പ്രാർത്ഥനയിൽ ആശ്രയിച്ചാൽ കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ മറികടക്കാം

ആറു കുട്ടികളുടെ അമ്മയാണ് റേച്ചൽ എന്ന കത്തോലിക്കയായ എഴുത്തുകാരി. ഒരു വയസു മാത്രം പ്രായമുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട് അക്കൂട്ടത്തിൽ. ഒരു നല്ല രക്ഷിതാവായിരിക്കുക, അതിലുപരി ഒരു നല്ല അമ്മയായിരിക്കുക എന്നത് ഒട്ടും എളുപ്പമുള്ള ചുമതലയല്ല. മറിച്ച് ദീർഘക്ഷമയും ദയയും അതിലുപരി സ്നേഹവും കൊണ്ട് നിർവ്വഹിക്കേണ്ടതായ ഒരു കർത്തവ്യമാണത്.

ഒരു കത്തോലിക്കാ കുടുംബിനി എന്ന നിലയിലുള്ള റേച്ചലിന്റെ അനുഭവങ്ങൾ അവൾ തന്റെ ഇന്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികൾ ഈ അമ്മയ്ക്ക് വളരെ പരിചിതമാണ്. പലപ്പോഴും ശരീരം മാത്രമല്ല, ഈ അമ്മയുടെ മനസം തളരും. എങ്കിലും തന്നെ ക്രിസ്തു ഏല്പിച്ചിരിക്കുന്ന ദൗത്യമാണ് ഇത് എന്ന ഉറച്ച ബോധ്യം, വീണ്ടും ശക്തിയാർജ്ജിക്കാൻ ഈ വീട്ടമ്മയെ സഹായിക്കുന്നു. തനിക്ക് ഇനി ശക്തിയില്ല എന്ന് ചിന്തിച്ചു തളർന്ന നിമിഷങ്ങളിൽ, പെട്ടെന്ന് ഉയർത്തെഴുന്നേൽക്കാൻ റേച്ചൽ ഒരു മാർഗ്ഗം കണ്ടുപിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല, പ്രാർത്ഥന തന്നെയാണ്.

പ്രാർത്ഥനയിൽ ചില ചോദ്യങ്ങൾ റേച്ചൽ സ്വയം ചോദിക്കും. നീ ആരാണെന്നും നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകൾ എന്താണെന്നും അവൾ സ്വയം ചോദിക്കും. ചെറുതാണെങ്കിലും ഇവ വളരെ മികച്ച ചോദ്യങ്ങൾ തന്നെയാണ്. നമ്മുടെ ഉള്ളിലുള്ള ശക്തി എന്തിനെയും അതിജീവിക്കാൻ കെൽപുള്ളതാണെന്ന സത്യം നാം തിരിച്ചറിഞ്ഞാൽ നമ്മുടെ മനസ് ഒരിക്കലും തളരില്ല. ദൈവം ഏല്പിച്ചിരിക്കുന്നവ നിർവ്വഹിക്കാൻ വേണ്ട ശക്തി അവിടുന്ന് നമ്മിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഈ ചോദ്യങ്ങളും ഇവയുടെ ഉത്തരങ്ങളും റേച്ചൽ കുറിച്ചുവച്ചിട്ടുണ്ട്. കഠിനമെന്നു തോന്നുന്ന ദിവസങ്ങളിൽ റേച്ചൽ ഇവ എടുത്തു വായിക്കും.

“ഈ ചോദ്യങ്ങൾ എന്റെ സ്വത്വത്തെയും അതുപോലെ ഭാര്യ, അമ്മ എന്ന നിലയിലുള്ള എന്റെ കടമകളെയും കുറിച്ച് വീണ്ടും എന്നെ ബോധ്യപ്പെടുത്തും. ഞാൻ വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണെന്നും മറ്റുള്ളവരെ സേവിക്കാനും സ്നേഹിക്കാനുമാണെന്നും ഞാൻ ഓർക്കും. കടമകളിൽ നിന്ന് ഓടിയകലാതെ ക്രിസ്തുവിൽ ആശ്രയിച്ച് അവ നിർവ്വഹിക്കാൻ ഈ ചോദ്യങ്ങൾ എന്നെ സഹായിക്കുന്നുണ്ട്” – റേച്ചൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നമുക്കുള്ളതെല്ലാം സ്നേഹത്തെപ്രതി നൽകാൻ നാം തയ്യാറാകണം. പൂർണ്ണമായി നമ്മെത്തന്നെ ദൈവഹിതത്തിനു സമർപ്പിക്കണം. ഇന്ന്, ഈ നിമിഷത്തെ വിശുദ്ധമാക്കുക അതാവണം നമ്മുടെ ലക്ഷ്യമെന്നാണ് റേച്ചൽ പറയുന്നത്. ജീവിതം കഠിനമെന്നു തോന്നുന്ന വേളകളിൽ നാം നമ്മെക്കുറിച്ചും നമ്മുടെ വിളിയെക്കുറിച്ചുമാണ് ചിന്തിക്കേണ്ടത്. കൂടാതെ, ദൈവത്തിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോവുകയും ചെയ്‌താൽ വിശുദ്ധിയുടെ കിരീടം ഉറപ്പാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.