‘ഇത് ദൈവം തന്ന വിജയം’ – നീറ്റ് പരീക്ഷയിൽ മികച്ച മാർക്ക് നേടിയ സന്യാസിനി

സി. സൗമ്യ DSHJ

“വീട്ടിൽ ഭിക്ഷ യാചിച്ചു വരുന്നവർക്കൊക്കെ വീടിന്റെ പുറത്തിരുത്തിയല്ല ഭക്ഷണം കൊടുത്തിരുന്നത്. ഞങ്ങളുടെ കൂടെ വീടിന്റെ ഉള്ളിൽ ഭക്ഷണമേശയിൽ വച്ചാണ് കൊടുത്തിരുന്നത്.” കാരുണ്യത്തിന്റെ ആദ്യപാഠങ്ങൾ മാതാപിതാക്കളിൽ നിന്നും പഠിച്ചയാളാണ് സി. എൽസ് മരിയ ബെന്നി ഡി.എസ്.എച്ച്.ജെ. നീറ്റ് പരീക്ഷയിൽ 613 മാർക്ക് നേടിയതിന്റെ പേരിൽ ഈ യുവസന്യാസിനി ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ജീവിതത്തിലെ ദൈവപരിപാലനയുടെ വഴികൾ അവർ ലൈഫ് ഡേ യോട് പങ്കുവയ്ക്കുന്നു. തുടർന്നു വായിക്കുക.

‘ഇത് ദൈവം തന്ന വിജയമാണ്’ നീറ്റ് പരീക്ഷയിൽ 613 മാർക്ക് നേടിയ സി. എൽസ് മരിയ ബെന്നി DSHJ തന്റെ വിജയത്തിന്റെ പിന്നിലുള്ള ദൈവപരിപാലനയെക്കുറിച്ച് വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. പ്ലസ് ടു പഠനം കഴിഞ്ഞ്‌ ഏഴു  വർഷങ്ങൾക്കുശേഷം ഈ സന്യാസിനി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. തന്റെ ദൈവവിളിയെക്കുറിച്ചും നീറ്റ് പരീക്ഷയുടെ വിജയത്തെക്കുറിച്ചും സി. എൽസ് മരിയ ലൈഫ്ഡേ യോട് മനസ് തുറക്കുന്നു.

നീറ്റ് പരീക്ഷ എന്ന വലിയ കടമ്പയെ അനായാസം വിജയിപ്പിച്ച ദൈവം

തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സി. എൽസ് കൊടുക്കുന്നത് ഈശോയ്ക്കാണ്. കാരണം, ഈ കടമ്പ അത്ര എളുപ്പത്തിൽ കടക്കാൻ  കഴിയുന്നതല്ലെന്ന് സിസ്റ്ററിനറിയാം. ദൈവാശ്രയവും കഠിനദ്ധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഏത് വലിയ പരീക്ഷയും വിജയിക്കുക തന്നെ ചെയ്യും. അതിന് മികച്ച ഉദാഹരണമാണ് സിസ്റ്റർ എൽസിന്റെ വിജയം.

നീറ്റ് പരീക്ഷ മികച്ച രീതിയിൽ വിജയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് നേടിയെടുക്കാൻ പറ്റുമെന്ന വിശ്വാസം റിസൾട്ട് വരുന്നതു വരെ സിസ്റ്ററിന് ഉണ്ടായിരുന്നില്ല. പാലാ ബ്രില്യന്റിൽ ആണ് കോച്ചിങിനായി ചേർന്നത്. ഓൺലൈനായിട്ടായിരുന്നു ക്ലാസുകൾ. മുൻ വർഷങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾ, പതിനാല് മണിക്കൂറുകൾ വരെ ഒരു ദിവസം പഠനത്തിനായി അവർ വിനിയോഗിച്ചിരുന്നു എന്നൊക്കെ പറയുന്നത് സിസ്റ്ററും കേട്ടിട്ടുണ്ട്. ഓൺലൈൻ ക്ലാസിന്റെ സമയം കൂടാതെയാണ് ഇത്. ഓൺലൈൻ ക്ലാസുകൾ ദിവസത്തിൽ എട്ടോ, പത്തോ മണിക്കൂറുകൾ വരും. അത്രയും ബുദ്ധിമുട്ടുള്ള ഒരു പരീക്ഷയാണ് നീറ്റ്. പ്ലസ് ടു കഴിഞ്ഞവർ മാത്രമല്ല, റിപീറ്റ് ചെയ്ത് എഴുതുന്നവരും ആയുർവേദ, ഹോമിയോ ഡോക്ടർമാരും നേഴ്‌സുമാരും ഒക്കെ ഈ പരീക്ഷ എഴുതുന്നുണ്ട്. പ്രായപരിധി ഇല്ലാത്തതിനാൽ ഏതു പ്രായക്കാർക്കും ഈ പരീക്ഷ എഴുതാം.

സി. എൽസ് പരീക്ഷ എഴുതിയ ഈ വർഷം കൂടെ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്, രാജ്യത്താകമാനമായി പതിനെട്ടര ലക്ഷത്തോളം ആളുകളാണ്. ഒരു സന്യാസിനി ആയതിനാൽ തന്നെ പ്രാർത്ഥനാജീവിതം, സമൂഹജീവിതം, ഏല്പിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്തരവാദിത്വങ്ങൾ ഒക്കെ സിസ്റ്ററിന് മാറ്റിവയ്ക്കാവുന്ന ഒന്നായിരുന്നില്ല. അതൊക്കെ സമർപ്പണജീവിതത്തിന്റെ ഭാഗമാണ്. അത്തരമൊരു സാഹചര്യത്തിൽ 14 മണിക്കൂർ പഠനം എന്നത് സി. എൽസിനെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത ഒരു കാര്യമായിരുന്നു. ഒരു ദിവസം കൂടിപ്പോയാൽ എട്ട് മണിക്കൂർ കിട്ടും. അത്രയും പോലും കിട്ടാത്ത ദിവസങ്ങളും ഒട്ടും സമയം കിട്ടാത്ത ദിവസങ്ങളും സിസ്റ്ററിന് ഉണ്ടായിട്ടുണ്ട്. എന്നാൽ, ശ്രദ്ധേയമായ കാര്യം, എത്ര സമയം കിട്ടി എന്നതല്ല,  കിട്ടിയ സമയം വളരെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ സിസ്റ്റർ പരിശ്രമിച്ചു എന്നതാണ്.

എല്ലാ ദിവസവും വി. കുപ്പെർത്തീനോയോട് സിസ്റ്റർ പ്രാർത്ഥിക്കുമായിരുന്നു. പഠിക്കാൻ വളരെ പിന്നോക്കം നിന്നിരുന്ന ആളായിരുന്നു ഈ വിശുദ്ധൻ. സെമിനാരിയിൽ, പരീക്ഷയുടെ സമയത്ത് വിശുദ്ധനോട് ചോദിച്ചത് അദ്ദേഹത്തിന് ആകെ അറിയാവുന്ന ഒരേയൊരു ചോദ്യമാണ്! വിശുദ്ധന്റെ ജീവചരിത്രം വായിച്ചിട്ടുള്ള സി. എൽസ്, ‘എനിക്കറിയാവുന്ന ചോദ്യങ്ങൾ പരീക്ഷക്ക് വരണമേ’ എന്ന് പ്രാർത്ഥിക്കുമായിരുന്നു. പരീക്ഷാ ഹാളിൽ വിശുദ്ധന്റെ മാദ്ധ്യസ്ഥം ശരിക്കും അനുഭവപ്പെട്ടതായി സിസ്റ്റർ വെളിപ്പെടുത്തുന്നു. “എനിക്കു വേണ്ടി മാത്രം തയ്യാറാക്കിയ ചോദ്യപേപ്പർ ആയിട്ടാണ് തോന്നിയത്. പരീക്ഷ എഴുതിക്കൊണ്ടിരുന്നപ്പോൾ പല പ്രാവശ്യം എന്റെ കണ്ണുകൾ നിറഞ്ഞു. തലേദിവസം പഠിച്ച ഉത്തരങ്ങളുടെ  ചോദ്യങ്ങൾ തന്നെ ചോദ്യപേപ്പറിൽ!”

“ബാക്കി ഞാൻ ഈശോക്ക് കൊടുത്തു. ഈശോയേ, നീ ആഗ്രഹിക്കുന്നുണ്ടോ, ഞാൻ ഒരു ഡോക്ടർ ആകണമെന്ന്. എന്നിൽ ഈ ആഗ്രഹം ജനിപ്പിച്ചത് നീയാണ്. ഞാൻ ഡോക്ടർ ആയതുകൊണ്ട് എനിക്ക് വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാകാനില്ല. ഞാൻ ഒരു ഡോക്ടർ ആയിട്ട്, രോഗികളിൽ അങ്ങയെ കണ്ടുകൊണ്ട് ശുശ്രൂഷിക്കാൻ നീ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ഞാൻ ചെയ്‌താൽ, നല്ലൊരു കാര്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എങ്കിൽ മാത്രം എനിക്ക് മികച്ച വിജയം തന്നാൽ മതി; ഇല്ലെങ്കിൽ എനിക്ക് വേണ്ട” – സി. എൽസിന്റെ ഈശോയോടുള്ള പ്രാർത്ഥന ഇപ്രകാരമായിരുന്നു. അത് ഈശോക്കും ഇഷ്ട്ടപ്പെട്ടുകാണുമായിരിക്കണം. അതായിരിക്കുമല്ലോ മികച്ച വിജയം നൽകി ഈശോ സിസ്റ്ററിന്റെ കൂടെ കട്ടക്ക് നിന്നത്.

ഈ ‘നീറ്റ്’ അത്ര പെട്ടെന്ന് പിടികൊടുക്കുന്ന പരീക്ഷയല്ല!

നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ എല്ലാ മെഡിക്കൽ സീറ്റുകളിലേക്കും അഡ്മിഷൻ ലഭിക്കുന്നത്. ഈ പരീക്ഷക്ക് പഠിക്കാനുള്ളത് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളാണ്. കേൾക്കുമ്പോൾ വളരെ നിസാരമായി തോന്നാം. എന്നാൽ, ഹയർ സെക്കണ്ടറി ലെവലിൽ നിന്നുകൊണ്ട് ഒരിക്കലും നീറ്റ് പരീക്ഷ അനായാസം എഴുതിയെടുക്കാൻ പറ്റില്ല. കാരണം, പഠിക്കേണ്ട വിഷയങ്ങൾ ഒന്നാണെങ്കിലും ചോദ്യങ്ങൾ കൂടുതലും ആപ്ലിക്കേറ്റഡ് രീതിയിലാണ് വരുന്നത്. ഈ പരീക്ഷയിൽ എല്ലാ വിഷയങ്ങളുടെയും എല്ലാ ആശയങ്ങളും വളരെ വ്യക്തമായും കൃത്യമായും മനസിലാക്കിയിരിക്കണം.

സി. എൽസ്, നീറ്റ് പരീക്ഷക്ക് ഒരുങ്ങുന്നത് പ്ലസ് ടു കഴിഞ്ഞ്‌ ഏഴു വർഷങ്ങൾക്കു ശേഷമാണ് എന്ന പ്രത്യേകതയും കൂടിയുണ്ട്. അതായത് 2015- ലാണ് സിസ്റ്റർ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പിന്നീട് ഈശോയുടെ തിരുഹൃദയ സന്യാസ സമൂഹത്തിൽ ചേർന്നു. സന്യാസ പരിശീലനത്തിനു ശേഷം 2020 ജനുവരി ആറിന് ആദ്യവ്രതം സ്വീകരിച്ചു. 2021- ൽ ഒരു തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ, വേണ്ടത്ര ഒരുക്കമില്ലാത്തതിനാൽ അന്ന് ലഭിച്ച സ്കോർ 428 ആയിരുന്നു. 2022 ജനുവരി ഏഴാം തീയതി മുതലാണ് പരീക്ഷക്ക് ഒരുങ്ങാനായി തുടങ്ങുന്നത്. ഓൺലൈൻ ക്ലാസുകൾ ആയിരുന്നതിനാൽ മഠത്തിലിരുന്നു തന്നെ ക്ലാസുകൾ കൂടാമായിരുന്നു. എല്ലാ ആഴ്ചയിലും പരീക്ഷയും എല്ലാ ദിവസവും ക്ലാസുകളും ഉണ്ടായിരുന്നു.

ഈ പരീക്ഷ 720 മാർക്കിലാണ്. ബയോളജിയിൽ നിന്ന് 360 മാർക്കിന്റെ ചോദ്യം, ഫിസിക്സിൽ നിന്നും കെമിസ്ട്രിയിൽ നിന്നും 180 മാർക്കിന്റെ വീതം ചോദ്യങ്ങൾ. ആകെ 200 ചോദ്യങ്ങൾ. 180 ചോദ്യങ്ങൾ അറ്റൻഡ് ചെയ്താൽ മതി. ഒരു ചോദ്യത്തിന് നാലു മാർക്ക്. തെറ്റിപ്പോയാൽ മൈനസ് മാർക്കും ഉണ്ട്. കഴിഞ്ഞ വർഷം വരെയുള്ള കണക്കനുസരിച്ച്, മിനിമം 600 മാർക്കെങ്കിലും ഉള്ളവർക്കാണ് ഗവണ്മെന്റ് തലത്തിൽ അഡ്മിഷൻ കിട്ടുന്നത്. 613 മാർക്ക് സ്‌കോർ ചെയ്യാൻ സാധിച്ചതുകൊണ്ട് ഗവണ്മെന്റ് സീറ്റ് കിട്ടുമെന്നാണ് സിസ്റ്ററിന്റെ പ്രതീക്ഷ. ബാക്കിയുള്ള കാര്യങ്ങൾ ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് സിസ്റ്റർ.

കരുതലോടെ കൂടെ നിന്ന സന്യാസ സമൂഹത്തിലെ സഹോദരിമാർ

തന്റെ വിജയത്തിനു പിന്നിൽ കഠിനാദ്ധ്വാനവും പ്രാർത്ഥനയും മാത്രമല്ല ഉണ്ടായിരുന്നത് എന്ന് സിസ്റ്റർ തന്നെ വെളിപ്പെടുത്തുന്നു. കാരണം, ഭൂമിയിലേക്ക് ദൈവം അയച്ച മാലാഖമാരെപ്പോലെ കൂടെ നിന്ന സന്യാസ സമൂഹത്തിലെ സഹോദരിമാർ സി. എൽസിന് പകർന്നത് വലിയ ആത്മവിശ്വാസവും ധൈര്യവുമാണ്. ചിലപ്പോൾ വളരെയധികം ടെൻഷനും പേടിയും സിസ്റ്ററിന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സഹസന്യാസിനിമാരുടെ പ്രചോദനവും പ്രോത്സാഹനവും കൂടെയുണ്ടെന്നുള്ള ഉറപ്പും വലിയ ആത്മവിശ്വാസം പകർന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ കാഞ്ഞൂർ ഫൊറോനയിലെ പാറപ്പുറം സെന്റ് ജോർജ് ഇടവകയിലുള്ള ഡിഎസ്എച്ച്ജെ സന്യാസ സമൂഹത്തിലാണ് സിസ്റ്റർ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. പ്രൊവിൻഷ്യൽ സി. റൂബിയും സമൂഹത്തിൽ കൂടെ ഉണ്ടായിരുന്ന സുപ്പീരിയർ സി. ബെറ്റി, സി. ടെസ്സി, സി. റോസ്‌മേരി, സി. എലിസബത്ത് എന്നിവരും ഈ കാലയളവിൽ വലിയ പിന്തുണ നൽകിയിരുന്നു.

പരീക്ഷക്ക് സി. എൽസിന്റെ കൂടെ കൂട്ടുപോയത് സി. ബെറ്റി ആയിരുന്നു. പരീക്ഷ എഴുതാൻ വന്ന മറ്റൊരു കുട്ടിയുടെ ഗ്രാൻഡ് പേരൻസുമായി പരിചയപ്പെട്ടു. സി. എൽസ് പരീക്ഷക്ക് പോകുമ്പോൾ അവർ അവിടെ ഒരു പള്ളിയിൽ പോയിരുന്ന് പ്രാർത്ഥിച്ചിരുന്നു. റിസൾട്ട് വന്ന ശേഷം ആ അമ്മച്ചി സി. എൽസിനെ വിളിച്ച് മാർക്കിനെപ്പറ്റി ചോദിച്ചു. നല്ല റിസൾട്ടാണെന്ന് അറിഞ്ഞപ്പോൾ ആ അമ്മച്ചി സിസ്റ്ററിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

“സിസ്റ്ററിന്റെ അമ്മ സിസ്റ്ററിനുവേണ്ടി എങ്ങനെയിരുന്ന് പ്രാർത്ഥിക്കുമോ, അതുപോലെ തന്നെയാണ് സി. ബെറ്റി, സിസ്റ്ററിനുവേണ്ടി ആ പള്ളിയിലിരുന്ന് പ്രാർത്ഥിച്ചത്.” സമർപ്പിത സമൂഹജീവിതത്തിന്റെ മനോഹാരിത എന്താണെന്ന് ആ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.

“യഥാർത്ഥത്തിൽ എന്റെ സന്യാസ സമൂഹം മുഴുവനും എനിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. എന്റെ സന്യാസ സമൂഹമാണ് എനിക്ക് ഈ ഒരു നേട്ടം കൈവരിക്കാനുള്ള ഊർജ്ജം നൽകിയത്.” നന്ദിയോടെ സിസ്റ്റർ ഓർമ്മിക്കുന്നു. നീറ്റ് വിശേഷങ്ങൾക്കു ശേഷം സി. എൽസ് തന്റെ ദൈവവിളി അനുഭവങ്ങളും ലൈഫ്ഡേ യോട്  പങ്കുവച്ചു.

വീട്ടിൽ ഭിക്ഷക്കാർ വന്നാൽ പോലും ഭക്ഷണം ഊട്ടുമുറിയിൽ

അച്ചായി ബെന്നിയും അമ്മ ജെയ്‌മോളും അനുജത്തി ആൻസ് മരിയയും അനുജൻ ടോമിൻസും  അടങ്ങുന്ന കുടുംബമാണ് സി. എൽസിന്റേത്. ഈ മാതാപിതാക്കൾ ചെറുപ്പം മുതൽ തന്നെ മക്കൾ മൂന്നു പേരെയും കൂട്ടി എല്ലാ ദിവസവും പള്ളിയിൽ പോകുമായിരുന്നു. ചെറുപ്പത്തിൽ പള്ളിയിൽ പോകാൻ മടി കാണിച്ചാലും എന്നും നിർബന്ധിച്ച് പള്ളിയിൽ കൊണ്ടുപോകും. ആത്മീയകാര്യങ്ങൾക്ക് വലിയ പ്രോത്സാഹനം വീട്ടിൽ നിന്നും ലഭിച്ചിരുന്നു. അതോടൊപ്പം കുടുംബപ്രാർത്ഥനക്കും വീട്ടിൽ പ്രാധാന്യമേറെയായിരുന്നു. എല്ലാ ദിവസവും കുടുംബപ്രാർത്ഥനയുടെ അവസാനം ദൈവവിളിക്കു വേണ്ടി  പ്രാർത്ഥിച്ചിരുന്നു; ഒപ്പം ദൈവവിളി സ്വീകരിച്ച എല്ലാവർക്കും വേണ്ടിയും. ചെറുപ്പത്തിൽ, അമ്മയുടെ ചേച്ചി സിസ്റ്റർ ആയതിനാൽ (സി. ജോബിൻ DSHJ) ആന്റിയുടെ കൂടെ സിസ്റ്ററാകുവാൻ എനിക്കും പോകണമെന്ന് സി. എൽസ് പറയുമായിരുന്നു.

മാതാപിതാക്കൾ പകർന്നു നൽകിയ വിശ്വാസവും പ്രാർത്ഥനാജീവിതവും അതോടൊപ്പം പാവങ്ങളോടുള്ള കാരുണ്യവുമാണ് ദൈവവിളി സ്വീകരിക്കാൻ സിസ്റ്ററിന് കൂടുതൽ പ്രചോദനമേകിയത്. “എന്റെ പപ്പാ, ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ മരിച്ചുപോയ ബഹു. ജോർജ് കുറ്റിക്കൽ അച്ഛന്റെ കൂടെ ‘ആകാശപറവകളുടെ കൂട്ടുകാർ’ എന്ന സംഘടനയിൽ പ്രവർത്തിക്കുമായിരുന്നു. അവിടെ പോകാനും ആ മക്കളെ ശുശ്രൂഷിക്കാനും അവർക്കു വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. അതിനൊക്കെ ഞങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. വീട്ടിൽ ഭിക്ഷ യാചിച്ചു വരുന്നവർക്കൊക്കെ വീടിന്റെ പുറത്തിരുത്തിയല്ല ഭക്ഷണം കൊടുത്തിരുന്നത്. ഞങ്ങളുടെ കൂടെ വീടിന്റെ ഉള്ളിൽ ഭക്ഷണമേശയിൽ വച്ചാണ് കൊടുത്തിരുന്നത്. ഇതൊക്കെ പാവപ്പെട്ടവരോടുള്ള സ്നേഹവും കാരുണ്യവും എന്നിൽ വർദ്ധിക്കാനിടയാക്കി” – സി. എൽസ് ഓർമ്മിക്കുന്നു.

അനുജത്തി ആൻസ് മരിയയുടെ ആദ്യകുർബാന സ്വീകരണ സമയം മുതൽ നീലേശ്വരം, കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷന്റെ ഭാഗത്ത് തെരുവിലൂടെ അലയുന്ന മക്കൾക്ക് ആഴ്ചയിലൊരിക്കൽ ഭക്ഷണം കൊടുക്കാൻ തുടങ്ങി. ഏഴെട്ട് വർഷത്തോളം അങ്ങനെ തുടർന്നു. കോവിഡ് വന്നതോടു കൂടി ഇത് നിന്നുപോയിരുന്നു. ഇങ്ങനെ ഭക്ഷണം കൊടുക്കുമ്പോൾ വീട്ടിൽ തന്നെ പാകം ചെയ്യുകയാണ് പതിവ്. വേറെ രണ്ടു മൂന്ന് കുടുംബങ്ങളും  സഹായിക്കുമായിരുന്നു. ആദ്യ സമയത്തൊക്കെ ഭക്ഷണം കൊടുക്കാൻ പോകുമ്പോൾ മക്കളെയും കൂടെ കൂട്ടുമായിരുന്നു. പിന്നീട് സൗകര്യാർത്ഥം അവർ തന്നെ പോകാൻ തുടങ്ങി. മക്കൾ കൂടെ പോകുമ്പോൾ അവരുടെ കൈകൾ കൊണ്ട് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുപ്പിക്കുമായിരുന്നു. പാവങ്ങളോട് കൂടുതൽ കരുണ കാണിക്കാൻ വീട്ടിൽ നിന്നു തന്നെയുള്ള ഈ മാതൃക കൂടുതൽ അനുഗ്രഹമായി.

ചെറുപ്പത്തിൽ ഒരു സന്യാസിനി ആകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒൻപത്, പത്ത് ക്ലാസിൽ ഒക്കെയായപ്പോൾ ആ ആഗ്രഹത്തിന് മങ്ങലേറ്റു. സി. എൽസിന് പത്താം ക്ലാസിൽ അത്യാവശ്യം നല്ല മാർക്കൊക്കെ ഉണ്ടായിരുന്നതുകൊണ്ട് പഠനം തുടരാൻ ആഗ്രഹിച്ചു. പ്ലസ് ടു വിന്റെ അവസാനം ആയപ്പോഴേക്കും ‘ഇനി എന്ത്” എന്ന ചോദ്യം എല്ലാവരുടെയും ഭാഗത്തു നിന്നും വന്നു. അപ്പോൾ, സി. എൽസിന് ഒരു ഉത്തരവും  കൊടുക്കാനില്ലായിരുന്നു. ഹയർ സെക്കൻഡറി പരീക്ഷാഫലം ഐ.സി.എസ്.സി സിലബസിൽ 90 % മാർക്ക്. ഒട്ടും ചിന്തിക്കാതെ തന്നെ മനസിലേക്ക് പണ്ട് ഉണ്ടായിരുന്ന ‘സിസ്റ്ററാകണം’ എന്ന ആഗ്രഹം ഉയർന്നുവന്നു. അപ്പോഴും തീരുമാനമെടുക്കാൻ പറ്റിയില്ല. വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവിധ സപ്പോർട്ടും നൽകി. കാരണം, എല്ലാ ദിവസവും നല്ല ദൈവവിളികൾ ഉണ്ടാകാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു കുടുംബത്തിന് തങ്ങളുടെ മകൾക്ക് ദാനമായി ലഭിച്ച ദൈവവിളിയെ നിരാകരിക്കാൻ സാധിക്കുകയില്ലല്ലോ. അങ്ങനെ മഠത്തിൽ ചേർന്നു. 2020 ജനുവരി ആറാം തീയതിയാണ് ആദ്യവ്രത വാഗ്ദാനം സ്വീകരിച്ചത്.

ഈശോയെപ്പോലെ പാവപ്പെട്ടവരോടും രോഗികളോടും കരുണ കാണിക്കുക എന്ന ആഗ്രഹമാണ് ഒരു സന്യാസിനി ആകുകയെന്ന ആഗ്രഹത്തിനു പിന്നിൽ സി. എൽസിനും ഉണ്ടായിരുന്നത്. അതു തന്നെയാണ് മെഡിക്കൽ ഫീൽഡിലേക്ക് കടന്നുവരുന്നതിലേക്ക് സി. എൽസിനെ നയിച്ചതും. വീട്ടിൽ നിന്നും ദൈവവിളിയിൽ വളരാനുള്ള പ്രോത്സാഹനം കിട്ടിയതുകൊണ്ടായിരിക്കാം സഹോദരൻ ടോമിൻസും ഈശോയെ അനുഗമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ന് കപ്പൂച്ചിൻ സഭയിൽ രണ്ടാം വർഷ വൈദികാർത്ഥിയാണ് ടോമിൻസ്.

തന്റെ ജീവിതത്തിൽ ബാഹ്യമായ എന്തൊക്കെ നേട്ടങ്ങൾ നേടാനായാലും ഈശോയുടെ തിരുഹൃദയത്തിലെ മകളാണ് താൻ എന്ന ഉറച്ച ബോധ്യത്തോളം വലിയ സന്തോഷം മറ്റൊന്നിനും നൽകാനാകില്ല എന്ന് ഈ യുവ സന്യാസിനിക്ക് ഉറപ്പുണ്ട്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.