സിസ്റ്റർ മരിച്ചാൽ മൃതദേഹമെങ്കിലും ഞങ്ങൾക്ക് വിട്ടുതരണം 

രഞ്ജിൻ ജെ. തരകൻ

സി. തെറമ്മ പ്രായിക്കളത്തിന്റെ സമരാനുഭവങ്ങൾ – 2  

സി. തെറമ്മ പ്രായിക്കളത്തിന്റെ സമരാനുഭവങ്ങളെക്കുറിച്ചുള്ള ‘കടലിന്റെ മക്കളുടെ ഹൃദയം തൊട്ട സന്യാസിനി’ എന്ന ഫീച്ചറിന്റെ രണ്ടാം ഭാഗം 

സംഘടനയിൽ ചേർന്ന ശേഷം നിരവധി സമരപരമ്പരകൾക്ക് സി. തെറമ്മ ഉൾപ്പടെയുള്ള സമർപ്പിതർ നേതൃത്വം നൽകി. ബസിൽ യാത്ര ചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകൾ പലപ്പോഴും ആക്രമിക്കപ്പെട്ടിരുന്നു. ചില സാഹചര്യങ്ങളിൽ അവരെ ബസിൽ നിന്നും തള്ളിയിടുകയും അസഭ്യം പറയുക വരെ ചെയ്യുകയുണ്ടായി. മീൻകൊട്ടയിലെ മണവും അതിലെ വെള്ളവും വീഴുന്നു എന്നൊക്കെയായിരുന്നു മത്സ്യത്തൊഴിലാളി സ്ത്രീകൾ ആക്രമിക്കപ്പെടാനുള്ള കാരണങ്ങൾ. അതിനാൽ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഒരു ബസ് വേണം എന്ന ആവശ്യവുമായി സമരത്തിന് ആഹ്വാനം നൽകി.

ചന്തലേലത്തിനെതിരെ നടത്തിയ സമരത്തിന്റെ അനുഭവം അവരിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ബസിനു വേണ്ടിയുള്ള സമരത്തിന് വിപുലമായ ഒരുക്കങ്ങളാണ് അവർ നടത്തിയത്. അതിനായി ലീഡേഴ്സിനെ തിരഞ്ഞെടുത്ത കൂട്ടത്തിൽ തെറമ്മ സിസ്റ്ററും പങ്കാളിയായി. പൂവാർ മുതൽ മാമ്പള്ളി വരെയുള്ള തീരപ്രദേശങ്ങളിൽ സ്കിറ്റുകളും ഉണർത്തുപാട്ടുകളും അവർ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി പല കുടുംബങ്ങളിൽ താമസിക്കുകയും അവരുടെ ദുരിതങ്ങൾ കൂടുതലായി നേരിട്ട് കണ്ടുമനസിലാക്കുകയും ചെയ്തു. തുടർന്നു നടന്ന സമരത്തിന്റെ ഫലമായി മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ഒരു ബസും അതോടൊപ്പം ട്രെയിനിൽ ഒരു ക്യാബിനും അനുവദിച്ചു.

ഈ സമരം സിസ്റ്ററിലും മത്സ്യത്തൊഴിലാളികളിലും രണ്ട് മാറ്റങ്ങൾ വരുത്തി. ഒന്നിച്ചുനിന്ന് സമരം ചെയ്‌താൽ കാര്യങ്ങൾ സാധിക്കും എന്ന ബോധ്യം മത്സ്യത്തൊഴിലാളികൾക്കും എത്രകാലം വരെയും ഇവർക്കിടയിൽ ജീവിക്കാൻ താൻ സന്നദ്ധയാണ് എന്ന ചിന്ത സിസ്റ്ററിലും ആഴപ്പെട്ടു.

ട്രോളിംഗ് നിരോധനത്തിനെതിരെയുള്ള പോരാട്ടം

മത്സ്യത്തൊഴിലാളികൾ നടത്തിയ ഏറ്റവും വലിയ സമരം ട്രോളിംഗിനെതിരെ ആയിരുന്നു. വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാൻ സഹായം, ചന്തയിലെ അടിസ്ഥാന സൗകര്യങ്ങൾ, കടലിൽ പോയി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം തുടങ്ങിയ മറ്റ് ചില ആവശ്യങ്ങൾ കൂടി ഉന്നയിച്ചിരുന്നെങ്കിലും ട്രോളിംഗ് നിരോധനമായിരുന്നു പ്രധാന ആവശ്യം.

ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ചെമ്മീൻ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങൾ പ്രജനനം നടത്തിയിരുന്നത്. അതിനാൽ ആ സമയത്ത് ട്രോളിംഗ് നിരോധിക്കാനായിരുന്നു സമരം നടത്തിയത്. അതിനായി ട്രോളിംഗിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും ട്രോളിംഗ് നിരോധന കാരണങ്ങൾ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് ‘ജയിൽ നിറക്കൂ’ എന്ന് ആഹ്വാനം ചെയ്ത് നിരാഹാര സമരത്തിന് തയ്യാറെടുത്തു.

നിരാഹാരം നടത്തി ജയിലിൽ പോകാനുള്ള അനുവാദത്തിനായി അധികാരികളെ സിസ്റ്റേഴ്സ് സമീപിച്ചു. ‘അത്രയൊക്കെ ചെയ്യണോ, റിലീജിയസ് കോൺഗ്രിഗേഷൻ അല്ലേ, എല്ലാവരെയും അത് ബാധിക്കില്ലേ’ എന്ന് പ്രൊവിന്‍ഷ്യൽ ആയിരുന്ന സി. ജോസിറ്റ മൈലാടി അഭിപ്രയപ്പെട്ടു. എങ്കിലും അവസാനം സിസ്റ്റർ അനുവാദം നൽകി. തുടർന്ന് സി. തെറമ്മ പ്രായിക്കളം, സി. ഫിലമിൻ മേരി തകിടിയേൽ, സി. പട്രിഷ്യ കുരുവിനാക്കുന്നേൽ എന്നിവരും മറ്റ് നാല് സ്ത്രീകളും ഏഴ് പുരുഷന്മാരും നിരാഹാര സമരത്തിന് തയ്യാറായി. നീണ്ട 13 വർഷത്തെ പോരാട്ടത്തിന് അങ്ങനെ തുടക്കം കുറച്ചു.

സമരമുഖത്തു നിന്നും ജയിലിലേക്ക്

എല്ലാ വർഷവും ജൂൺ, ജൂലൈ മാസങ്ങളിൽ വൈദികരും സിസ്റ്റേഴ്സും ഉൾപ്പെടെ സമരമുഖത്ത് അണിനിരന്നു. റോഡുകൾ ഉപരോധിക്കൽ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് പിക്കറ്റിങ് തുടങ്ങി എല്ലാ സമരരീതികളും നടത്തിയിരുന്നു. അതിനിടയിൽ ഫിഷറീസ് ഡയറക്ട്രെറ്റ് പിക്കറ്റ് ചെയ്‌തു. ആദ്യ ദിനം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു എങ്കിലും രണ്ടാം ദിവസത്തെ പിക്കറ്റിങ്ങിൽ സിസ്റ്റർ ഉൾപ്പെടെയുള്ള ലീഡഴ്സിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അവരെ പത്തു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സെൻട്രൽ ജയിലിലടച്ചു. അടുത്ത ദിവസത്തെ വാർത്തകളിൽ ഈ സമരം ഇടംപിടിച്ചു. തുടർന്ന് ആളുകൾ കടക്കാവൂർ റെയിൽവേ സ്റ്റേഷൻ പിക്കറ്റ് ചെയ്യുകയും സി. മേഴ്‌സി കുട്ടിയാനി, സി. വത്സ പരവരാവത് തുടങ്ങി 150 പേരെ അറസ്റ്റ് ചെയ്ത് സബ് ജയിലിൽ അടയ്ക്കുകയും ചെയ്തു.

പത്തു ദിവസത്തേക്കാണെങ്കിലും സമരനേതാക്കളായ സി. തെറാമ്മ ഉൾപ്പടെയുള്ളവരെ ഏഴു ദിവസങ്ങൾക്കു ശേഷം വിട്ടയച്ചു. ‘ജയിൽ കാണാൻ കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചിരുന്ന എനിക്ക് ആ ആഗ്രഹവും സാധിച്ചു’ എന്ന് സിസ്റ്റർ ചിരിയോടെ പറയുന്നു.

അണയാത്ത പോരാട്ടം സെക്രട്ടറിയേറ്റിലേക്ക്

ജയിലിൽ നിന്നും ഇറങ്ങിയ ഉടനെ സെക്രട്ടറിയേറ്റ് പടിക്കൽ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. സി. തെറമ്മ പത്തു ദിവസവും സി. പാട്രീഷ്യ 12 ദിവസവും നിരാഹാരമിരുന്നു. അതിനു ശേഷം മരണം വരെയുള്ള നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സി. ഫിലമിൻ മേരി മുന്നോട്ടുവന്നു. മറ്റ് സിസ്റ്റേഴ്സും സഹായത്തിനായി എത്തിയിരുന്നു. 21 ദിവസത്തെ നിരാഹാര സമരത്തെ തുടർന്ന് സി. ഫിലമിൻ മേരിയുടെ ആരോഗ്യസ്ഥിതി മോശമായിത്തുടങ്ങിയപ്പോൾ പ്രൊവിൻഷ്യൽ ആയ സി. ജോസിറ്റ സമരപന്തലിൽ വന്ന് യൂണിയൻ നേതാക്കളോട് കരഞ്ഞുകൊണ്ട് പറഞ്ഞു: “സിസ്റ്റർ മരിച്ചാൽ മൃതദേഹമെങ്കിലും ഞങ്ങൾക്ക് വിട്ടുതരണം” – ഈ സംഭവം തന്റെ ജീവിതത്തിൽ വളരെയധികം സ്പർശിച്ച ഒന്നാണെന്ന് സി. തെറമ്മ പറയുന്നു.

21 ദിവസത്തെ നിരാഹാര സമരത്തിനു ശേഷം ബാബു പോൾ കമ്മീഷനെ വച്ച് പഠിക്കാം എന്ന് ഗവണ്മെന്റ് ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 90 ദിവസം ട്രോളിംഗ് നിർത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ 45 ദിവസത്തേക്ക് ട്രോളിംഗ് നിർത്തലാക്കി ഗവൺമെന്റ് ഉത്തരവിറക്കി. സെക്രട്ടറിയേറ്റിലെ സമരപ്പന്തലിൽ തന്നോടൊപ്പം തന്റെ പിതാവും രണ്ടു ദിവസം വന്നിരുന്നു എന്ന് സി. തെറമ്മ ഓർമ്മിക്കുന്നു. ട്രോളിംഗ് നിർത്തലാക്കി എന്ന വാർത്ത പത്രങ്ങളിൽ കാണുമ്പോൾ ഇന്നും ഏറെ അഭിമാനമാണ് തോന്നുന്നത് എന്ന് സിസ്റ്റർ പറയുന്നു.

സിസ്റ്ററിനു നേരെ ഉണ്ടായ ഭീഷണി  

ഒരു ദിവസം ഡയറി എഴുതുന്നതിനിടയിലാണ് മഠത്തിൽ തീ പടരുന്നതായി സി. തെറമ്മ കാണുന്നത്. ഉടനെ തന്നെ ഒപ്പം ഉണ്ടായിരുന്ന സിസ്റ്ററിനെ വിളിച്ച് പുറത്തേക്കോടി. ഇതിനിടയിൽ ഒരാൾ ദേവാലയത്തിൽ വന്ന്, ‘അച്ചാ, സിസ്റ്റർമാരുടെ ഭവനത്തിന് തീ പിടിച്ചു’ എന്നു പറഞ്ഞു. ഉടനെ കൂട്ടമണി അടിച്ച് ആളുകളെ കൂട്ടുകയും തീ അണക്കുകയും ചെയ്തു. സിസ്റ്റർമാരുടെ പ്രവർത്തനങ്ങൾ തങ്ങളുടെ നിലനിൽപ്പ് പരുങ്ങലിലാക്കുമെന്നു മനസിലാക്കിയ ചിലർ ആ സന്യാസിനികളെ ഭീഷണിപ്പെടുത്തി പേടിപ്പിച്ച് ഓടിക്കാനായിരുന്നു ശ്രമം. തുടർന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ചേർന്ന് കത്തിയമർന്ന ആ ഭവനം പുതുക്കിപ്പണിതു. വലിയ ആഘോഷത്തോട മുറ്റത്ത് ‘വെൽക്കം’ എന്ന് എഴുതിയാണ് അവർ സിസ്റ്റേഴ്‌സിനെ ആ പുതിയ ഭവനത്തിലേക്ക് സ്വീകരിച്ചത്.

സന്യാസത്തിന്റെ വേറിട്ടൊരു മുഖം

സന്യാസത്തിന്റെ വേറിട്ടൊരു മുഖം കാണിച്ചുകൊണ്ട് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയായിരുന്നുവെന്ന് ഈ സന്യസിനികൾ പറയുകയും ജീവിച്ചുകാണിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെ രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുന്ന ഒരു രീതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഒരു ദിവസം പാർട്ടിക്കാർ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ ഒരു വിഭാഗത്തിലെ നേതാവിന്റെ മകൻ ക്രൂരമായി ആക്രമിക്കപ്പെടുകയും തുടർന്ന് കൊല്ലപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് പോലീസ് അന്വേഷണത്തിനായും വന്നു. സ്ത്രീകൾ സിസ്റ്റേഴ്സിന്റെ അടുക്കലേക്ക് വന്ന് ‘രക്ഷിക്കണം’ എന്ന് അപേക്ഷിച്ചു. അവരെ സിസ്റ്റേഴ്സ് വീടിനുള്ളിൽ ഒളിപ്പിച്ചു. പോലീസുകാർ പരിശോധിക്കാൻ വന്നപ്പോൾ സിസ്റ്റേഴ്സ് അവരെ തടഞ്ഞുകൊണ്ട്, വീട്ടിൽ പുരുഷന്മാർ ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്തുകൊള്ളാൻ പറഞ്ഞു. പരിശോധനയിൽ സ്ത്രീകൾ മാത്രമേയുള്ളൂ എന്ന് ബോധ്യപ്പെട്ടതിനാൽ അവർ തിരിച്ചുപോയി.

കൊലപാതകത്തെ തുടർന്ന് വലിയ അതിക്രമങ്ങളുണ്ടായി. കൊല്ലപ്പെട്ട കുട്ടിയുടെ മൃതസംസ്കാരത്തിനു ശേഷം ആക്രമണസാധ്യതയുണ്ടെന്ന് അറിഞ്ഞതിനാൽ ഉടനെ തന്നെ ആ സ്ത്രീകളെ സിസ്റ്റേഴ്സ് അക്കരയ്ക്കു കടത്തി. പ്രതീക്ഷിച്ചതു പോലെ ആക്രമിക്കാൻ കല്ലുകളുമായി വന്നെങ്കിലും സന്യാസിനിമാരുടെ വാക്കുകൾ കേട്ട് അവർ മടങ്ങിപ്പോയത് ഇന്നും സിസ്റ്റർ ഓർമ്മിക്കുന്നു.

മുത്തങ്ങായിലെ പോരാട്ടം

വയനാട് ജില്ലയിൽ മുത്തങ്ങയിലെ ആദിവാസിഗോത്രക്കാർക്കിടയിൽ ചില സമയങ്ങളിൽ ക്‌ളാസ് എടുക്കാൻ സിസ്റ്ററിന് പോകണമായിരുന്നു. ഒരു ദിവസം ക്ലാസെടുക്കാൻ പോയപ്പോൾ അവിടെ നടന്ന ഒരു ഫുട്‍ബോൾ മത്സരം കാണാൻ സിസ്റ്ററും പോയി. മത്സരത്തിനിടയിൽ വച്ച് ആദിവാസി വിഭാഗക്കാരും അല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി. ഉടനെ സിസ്റ്ററിന്റെ അരികിലേക്ക് ചില സ്ത്രീകൾ വന്ന്, ‘പോലീസുകാർ ഞങ്ങളുടെ വീട് എല്ലാം ഉടനെ റെയ്ഡ് ചെയ്യും; മുൻപ് അങ്ങനെ നടന്നിട്ടുണ്ട്’ എന്നു പറഞ്ഞു. “അവർ വരട്ടെ, നമുക്ക് അവരെ തടയാം” എന്നതായിരുന്നു സിസ്റ്ററിന്റെ മറുപടി. പറഞ്ഞതു പോലെ ഏതാനും നിമിഷങ്ങൾക്കകം പോലീസുകാർ വന്നു. ഉടൻ തന്നെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പോലീസ് ജീപ്പ് വളഞ്ഞു. ‘വനിതാ പോലീസ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇറങ്ങാൻ പറ്റൂ. ഞങ്ങൾ സ്ത്രീകളുടെ വലയം പൊട്ടിക്കാൻ സാധിക്കില്ല’ എന്ന് സിസ്റ്റർ പ്രതികരിച്ചു. ഇതിൽ അരിശം തോന്നിയ പോലീസുകാർ ‘നാളെ കണ്ടോളാം’ എന്നുപറഞ്ഞു തിരികെ പോയി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് അടുത്ത ദിവസം അതിരാവിലെ സിസ്റ്ററിനെയും മറ്റു 12 പേരെയും അറസ്റ്റ് ചെയ്തു. “ഇതെന്താ, മേധാ പട്കറോ, ഇത് എവിടുന്നു വന്നു?” എന്നൊക്കെ പോലീസുകാർ പരസ്പരം ജീപ്പിലിരുന്ന് പറയുന്നുണ്ടായിരുന്നു.

സ്റ്റേഷനിലെത്തിയ ശേഷം കൊമ്പൻമീശക്കാരനായ എസ്.ഐ. വളരെ മോശമായ രീതിയിൽ സിസ്റ്ററിനോട് സംസാരിച്ചു. എന്നാൽ സിസ്റ്റർ സങ്കോചം കൂടാതെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ മറുപടികൾ നൽകി. “ഇവയ്‌ക്കെല്ലാം മുമ്പ്‌ അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏൽപിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുൻപിൽ അവർ നിങ്ങളെ കൊണ്ടുചെല്ലും” (ലൂക്കാ 21:12) എന്ന വചനമാണ് തന്നെ ആ നിമിഷം നയിച്ചതെന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു.

പോലീസ് സ്റ്റേഷനിൽ സമയം രാത്രിയോടടുത്തപ്പോൾ സിസ്റ്ററിന്റെ കണ്ണുകൾ നിറഞ്ഞു. “ദൈവമേ, നീയും എന്നെ ഉപേക്ഷിച്ചോ” എന്ന് ഉള്ളിൽ തേങ്ങലോടെ ചോദിച്ചു. ഉടനെ പുറത്തു നിന്നും വലിയ ബഹളം  കേട്ടു. ഇരുനൂറോളം ആളുകൾ പോലീസ് സ്റ്റേഷനിലേക്ക് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വന്നു.”സിസ്റ്റർ മാത്രമല്ല, ഞങ്ങളും വാഹനം തടയുന്നതിന് ഉണ്ടായിരുന്നു. ഞങ്ങളെയും അറസ്റ്റ് ചെയ്യുക” എന്ന് ആക്രോശിച്ചു. ഉടനെ തന്നെ സിസ്റ്ററിനെയും മറ്റുള്ളവരെയും പറഞ്ഞുവിട്ടു. പീഡാനുഭവവും മരണവും ഉയിർപ്പും എല്ലാം ഒറ്റദിവസം കൊണ്ട് അന്ന് അനുഭവിച്ചു എന്നാണ് സിസ്റ്റർ ആ സംഭവത്തെക്കുറിച്ച് പറയുന്നത്.

പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി നീണ്ട 30 വർഷങ്ങൾ ചിലവഴിച്ച സി. തെറമ്മ 2004-ൽ സമരപോരാട്ടത്തിൽ നിന്നും വിരമിച്ചു. ആർത്രൈറ്റിസ് വില്ലനായി വന്നതായിരുന്നു ഈ വിരമിക്കലിന് പ്രധാന കാരണം. തുടർന്ന് ഉപരിപഠനത്തിനു വേണ്ടി ഫിലിപ്പിയൻസിൽ പോവുകയും ബൈബിൾ അടിസ്ഥാനമാക്കി ‘മാസ്റ്റേഴ്സ് ഇൻ ഫെമിനിസ്റ്റ് തിയോളജി’ പഠിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ആദ്ധ്യാത്മിക വളർച്ചയിൽ കൂടുതൽ ശ്രദ്ധിക്കുവാൻ ഈ പഠനങ്ങൾ സഹായകമായി. ‘മനക്കരുത്ത് സ്പിരിച്വാലിറ്റി’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

നാട്ടിൽ തിരിച്ചു വന്നതിനു ശേഷം ‘സൈക്കോളജി ആൻഡ് കൗൺസലിംഗ്’ എന്ന വിഷയത്തിൽ ഡിപ്ലോമ, ആറ് മാസം കമ്പ്യൂട്ടർ കോഴ്‌സ് എന്നിവ പഠിച്ചു. പോരാട്ടങ്ങളിൽ പതറാതെ നിന്ന ആ സന്യാസിനി മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇനിയും പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുകയാണ്. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തും അറിവുകൾ പകർന്നുനൽകിയും  ഇന്നും ഈ സന്യാസിനി തന്റെ അധ്യാപനം തുടരുന്നു.

പോരാട്ടവീര്യം ഇനിയും അവസാനിച്ചിട്ടില്ല; വിഴിഞ്ഞം സമരമുഖത്തേക്ക്

സി. തെറമ്മയുടെ പോരാട്ടവീര്യം ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് സെപ്റ്റംബർ ആറാം തീയതി വിഴിഞ്ഞം സമരമുഖത്തേക്ക് കടന്നുചെന്നതിലൂടെ വെളിപ്പെടുന്നത്. പതിനാലോളം മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് സമരപ്പന്തലിലെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി. സിസ്റ്റേഴ്സ് അവിടെ ചെന്നപ്പോൾ തന്നെ പണ്ട് ഒരുമിച്ച് ജോലി ചെയ്തിരുന്ന മേഴ്‌സി അലക്‌സാ എന്ന സ്ത്രീ ഓടിവന്ന് സ്വീകരിക്കുകയും സമരപ്പന്തലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇപ്പോഴും മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് മത്സ്യത്തൊഴിലാളികളുടെ ഇടയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നവരാണ്. അതിനാൽ തന്നെ അവർ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തെന്ന് ഈ സിസ്റ്റേഴ്സിന് വളരെ നന്നായി അറിയാം.

സമരപന്തലിൽ എത്തിയ സി. തെറമ്മ ധൈര്യത്തോടെ മത്സ്യത്തൊഴിലാളികൾക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തു. തങ്ങളുടെ വേദനകളെ നെഞ്ചോട് ചേർക്കുന്ന അവരുടെ അമ്മയുടെ മുദ്രാവാക്യ വിളികൾക്ക് പൂർവ്വാധികം പോരാട്ടവീര്യത്തോടെ കടലിന്റെ മക്കൾ ഒന്നുചേർന്ന് വിളിച്ചു

‘കടലിൻ മക്കൾ പറയുന്നു…
ഒന്നൊന്നായി പറയുന്നു…
ഒരേ സ്വരത്തിൽ പറയുന്നു…
വിഴിഞ്ഞം പദ്ധതി നിറുത്തിവയ്ക്കൂ…’

ആ വാക്കുകൾക്ക് ഒരു ജനതയുടെ നെഞ്ചിടിപ്പ് അറിയുന്ന ഒരമ്മയുടെ ആർദ്രത ഉണ്ടായിരുന്നു. ഇപ്പോഴും  പാവപ്പെട്ടവരോടൊപ്പം നിൽക്കാൻ, അവർക്കു വേണ്ടി ശബ്ദമുയർത്താൻ, ധൈര്യത്തോടെ നിലകൊള്ളാനൊക്കെയുള്ള പോരാട്ടവീര്യം കെട്ടടങ്ങിയിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് വിഴിഞ്ഞം സമരത്തിലെ സിസ്റ്ററിന്റെ പങ്കാളിത്തം.

(അവസാനിച്ചു)

രഞ്ചിൻ ജെ. തരകൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.