
കത്തോലിക്കാ സഭയിൽത്തന്നെ സഭാപിതാക്കന്മാരിൽ ഏറ്റവും വലിയ പണ്ഡിതനായി കണക്കാക്കുന്നത് വി. ജെറോമിനെയാണ്. വിവർത്തകർ, ലൈബ്രേറിയൻമാർ, എൻസൈക്ലോപീഡിസ്റ്റുകൾ എന്നിവരുടെ മധ്യസ്ഥനാണ് ഈ വിശുദ്ധൻ. ഒരു മനുഷ്യനെന്ന നിലയിൽ, അദ്ദേഹം ഒരു മാതൃകാ സന്യാസിയായിരുന്നു; അതോടൊപ്പം ഒരു വിവർത്തകനെന്ന നിലയിൽ അദ്ദേഹം നിരവധി തലമുറകൾക്ക് മാതൃകയായി നിലകൊണ്ട വ്യക്തിത്വം കൂടിയാണ്.
വി. ജെറോം ജനിച്ചത് 347 ൽ ഇന്നത്തെ ക്രൊയേഷ്യയിലാണ്. അഗാധമായ അർപ്പണബോധമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. അന്നത്തെ പാരമ്പര്യമനുസരിച്ച്, പ്രായപൂർത്തിയാകുന്നതുവരെ ജെറോം മാമോദീസ സ്വീകരിച്ചിരുന്നില്ല; പിന്നീട് ലിബീരിയസ് മാർപാപ്പ ജെറോമിന്റെ മാമോദീസ സ്വീകരണത്തിന് കാർമ്മികത്വം വഹിച്ചത്. ഭാവിയിലെ വിശുദ്ധൻ ചെറുപ്പം മുതൽ തന്നെ വളരെ നൈപുണ്യമുള്ള ഒരു പഠിതാവായിരുന്നു. 18-ാം വയസ്സിൽ അദ്ദേഹം റോമിലേക്ക് പോയി, അവിടെ തത്വശാസ്ത്രം പഠിച്ചു. പിന്നീട് ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. ലാറ്റിൻ, ഗ്രീക്ക് ക്ലാസിക്കുകളിലേക്ക് അദ്ദേഹം ആഴ്ന്നിറങ്ങി. ഏതാനും വർഷത്തെ പഠനത്തിന് ശേഷം പഴയനിയമത്തിന്റെ ഭാഗങ്ങൾ സ്വന്തമായി വിവർത്തനം ചെയ്യാൻ അനുവദിച്ചു.
ബൈബിൾ ഗ്രന്ഥങ്ങളുടെ പല തെറ്റായ വിവർത്തനങ്ങളും മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ പ്രചരിച്ചിരുന്നു. അരാജകത്വ വ്യാഖ്യാനത്തിനും നിരവധി പാഷണ്ഡത വിഭാഗങ്ങളുടെ വികാസത്തിനും ഇത് കാരണമായിരുന്നു. തന്റെ മികച്ച വിദ്യാഭ്യാസം കണക്കിലെടുത്ത്, ബൈബിളിന്റെ ഏകീകൃത വിവർത്തനം നടത്താനുള്ള അസാധാരണമായ ചുമതല ജെറോമിന് ലഭിച്ചു – ആദ്യം പുതിയ നിയമവും പിന്നീട് പഴയ നിയമവും ഉൾപ്പെടെയുള്ളവയുടെ ഉത്തരവാദിത്വമായിരുന്നു അത്. ഒരു വർഷത്തിനുള്ളിൽ സഭയുടെ ഡോക്ടർ അങ്ങനെ ബൈബിളിന്റെ പഴയ ലാറ്റിൻ വിവർത്തനം ചെയ്തു.
ഭാഷയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ആഴ്ചകളോളം യാത്രചെയ്തു പലസ്തീനിൽ എത്തി. ഹീബ്രുവും അരമായയും പഠിക്കാൻ കഴിയുന്ന ഒരു സ്ഥലമായിരുന്നു അത്. കൂടാതെ തന്റെ വിവർത്തനത്തിന് ഹീബ്രു പതിപ്പ് ഒരു ഉറവിട പാഠമായി ഉപയോഗിച്ചു; ചില ശകലങ്ങൾ അദ്ദേഹം അരാമിക് ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്യുകയും ചെയ്തു. ജോലിക്കിടയിൽ, അദ്ദേഹം പലപ്പോഴും യഹൂദ റബ്ബികളിൽ നിന്ന് ഉപദേശം തേടി. തന്റെ കഠിനമായ പരിശ്രമത്തിലൂടെ, ജെറോം 14 വർഷത്തിനുള്ളിൽ ഈ ദൗത്യം പൂർത്തിയാക്കി.
വി. ജെറോമിന്റെ തിരുവെഴുത്തുകളുടെ ഏകീകൃത പതിപ്പ് വളരെ ജനപ്രിയമായിത്തീർന്നു. അത് അദ്ദേഹത്തിന്റെ സമകാലികർക്കിടയിൽ ഉടനടി പ്രശസ്തമായിത്തീർന്നു. ദൈവശാസ്ത്രത്തിലും യൂറോപ്യൻ സംസ്കാരത്തിലും അതിന്റെ സ്വാധീനം വിലമതിക്കാനാവാത്തതാണ്. സാഹിത്യത്തിനും കലയ്ക്കും ദൈനംദിന ജീവിതത്തിനും സംഗീതത്തിനും പോലും ഇത്ര പ്രാധാന്യമുള്ള മറ്റൊരു മധ്യകാല ഗ്രന്ഥമില്ല. വൾഗേറ്റ് എന്നാണു വി. ജെറോമിന്റെ വിവർത്തനത്തിന് നൽകിയിരിക്കുന്ന പൊതുനാമം. ഇത് പല യൂറോപ്യൻ ഭാഷകളിലേക്കും വിവർത്തനത്തിനുള്ള ഒരു ഉറവിടമായി മാറി. അതിന്റെ ജനപ്രീതി വളരെ വലുതായിരുന്നു; ഇതുവരെ, അദ്ദേഹം വിവർത്തനം ചെയ്ത 8,000-ലധികം കൈയെഴുത്തുപ്രതികൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്, അവയിൽ ചിലത് ഏകദേശം 1,500 വർഷം പഴക്കമുള്ളതാണ്!
സുനീഷാ വി. എഫ്