അഞ്ചുതെങ്ങ്, പൂത്തുറ തുടങ്ങിയ തീരപ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ വലിയ വിജയമായിരുന്നു. ബാലവാടികളുടെ ആനിവേഴ്സറി വളരെ വിപുലമായി അവർ നടത്തി. കുട്ടികൾ പൊതുസദസ്സിൽ അവരുടെ കഴിവുകൾ അവതരിപ്പിച്ചു. ഇതു കണ്ട തൊട്ടടുത്ത മാമ്പള്ളി ഇടവകയിലെ അച്ചൻ, “ഞങ്ങളുടെ ഇടവകയിലും വന്നു പ്രവർത്തിക്കാമോ” എന്ന് ചോദിച്ചു. ഇതിന്റെ ഫലമായി നാല് സന്യാസിനിമാരെക്കൂടി അധികാരികൾ മാമ്പള്ളിയിലേക്ക് അയക്കുകയും വിവിധ ഇടങ്ങളിൽ പത്തോളം ബാലവാടികൾ കൂടി ആരംഭിക്കുകയും ചെയ്തു. ക്രമേണ വിദ്യാഭ്യാസമേഖലയിൽ അവർ വളർച്ച പ്രാപിച്ചുതുടങ്ങി. തന്നെ എൽപ്പിച്ച നിലത്ത് നൂറുമേനി വിളവ് നൽകാൻ സി. തെറാമ്മ പ്രായിക്കളത്തിന് സാധിച്ചു. സിസ്റ്റർ നട്ടുനനച്ച ഇടങ്ങളിൽ നിന്ന് നിരവധി വിദ്യർത്ഥികൾ സമൂഹത്തിലെ ഉന്നതമേഖലകൾ കീഴടക്കി.

മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങളും നൊമ്പരങ്ങളും അവർ നേരിട്ട് കണ്ടുമനസിലാക്കി. അവരോട് വലിയ അടുപ്പം വച്ചുപുലർത്താൻ ആ സന്യാസിനിമാർ ശ്രദ്ധിച്ചു. തീരദേശത്തെ സ്ത്രീകൾ നേരിട്ടിരുന്ന ചൂഷണങ്ങൾ കണ്ടാണ്, അവരെ പ്രതികരിക്കാൻ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകത ആ സന്യസ്തർ തിരിച്ചറിഞ്ഞത്. അതിനായി തെറാമ്മ സിസ്റ്ററിന്റെ നേതൃത്വത്തിൽ ബാലവേദി, സെൽഫ് ഹെല്പ് ഗ്രൂപ്പുകൾ, മഹിളാസമാജം തുടങ്ങി സംഘടനകൾ ആരംഭിച്ചു.

സ്ത്രീകളെ സംഘടിപ്പിക്കുക എന്നതായിരുന്നു മഹിളാസമാജം കൊണ്ട് സിസ്റ്റർ ലക്ഷ്യമിട്ടത്. ആഴ്ചകളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുകയും അവർക്കെതിരെയുള്ള ചൂഷണസ്വഭാവത്തെ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്തു. സ്ത്രീകൾക്കൊപ്പം കുട്ടികളെയും വളർത്തിയെടുക്കുന്നതിനായിരുന്നു ബാലവേദികൾ ആരംഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികളെ സംഘടിപ്പിച്ച് ബോധവത്ക്കരണം നടത്തുക എന്നതായിരുന്നു ബാലവേദികളുടെ ലക്ഷ്യം.

ഒരു ദിവസം ഒരു സ്ത്രീ കരഞ്ഞുകൊണ്ട് സിസ്റ്ററിന് മുൻപിൽ വന്നു പറഞ്ഞു: “ചന്തയിൽ വച്ച് എന്നെ ചന്തപ്പിരിവുകാർ തല്ലി.” അക്കാലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചന്ത ലേലം ചെയ്യുന്ന രീതിയുണ്ടായിരുന്നു. ലേലം ചെയ്ത് പിടിക്കുന്നവർ ചന്തയിൽ വരുന്നവരിൽ നിന്ന് നികുതി വാങ്ങും. നികുതിക്കു പുറമെ വലിയ മീനുകളും ഗുണ്ടകളെ നിർത്തി അവർ കൈവശമാക്കും. ഇതിനെതിരെ പ്രതികരിച്ചതിനായിരുന്നു ആ സ്ത്രീയെ അവർ ഉപദ്രവിച്ചത്. ആ സ്ത്രീയുടെ പരാതിയെ തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മീറ്റിംഗ് വിളിച്ചുകൂട്ടി ചന്തയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു. തുടർന്ന് ചന്ത ലേലം ചെയ്യുന്ന ദിവസം അവരെ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യമുയർത്തിയാണ് യോഗം പിരിഞ്ഞത്.

സമരമുഖത്തേക്ക് ധൈര്യസമേതം

യോഗത്തിൽ ഉയർന്നുവന്നതു പോലെ ചന്ത ലേലം ചെയ്യുന്ന ദിവസം കടലിൽ പോകാതെ തൊഴിലാളികൾ സമരത്തിനായി തുറ മുടക്കി. ആ സമരത്തെക്കുറിച്ച് സിസ്റ്റർ പറയുന്നത് ഇപ്രകാരമാണ്: “പങ്കായം, കൊട്ട തുടങ്ങിയവ എടുത്ത് മുദ്രാവാക്യം വിളികളോടെ മത്സ്യത്തൊഴിലാളികൾ പഞ്ചായത്തിലേക്ക് മാർച്ച്‌ ചെയ്ത് വരുന്നതു കണ്ടപ്പോഴേ ലേലം ചെയ്യാൻ വന്നവരും പഞ്ചായത്ത് ജീവനക്കാരും ഓടിക്കളഞ്ഞു.” പിന്നീട് പഞ്ചായത്ത് നേരിട്ട് ചന്തപിരിവു നടത്തിക്കോളാം എന്ന് എഴുതിവാങ്ങി. ഒപ്പം അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന ഉറപ്പും ലഭിച്ചതിനു ശേഷമാണു സമരക്കാർ പിൻവാങ്ങിയത്.” ഇന്നും ആ സംഭവത്തെ ഏറെ അഭിമാനത്തോടെയാണ് സിസ്റ്റർ ഓർക്കുന്നത്. ഈ സംഭവം അവരിൽ വലിയ ആത്മവിശ്വാസമാണ് ഉയർത്തിയത്.

വീണ്ടും സമരം: ഇപ്രാവശ്യം ബോട്ട് തൊഴിലാളികൾക്ക് ഒപ്പം

ഇതിനിടയിലാണ് ബോട്ട് തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരം ആരംഭിച്ചത്. 65 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് യമഹ ബോട്ടിന്റെ മെഷിൻ ഗവണ്മെന്റ് നൽകി. കിട്ടുന്നതിന് അനുസരിച്ച് ലോൺ അടച്ചുതീർത്താൽ മതിയെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ മെഷിനുകൾ എല്ലാം കേടായി. ഇത് ഗവൺമെന്റിനെ അറിയിച്ചു. എന്നാൽ, തുക തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം വീട് ജപ്തി ചെയ്യും എന്നുമായിരുന്നു മറുപടി.

പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾ ഇടവകയിൽ ഒത്തുചേരുകയും സമരത്തിന് ആഹ്വാനം ചെയ്യാനും തീരുമാനിച്ചു. ഈ പ്രശ്നത്തിന് തീരുമാനമാകുന്നതു വരെ നിരാഹാരസമരം നടത്താൻ പോവുകയാണെന്നും മെഷിൻ വാങ്ങിച്ചതിന്റെ ഓഡിറ്റഡ് അക്കൗണ്ട് വെളിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത് ഫാ. തോമസ് കോച്ചേരി നോട്ടീസ് വിതരണം ചെയ്തു. ഇതിനെ തുടർന്ന് ഒരാഴ്ച്ചക്കു ശേഷം ലോൺ തിരിച്ചടക്കേണ്ടതില്ല എന്ന് ഗവണ്മെന്റ് ഉത്തരവിറക്കുകയാണുണ്ടായത്.

സമരം തുടങ്ങുന്നതിനു മുമ്പു തന്നെ സമരക്കാർക്കു മുൻപിൽ ഗവണ്മെന്റിന് വഴങ്ങേണ്ടിവന്നു എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. തുടർന്ന് അഞ്ചുതെങ്ങ് ബോട്ട് വർക്കേഴ്സ് യൂണിയന് ഫാ. തോമസ് കോച്ചേരി രൂപം കൊടുത്തു. പിന്നീട് ചിറയിൻകീഴ് താലൂക്ക് യൂണിയനും അതിനുശേഷം തിരുവനന്തപുരം ജില്ലാ മത്സ്യത്തൊഴിലാളി ഫെഡറേഷനും ആരംഭിച്ചു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്നാണ് അത് അറിയപ്പെട്ടത്. ഈ സംഘടനകളിൽ നിന്നുമായിരുന്നു സമരങ്ങളുടെ തുടക്കം എന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.

കടലിന്റെ മക്കളുടെ ഹൃദയം തൊട്ടവർ

“മത്സ്യത്തൊഴിലാളികൾക്കായി സംഘടന രൂപീകരിച്ചതോടെ അതിൽ അംഗങ്ങളായി സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു” – ഇന്നും ഒട്ടും കുറയാത്ത പോരാട്ടവീര്യത്തോടെ സിസ്റ്റർ പറയുന്നു. മെഡിക്കൽ മിഷൻ സന്യാസിനീ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഡോ. സി. പിയ പൂവന്റെ അനുവാദത്തിനായി കടലിന്റെ മക്കളുടെ ഹൃദയം തൊട്ട ആ സന്യസ്തർ കാത്തിരുന്നു.

‘കോട്ടയത്തിരുന്നുകൊണ്ട് എനിക്ക് തീരുമാനങ്ങളെടുക്കാൻ കഴിയില്ല. പച്ചക്കൊടി കാണിക്കാം, നിങ്ങൾ തമ്മിൽ ഒരു അഭിപ്രായവ്യത്യസം ഉണ്ടാകരുത്. എല്ലാവരും യോജിക്കുന്നു എങ്കിൽ നിങ്ങൾ ചേർന്നോളുക’ എന്ന് സിസ്റ്റർ മറുപടി നൽകി. തുടർന്ന് സന്യാസിനിമാർ വിപ്ലവകരമായ ആ തീരുമാനമെടുത്തു – സമരമുഖത്തേക്കിറങ്ങാൻ ഈ സന്യാസിനിമാർ വീറോടെ തയ്യാറായി.

തുടരും…

(നാളെ: സിസ്റ്റർ മരിച്ചാൽ മൃതദേഹമെങ്കിലും ഞങ്ങൾക്ക് വിട്ടുതരണം – സമരമുഖത്തെ സന്യാസിനിമാർ)

രഞ്ചിൻ ജെ. തരകൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.