വിശ്വാസജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോഴും പതറിയില്ല; ഇന്ന് വൈദികാർത്ഥി

റോളിസൺ അഫോൺസോ ഇന്നൊരു വൈദികാർത്ഥിയാണ്. മനാസിലാണ് റോളിസൺ ജനിച്ചത്. സാമ്പത്തികബുദ്ധിമുട്ടുകൾ മൂലം അദ്ദേഹം സാന്താ ഇസബെൽ ഡോ റിയോ നീഗ്രോയിലെ തന്റെ വല്യമ്മക്കും വല്യപ്പച്ചനുമൊപ്പമാണ് വളർന്നത്. അവർ തികഞ്ഞ കത്തോലിക്കാ വിശ്വാസികളായിരുന്നു. അവർക്ക് എഴുതാനോ , വായിക്കാനോ അറിയില്ല. എങ്കിലും അവർ ഒരുമിച്ച് എല്ലാ ദിവസവും പ്രാർത്ഥിക്കുകയും സുവിശേഷത്തെക്കുറിച്ച് ധ്യാനിക്കുകയും ജപമാല ചൊല്ലുകയും എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനക്ക് പോവുകയും ചെയ്യുമായിരുന്നു.

ബാല്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്, വല്യപ്പച്ചനൊപ്പം ആമസോൺ തടാകത്തിൽ മീൻ പിടിക്കാൻ പോയ കാര്യമാണ്. ആ തടാകം പ്രദേശവാസികളുടെ എല്ലാമായിരുന്നു. ഒരു മോട്ടോർ ബോട്ട് വാങ്ങാൻ സാമ്പത്തികമില്ലാതിരുന്നതിനാൽ റോളിസണും വല്യപ്പച്ചനും വള്ളം തുഴഞ്ഞ് നദിയിലേക്കു പോയി, തങ്ങളുടെ ഉപജീവനത്തിനുള്ള വരുമാനം ഉണ്ടാക്കിയിരുന്നു.

റോളിസന് 12 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് അവൻ വല്യമ്മയോട്, തനിക്കൊരു വൈദികനാകണം എന്നു പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഈ ആഗ്രഹം അറിഞ്ഞ സുഹൃത്തുക്കൾ റോളിസനെ കളിയാക്കാനാരംഭിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ, തന്നിലുള്ള വിശ്വാസത്തിന്റെ തിരി അണയുന്നതായി അവന് അനുഭവപെട്ടു. മദ്യത്തിനും മറ്റ് പല ദുശീലങ്ങൾക്കും അവൻ അടിമപ്പെട്ടു. എന്നിരുന്നാലും പ്രാർത്ഥനകളും ഉറച്ച വിശ്വാസവുമായി അവന്റെ വല്യപ്പച്ചനും വല്യമ്മച്ചിയും അവനോടൊപ്പമുണ്ടായിരുന്നു.

പഠനത്തിനും തുടർന്നുള്ള ജീവിതത്തിനുമായി റോളിസൺ തിരികെ മനാസിലേക്കു പോയി. എന്നാൽ അവന്റെ അമ്മയും സഹോദരങ്ങളും അപ്പോഴേക്കും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപെട്ടവരായി മാറിയിരുന്നു. അവർ അവന്റെ കത്തോലിക്കാ വിശ്വാസത്തെ ചോദ്യം ചെയ്യാൻ തുടങ്ങി. തുടർന്ന് റോളിസൺ ഒരു യുവജനസംഘടനയിൽ അംഗമായി. അവൻ പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. തന്റെ വല്യപ്പച്ചനും വല്യമ്മയും പകർന്നുതന്ന കത്തോലിക്കാ വിശ്വാസം അപ്പോഴും അവനിൽ നിന്ന് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നില്ല. ആമസോൺ തടാക തീരത്തുള്ളവർ വൈദികരെ കണ്ടിരുന്നതു  തന്നെ വർഷത്തിലൊരിക്കലായിരുന്നു. അവർ വന്ന് പരിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം വേഗം മടങ്ങുകയും ചെയ്യുമായിരുന്നു.

അവിടെയുള്ള സാധാരണക്കാർക്കു വേണ്ടി കൂദാശകൾ പരികർമ്മം ചെയ്യുന്ന ഒരു കത്തോലിക്കാ വൈദികനായാൽ മതിയെന്ന് ഒടുവിൽ റോളിസൺ തീരുമാനിച്ചു. എന്നാൽ ബ്രസീൽ പോലുള്ള ഒരു രാജ്യത്ത്, സെമിനാരി പഠനത്തിനായുള്ള ചിലവ് കണ്ടെത്തുക റോളിസന് പ്രയാസമായിരുന്നു. അവിടെയുള്ള പല വൈദികാർത്ഥികളെയും സഹായിച്ചിരുന്നത് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ എന്ന സംഘടനയാണ്. ഇപ്പോൾ റോളിസനെയും സഹായിക്കുന്നത് ആ സംഘടന തന്നെ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.