മകൾ സന്യാസിനി; മകന്റെ മരണത്തെ തുടർന്ന് ഒറ്റക്കായ മാതാപിതാക്കളെ ചേർത്തുപിടിച്ചൊരു ജൂബിലി ആഘോഷം

ഐശ്വര്യ സെബാസ്റ്റ്യൻ

ഒരു യുവ സന്യാസിനിയുടെ മാതാപിതാക്കളുടെ വിവാഹ ജൂബിലി മഠത്തിൽ വച്ച് ആഘോഷിച്ച വാർത്ത  സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. കണ്ണീരും പുഞ്ചിരിയും ഇടകലർന്ന ഒരു കഥ. അതിങ്ങനെയാണ്.

കണ്ണൂർ ജില്ലയിലെ പുലികുരുമ്പയിലുള്ള കല്ലിടുക്കനാനിക്കൽ  ബെസ്സി – ഡോളി ദമ്പതികൾക്ക് രണ്ടു മക്കളാണ്; ഒരു മകനും ഒരു മകളും. മകൾ തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ അംഗമായ സി. അലീന. മകൻ അലൻ 2019 ഒക്ടോബർ 29-ന് നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. അലന്റെ മരണത്തോടെ ആ മാതാപിതാക്കൾ ഒറ്റക്കായി.

വർഷങ്ങൾ മുൻപോട്ടു നീങ്ങി. ആ മാതാപിതാക്കളുടെ വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികം വന്നെത്തി. പക്ഷേ, എങ്ങനെ ആഘോഷിക്കും, ആര് ആഘോഷിക്കും എന്നൊന്നും ആർക്കും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഒടുവിൽ, ഏകമകളുടെ സന്യാസ ഭവനത്തിൽ വെച്ചു വിവാഹ വാർഷികം കൊണ്ടാടി. അത് ആ മാതാപിതാക്കൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. തങ്ങൾ തനിച്ചല്ല, ഒരു സന്യാസ സമൂഹം മുഴുവനും കൂടെയുണ്ടെന്ന് ഈ ജൂബിലി ആഘോഷത്തിലൂടെ അവർക്ക് ബോധ്യമായി. തന്റെ മാതാപിതാക്കളുടെ അവിസ്മരണീയമായ ജൂബിലി ആഘോഷത്തെക്കുറിച്ച് സി. അലീന ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു.

‘മാതാപിതാക്കളുടെ സന്തോഷം ഈശോ നോക്കിക്കോളും’

സി. അലീനയുടെ മാതാപിതാക്കളുടെ വിവാഹ ജൂബിലി ആയിരുന്നു 2022 മെയ് 19-ന്. ചെറുപ്പത്തിൽ അലീന സിസ്റ്ററും ഇളയ സഹോദരനായ അലനും ചേർന്ന് മാതാപിതാക്കൾക്ക് അവരുടെ വിവാഹവാർഷിക ദിനത്തിൽ ചെറിയ സമ്മാനങ്ങൾ വാങ്ങുമായിരുന്നു. എന്നാൽ 2019 ഒക്ടോബർ 29-ന് സഹോദരൻ അലൻ ഒരു വാഹനാപകടത്തിൽപെട്ട് മരണമടഞ്ഞു. അതിനു ശേഷം അവരുടെ ഭവനത്തിൽ യാതൊരുവിധ ആഘോഷങ്ങളും നടന്നിട്ടില്ല.

ഈ വർഷം തങ്ങളുടെ മാതാപിതാക്കളുടെ ജൂബിലിവർഷമാണെന്ന് സിസ്റ്ററിന് അറിയാമായിരുന്നു. അവർ അത് എങ്ങനെ ആഘോഷിക്കും, അവർക്ക് താൻ എങ്ങനെ ആശംസകൾ നേരും എന്നൊക്കെയുള്ള ചിന്തകൾ അലീന സിസ്റ്ററിനെ അസ്വസ്ഥയാക്കി. എന്നാൽ സിസ്റ്റർ ഈ വിഷമത്തെക്കുറിച്ച് ആരോടും പങ്കുവച്ചില്ല; തന്റെ നാഥനായ ക്രിസ്തുവിനോടല്ലാതെ.

സിസ്റ്ററിന്, മാതാപിതാക്കളുടെ ജൂബിലി നന്നായി തന്നെ ആഘോഷിക്കണമെന്നുണ്ട്. എന്നാൽ താൻ മഠത്തിലാണ്. സഹോദരങ്ങൾ ഇല്ലതാനും. പിന്നെ എങ്ങനെ ജൂബിലി ആഘോഷിക്കും? സിസ്റ്ററിന് വല്ലാത്ത വിഷമം തോന്നി. എന്നാൽ ക്രിസ്തുവിന്, തന്നെയും തന്റെ ആഗ്രഹങ്ങളെയും നന്നായി അറിയാം. തന്റെ കുടുംബത്തിന്റെ സന്തോഷം അവൻ നോക്കിക്കൊള്ളുമെന്ന് സിസ്റ്റർ ഉറച്ചു വിശ്വസിച്ചു.

മഠത്തിൽ വിവാഹജൂബിലി ആഘോഷിച്ചാലോ?

2022 മാർച്ചിൽ അലീന സിസ്റ്റർ അവധിക്ക് തന്റെ വീട്ടിലേക്ക് പോയിരുന്നു. ആ ദിവസങ്ങളിൽ സിസ്റ്ററിന്റെ മഠത്തിൽ നിന്നും ഏതാനും സന്യാസിനികളും സിസ്റ്ററിന്റെ വീട് സന്ദർശിക്കാൻ ചെന്നു. അക്കൂട്ടത്തിൽ അവരുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായ സി. ട്രീസ പാലക്കലും ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൽ അലീന സിസ്റ്ററുടെ മാതാപിതാക്കൾ ഈ വർഷം തങ്ങളുടെ ജൂബിലിവർഷമാണെന്ന് ഒരു വിശേഷം പോലെ പറഞ്ഞു. എന്നാൽ നമുക്കത് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് ആഘോഷിക്കാമെന്നായി സുപ്പീരിയർ സിസ്റ്റർ.

വളരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു അലീന സിസ്റ്ററിന് ഈ വാക്കുകൾ. കാരണം താൻ ഈശോയോട് മാത്രം പങ്കുവച്ച തന്റെ സ്വകാര്യദുഃഖത്തിനാണ് ഒരു നിമിഷം കൊണ്ട് പരിഹാരമായിരിക്കുന്നത്. സി. ട്രീസയുടെ ഈ വാക്കുകൾ കേട്ടുകഴിഞ്ഞതും അലീന സിസ്റ്ററുടെ മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർക്ക് എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു. തങ്ങൾക്ക് അതിനുള്ള യോഗ്യതയില്ലെന്നായിരുന്നു ഈ തീരുമാനത്തോടുള്ള സിസ്റ്ററിന്റെ മാതാപിതാക്കളുടെ പ്രതികരണം. എന്നാൽ ട്രീസ സിസ്റ്റർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ മാതാപിതാക്കളും സമ്മതം മൂളി.

ആ മാതാപിതാക്കൾക്ക് നിരവധി മക്കളെയും സഹോദരിമാരെയും നൽകിയ ജൂബിലി ആഘോഷം 

ആഘോഷത്തിന്റെ തലേന്ന് മഠത്തിൽ വലിയ ഒരുക്കങ്ങളായിരുന്നു. സിസ്റ്റേഴ്സ് എല്ലാവരും തിരക്ക് പിടിച്ച് ഓടുന്നു. അലീന സിസ്റ്ററോട് ഒരുക്കങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നുമില്ല. അങ്ങനെ ആഘോഷദിവസമെത്തി.

2022 മെയ് 17-നായിരുന്നു തലശ്ശേരിയിലുള്ള തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് ജൂബിലി ആഘോഷങ്ങൾ നടന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ ബന്ധുക്കളെയും ക്ഷണിക്കാമെന്ന് ട്രീസ സിസ്റ്റർ അവരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുപ്പതോളം വരുന്ന അവരുടെ ബന്ധുക്കളും ആഘോഷത്തിൽ പങ്കെടുക്കാൻ അന്നേ ദിവസം മഠത്തിലെത്തി. 11.30-ന് ആഘോഷമായ പരിശുദ്ധ കുർബാനയോടു കൂടി ആഘോഷങ്ങൾക്ക് തുടക്കമായി. അതു കഴിഞ്ഞ് ഒരു ആശംസാ സമ്മേളനം ഉണ്ടായിരുന്നു. സമ്മേളനത്തിൽ അലീന സിസ്റ്ററിന്റെ ബന്ധുക്കളും സന്യാസിനികളും വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾക്ക് ആശംസകൾ നേർന്നു, സമ്മാനങ്ങൾ നൽകി. അതിനു ശേഷം കേക്ക് മുറിച്ചു. ദമ്പതികൾ ഇരുവരും പരസ്പരം മധുരം നൽകി. അതിനു ശേഷം എല്ലാവരും ഒരുമിച്ച് വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചിട്ടാണ് പിരിഞ്ഞത്.

താൻ മാതാപിതാക്കൾക്ക് ഒപ്പമുണ്ടായിരുന്നെങ്കിൽ പോലും ഇത്രയും മനോഹരമായ ഒരു ജൂബിലി ആഘോഷം നടത്താൻ സാധിക്കുമെന്ന് അലീന സിസ്റ്റർക്ക് ഉറപ്പില്ല. തികച്ചും അപ്രതീക്ഷിതമായി നടന്ന ഈ ആഘോഷത്തെക്കുറിച്ച് പറയുമ്പോൾ അലീന സിസ്റ്ററുടെ ശബ്‍ദം ഇപ്പോഴും ഇടറും. മാതാപിതാക്കൾ ഈ ജൂബിലി ആഘോഷം തീരെ പ്രതീക്ഷിച്ചിരുന്നതല്ല. അവർക്കും സിസ്റ്റർക്കും ഈ ദിനം ഒരുപോലെ സന്തോഷമേകി.

ഏകാന്തതയിലും നിരാശയിലും കഴിഞ്ഞിരുന്ന ബെസ്സി – ഡോളി ദമ്പതികളിൽ ‘തങ്ങൾ ഒറ്റയ്ക്കല്ല’ എന്ന ബോധ്യമുണർത്താൻ ഈ സുദിനം വളരെയേറെ സഹായിച്ചിട്ടുണ്ട്. ഏകമകനെ ദൈവം തിരികെ വിളിച്ചു. മകളെ ക്രിസ്തുവിനു സമർപ്പിച്ചു. എങ്കിലും ഈ മാതാപിതാക്കൾക്ക് പരാതിയില്ല. കാരണം തങ്ങളുടെ മക്കൾ രണ്ടു പേരും ഇപ്പോൾ ക്രിസ്തുവിന്റെ സ്വന്തമല്ലേ.

അനുജൻ നഷ്ടപ്പെട്ടത് ഇന്നും തീർത്താൽ തീരാത്ത ദുഃഖമാണ് 

അലീന സിസ്റ്റർക്ക് ഒരേയൊരു സഹോദരൻ മാത്രമാണുണ്ടായിരുന്നത്. തന്നേക്കാൾ വെറും രണ്ട് വയസു മാത്രം ചെറുപ്പമായ സഹോദരൻ അലൻ. “അപ്രതീക്ഷിതമായിരുന്നു അലന്റെ വിയോഗം. അത് ഞങ്ങളെ തകർത്തു കളഞ്ഞു” – അലീന സിസ്റ്റർ ലൈഫ് ഡേയോട് പറഞ്ഞു.

2019 ഒക്ടോബർ 29-ന് നടന്ന വാഹനാപകടത്തിലാണ് അലൻ മരിച്ചത്. ഓട്ടോ മൊബൈൽ എൻജിനീയറിങ് കഴിഞ്ഞ് റിസൾട്ടും കാത്തിരിക്കുമ്പോഴായിരുന്നു അലന്റെ അപ്രതീക്ഷിത വിയോഗം. തങ്ങൾക്ക് ഇനി ആരാണ് ഉള്ളത്? ആരിൽ പ്രതീക്ഷയർപ്പിച്ചാണ് തങ്ങൾ ഇനി ജീവിക്കേണ്ടത് എന്ന ചിന്ത അലീന സിസ്റ്ററിന്റെ  മാതാപിതാക്കളെ തളർത്തിയിരുന്നു. ഇപ്പോഴും അവർ അതിൽ നിന്ന് പൂർണ്ണമായി കരകയറിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അലീന സിസ്റ്ററിന്റെ ആദ്യവ്രത വാഗ്ദാനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോഴായിരുന്നു അലന്റെ മരണം. എങ്കിലും ഒരിക്കൽ പോലും താൻ ഒരു സന്യാസിനി ആയതിൽ മാതാപിതാക്കൾ ദുഃഖിച്ചിട്ടില്ല എന്ന് അലീന സിസ്റ്റർക്ക് ഉറച്ച ബോധ്യമുണ്ട്.

വേദപാഠ ക്ലാസ്സിൽ വച്ച് തിരിച്ചറിഞ്ഞ ദൈവവിളി 

സി. അലീന എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. സിസ്റ്റർ പതിവു പോലെ രാവിലെ വേദപാഠത്തിനു പോയി. തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ സി. അൻസിലിനായിരുന്നു അലീന സിസ്റ്ററിന്റെ വേദപാഠ അധ്യാപിക. അൻസിലിൻ സിസ്റ്റർ അന്ന് കുട്ടികളെ പഠിപ്പിച്ചത് ദൈവവിളിയെക്കുറിച്ചായിരുന്നു.

ദൈവവിളിയെക്കുറിച്ച് സിസ്റ്റർ സംസാരിച്ചപ്പോൾ അലീന എന്ന പെൺകുട്ടിയുടെ മനസിൽ പെട്ടെന്നൊരു ആഗ്രഹം ‘തനിക്കും ക്രിസ്തുവിന്റെ മണവാട്ടിയാകണം’ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുപോലും ചിന്തിക്കാതെ ആ പതിമൂന്നു വയസുകാരി ക്ലാസിൽ വച്ച് തന്റെ ആഗ്രഹം സിസ്റ്ററിനോട് തുറന്നു പറഞ്ഞു. വേദപാഠ ക്ലാസ് കഴിഞ്ഞപ്പോൾ സിസ്റ്റർ, അലീനയോട് പത്താം ക്ലാസ് കഴിയാതെ മഠത്തിൽ ചേരാൻ സാധിക്കില്ല. അതിനാൽ പ്രാർത്ഥിച്ചൊരുങ്ങാൻ സിസ്റ്റർ പറഞ്ഞു. പിന്നീടുള്ള മൂന്നു വർഷവും അലീനക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും അൻസിലിൻ സിസ്റ്റർ നൽകി.

പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ അലീന, അൻസിലിൻ സിസ്റ്ററിന്റെ നിർദ്ദേശപ്രകാരം ദൈവവിളി ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തു മടങ്ങിയ അലീനക്ക് തന്റെ ദൈവവിളിയെക്കുറിച്ച് ഉറച്ച ബോധ്യം ലഭിച്ചു. ചെറുപ്പം മുതലേ തിരുഹൃദയ ഭക്തയായിരുന്ന അലീന തിരുഹൃദയ സന്യാസിനീ സമൂഹത്തിൽ തന്നെയാണ് ചേരാൻ ആഗ്രഹിച്ചതും.

എന്നാൽ അലീനയുടെ മാതാപിതാക്കൾക്ക് തങ്ങളുടെ മകളുടെ ഈ തീരുമാനം അത്ര പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. കാരണം അലീന അവളുടെ ഏകമകളാണ്. അലീനയുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കൾ ഒരായിരം സ്വപ്നങ്ങളാണ് നെയ്തെടുത്തിട്ടുള്ളതും. ഒടുവിൽ അവർ അലീന പ്രീഡിഗ്രി പഠിക്കട്ടെ എന്നു തീരുമാനിച്ചു. അത് കഴിഞ്ഞും മകളുടെ ആഗ്രഹം ഇതാണെങ്കിൽ വിടാമെന്നായി. അങ്ങനെ പ്രീഡിഗ്രി പഠനവും അലീന വിജയകരമായി പൂർത്തീകരിച്ചു. പിന്നീട് തന്റെ പതിനേഴാമത്തെ വയസിൽ അലീന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ തലശ്ശേരി പ്രൊവിൻസിൽ അംഗമായി ചേർന്നു. തുടർന്ന് 2019 ഏപ്രിൽ 25-ന് അലീന ആദ്യ വ്രതവാഗ്ദാനം നടത്തി ഈശോയുടെ സ്വന്തമായി.

‘സമർപ്പണ ജീവിതത്തിൽ സംതൃപ്തയാണ്’ 

“സമർപ്പണ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളുണ്ട്. എന്നാൽ തങ്ങൾക്കൊപ്പമുള്ളത് ക്രിസ്തുവാണ് എന്ന ബോധ്യം ഏത് സാഹചര്യത്തെയും ധൈര്യത്തോടെ നേരിടാൻ സഹായിക്കും. സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ആക്രമണങ്ങളും അധിക്ഷേപങ്ങളും തിരുസഭ നേരിടുന്നുണ്ട്. എന്നാൽ പുറത്തുനിന്ന് കാണുന്നതല്ല സമർപ്പണ ജീവിതം. ഈശോയോടൊപ്പമായിരിക്കുക, അവിടുത്തെ സ്വന്തമാക്കുക അതിൽ കവിഞ്ഞ് ഒരു സന്തോഷവും ഒരു സന്യാസിനിക്ക് ഇല്ല.” – സന്യാസ ജീവിതത്തെക്കുറിച്ച് സിസ്റ്റർ പറയുന്നു.

കണ്ണൂർ ജില്ലയിലെ പുലികുരുമ്പ പ്രദേശത്തെ സെന്റ് അലോഷ്യസ് ഇടവകാംഗമാണ് അലീന സിസ്റ്റർ. അലീന സിസ്റ്റർ ഇപ്പോൾ മംഗലാപുരത്തെ ജെപ്പുവിലുള്ള തിരുഹൃദയമഠത്തിലാണ്. മംഗലാപുരത്തെ സെന്റ് ആഗ്നസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും കൂടിയാണ് അലീന സിസ്റ്റർ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.