യൗസേപ്പിതാവിനെ സ്വന്തം അപ്പച്ചൻ ആക്കിയപ്പോൾ നടന്ന അത്ഭുതങ്ങളുടെ സാക്ഷ്യവുമായി ഡോക്ടർ മഡോണ ജോസഫ് 

സി. സോണിയ കെ. ചാക്കോ ഡിസി

“യൗസേപ്പിതാവ് എന്നെ ഒരു ഡോക്ടറാക്കി. എനിക്ക് കാൻസർ വന്നപ്പോൾ യൗസേപ്പിതാവ് ഒരു ഡോക്ടറായി എന്റെ അരികിൽവന്ന് സൗഖ്യപ്പെടുത്തുകയും ചെയ്തു.” 2008- ൽ ‘ലൂപസ്’ രോഗം, 2015-ൽ ആക്സിഡൻറു മൂലം 40 ദിവസം ആശുപത്രിയിൽ, 2021-ൽ കാൻസർ! ജീവിതത്തെ അനുഗ്രഹങ്ങളുടെയും ആക്സിഡന്റുകളുടെയും മിശ്രിതമായി കരുതുന്ന ഡോക്ടർ മഡോണ ജോസഫിന്റെ അത്ഭുതകരമായ ജീവിതത്തിലൂടെ ഒരു സഞ്ചാരം. തുടർന്നു വായിക്കുക.

ഇക്കഴിഞ്ഞ പത്തു വർഷങ്ങളായി വളരെ പ്രചാരത്തിൽ വന്ന ഒരു ഭക്തിയാണ് ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള ഭക്തി. ഫ്രാൻസിസ് മാർപാപ്പ ആയിരുന്നു സത്യത്തിൽ ഇതിനു പിന്നിൽ. 2013 മാര്‍ച്ച് 19- ല്‍ 266-ാമത്തെ മാര്‍പ്പാപ്പയായി സ്ഥാനമേറ്റതിനുശേഷം ഉറങ്ങുന്ന യൗസേപ്പിനോടുള്ള സ്വകാര്യഭക്തി സഭയിലുടനീളം പടര്‍ന്നു. “എന്റെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധനായ യൗസേപ്പിനോട് എനിക്ക് അളവറ്റ സ്‌നേഹവും ഭക്തിയുമാണ്. എന്റെ യൗസേപ്പിതാവ് ഉറങ്ങുന്നത് മെത്തയിലല്ല, അപേക്ഷകളുടെ മേലെയാണ്. എനിക്കെന്തെങ്കിലും വിഷമങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ അതൊരു തുണ്ടുകടലാസിലെഴുതി യൗസേപ്പിന്റെ രൂപത്തിനടിയില്‍ വയ്ക്കും. അതിനാല്‍, അദ്ദേഹത്തിന് അവയെക്കുറിച്ച് കിനാക്കള്‍ കാണാം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഞാന്‍ മാര്‍ യൗസേപ്പിനോട് പറയും, ഈ പ്രശ്‌നത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം.” ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ.

മാർപാപ്പ പറഞ്ഞത് എത്രയോ വലിയ സത്യം ആണെന്ന് ഡോ. മഡോണയുടെ ജീവിതം അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു.

അനുഗ്രഹങ്ങളുടെയും ആക്സിഡന്റുകളുടെയും വർഷങ്ങൾ ആയിരുന്നു ഡോ. മഡോണയുടെ ജീവിതത്തിൽ മുഴുവൻ. ജീവിത പ്രതിസന്ധികളിൽ പ്രത്യേകിച്ചും മാരക രോഗങ്ങളുടെയും വേദനകളുടെയും നടുവിലൂടെ കടന്നു പോയത് ഓർക്കുമ്പോൾ പുഞ്ചിരിയോടെ ഡോക്ടർ മഡോണ ജോസഫ് പറയുകയാണ് അവയെല്ലാം ദൈവം ജീവിതത്തിൽ പ്രവർത്തിച്ചതാണെന്ന്. ദൈവവചനങ്ങൾ ഉദ്ധരിക്കുമ്പോൾ അവർ വാചാലയാകുന്നു. അത്ഭുതകരമായ പല അനുഭവങ്ങൾക്കും അവർ സാക്ഷ്യംവഹിച്ചു. അതിൽ കൂടുതലും വിശുദ്ധ യൗസേപ്പിതാവിൻ്റെ മാധ്യസ്ഥത്താൽ നേടിയ അത്ഭുതങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമാണ് .

കുട്ടിക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട ഡോക്ടർ മഡോണ വിശുദ്ധ യൗേപ്പിതാവിനെ ‘അപ്പച്ചാ’ എന്ന് വിളിച്ച് പ്രാർത്ഥിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ‘യൗസേപ്പിൻ്റെ ഏഴ് സന്താപ- സന്തോഷങ്ങൾ’ എന്നും അവരുടെ കുടുംബ പ്രാർത്ഥനയുടെ ഭാഗമായിരുന്നു. ആകസ്മികമായി വന്ന രോഗങ്ങളും ആക്സിഡൻറും അവരെ തളർത്തിയില്ല. പ്രിയപ്പെട്ട ഭർത്താവ് അകാലത്തിൽ പിരിഞ്ഞപ്പോൾ അവർ തന്റെ വത്സല യൗസേപ്പിതാവിൻ്റെ അടുക്കലേക്ക് അവർ ഓടിച്ചെന്നു.

ആകസ്മികമായി ജീവിതത്തിൽ പല ദുരിതങ്ങൾ വന്നപ്പോഴും, എല്ലാ പ്രതീക്ഷകളും അറ്റു തുടങ്ങിയപ്പോഴും മുന്നിൽ പ്രതീക്ഷയായി വിശുദ്ധ യൗസേപ്പ് പിതാവ് ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ യൗസേപ്പ് പിതാവിനോട് സംസാരിച്ചത് ഒരു അപ്പച്ചനോട് എന്നപോലെ ആയിരുന്നു എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. യൗസേപ്പിതാവിൻ്റെ ഉറങ്ങുന്ന രൂപത്തിനടിയിൽ അവർ യാചനകളും അപേക്ഷകളും മെത്തപോലെ ഓരോ ദിവസവും ഉയർത്തി.

“ഞാൻ ചോദിച്ചവയെല്ലാം ആ നല്ല പിതാവ് എനിക്ക് തന്നു.”

മഡോണ ഡോക്‌ടർ ആവർത്തിച്ചു പറഞ്ഞ വാക്യമാണിത്.

ഡോ. മഡോണ മംഗലാപുരം ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളേജിൽ ഹോമിയോ വിഭാഗത്തിലെ പ്രൊഫസർ ആയി 1992 മുതൽ ഇന്ന് വരെ സേവനം ചെയ്തു വരുന്നു. ഇപ്പോൾ കഴിഞ്ഞ 31 വർഷങ്ങൾ ആയി. കൊല്ലം ജില്ലയിലെ കുണ്ടറയിൽ ജനിച്ച മഡോണ ജോസഫിന് ആറ് സഹോദരങ്ങളുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട മഡോണയെയും സഹോദരങ്ങളേയും ഇളയ അമ്മാവനായ എ. ജെ. മൊറിയസ് ആണ് പരിപാലിച്ചു പോന്നത് . അവിവാഹിതനായി നിന്ന് അദ്ദേഹം അവരെ നോക്കി പാലിച്ചു. വിശുദ്ധ യൗസേപ്പിതാവിനോടും വിശുദ്ധ യൂദാശ്ലീഹ യോടും വിശുദ്ധ അന്തോനീസിനോടുമുള്ള ഭക്തി പാരമ്പര്യമായി കുടുംബത്തിൽ നിന്ന് തന്നെ അവർ സ്വീകരിച്ചതാണ്.

കുണ്ടറയിലെ സെൻ്റ് മാർഗരറ്റ് സ്കൂളിൽ നിന്നും എം. ജി.ഡി സ്കൂളിൽ നിന്നും അവർ പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. പിന്നീട് തിരുവനന്തപുരത്തേക്ക് കുടുംബത്തോടെ താമസം മാറി. തിരുവനന്തപുരത്തുള്ള ഓൾ സെയ്റ്റ്സ് കോളേജിൽ നിന്ന് പിഡിസി – യും പിന്നീട് ബിഎസ്സി –  യും പൂർത്തിയാക്കി. പിന്നെ എന്ത് ചെയ്യണമെന്നറിയാതെ ദിശയറിയാതെ സംശയിച്ച കുറച്ചുനാൾ കടന്നുപോയി.

സഹോദരങ്ങൾ പഠനത്തിനായും, ജോലിക്കായും പോകുമ്പോൾ വീട്ടിലേ ജോലികൾ മഡോണ തനിച്ച് ചെയ്തു തുടങ്ങി. എല്ലാ ദിവസവും ഉച്ചയ്ക്കു മുൻപ് 11 മണിയോടുകൂടി പണികൾ എല്ലാം തീരും. അതിനുശേഷം ദിവസേന വിശുദ്ധ കുരിശിൻറെ വഴി ചൊല്ലി 33 ദിവസം പ്രാർത്ഥിക്കുവാൻ മഡോണ ആരംഭിച്ചു. പന്ത്രണ്ടാം സ്ഥലം ആകുമ്പോൾ 12:00 അടിക്കുമായിരുന്നു.

“പന്ത്രണ്ടാം സ്ഥലത്ത്, കൈവരിച്ച് ഞാൻ ഈശോയോട് ‘ഒരു വഴി തുറന്നു തരണേ’ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചത് ഇന്നും പച്ചകെടാതെ മനസ്സിൽ തെളിയുന്നു.” ഡോക്ട്ർ മഡോണയുടെ വാക്കുകൾ.

കുരിശിൻറെ വഴിയോടൊപ്പം വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏഴു സന്താപ സന്തോഷങ്ങൾ കൂടി അവർ എന്നും പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ മൂത്ത സഹോദരി ഡോ. മോളിയുടെ ഉപദേശം കേട്ട് മെഡിക്കൽ എൻട്രൻസ് (കേരള മെഡിക്കൽ എൻട്രൻസ് ) പരീക്ഷ എഴുതി. മോളി ചേച്ചിയും അമ്മാവനും തങ്ങളെ നോക്കാനായി അവിവാഹിതരായി നിന്നത് മഡോണ നന്ദിയോടെ ഓർക്കുന്നു.

ഒന്നര മാസത്തിനുശേഷം ഒരു വേക്കൻസി ദൈവമായി തുറന്നു കൊടുത്തു. കേരള മെഡിക്കൽ എൻട്രൻസ് എക്സാം പരീക്ഷാ ഫലം വന്നപ്പോൾ പത്രങ്ങളിലൊന്നും പേര് കാണാതിരുന്നപ്പോൾ വീണ്ടും വിഷമത്തിൽ ആകുകയും പ്രാർത്ഥനയിൽ ശരണം പ്രാപിക്കുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു ഫോൺ കോൾ വന്നു: ഹോമിയോപ്പതിയിൽ മെഡിക്കൽ സീറ്റ് ഉണ്ടെന്നു മഡോണയ്ക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു എന്നുമായിരുന്നു ആ വിവരം!

മെഡിക്കൽ പഠനത്തിനു ശേഷം സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങുവാൻ ഉള്ള സാമ്പത്തിക സാധ്യതകൾ ഒന്നുമില്ലാത്തതുകൊണ്ട് വീണ്ടും പ്രാർത്ഥനയിൽ ശരണം പ്രാപിച്ചു. പലയിടങ്ങളിലും ചേച്ചിയോടൊപ്പം ഇൻറർവ്യൂവിനു പോയെങ്കിലും ഒന്നുമായില്ല. അവസാനം, ഒരു പ്രൊഫസറായി ജോലി ചെയ്യുന്നതാവും കൂടുതൽ ഉചിതമെന്ന മോളിചേച്ചിയുടെ നിർദ്ദേശമനുസരിച്ച് മംഗലാപുരത്ത്   ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളേജിൽ1991 ഡിസംബർ അഞ്ചാം തീയതി ഒരു ഇൻറർവ്യൂവിൽ പങ്കെടുത്തു. അവിടെ അന്ന് 33 മത്സരാർത്ഥികൾ ഉണ്ടായിരുന്നു.

അപേക്ഷ കൊടുത്ത്‌ ഫാദർ മുള്ളേഴ്സ് മെഡിക്കൽ കോളേജിൽ നിന്നും തിരിച്ചു പോകുമ്പോൾ മിലാഗ്രസ് പളളിയിൽ കയറി പ്രാർത്ഥിക്കുകയും അന്തോണീസ് പുണ്യവാളൻ്റെ മാധ്യസ്ഥം തേടുകയും ചെയ്തു.

അധികം താമസിയാതെ 1992 ജനുവരി ആറിന് ഫാദർ  മുള്ളേഴ്സിൽ സെലക്ഷൻ കിട്ടിയെന്നുള്ള അറിയിപ്പ് ലഭിച്ചു.

എല്ലാ സന്തോഷങ്ങളുടെയും നടുവിൽ ചില സങ്കടങ്ങൾ ദൈവം കരുതി വച്ചിരുന്നു. കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ ഭർത്താവ് ഒരു മദ്യപാനി ആയിരുന്നു എന്ന് വേദനയോടെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻ്റെ മാനസാന്തരത്തിന് വേണ്ടി ആയി പിന്നീടുള്ള പ്രാർത്ഥന . ദൈവം പതിയെ അദ്ദേഹത്തെ മാറ്റി. അങ്ങനെ പ്രാർത്ഥനയിലൂടെ അദ്ദേഹം ഒരു മാലാഖയായി മാറി. കുറച്ചു വർഷങ്ങൾക്കു മുൻപേ ഡോ.മഡോണക്ക് ആക്സിഡൻറ് ഉണ്ടായപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം പരിചരിച്ചു. വൈവാഹിക ജീവിതത്തിലെ ഏറ്റവും സന്തോഷവും പാലനവും, കരുതലും സമാധാനവും ഉള്ള നാളുകൾ അധിക നാൾ ദീർഘിച്ചില്ല. ഭർത്താവിൻ്റെ പെട്ടെന്നുള്ള വേർപാടോടുകൂടി വീണ്ടും തളർന്നില്ല. യൗസേപ്പിതാവിൻ്റെ അടുക്കലേക്ക് ചേർന്ന് നിന്നു .

2008- ൽ മാരകമായ SLE (Systemic lupus erythematosus – സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് / ഓട്ടോഇമ്മ്യൂണ്‍ അസുഖം) എന്ന രോഗബാധിതയായി. 2015-ൽ ആക്സിഡൻറു മൂലം 40 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഫാദർ മുള്ളേഴ്സിൻ്റെ മുൻപിൽ വച്ച് മാരുതി കാറിടിച്ചതായിരുന്നു. അതിനു ശേഷം 2021-ൽ കാൻസർ രോഗവും പിടിപെട്ടു. മൂന്നു വേളകളിലും ഡോക്ടർമാരും, കണ്ടവരും വിധി പറഞ്ഞു; പ്രതീക്ഷിക്കാൻ ഒന്നും ഇല്ലെന്ന്.

“ഞാനുൾപ്പെടുന്ന ശാസ്ത്രലോകത്തിനു ഗവേഷകർക്കും വൈദ്യശാസ്ത്രത്തിൽ പ്രതീക്ഷകൾ ഇല്ലാതിരുന്നപ്പോഴും എനിക്ക് പ്രതീക്ഷ തമ്പുരാൻ കർത്താവിലും ദൈവവചനത്തിനും ആയിരുന്നു.” മഡോണയുടെ വാക്കുകളിൽ വിശ്വാസത്തിന്റെ തീക്ഷ്ണത.

ആ ദിവസങ്ങളിൽ, കങ്കനാടി സെൻറ് അൽഫോൻസാ ഫൊറോനാ പള്ളിയിൽ ഒരു ദു:ഖവെള്ളിയാഴ്ച അച്ചൻ്റെ പ്രസംഗം കേട്ടപ്പോൾ ദൈവം എന്നെ സ്പർശിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ദൈവത്തിൻ്റെ പദ്ധതികൾ എല്ലാം എത്ര വേദന നിറഞ്ഞതെങ്കിലും നല്ലതിന് വേണ്ടിയാണെന്ന വിശ്വാസവും അവാച്യമായ പ്രതീക്ഷയും ദൈവസ്നേഹവും മനസ്സിൽ നിറയുന്നതായി അനുഭവപ്പെട്ടു തുടങ്ങി.

വൈദ്യശാസ്ത്രം പ്രതീക്ഷകൾ ഒന്നുമില്ലെന്ന് ഒപ്പിട്ട് പറഞ്ഞപ്പോഴും മഡോണ വേദനകളും വിഷമങ്ങളും ആയി അൾത്താര മുമ്പിലേക്ക് ഓടുകയും വിശുദ്ധ യൗസേപ്പിതാവിനെ സമീപിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. അപേക്ഷകളുടെയും യാതനകളുടെയും നിര ഓരോദിവസവും വീട്ടിലെ ഉറങ്ങുന്ന യൗസേപ്പിൻ്റെ സ്വരൂപത്തിന് താഴെ ഉയർന്നുവന്നു.

“ഞാൻ ചോദിച്ചതൊന്നും ആ പിതാവ് ഇതുവരെ എനിക്ക് തരാതിരുന്നില്ല” എന്ന് നന്ദിയോടെ മഡോണ പറയുന്നു. അതുകൊണ്ട് തന്നെ പിതാവ് നൽകിയ എല്ലാ അനുഗ്രഹങ്ങളും അത്ഭുതങ്ങളും എഴുതിവച്ച ഒരു പുസ്തകം തന്നെ അവരുടെ വീട്ടിൽ ഉണ്ട്. മഡോണ കൈയ്യാൽ പകർത്തി എഴുതിയ ഒരു പുസ്തകം വീട്ടിൽ ഇപ്പോഴും അവർ സൂക്ഷിക്കുന്നു. കീമോ കഴിഞ്ഞ് സ്കാനിംഗ്‌ റിപ്പോർട്ടിൽ കാൻസർ പൂർണ്ണമായും സുഖപ്പെട്ടതായി കണ്ടു. ദൈവവചനവും, ഈശോയുടെ തിരുരക്തവും വിശുദ്ധ യൗസേപ്പും ആണ് എന്നെ സുഖപ്പെടുത്തിയത് എന്ന് അവർ ഉറപ്പിച്ച് പറയുന്നു.

യൗസേപ്പിതാവിനോടുള്ള നന്ദിസൂചകമായി ഉറങ്ങുന്ന യൗസേപ്പിൻ്റെ തിരുസ്വരൂപം നൽകാൻ അവർ തീരുമാനിച്ചു. മംഗലാപുരം സിറ്റിയിൽ എവിടെയും ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ഒരു രൂപം അവർ കണ്ടിരുന്നില്ല. അതുകൊണ്ട് അവർ ഉറങ്ങുന്ന യൗസേപ്പിതാവിനോട് പ്രാർത്ഥിച്ച് താൻ നേടിയ നിരവധി അനുഗ്രഹങ്ങളുടെ സാക്ഷ്യവുമായി കഴിഞ്ഞവർഷം മംഗലാപുരത്തുള്ള സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലേക്ക് ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ രൂപം വാങ്ങി നൽകി. വ്യക്തി ജീവിതത്തിലും കുടുംബത്തിലും  യൗസേപ്പ് പിതാവ് വഴി ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദിസൂചകമായി ആയിരുന്നു അത്.

അപ്പനും അമ്മയും ഉണ്ടായിരുന്ന കാലത്ത് എപ്പോഴും സെൻ്റ് ജോസഫിൻ്റെ അടുത്ത് പ്രാർത്ഥിക്കാൻ അപ്പനമ്മമാർ പഠിപ്പിച്ചിരുന്നു. അമ്മ കുരീപ്പുഴ യൗസേപ്പിതാവിൻ്റെ പളളിയിൽ ബുധനാഴ്ചകളിലും തിരുന്നാളിലും പോയി പങ്കെടുത്തിരുന്നു. ഓരോ സംസാരത്തിൻ്റെയും പ്രാർത്ഥനയുടെയും അവസാനത്തിലും എന്തു പറഞ്ഞാലും എപ്പോഴും ‘ഈശോ മറിയം യൗസേപ്പേ’ ജപം ഉണ്ടായിരുന്നു. യൗസേപ്പിതാവിൻ്റെ ഏഴു സന്താപസന്തോഷങ്ങൾ അനുദിനം കുഞ്ഞുനാൾ മുതൽ അവരുടെ കുടുംബത്തിൽ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അതു വഴി കുടുംബത്തിലെ എല്ലാവരും അനുഗ്രഹങ്ങളും അത്ഭുതങ്ങളും നേരിൽ കണ്ടിരുന്നു. അപ്പനമ്മമാർ മഡോണയുടെ ചേച്ചിയെ ആ പ്രാർത്ഥന പഠിപ്പിച്ചു. അകാലത്തിൽ അപ്പനമ്മമാർ വേർപിരിഞ്ഞപ്പോൾ അവർ മറ്റു കുട്ടികളെ പഠിപ്പിച്ചു. വീട്ടിൽ എല്ലാവർക്കും പേരിൻ്റെ അവസാനം ‘ജോസഫ് ‘ ഉണ്ട്. അതിനാൽ അപ്പച്ചൻ്റെ മരണശേഷം അപ്പച്ചനായി യൗസേപ്പിതാവിനെത്തന്നെ കണക്കാക്കി.

“ഞാൻ സെൻ്റ് ജോസഫിനെ ‘അപ്പച്ചാ”എന്നാണ് വിളിക്കാറുള്ളത്. വേദനകളിലൂടെ കടന്നു പോയപ്പോഴെല്ലാം ഞാൻ അപ്പച്ചനോട് ഞാൻ സംസാരിച്ചു. അപ്പച്ചാ ഇത് കാണുന്നില്ലേ എന്നെപ്പോഴും ചോദിക്കുമായിരുന്നു.” മഡോണ ഓർക്കുന്നു.

കൂടാതെ എല്ലാ ബുധനാഴ്‌ചയിലും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുകയും മുടങ്ങാതെ ഉപവസിക്കുകയും ചെയ്തിരുന്നു. ദൈവാനുഗ്രഹത്താൽ ദൈവഭക്തിയിലും ദൈവത്തോടുള്ള ആഴമായ സ്നേഹത്തിലും വളരുന്ന നല്ല രണ്ടു മക്കളെ ദൈവം അവർക്ക് നൽകി അന്നയും ഹാരിയും. മകൻ ഹാരി കാനഡയിൽ ബിരുദാനന്തര ബിരുദം എൻജിനീയറിങ് ചെയ്യുന്നു. അന്ന ഇപ്പോൾ എം.ബി.ബി.എസ് കഴിഞ്ഞു ഡോക്ടറായി ഫാദർ മുള്ളേഴ്സ്  മെഡിക്കൽ കോളജിൽ ഇപ്പോൾ ബിരുദാനന്തര ബിരുദം രണ്ടാം വർഷം പഠിക്കുന്നു. അവർ ഇരുവരും വിശ്വാസത്തിൽ അടിയുറച്ച് മുന്നോട്ട് പോകുന്നു. മഡോണയുടെ പ്രാർത്ഥന വഴി നടക്കുന്ന അത്ഭുതങ്ങൾക്ക് മക്കൾ ദൃക്‌സാക്ഷികളാണ്. മക്കൾ മഡോണയുടെ അടുക്കൽ പ്രാർത്ഥന ചോദിച്ച് വരുമ്പോൾ അവർ അവരെ ഉറങ്ങുന്ന യൗസേപ്പിൻ്റെ തിരുസ്വരൂപത്തിനരികിലേക്ക് അയക്കും. അങ്ങനെ വ്യക്തിപരമായും കുടുംബത്തോടെയും മഡോണ ഡോക്ടറിൻ്റെ കുടുംബം നിരവധി അനുഗ്രഹങ്ങൾ യൗസേപ്പിതാവിലൂടെ അനുഭവിച്ചറിയുന്നു. യൗസേപ്പിതാവിനെ കുറിച്ച് ഡോ. മഡോണ വാ തോരാതെ സംസാരിക്കും. കാരണം സ്നേഹം മാത്രം ആയ യൗസേപ്പിതാവിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവുകയില്ല. അത്രമേൽ ആണ് അവിടുന്ന് അവരുടെയും കുടുംബത്തെയും മേൽ ചൊരിഞ്ഞു അനുഗ്രഹങ്ങൾ !

സി. സോണിയ കെ ചാക്കോ ഡിസി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.