
പരിശുദ്ധ കുർബാനയിൽ വാസം ചെയ്യുന്ന ക്രിസ്തുസാന്നിധ്യം അനുഭവിച്ചവരാണ് കത്തോലിക്കാ സഭയിലെ വിശുദ്ധർ. പരിശുദ്ധ കുർബാനയിലും പരിശുദ്ധ കുർബാനയുടെ ആരാധനയിലും ദൈവികസാന്നിധ്യം സജീവമായി അനുഭവിച്ച ഏതാനും വിശുദ്ധരുടെ പരിശുദ്ധ കുർബാന അനുഭവം ദിവ്യകാരുണ്യത്തിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ നമ്മെയും പ്രാപ്തരാക്കും.
1. വി. അൽഫോൺസ് മരിയ ലിഗോരി
“പരിശുദ്ധ കുർബാനയുടെ മുൻപിൽ ഏറ്റവും ഭക്തിയോടെ നമ്മൾ ചെലവഴിക്കുന്ന സമയം നമ്മുടെ ജീവിതത്തിൽ നന്മ ഉറപ്പാക്കുകയും നമ്മുടെ മരണത്തിലും നിത്യതയിലും നമുക്ക് ആശ്വാസം നൽകുകയും ചെയ്യുന്ന വിലപ്പെട്ട നിമിഷങ്ങളാണെന്നു വിശ്വസിക്കുക. ഒരു ദിവസത്തിലെ മറ്റെല്ലാ ആത്മീയ അനുഷ്ഠാനങ്ങളെക്കാൾ പരിശുദ്ധ കുർബാനയുടെ മുൻപിൽ 15 മിനിറ്റെങ്കിലും ചെലവഴിക്കുക എന്നത് കൂടുതൽ ശ്രേഷ്ഠമാണ്.”
2. വി. ഫ്രാൻസിസ് ഡി സെയിൽസ്
“പരിശുദ്ധ കുർബാനയിൽ നാം ഐക്യപ്പെടുമ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സ്വർഗീയ സാന്ത്വനങ്ങളാൽ നമ്മുടെ ആത്മാവ് നിറയുന്നു.”
3. വി. ജോൺ മരിയ വിയാനി
“പരിശുദ്ധ കുർബാനയുടെ മൂല്യം നമുക്കറിയാമെങ്കിൽ അതിൽ സംബന്ധിക്കാൻ നാം എത്ര വലിയ ത്യാഗവും ഏറ്റെടുക്കും.”
4. വി. ലൂയിസ് മേരി ഗ്രിഗ്നിയൻ ഡി മോണ്ട്ഫോർട്ട്
“പരിശുദ്ധ കുർബാനയ്ക്കണയുമ്പോൾ പരിശുദ്ധ മറിയത്തോട് അവളുടെ ഹൃദയം കടം ചോദിക്കുക; അങ്ങനെ അവളുടെ പുത്രനെ അവളുടെ സ്വഭാവങ്ങളോടെ നമുക്ക് സ്വീകരിക്കാം.”
5. ആവിലായിലെ വി. ത്രേസ്യാ
“പരിശുദ്ധ കുർബാന സ്വീകരിച്ചതിനുശേഷം ക്രിസ്തു നമ്മുടെ ഉള്ളിലുള്ളതിനാൽ ബാഹ്യനേത്രങ്ങളടച്ച് ആത്മാവിന്റെ കണ്ണുകൾ തുറന്ന് നമ്മുടെ ഹൃദയത്തിലേക്കു നോക്കാൻ ശ്രമിക്കുക.”
6. വി. ജോൺ ബോസ്കോ
“പ്രിയപ്പെട്ട യുവാക്കളേ, നിങ്ങൾക്ക് സന്തോഷവും ആനന്ദവും വേണോ? എങ്കിൽ പരിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാം.”
7. വി. ഫ്രാൻസിസ് അസീസി
” എനിക്ക് പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത സമയങ്ങളിൽ പരിശുദ്ധ കുർബാനയിൽ ഞാൻ ക്രിസ്തുവിനെ കണ്ട് ആരാധിക്കുന്നതുപോലെ തന്നെ പ്രാർഥനയിൽ ആത്മീയനേത്രങ്ങളാൽ ഞാൻ ക്രിസ്തുവിന്റെ പരിശുദ്ധ ശരീരത്തെ ആരാധിക്കുന്നു.”