“ഇവിടെയുള്ളവർക്ക് നിങ്ങളെ ആവശ്യമുണ്ട്”: സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഉക്രൈനിൽ നിന്നും സി. ലിജി എഴുതുന്നു

വേനൽക്കാലം ആരംഭിക്കാറായെങ്കിലും ഉക്രൈനിൽ ഇപ്പോഴും ശൈത്യമാണ്. തണുത്തുറഞ്ഞു പോയ അവരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വീണ്ടും ചൂട് നൽകി ജീവൻ കൊടുക്കേണ്ടത് ഇന്ന് ലോകത്തിന്റെ ആവശ്യമാണ്. ഇന്ന് ഉക്രേനിയക്കാർ അതിജീവനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ്. യുദ്ധം തുടങ്ങിയ നാൾ മുതൽ ഉക്രൈനിലെ ജനതക്ക് സഹായമായി മലയാളി സന്യാസിനി സി. ലിജി ഉൾപ്പെടെയുള്ള സന്യാസിനിമാർ നിലകൊണ്ടിരുന്നു. യുദ്ധത്തിന് ഇരയായ ഉക്രൈനിലെ ജനങ്ങൾക്ക് ഇപ്പോൾ ഏറ്റവും ആവശ്യം മാനസികമായ പിന്തുണയും അതിജീവിക്കാനുള്ള ധൈര്യവുമാണ്. അതിനായി ദൈവത്തിന്റെ കരങ്ങളിലെ ഉപകരണമായി പ്രവർത്തിക്കാൻ ഈ സന്യാസിനിമാർ തീരുമാനിച്ചു കഴിഞ്ഞു.

സി. ലിജിയുടെ കോൺവെന്റിനോട് ചേർന്ന് ഒരു റിട്രീറ്റ് സെന്ററിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി വരുകയാണ്. യുദ്ധം മൂലം സാമ്പത്തികമായി വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇവർക്ക് അതിജീവനത്തിനായി ഈ ഭവനം  ഉപയോഗിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്. നിരവധിപ്പേരാണ് സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോഴും ഇവരെ സമീപിക്കുന്നത്. തണുപ്പ് രൂക്ഷമാകുമ്പോഴേക്കും അതിശൈത്യം മൂലമുള്ള മരണങ്ങളും പട്ടിണി മരണങ്ങളും വ്യാപകമാകാൻ ഇടയുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത് ഒഴിവാക്കാൻ മുൻകരുതലായി 120 പേർക്ക് താമസിക്കാവുന്ന ഈ റിട്രീറ്റ് സെന്ററിൽ ഹീറ്റിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇതുസംബന്ധിച്ച സി. ലിജിയുടെ അഭ്യർത്ഥനയാണ് ചുവടെ ചേർക്കുന്നത്.

സെന്റ് മാർക്കിലെ സെന്റ് ജോസഫിന്റെ സഹോദരിമാരായ ഞങ്ങൾ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം നൂറുകണക്കിന് അഭയാർത്ഥികളെ സ്വീകരിച്ചു. എൺപതുപേർ രണ്ടു മാസത്തിലധികം ഞങ്ങളോടൊപ്പം താമസിച്ചു. മറ്റുള്ളവർ ദിവസങ്ങളോളം അഭയാർത്ഥികളായി താമസിച്ച ശേഷം പിന്നീട് പോളണ്ട്, റൊമാനിയ മുതലായ വിദേശരാജ്യങ്ങളിലേക്കു പോയി.

ഞങ്ങളുടെ സന്യാസ സമൂഹത്തോടു ചേർന്നുള്ള മൂന്നിടങ്ങളിലായിട്ടാണ് യുദ്ധത്തിനിരയായ ആളുകൾക്ക് അഭയം കൊടുത്തത്. ആരോരുമില്ലാത്ത പതിനെട്ടോളം ആളുകൾ താമസിക്കുന്ന പ്രായമായവർക്കു വേണ്ടിയുള്ള സ്ഥാപനം, യുദ്ധത്തിന്റെ ഭീകരതയിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുന്ന നിരവധി ആളുകളുടെ ആശ്രയമായി മാറിയ ഞങ്ങളുടെ കോൺവെന്റ്, 120 -ഓളം പേരെ താമസിപ്പിക്കാൻ സാധിക്കുന്ന റിട്രീറ്റ് സെന്റർ. ഈ റിട്രീറ്റ് സെന്ററിൽ അതിജീവനത്തിനുള്ള സജ്ജീകരണങ്ങൾ ലഭ്യമാക്കുന്ന തരത്തിലേക്ക് മാറ്റുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. കാരണം, യുദ്ധം ഉടൻ തീരുമെന്ന പ്രതീക്ഷ മുൻപ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഒരുറപ്പും ആർക്കുമില്ല. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായി തുടരുകയാണ്.

ഇനി യുദ്ധം അവസാനിച്ചാലും അത് ഏൽപിച്ച ആഘാതം വേഗം മാറുകയില്ല. കാരണം, അത്രമേൽ ഈ രാജ്യം എല്ലാത്തരത്തിലും യുദ്ധത്തിന്റെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ‘തങ്ങൾ ഇതിനെ അതിജീവിക്കും’ എന്ന ഒരു പ്രതീക്ഷ ഇവരുടെ ഇടയിലുണ്ട്. യുദ്ധം ഏൽപിച്ച മാനസിക ആഘാതം ശാരീരിക ആക്രമണത്തേക്കാൾ എത്രയോ മടങ്ങ് വലുതാണ്. ഒരുപാട് സ്ത്രീകളും കുട്ടികളും അതിക്രൂരമായ, മനുഷ്യത്വമില്ലാത്ത തരത്തിൽ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. തങ്ങളുടെ മക്കൾ കൊല്ലപ്പെടുന്നത് നേരിട്ട് കാണേണ്ടിവന്ന മാതാപിതാക്കൾ, മാതാപിതാക്കൾ കൊല്ലപ്പെടുന്നത് കാണേണ്ടിവന്ന മക്കൾ. നിരവധി കുടുബങ്ങൾക്ക് തങ്ങൾക്ക് ഉണ്ടായിരുന്നതെല്ലാം ഞൊടിയിട കൊണ്ട് കൺമുൻപിൽ നഷ്ടമായി. വർഷങ്ങളായുള്ള അവരുടെ കഷ്ടപ്പാടും അദ്ധ്വാനവും വിയർപ്പുമാണ് ബലൂൺ പൊട്ടിത്തകരുന്ന പോലെ ഒരുനിമിഷം കൊണ്ട് ശൂന്യമായിപ്പോയത്. അവരുടെ വീട്, ജോലി, സ്വപ്‍നങ്ങൾ, പ്രതീക്ഷകൾ എല്ലാം തകർന്നടിഞ്ഞു.

മനുഷ്യസഹായം കൊണ്ടു മാത്രം ഉണങ്ങാൻ കഴിയാത്ത മുറിവുകളാണ് മാനസികമായി ഇവർക്ക് ഏറ്റിട്ടുള്ളത്. ഇവർ കടന്നുപോയ വേദനകൾക്കും മുറിവുകൾക്കും യഥാർത്ഥ സൗഖ്യം ലഭിക്കണമെങ്കിൽ അവിടെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകണം.

ഈ വീട് ദിവ്യകാരുണ്യത്തിന്റെ ഭവനമായിരിക്കണം. ജീവനിൽ പ്രതീക്ഷയില്ലാത്ത രോഗിയെ ഡോക്ടർ കാത്തിരിക്കുന്ന ആശുപത്രി. ഈ ഡോക്ടർ യേശുവാണ്. അതിനായി ഈ ഭവനത്തിന്റെ പണി വേഗം പൂർത്തീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ ഈ ഭവനത്തിൽ വന്ന് ആളുകൾക്ക് താമസിക്കാൻ, അവർക്കേറ്റ മുറിവുകളിൽ നിന്നും സൗഖ്യം ലഭിക്കാൻ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകണം. അതിനായി അവിടുത്തെ കരങ്ങളിലെ ഉപകരണങ്ങൾ എന്ന നിലയിൽ ഞങ്ങൾക്ക് ഈ ആളുകളെ സഹായിക്കാൻ കഴിയും.

ഈ ഭവനം മുറിവേറ്റ അവരുടെ ആത്മാവിന് ആശ്വാസമാകും എന്ന് യുദ്ധം തുടങ്ങിയ നാൾ മുതൽ ഇന്നു വരെയുള്ള അനുഭവങ്ങളിലൂടെ ഞങ്ങൾ നേരിട്ട് കണ്ട് മനസിലാക്കിയിട്ടുണ്ട്. അതിൽ ഒരു സംഭവം ഇപ്രകാരമാണ്: യുദ്ധത്തിന്റെ ആദ്യ മാസത്തിൽ ഒരു അമ്മ തന്റെ രണ്ട് കുട്ടികളുമായി എത്തി. ഭയം കാരണം അവളുടെ ഇളയ മകന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിഞ്ഞിരുന്നില്ല. അവർ ഞങ്ങളോടൊപ്പം താമസിച്ച്, പ്രാർത്ഥനയിൽ പങ്കെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ കുട്ടി വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി. പതിയെ ആ കുട്ടി സംസാരശേഷി വീണ്ടെടുത്തു. അവർ ഇപ്പോൾ ഞങ്ങളുടെ സന്യാസഭവനത്തിൽ താമസിക്കുന്നു. ഇപ്പോൾ ആ കുട്ടി തന്നെ ഭയപ്പെടുത്തിയ യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് സംസാരിക്കാറില്ല.

മറ്റൊരു സംഭവം ഇതാണ്: സംസാരിക്കാൻ പോലും സാധിക്കാതെ എത്തിയ കീവിൽ നിന്നുള്ള ഒരു സ്ത്രീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ ഭവനത്തിൽ എത്തിയപ്പോൾ പതിയെപ്പതിയെ അവർ സംസാരശേഷി വീണ്ടെടുക്കാൻ തുടങ്ങി. ദിവസേനയുള്ള പ്രാർത്ഥനകളിൽ പങ്കെടുത്ത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ വീണ്ടും സാധാരണ രീതിയിൽ സംസാരിക്കാൻ തുടങ്ങി. അങ്ങനെ തങ്ങളെ അലട്ടിയിരുന്ന ഭയത്തിൽ നിന്നും ആശങ്കകളിൽ നിന്നും അകാരണമായ ദുഃഖത്തിൽ നിന്നുമൊക്കെ സമാധാനം വീണ്ടെടുത്ത നിരവധി വ്യക്തികൾ ഞങ്ങളുടെ മഠത്തിൽ ഉണ്ടെന്നതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.

ലോകം നൽകുന്ന സമാധാനവും സന്തോഷവുമല്ല, അവർക്കാവശ്യം. അത് ശാശ്വതമാണ്. ദൈവം നൽകുന്ന സമാധാനവും ആശ്വാസവുമാണ് ഇവർ ആഗ്രഹിക്കുന്നത്. ആന്തരികവും മാനസികവും ശാരീരികവുമായ സൗഖ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് ദൈവം ഇവർക്കിടയിൽ നിരവധി അത്ഭുതങ്ങൾ ചെയ്യുന്നുണ്ട്. വൈദ്യശാസ്‌ത്രം അസാധ്യമെന്നു പറഞ്ഞിടത്ത് ദൈവം പ്രവർത്തിച്ച നിരവധി സംഭവങ്ങളുണ്ട്. ദിവസവും ധാരാളം ആളുകൾ പ്രാർത്ഥനക്കായി ഞങ്ങളുടെ അടുത്തു വരുന്നു. ഇപ്പോൾ അവരിൽ ഭൂരിഭാഗവും ഭർത്താക്കന്മാരോ, മക്കളോ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സ്ത്രീകളാണ്. അവർ പ്രാർത്ഥനയിലൂടെയും യേശുവുമായുള്ള ബന്ധത്തിലൂടെയും ജീവിക്കാനുള്ള പ്രതീക്ഷയും ശക്തിയും കണ്ടെത്തുന്നു.

ആഴത്തിൽ മുറിവേറ്റ ഈ ആളുകൾക്ക് യേശുവിന്റെ പക്കൽ നിന്നും ആശ്വാസം പ്രാപിക്കാൻ, അവരെ സ്വീകരിക്കാൻ ഒരു സ്ഥലം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സഹായിക്കാൻ കഴിയുന്ന ആളുകൾ തങ്ങളാൽ കഴിയുന്നവിധം സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവം നിങ്ങൾക്ക് ആയിരം മടങ്ങ് തിരിച്ചുനൽകി അനുഗ്രഹിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.