ഒരുമിച്ചു പിറന്ന അഞ്ചു പേർ; അൾത്താരശുശ്രൂഷയിലും ഇവർ സജീവം

അഞ്ചു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് എൽസക്കും ഹംബെർട്ടോയ്ക്കും കുഞ്ഞുങ്ങളെ ലഭിക്കുന്നത്. അതും ഒന്നല്ല; ഒരേ ദിവസം ഒരേ സമയത്ത് ഈ ദമ്പതികൾക്ക് ജനിച്ചത് അഞ്ചു മക്കളാണ്. ആരോൺ, ആൽഡോ, അലോൻസോ, ആന്ദ്രെസ്, മരിയൽ റോഡ്രിഗസ് മൊറേൽസ് എന്നിവരാണ് ആ സഹോദരങ്ങൾ. രണ്ട് മാസം നേരത്തെ പിറവികൊണ്ട ഇവരുടെ ജീവതം ദൈവത്തിന്റെ ദാനമാണെന്നും ഒരു അത്ഭുതമാണെന്നും ഇന്ന് ഇവരും സമ്മതിക്കുന്നു. അതു മാത്രമല്ല, മെക്സിക്കോയിലെ ക്വെറെറ്റാരോ സംസ്ഥാനത്തെ കാൻഡിൽസിലെ ന്യൂസ്ട്ര സെനോറ ഡി ലാ എസ്‌പെരാൻസ ഇടവകയിൽ 10 വർഷമായി ഇവർ അൾത്താര ശുശ്രൂഷകരുമാണ്.

ഒരു കുഞ്ഞിനെ ലഭിക്കാനുള്ള ആഗ്രഹവുമായി ഈ ദമ്പതികൾ പോകാത്ത ആശുപത്രികളില്ല. എന്നാൽ ഒരു ഡോക്ടേഴ്‌സും അവർക്കൊരു ചെറിയ പ്രതീക്ഷ പോലും നൽകിയില്ല. ഇവരുടെ അച്ഛനാകട്ടെ, ഒരു കുഞ്ഞിനെയെങ്കിലും നല്കണമേ എന്നു പ്രാർത്ഥിച്ചപ്പോൾ ഇവരുടെ അമ്മ പ്രാർത്ഥിച്ചത് അഞ്ചു മക്കൾക്കു വേണ്ടിയും. ഒടുവിൽ 2004 മാർച്ച് ഒന്നിന് അവരുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരമരുളി; ജനിച്ചപ്പോൾ അഞ്ചു മക്കൾ. തങ്ങളുടെ അമ്മ തങ്ങളെല്ലാവരെയും ഒരുപോലെ തന്നെ പരിപാലിച്ചു എന്നതിന് ഇവർ തന്നെ സാക്ഷികളാണ്.

എന്നാൽ ഇവരുടെ ജനനം രണ്ടു മാസം നേരത്തെയായിരുന്നു. അതുകൊണ്ട് സഹോദരങ്ങളിൽ ഒരുവനായ അലോൻസോ ജനിച്ച് അധികം വൈകാതെ തന്നെ ഓപ്പറേഷനു വിധേയനായി. കുഞ്ഞിന്റ ജീവൻ തിരികെ ലഭിക്കുമോ എന്നു പോലും ഡോക്ടർമാർ സംശയം പറഞ്ഞപ്പോൾ, ഇവരുടെ പിതാവ് വിശ്വാസവും പ്രതീക്ഷയും കൈവിടാതെ വി. ജോസഫിനോട് പ്രാർത്ഥിച്ചു. അങ്ങനെ അലോൻസോയെ അവർക്ക് തിരികെ ലഭിച്ചു.

അവരുടെ ബാല്യത്തെക്കുറിച്ച് ചോദിക്കുന്നതു തന്നെ ഈ സഹോദരങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു. കാരണം, അവർ ഒരിക്കലും തനിച്ചായിരുന്നില്ല. ഒരുപാട് കളിയും ചിരിയും ഉല്ലാസവും നിറഞ്ഞതായിരുന്നു ഇവർ ഒരുമിച്ചുള്ള കുട്ടിക്കാലം. തങ്ങൾ ഒരുമിച്ച് കളിച്ചതും പരസ്പരം സഹായിച്ചതും അവർക്കിന്നും നല്ല ഓർമ്മകൾ സമ്മാനിക്കുന്നു. സ്കൂൾ കാലഘട്ടത്തിലും അവർ ഓർത്തിരിക്കുന്ന ഒരുപാട് നല്ല നിമിഷങ്ങളുണ്ട്. സ്‌കൂൾ പഠനസമയത്ത് അവർ രണ്ട് ക്‌ളാസുകളിൽ ആയിരുന്നെങ്കിലും സ്‌കൂളിലേക്ക് ഒരുമിച്ചുള്ള യാത്രയും സൗഹൃദവും ഈ സഹോദരങ്ങൾ തമ്മിലുള്ള അടുപ്പത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചു.

ഈ അഞ്ച് സഹോദരങ്ങളിൽ ഏക പെൺകുട്ടിയാണ് മരിയൽ. ഇവളാണ് ഈ സഹോദരകൂട്ടായ്മയുടെ ലീഡർ. അൾത്താര ശുശ്രൂഷയ്ക്ക് സഹോദരങ്ങളെ ഒരുക്കുന്നതും അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമെല്ലാം മരിയല്ലാണ്. തങ്ങളുടെ ആദ്യകുർബാന സ്വീകരണവും തൈലാഭിഷേക കർമ്മവും ഇവർ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു.

അൾത്താര ശുശ്രൂഷയെക്കുറിച്ച് ഈ സഹോദരങ്ങൾ പറയുന്നത് ഇങ്ങനെയാണ്: “എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സന്തോഷമെന്നു പറയുന്നത് അൾത്താരയിൽ ദൈവത്തെ ശുശ്രൂഷിക്കാൻ സാധിച്ചുവെന്നതാണ്” – ആൽഡോ പറഞ്ഞു. അൾത്താര ശുശ്രൂഷയെന്നു പറയുന്നത് തങ്ങൾക്ക് ദൈവവുമായി കൂടുതൽ അടുക്കാനുള്ള ഒരു വാതിലായിരുന്നുവെന്നാണ് മരിയലിന്റെ നിലപാട്. ജീവിതത്തിൽ മുന്നോട്ട് പോകുന്തോറും അൾത്താരശുശ്രൂഷയിലും തങ്ങൾ മുന്നോട്ടു പോവുകയാണെന്നും ദൈവത്തോട് കൂടുതൽ ബന്ധം പുലർത്തുന്നവരാകുന്നെന്നുമാണ് ആരോൺ പറയുന്നത്. വിശ്വാസത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ചെറുപ്രായത്തിൽ തന്നെ ആഴത്തിൽ പഠിക്കാൻ അനുവദിച്ച അൾത്താര ശുശ്രൂഷയ്ക്ക് നന്ദി പറയുകയാണ് അലോൻസോ. പരിശുദ്ധ കുർബാനയെ ആഴത്തിൽ സ്നേഹിക്കാൻ സാധിച്ചതിന്റെ കാരണം തങ്ങൾ നിർവ്വഹിക്കുന്ന അൾത്താര ശുശ്രൂഷയാണെന്ന് ആന്ദ്രെസിന് ഉറപ്പാണ്.

പ്രായമായവർക്കും രോഗികൾക്കും പരിശുദ്ധ കുർബാന നല്കാൻ പോകുമ്പോൾ ഈ സഹോദരങ്ങളും അൾത്താര ശുശ്രൂഷകരുടെ വേഷമണിഞ്ഞ് വൈദികനെ അനുഗമിക്കും. ഭവനത്തിലേക്ക് അൾത്താര ശുശ്രൂഷകരുടെ വേഷമണിഞ്ഞെത്തുന്ന അഞ്ചു പേരുടെ ദൃശ്യം പ്രായമായവർക്കും രോഗികൾക്കും തങ്ങളുടെ വീട്ടിൽ ദൈവസാന്നിധ്യം പകരുന്നതാണ്.

തങ്ങൾക്ക് ലഭിച്ച ജീവിതവും സമയവുമെല്ലാം പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ച ഈ സഹോദരങ്ങൾ തീർച്ചയായും ജീവിക്കുന്ന ദൈവത്തിന് സാക്ഷ്യം വഹിക്കുന്നവരാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.