ഷാനി എന്ന ആത്മവിശ്വാസത്തിന്റെ അംബാസഡർ: ലോക കാൻസർ ദിന പ്രത്യേക ഫീച്ചർ

സുനീഷ വി. എഫ്

ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നെത്തിയ കാൻസറിനെയും അസ്വസ്ഥതകളെയും പുഞ്ചിരിയോടെ നേരിട്ട ഷാനി എക്കാലവും ഒരു മാതൃകയാണ്. കാൻസർ എന്നാൽ മരണമാണെന്നു കരുതി ആത്മവിശ്വാസം നഷ്ടപ്പെടുന്നവർക്ക് ഷാനിയെപ്പോലെ ഉള്ളവർ വലിയ പ്രചോദനമാണ്. കാൻസർ എന്ന വില്ലന്റെ മുൻപിൽ തോറ്റുകൊടുക്കാതെ ദൈവത്തെ കൂട്ട് പിടിച്ച് അതിജീവനത്തിനായി സധൈര്യം പോരാടിക്കൊണ്ടിരിക്കുന്ന ഷാനിക്കും മറ്റെല്ലാ കാൻസർ പോരാളികൾക്കും അഭിനന്ദനങ്ങൾ! കാൻസർ ദിന സ്‌പെഷ്യൽ ഫീച്ചർ വായിക്കാം.

“ഷാനിക്ക് പോകാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് റെഡിയായിട്ടുണ്ട്. വേഗം തയ്യാറായിക്കൊള്ളുക.” കഷ്ടപ്പാടുകൾക്കു നടുവിൽ ഒരു പ്രതീക്ഷ പോലെ കടന്നുവന്ന വാർത്ത. ആ സമയത്ത് സൗദിയിലെ ഹോസ്പിറ്റലിൽ ഒരു ജോലി എന്ന ആ നല്ല വാർത്തയെ എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ ഉഴലുകയായിരുന്നു ഷാനി എന്ന 38 -കാരി. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഒരല്പം ആശ്വാസമേകാനാണ്, ഹൈദരാബാദിൽ നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന ഷാനി വിദേശത്ത് ജോലിക്കായി പോകാൻ തയ്യാറായത്. ഫ്‌ളൈറ്റ് ടിക്കറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും ശരിയായി എന്നുള്ള വാർത്ത വന്നപ്പോഴേക്കും ഷാനിയുടെ കൈയ്യിൽ ഒരു മെഡിക്കൽ റിപ്പോർട്ടും ഉണ്ടായിരുന്നു. തനിക്ക് ബ്രസ്റ്റ് കാൻസർ ആണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ബയോപ്സി റിപ്പോർട്ട് ആയിരുന്നു അത്.

വേദനകളും കഷ്ടതകളും ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും ഒരുപോലെ വേട്ടയാടിയ സമയം. വിധിക്കു മുന്നിൽ തളരാതെ ഷാനി പോരാടി. ആത്മധൈര്യവും വിശ്വാസവും അതിലുപരി സഹനങ്ങളെ ദൈവാനുഗ്രഹമായി കണക്കാക്കിയുള്ള അതിശക്തമായ ഒരു പോരാട്ടം. അതായിരുന്നു കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളി രൂപതയിലെ അഞ്ചിലിപ്പ ഇടവകയിലെ കാണിച്ചുകാട്ട് ബിജുവിന്റെ ഭാര്യ ഷാനി നടത്തിയത്. ഈ കാൻസർ ദിനത്തിൽ ഷാനിയുടെ പോരാട്ടവഴികളെ അറിയാം…

വർഷങ്ങളായി ഹൈദരാബാദിൽ നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് 2020 -ന്റെ അവസാനത്തോടെ എമർജൻസി ലീവിൽ ഷാനി നാട്ടിലെത്തുന്നത്. ഭർത്താവ് ബിജുവിന്റെ പിതാവ് സ്ട്രോക്ക് വന്ന് അത്യാസന്ന നിലയിലായപ്പോൾ പെട്ടെന്ന് അവധിയെടുത്ത് പോരുകയായിരുന്നു. അങ്ങനെ നാട്ടിലെത്തിയ ഷാനിയുടെ കുടുംബത്തിന് പിതാവിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി ഭീമമായ ഒരു തുക കണ്ടെത്തേണ്ടതായി വന്നു. ഷാനിക്ക് തിരികെ പോകാൻ സാധിക്കാത്ത അവസ്ഥയും.

കൂലിപ്പണിക്കാരനായ ഭർത്താവിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആറാം ക്ലാസ്സുകാരനായ ഏക മകൻ ജോസഫിന് ഒരു പനി വരുന്നത്. അവനെ ഡോക്ടറെ കാണിക്കാനായി പോകുമ്പോൾ തന്റെ ഇടതുമുതുകിനു താഴെയുള്ള ചെറിയൊരു മുഴയും ഒരു ഡോക്റ്ററെ കാണിക്കാൻ ഭർത്താവ് ബിജു നിർബന്ധിച്ചു. അങ്ങനെ മകനെ ഡോക്ടറെ കാണിച്ചുകഴിഞ്ഞു ഗൈനക്കോളജിസ്റ്റിന്റെ അടുക്കൽ പോയപ്പോഴാണ്, ഒരു സർജനെ കാണിക്കാൻ നിർദ്ദേശം ലഭിച്ചത്. സർജൻ സ്കാൻ ചെയ്യാൻ പറഞ്ഞു. പിന്നീട് അത് ബയോപ്സിക്ക് അയച്ചു. അതിന്റെ റിസൾട്ട് വന്ന അന്നാണ് ഷാനിക്ക്  വിദേശത്തേക്കു പോകാനുള്ള കാര്യങ്ങളെല്ലാം ശരിയായെന്നുള്ള വിവരം പറഞ്ഞു ഫോൺ വരുന്നതും.

കൂനിന്മേൽ കുരു എന്നപോലെ കഷ്ടകാലം

ഷാനിയുടെ രോഗാവസ്ഥ എല്ലാവരും അറിഞ്ഞപ്പോൾ ഷാനിയേക്കാളുപരി വീട്ടുകാരായിരുന്നു തളർന്നുപോയത്. “എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എങ്കിലും ഭർത്താവിന് അത് അംഗീകരിക്കാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ഏറ്റവുമധികം പ്രതിസന്ധിയിലാഴ്ത്തിയത് ചികിത്സിക്കാനുള്ള പണം ഇല്ല എന്നുള്ളതായിരുന്നു. ഗൾഫിലേക്കുള്ള സാധ്യത മറ്റൊരാൾക്ക് നൽകാൻ പറഞ്ഞു. കാരണം രോഗം അതിന്റെ അങ്ങേയറ്റം വരെയെത്തിയിരുന്നു. ചാച്ചന്റെ അസുഖം, ചികിത്സ, ചിലവുകൾ അതിന്റെ കൂടെയാണ് എന്റെ അസുഖം. കഷ്ടപ്പാടുകൾ ഒരു മുത്തിൽ കോർത്ത മാല പോലെ ഞങ്ങളിലേക്ക് വന്നുകൂടി.

ഇടതു ബ്രെസ്റ്റിനാണ് കാൻസർ, എത്രയും പെട്ടന്ന് സർജറി വേണമെന്ന് ഡോക്ടർമാർ. കാശിനായി എവിടെ പോകുമെന്നു പോലും അറിയില്ല. ഉണ്ടായിരുന്ന സ്വർണ്ണമെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും സർജറി കഴിഞ്ഞു. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു എന്ന് പിന്നീടാണ് ഞങ്ങൾ അറിയുന്നത്” – ഷാനി, കാൻസർ എന്ന വില്ലൻ തങ്ങളുടെ ജീവിതത്തിൽ കടന്നുവന്ന ആദ്യദിനങ്ങളെ ഓർത്തെടുത്തുകൊണ്ട് പറഞ്ഞുതുടങ്ങി.

ഷാനിയുടെ ജീവിതത്തിലെ സഹനങ്ങളുടെ തുടക്കം ബ്രെസ്റ്റ് നീക്കം ചെയ്യലോടെ ആരംഭിച്ചു എന്നു പറയാം. കാരണം സർജറിക്കു ശേഷം ആശുപത്രിയിൽ കൂടെ നിൽക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. ഭർത്താവിന്റെ പിതാവ് സുഖമില്ലാതെ തളർന്ന് കിടപ്പിലായതിനാൽ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഷാനിയുടെ ഭർതൃമാതാവ് റീത്താമ്മ തന്നെയായിരുന്നു. ഷാനിയുടെ സ്വന്തം അമ്മയ്ക്ക് പ്രായമേറെ ഉണ്ടായിരുന്നതിനാൽ ആശുപത്രിയിൽ വന്ന് ഷാനിയുടെ കാര്യങ്ങൾ നോക്കുക എന്നത് പ്രായോഗികമല്ലായിരുന്നു. ഷാനിയുടെ മൂത്ത സഹോദരിയുടെ വീട്ടിലും അപ്പോൾ അനുകൂലമായ സാഹചര്യം അല്ലായിരുന്നു.

“ലീവിന് വന്നതിനു ശേഷം ചാച്ചനെ ശുശ്രൂഷിച്ചതൊക്കെ ഞാനും അമ്മയും കൂടിയായിരുന്നു. എന്നാൽ എന്റെ കാര്യം വന്നപ്പോൾ എനിക്ക് ആരുമില്ലാത്ത അവസ്ഥ. അത് തീർച്ചയായും മാനസികവിഷമം ഉണ്ടാക്കുന്ന ഒന്നായിരുന്നു. എങ്കിലും സർജറി കഴിഞ്ഞാൽ ബാക്കിയുള്ളതൊക്കെ എങ്ങനെയെങ്കിലും നടത്താമെന്ന് മനസിൽ വിശ്വസിച്ചു. അങ്ങനെ സർജറിയും ആശുപത്രിവാസവും കഴിഞ്ഞു വീട്ടിലെത്തി” – ഷാനി പങ്കുവയ്ക്കുകയാണ്.

അതുവരെയും ശരീരത്തിലുണ്ടായിരുന്ന ഒരു അവയവമാണ് നീക്കം ചെയ്തിരിക്കുന്നത്. എങ്കിലും രോഗം വന്നാൽ ബാക്കി നോക്കാതെ തരമില്ലല്ലോ. സർജറിയിൽ വന്ന ചെറിയൊരു പിഴവ് ഷാനിയുടെ ജീവിതത്തെ കൂടുതൽ കഷ്ടതയിലാക്കി. സർജറി ചെയ്യുമ്പോൾ സാധാരണഗതിയിൽ ഇടേണ്ട ഡ്രെയ്ൻ (പഴുപ്പുണ്ടാകുമ്പോൾ ഒഴുകിപ്പോകാനുള്ള പ്രത്യേക സംവിധാനം) ഡോക്ടർ ഇട്ടിട്ടില്ലായിരുന്നു. സർജറി കഴിഞ്ഞ ഭാഗം മുഴുവൻ പഴുപ്പ് നിറഞ്ഞു. അത് വലിയ വേദനയായി.

മാനസികമായുണ്ടാകുന്ന പിരിമുറുക്കങ്ങളും അസ്വസ്ഥതകളും ഒരുഭാഗത്ത്; മറുഭാഗത്ത് കഠിനമായ വേദന. വേദന എന്ന അവസ്ഥ മാത്രമേ അപ്പോൾ ഷാനിയുടെ മുൻപിലുണ്ടായിരുന്നുള്ളൂ. ഇതും വച്ചുകൊണ്ടു തന്നെ ഷാനി വീട്ടിലെ പണികളൊക്കെ ചെയ്യാൻ തുടങ്ങി. കാരണം വീട്ടിലെ സാഹചര്യം അങ്ങനെയായിരുന്നു. പലപ്പോഴും ദൈവത്തോട് പരാതിയൊക്കെ പറഞ്ഞെങ്കിലും ആ പരാതികളിലൂടെ ഷാനി ദൈവത്തോട് അടുക്കുകയായിരുന്നു. അങ്ങനെ പിന്നീട് ചികിത്സ, മാർ സ്ലീവാ മെഡിസിറ്റിയിലേക്കു മാറ്റി. എങ്കിലും ചികിത്സക്ക് വേണ്ടിവരുന്ന തുക വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിന്നു.

എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. കാൻസർ എല്ലായിടത്തും ഉണ്ട്. ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമില്ലാതെയാണ് ഈ രോഗം വരുന്നത്. രോഗത്തിനു മുൻപിൽ മനസ് മടുക്കാതെ, തോൽക്കാതെ നിൽക്കുക എന്നതാണ് കാര്യം. എന്നാൽ ജീവിതം വഴിമുട്ടിയെന്നു തോന്നുമ്പോൾ, സഹായത്തിനു പോലും ആരുമില്ലെന്നു തോന്നുമ്പോൾ, വേദനകളുടെ കയ്പുനീർ മാത്രം കുടിച്ചിറക്കുമ്പോൾ പതറാതെ നിൽക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അവിടെ നാം ദൈവത്തിൽ ആശ്രയിക്കുന്നു. അവിടുത്തെ പിടിവിടാതെ മുറുകെ പിടിച്ചാൽ നമുക്ക് അവിടുന്ന് മാർഗ്ഗം കാണിക്കും. അതിന്റെ തെളിവായി ഷാനി പറയുന്നത് ഇപ്രകാരമാണ്:

“ചികിത്സ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, ഒരു ഉറക്കത്തിലാണ് എന്റെ മനസിലേക്ക് ദൈവം ഒരു പേര് കാണിച്ചുതരുന്നത് – ബിൻസി. പെട്ടന്ന് ഞെട്ടിയെണീറ്റ ഞാൻ ഒരുവേള ബിൻസി ആരാണെന്നു ചിന്തിച്ചു. പെട്ടന്നാണ് 15 വർഷങ്ങൾക്കു മുൻപ് എന്റെ കൂടെ നഴ്സിംഗ് പഠിച്ച ബിൻസിയെ ഓർമ്മ വന്നത്. ഫോൺ നമ്പറൊന്നും കയ്യിൽ ഇല്ലായിരുന്നു. എങ്കിലും ഫേസ്ബുക് മെസ്സഞ്ചറിലൂടെ ഞാൻ ഒരുപാഴ് ശ്രമം നടത്തിനോക്കി. അതു വിജയിച്ചു.

കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവൾ, ഉടനെ തന്നെ ഞങ്ങളുടെ ബാച്ചിലുള്ള എല്ലാവരെയും വിവരം അറിയിച്ചു. അവർ എല്ലാവരും ചേർന്ന് ചികിത്സക്ക് ആവശ്യമായ തുക ഞങ്ങൾക്ക് നൽകി. അത് വലിയൊരു ആശ്വാസമായിരുന്നു. അതുപോലെ അവർ അറിയിച്ചതിൻപ്രകാരം ഞാൻ നേഴ്സിങ് പഠിച്ച കട്ടപ്പനയിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ആൽഫി സിസ്റ്ററും പയസ് ബ്രദറും റോയ് ബ്രദറും ചികിത്സയ്ക്കാവശ്യമായ എല്ലാവിധ സഹായവും ചെയ്തുതന്നു.

അതൊക്കെ ദൈവത്തിന്റെ വലിയ ഇടപെടലായിട്ടാണ് ഞാൻ കാണുന്നത്. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല എന്ന ഒരു ഉറച്ച ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ദൈവത്തോട് ഞാൻ ഒന്നേ പറഞ്ഞുള്ളൂ, ‘വേദന ഞാൻ സഹിച്ചോളാം. പക്ഷേ, കർത്താവേ, നീ തന്ന രോഗമാണല്ലോ. അപ്പോൾ ചികിത്സിക്കാനുള്ള കാശും നീ തന്നെ തന്നോണം’ എന്ന്. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം വാക്കു പാലിച്ചു. സഹനങ്ങൾക്കൊപ്പം അവിടുന്ന് ചികിത്സിക്കാനുള്ള കാശും തന്നു” – ഷാനി ചിരിക്കുകയാണ്.

17 സൈക്കിൾ കീമോ തെറാപ്പിയും പിന്നാലെ വന്ന സ്‌ട്രോക്കും

സർജറി കഴിഞ്ഞു. ഡ്രെയ്ൻ ഇടാത്തതുകൊണ്ട് ഉണ്ടായ വേദനയും ചികിത്സയും പിന്നാലെ നടന്നു. ഇനി അടുത്തത് കീമോ തെറാപ്പിയാണ്. ബ്രെസ്റ്റ് എടുത്തുകളഞ്ഞെങ്കിലും കാൻസർ കോശങ്ങൾ ഷാനിയുടെ ശ്വാസകോശം, തൊണ്ട, തലച്ചോറ് എന്നിവയിലേക്കൊക്കെ പടർന്നുകയറാൻ തുടങ്ങിയിരുന്നു.

ഒരു നേഴ്‌സ് ആണ് എന്നത് ഷാനിക്ക് ഗുണവും അതുപോലെ തന്നെ ദോഷവും ആയിട്ടുണ്ട്. രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാകാൻ ഈ അവസ്ഥ സഹായിച്ചു. എന്നാൽ ചികിത്സയിൽ നേരിടാൻ പോകുന്ന വേദനകളും അതിന്റെ പരിണിതഫലങ്ങളും മുന്നേകൂട്ടി കണ്ടു. എങ്കിലും ഷാനി പറയുന്നത് താൻ അൽപം വിഷമിച്ചാലും കൂടെയുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഇത് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ്. എങ്കിലും കീമോ തെറാപ്പിയുടെ മരുന്ന് കയറ്റേണ്ടത് കൈയ്യിലെ ഞരമ്പിലൂടെയാണ്. ഇടതുവശത്ത് സർജറി കഴിഞ്ഞിരിക്കുന്നതിനാൽ ആ കൈയ്യിൽ കൂടെ കീമോ ചെയ്യാൻ സാധിക്കില്ല. അതിനാൽ വലതുകൈയ്യിലൂടെ മാത്രമാണ് മരുന്ന് കയറ്റിവിടുന്നത്.

ഞരമ്പുകളിലൂടെ ശരീരം മുഴുവൻ വേദന പാഞ്ഞൊഴുകുന്ന അവസ്ഥ. മുടിയൊക്കെ പൊഴിഞ്ഞുപോയി. കീമോ കഴിയുമ്പോഴുള്ള നിലക്കാത്ത ഛർദ്ദി. ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥ, വീടിനെക്കുറിച്ചുള്ള ചിന്ത, മകനെയും ഭർത്താവിനെയും ഓർത്തുള്ള ആകുലത, പ്രിയപ്പെട്ടവരുടെ കണ്ണുനീരിന്റെ നനവുകൾ, സാമ്പത്തിക പരാധീനതകൾ… ഒക്കെയും ഷാനിയുടെ മനസിനെയും ശരീരത്തെയും ഗ്രസിച്ചുകൊണ്ടിരുന്നു. കീമോ തെറാപ്പി ഒരു കൈയ്യിലൂടെ മാത്രം ചെയ്യുന്നതിനാൽ ആ കൈക്കും പ്രശ്നമായി. അത് ഭീകരമായ അവസ്ഥയായിരുന്നു.

“ഒരു നേരത്തെ ആഹാരം പോലും തനിയെ കഴിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. കീമോ കഴിയുമ്പോൾ വല്ലാതെ ഛർദിക്കാൻ വരും. നിസ്സഹായതയുടെ അങ്ങേയറ്റം. 17 സൈക്കിൾ കീമോ തെറാപ്പിയായിരുന്നു ഉണ്ടായിരുന്നത്. കൈയ്യിലെ ഞരമ്പിലൂടെ കീമോ ചെയ്യാൻ സാധിക്കാതെയായി. ചികിത്സ തുടരുകയും വേണം. അങ്ങനെ കാലിൽ കുത്താൻ തുടങ്ങി. അപ്പോൾ കാലും പഴുക്കാൻ തുടങ്ങി. അതോടൊപ്പം പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നിവയും. ഒടുവിൽ ഹാർട്ട്, ശ്വാസകോശം എല്ലായിടത്തും വെള്ളം കെട്ടി.”

വേദനയുടെ വേലിയേറ്റം. കൂടെ ശ്വാസതടസ്സവും മറ്റ് അനുബന്ധപ്രശ്നങ്ങളും. വേദനകളുടെ പാരമ്യത്തിൽ ബോധം നഷ്‌ടമായ ഷാനിയെ ഐ.സി.യു (ICU)  -വിൽ അഡ്മിറ്റ് ചെയ്തു. അതിൽ നിന്നും ജീവനോടെ ഇറങ്ങിവരുമെന്നു ഡോക്ടർമാർ പോലും കരുതിയിരുന്നില്ല. പക്ഷേ, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അങ്ങനെ ഒരാഴ്ചക്കു ശേഷം ഷാനിയെ  ഐ.സി.യു -വിൽ നിന്നും മാറ്റി.

പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലായിരുന്നു തുടർചികിത്സകൾ നടത്തിയത്. എന്നാൽ ഷാനിയുടെ സഹനത്താളുകളിൽ എഴുതിച്ചേർക്കാൻ ഒരുപാട് കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. ഇടയ്ക്ക് രക്തസമ്മർദം കൂടി ഷാനിക്ക് സ്ട്രോക്ക് പോലെ വന്നു. പിന്നീട് ജീവിതം വീൽചെയറിലായി. നിലവിൽ, വീട്ടിൽ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത രണ്ടു പേർ. ആ ഒരു സാഹചര്യത്തിൽ കുടുംബത്തിന്റെ സ്ഥിതി വളരെ കഷ്ടമായി. അങ്ങനെ ഷാനിയെ സഹോദരി അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. തളർന്നുകിടന്ന ഷാനിയെ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ഒരു മാസക്കാലം ചേച്ചി ഷൈനി ശുശ്രൂഷിച്ചു.

“പിന്നീട് തിരികെ വീട്ടിലെത്തിയെങ്കിലും അവിടെ താമസിക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങി. ആ സമയത്താണ് കോവിഡ്-19 പിടിമുറുക്കുന്നത്. സുഖമില്ലാത്ത ചാച്ചനും ഞാനും. രണ്ടു പേരും ഒരുമിച്ച് താമസിക്കുന്നത് രണ്ടു പേരുടെയും ജീവന് നല്ലതല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ ഞാനും ഭർത്താവും മോനും കൂടി ഒരു വാടകവീട്ടിൽ താമസം തുടങ്ങി. വീൽചെയറിലായ ഞാൻ, ആറാം ക്ലാസുകാരനായ മകൻ. ഭർത്താവിന് ജോലിക്കും പോകണം. അതിരാവിലെ എഴുന്നേറ്റ് എന്റെ കാര്യങ്ങളും അടുക്കള കാര്യങ്ങളുമെല്ലാം ചെയ്തതിനു ശേഷമായിരുന്നു അദ്ദേഹം ജോലിക്ക് പോയിരുന്നത്. എന്ത് ജോലി ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. കാരണം പണത്തിന്റെ ആവശ്യം അത്രമേൽ ഉണ്ടായിരുന്നു. ക്ലാസില്ലാത്തതിനാൽ മോൻ കൂടെയുണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. പക്ഷേ, ചില സമയത്ത് രോഗം അതിന്റെ എല്ലാ മോശപ്പെട്ട സ്വഭാവങ്ങളും കാണിക്കും. എങ്കിലും ദൈവം എല്ലായ്പ്പോഴും കൂടെ ഉണ്ടായിരുന്നു” – കടന്നുവന്ന സഹനവഴികളെ ഷാനി വിവരിക്കുകയാണ്.

പരിശുദ്ധ അമ്മയുടെ സാന്നിധ്യം 

കീമോ തുടർന്നുകൊണ്ടേയിരുന്നു. വേദനയും ഒപ്പം ഉണ്ടായിരുന്നു. എത്രയോ രാത്രികളും പകലുകളും ഷാനി ഉറങ്ങാതെ തള്ളിനീക്കിഎന്ന് ഷാനിക്കു പോലും പറയാനറിയില്ല. ഷാനിയുടെ ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹം എത്രത്തോളം തീവ്രമായിരുന്നോ അത്രത്തോളം തന്നെ കഠിനമായിരുന്നു വേദനയുടെ ആ രാവുകളും പകലുകളും. രണ്ടും അനന്തമായിരുന്നു.

ഇതിന്റെയൊക്കെ പരിണിതഫലം പോലെ ഓർമ്മ പോകും, സംസാരിക്കാൻ സാധിക്കാതെ വിക്കൽ അനുഭവപ്പെടും. “ജപമാലയുടെ രഹസ്യങ്ങളും പ്രാർത്ഥനകളും ഒക്കെ ഞാൻ മറന്നുതുടങ്ങി. എത്ര ആലോചിച്ചാലും ഓർമ്മ കിട്ടാത്ത അവസ്ഥ. എങ്കിലും യൂട്യൂബിലൊക്കെ ധ്യാനപ്രസംഗങ്ങളും മറ്റും കേൾക്കും. എത്ര വലിയ മറവിയിലും ഞാൻ ‘ഈശോയേ, നിന്റെ തിരുരക്തത്താൽ എന്നെ കഴുകണമേ’ എന്ന് പ്രാർത്ഥിച്ചിരുന്നു. മിക്കവാറും അതിനു മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളൂ.

ഒടുവിൽ കാലിലൂടെയും കീമോയുടെ മരുന്ന് കയറ്റാൻ സാധിക്കാതെ വന്നു. ഇനിയുള്ള സാധ്യത എന്നുപറയുന്നത് കഴുത്താണ്. കഴുത്തിലൂടെ സെൻട്രൽ ലൈൻ (Central line) ഇട്ടു. സാധാരണഗതിയിൽ അത് ബോധം കെടുത്തിയിട്ടാണ് ചെയ്യാറ്. കാശില്ലാത്തതിനാൽ ബോധം കെടുത്താതെ ചെയ്യാൻ ഡോക്ടറോട് പറയും. ഫ്രീ ആയിട്ട് വേദന മാത്രമല്ലേ നമുക്ക് സഹിക്കാൻ പറ്റൂ. അങ്ങനെ അതും സംഭവിച്ചു. നാലു മാസം കീമോ ചെയ്തത് ഇങ്ങനെയായിരുന്നു. വീൽചെയറിലാണെങ്കിലും വീട്ടിൽ കൈ കൊണ്ട് ചെയ്യാൻ പറ്റുന്ന പണികളെല്ലാം ഞാൻ ചെയ്തു. ഇടയ്ക്ക് കഴുത്തിലെ സെൻട്രൽ ലൈൻ ഇട്ടത് പൊട്ടിപ്പോകും. വീണ്ടും അത് പോയി പിടിപ്പിക്കും. ഇതു തന്നെയായിരുന്നു പതിവ് പരിപാടികൾ. അത് ഇടുന്ന ദിവസങ്ങളിൽ വയറു വീർത്തുവരിക, തുടർന്ന് കടുത്ത പനി എന്നീ അസ്വസ്ഥതകൾ ഉണ്ടാകുമായിരുന്നു

ഒരു ദിവസം എന്റെ മയക്കത്തിൽ പരിശുദ്ധ അമ്മ ഞാൻ കിടന്നിരുന്ന മുറിയിൽ വന്നുനിൽക്കുന്നതു പോലെ എനിക്കു തോന്നി. അത് സ്വപ്നമായിരുന്നോ സത്യമായിരുന്നോ എന്ന് നിർവ്വചിക്കാൻ പറ്റുന്നില്ല. ഏതായാലും, അന്നു മുതൽ സെൻട്രൽ ലൈൻ ഇടുമ്പോഴുള്ള അസ്വസ്ഥതകൾ പിന്നീട് ഉണ്ടായിട്ടേ ഇല്ല. കാലിന്റെ അസ്വസ്ഥതകൾ മാറാൻ ചുരുങ്ങിയത് ആറു മാസമെങ്കിലും എടുക്കുമെന്ന് വിധിയെഴുതിയ ഡോക്ടർമാർ വെറും രണ്ടാഴ്ച കൊണ്ട് കാലു ശരിയായപ്പോൾ അത്ഭുതപ്പെട്ടു” – പരിശുദ്ധ അമ്മ തന്റെ സഹനങ്ങളിൽ കൂടെ ഉണ്ടെന്നുള്ളതിന്റെ തെളിവായാണ് ഷാനി ഈ സംഭവത്തെ കാണുന്നത്.

മരണത്തോടടുക്കുന്ന നിമിഷങ്ങളിൽ

ചികിത്സയും പ്രാർത്ഥനയുമെല്ലാം നടക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ഷാനിയുടെ ആരോഗ്യനില വളരെയധികം വഷളാകുമായിരുന്നു. രോഗക്കിടക്കയിൽ ബോധമില്ലാതെ വേദനയും സഹിച്ച് കണ്ണടച്ച്  മയങ്ങും. “ചിലപ്പോൾ മയക്കത്തിൽ ആയിരിക്കുന്ന സമയത്ത് മോൻ വന്ന് ശ്വാസമുണ്ടോ എന്ന് മൂക്കിൽ കൈ വച്ചു നോക്കും, മറ്റു ചിലപ്പോൾ കണ്ണ് ബലമായി പിടിച്ച് തുറന്നുനോക്കും. ഉള്ളിന്റെയുള്ളിൽ അവനു പോലും ഞാൻ ഇനി ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയില്ലെന്ന് തോന്നിയിരുന്നു.

എന്നാൽ, തമ്പുരാൻ എന്നെ എല്ലാത്തിൽ നിന്നും പിടിച്ചെഴുന്നേല്പിച്ചു. ഇതിനിടയിൽ ഞങ്ങൾക്കെല്ലാവർക്കും കോവിഡ് വന്നെങ്കിലും അതിൽ നിന്നും അത്ഭുതകരമായി ഞങ്ങൾ രക്ഷപെട്ടു. ദൈവത്തിന്റെ കരുതലിന്റെ വലതുകരം എപ്പോഴും ഞങ്ങൾക്കു മുകളിൽ ഉണ്ടായിരുന്നു. എങ്കിലും ഈ അവസ്ഥയിലായിരിക്കുമ്പോൾ ഭർത്താവ് ബിജു പണിക്കിടയിൽ വീണ് നട്ടെല്ല് പൊട്ടി കിടപ്പിലായിരുന്നു. അതിനു ശേഷം തളർന്നുകിടന്ന ചാച്ചനും എന്റെ അപ്പച്ചനും രണ്ടു മാസത്തെ വ്യത്യാസത്തിൽ മരണമടഞ്ഞു. ആ സമയത്തൊക്കെയും നമുക്ക് ദൈവത്തെ കുറ്റപ്പെടുത്താൻ തോന്നും. എങ്കിലും ബൈബിളിലെ ജോബിനെയാണ് ഞാൻ എപ്പോഴും ഓർമ്മിച്ചത്. എത്ര വലിയ കഷ്ടതയിലും ദൈവത്തെ തള്ളിപ്പറയാത്ത ജോബിന് ദൈവം എല്ലാ ഐശ്വര്യങ്ങളും തിരികെ നൽകി. അതുകൊണ്ട് ഈ നിമിഷത്തെയും അതിജീവിക്കാൻ ഞങ്ങൾക്ക് തുണയായത് ദൈവം മാത്രമാണ്” – ഷാനി പുഞ്ചിരിയോടെ പറയുകയാണ്.

ആരോഗ്യനില അല്പം മെച്ചപ്പെട്ടപ്പോൾ പാലായിലുള്ള താബോർ ധ്യാനകേന്ദ്രത്തിൽ ഷാനിയും കുടുംബവും ധ്യാനത്തിൽ പങ്കെടുക്കാൻ പോയിരുന്നു. അവിടെ വച്ച് അത്ഭുതകരമായി ദൈവം ഷാനിയുടെ രോഗത്തിന് ആശ്വാസം കൊടുത്തതായി ഷാനി സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളുടെയും അസുഖത്തിന്റെയും അനന്തരഫലമായി ഷാനിയുടെ വയറ് വല്ലാതെ വീർത്തിരുന്നു. ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് വൈദികൻ ഷാനിയുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചപ്പോൾ ഷാനിയുടെ വയറ് ചുരുങ്ങിപ്പോയത് അനേകർ നേരിട്ടു കണ്ട കാഴ്ചയാണ്. ആ സംഭവത്തിനു ശേഷം വയറിനുള്ളിലെ അസ്വസ്ഥതകളെല്ലാം  ഷാനിക്ക് കുറവുണ്ട്.

കടപ്പാടിന്റെ പ്രാർത്ഥനാ ഡയറി

പിന്നിട്ട വഴികളിൽ കടപ്പാടിന്റെ കഥകൾ ഏറെ പറയാറുണ്ട് ഷാനിക്ക്. സാമ്പത്തികപരമായും പ്രാർത്ഥനാപരമായും സഹായിച്ച ഒരുപാടു പേരുണ്ട്. ഷാനിയുടെ നേഴ്സിങ് ബാച്ച്മേറ്റ്സ്, പ്രീഡിഗ്രി ബാച്ച് മേറ്റ്സ്, മറ്റു സുഹൃത്തുക്കൾ, വൈദികർ, സിസ്റ്റേഴ്സ്, ഡോക്ടർമാർ, നഴ്സുമാർ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നീണ്ട നിര.

“എല്ലാ ഭൂഖണ്ഡങ്ങളിലും എനിക്കായി പ്രാർത്ഥിക്കാൻ ആളുകളുണ്ടായിരുന്നു. ഒരുപാട് ആളുകൾ ചികിത്സക്കായി സാമ്പത്തികമായി സഹായിച്ചു. രോഗാവസ്ഥയിലായിരുന്നപ്പോൾ എനിക്ക് മാനസികമായി തളർച്ച അനുഭവപ്പെട്ട നാളുകളിൽ ഫോൺ വിളിച്ചും നേരിട്ടും വാക്കുകളിലൂടെ ശക്തിപ്പെടുത്തിയവർ. എന്റെ മനസ്സൊന്നു വിഷമിച്ചാൽ അടുത്ത നിമിഷത്തിൽ ദൈവം ആരെയെങ്കിലും കൊണ്ട് ഫോൺ വിളിപ്പിക്കും. എന്റെ ആകുലതകളിൽ ദൈവം അയച്ച ദൂതരെപ്പോലെ അവർ എന്നെ കേൾക്കും; ആശ്വാസവാക്കുകൾ പറയും.

ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കാൻ ദൈവം എന്നെ ഒരിക്കലും അനുവദിച്ചിരുന്നില്ല. എനിക്ക് കൂട്ടിരിക്കാൻ ദൈവം അയച്ച എല്ലാവരെയും, എന്നെ സഹായിച്ച എല്ലാവരുടെയും പേരുകൾ ഞാൻ ഒരു ഡയറിയിൽ കുറിച്ചിട്ടിട്ടുണ്ട്. അവരെയൊക്കെയും അവിടുത്തെ തിരുമുൻപിൽ പേരെടുത്തു പറഞ്ഞു പ്രാർത്ഥിക്കേണ്ടത് ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ചെയ്യേണ്ട ഉത്തരവാദിത്വമാണ്. എനിക്ക് മറവി വന്നാൽ പോലും ഈ ഡയറിയിൽ അവരുടെ പേരുണ്ടല്ലോ, എനിക്ക് പ്രാർത്ഥിക്കാൻ. ദൈവത്തോടും എന്റെ പ്രിയപ്പെട്ടവരോടും ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു” – ഷാനി പറയുന്നു.

ചികിത്സകൾ പൂർത്തിയായെങ്കിലും ഇടക്കിടെയുള്ള ചെക്കപ്പുകൾ ഷാനിക്ക് ഇപ്പോഴും ആവശ്യമാണ്. സാമ്പത്തിക പരാധീനതകൾ ഏറെയുണ്ടെങ്കിലും തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള ആരോഗ്യസ്ഥിതി ഇപ്പോൾ ഷാനിക്കില്ല. വീൽചെയറിൽ നിന്നും എഴുന്നേറ്റെങ്കിലും ഇടക്കിടെ ഷാനിയുടെ ഓർമ്മക്ക് അല്പം മങ്ങലേൽക്കാറുണ്ട്. എങ്കിലും എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് ജോലി ചെയ്ത് കുടുംബത്തിന് താങ്ങാകാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഈ കുടുംബിനി. കടങ്ങൾ വീട്ടണം, വാടകവീട്ടിൽ നിന്ന് മാറി സ്വന്തമായി ഒരു കൊച്ചുവീട് വയ്ക്കണം, മകന് നല്ല വിദ്യാഭ്യാസം നൽകണം, പ്രായമായ അമ്മയെ നന്നായി നോക്കണം, കഷ്ടതയിൽ താങ്ങായിനിന്ന ഭർത്താവിന് ഒരു കൈസഹായമാകണം… ഷാനി നന്ദിയോടെ ദൈവതിരുമുമ്പിൽ തന്റെ ആഗ്രഹങ്ങളെ ചേർത്തുവയ്ക്കുകയാണ്.

ഷാനി തളർന്നാൽ മറ്റുള്ളവരും തളരും

ഒരു സാധാരണ കുടുംബത്തിൽ കാൻസർ രോഗം വന്നാൽ എന്ത് സംഭവിക്കും എന്നുള്ളതിന്റെ നേർചിത്രമാണ് ഷാനിയുടെ ജീവിതത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. അസാധാരണമായ മനോധൈര്യവും ദൈവവിശ്വാസവും കൊണ്ട് എല്ലാത്തിനെയും അതിജീവിച്ച ഷാനി ഒരു ധീരയായ കാൻസർ പോരാളിയാണ്. ജീവിതത്തെ പ്രത്യാശയോടെ കാണുക എന്നുള്ളതാണ് ഏറ്റവും ആവശ്യമെന്നാണ് ഷാനി പറയുന്നത്.

കടന്നുവന്ന വേദനയുടെ വഴികളെ പുഞ്ചിരിയോടെയാണ് ഷാനി ഇപ്പോൾ വിവരിക്കുന്നത്. ആത്മവിശ്വാസത്തിന്റെയും ദൈവാശ്രയത്തിന്റെയും അംബാസഡറായ ഷാനിക്ക് പറയാൻ ഒന്നേയുള്ളൂ – “സ്വയം മടുക്കരുത്. എത്ര വലിയ വേദന വന്നാലും സ്വയം മടുപ്പ് അനുഭവപ്പെട്ടാൽ മറ്റുള്ളവരും മടുക്കും. പിന്നീടുള്ള നമ്മുടെ ജീവിതം ഭയാനകമാകും. വേദനയുടെ ഗെത്സമനിൽ നിന്നും എനിക്കൊരു മോചനമില്ലേ ദൈവമേ എന്ന് പലവട്ടം ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട്. പക്ഷേ, പരാതികളിലൂടെ ദൈവത്തോട് അടുത്ത ഒരാളാണ് ഞാൻ. അവിടുന്നുമായി അടുക്കുക. സംഭവിക്കുന്നതെല്ലാം നന്മക്കായിട്ടാണെന്ന് ഉറച്ചു വിശ്വസിക്കുക. എല്ലായ്പ്പോഴും അവിടുന്നിൽ ഉറച്ചുനിൽക്കുക. എല്ലാം നമുക്ക് തിരികെ നൽകും. ഒരിക്കലും തളരാതെ മുന്നോട്ടു പോകുക” – ഷാനി പറയുമ്പോൾ അവരുടെ വാക്കുകളിൽ അനുഭവങ്ങൾ പകർന്ന കരുത്ത് നിഴലിച്ചു നിന്നിരുന്നു.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, പഴയ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല എന്നാണ്‌ ഷാനി പറയുന്നത്. “രോഗം വന്നപ്പോഴാണ് എനിക്ക് എന്റെ പ്രിയപ്പെട്ടവരെ എല്ലാവരെയും തിരിച്ചുകിട്ടിയത്. എന്റെ സൗഹൃദങ്ങളെ തിരികെ ലഭിച്ചത്. ആളുകളുടെ സ്നേഹവും കരുതലും പ്രാർത്ഥനയുടെ ശക്തിയും ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞത്. ദൈവത്തോട് ഏറ്റവും കൂടുതൽ അടുത്തത്. അതുകൊണ്ട് ഈ അവസ്ഥയിൽ നിന്നൊരു തിരികെപ്പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല” – ഷാനി ഉറപ്പോടെ പറയുന്നു.

ജീവിതത്തിൽ സംഭവിച്ച രോഗങ്ങളെയും അസ്വസ്ഥതകളെയും പുഞ്ചിരിയോടെ നേരിട്ട ഷാനി എക്കാലവും ഒരു മാതൃകയാണ്. കാൻസർ എന്നാൽ മരണമാണെന്നു കരുതി ആത്മവിശ്വാസം നഷ്ടപ്പെടുന്നവർക്ക് ഷാനിയെപ്പോലെ ഉള്ളവർ വലിയ പ്രചോദനമാണ്. എത്രകാലം ജീവിക്കുന്നു എന്നതിലല്ല, ആ രോഗത്തെ എങ്ങനെ കാണുന്നു എന്നതാണ് അതിജീവനത്തിന്റെ ആദ്യപടി. കാൻസർ എന്ന വില്ലന്റെ മുൻപിൽ തോറ്റുകൊടുക്കാതെ ദൈവത്തെ കൂട്ട് പിടിച്ച് സധൈര്യം പോരാടിക്കൊണ്ടിരിക്കുന്ന ഷാനിക്കും ഇതുപോലെ തോറ്റുകൊടുക്കാൻ മനസില്ലാതെ, ജീവിതത്തെ അങ്ങേയറ്റം പ്രത്യാശയോടെ കാണുന്ന, ആത്മധൈര്യത്തിന്റെ അംബാസഡർമാരായ എല്ലാ കാൻസർ പോരാളികൾക്കും ലൈഫ്ഡേയുടെ പ്രാർത്ഥനാശംസകൾ.

സുനീഷ വി.എഫ്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.